ADVERTISEMENT

ഫെയസ്ബുക്, യുട്യൂബ്, ട്വിറ്റര്‍, ടിക്‌ടോക്, വാട്‌സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ മുഖംമൂടി അണിയുന്നവരാണോ നിങ്ങള്‍? എന്നാല്‍ സൂക്ഷിക്കുക. ഇനിമേല്‍ സംശയമുള്ള പ്രൊഫൈലുകള്‍ക്കു പിന്നിലാരാണെന്ന് സർക്കാർ ഉദ്യോഗസ്ഥര്‍ ആരായുമ്പോള്‍ ഈ കമ്പനികള്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും. ഈ മാസം പാസാക്കിയേക്കാവുന്ന വിവാദ ബില്ലില്‍ ഇക്കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്.

ഈ നീക്കം ഇന്ത്യയില്‍ മാത്രം നടക്കുന്ന ഒന്നല്ല. ലോകരാഷ്ട്രങ്ങളില്‍ പലതും ഈ വഴി തേടുന്നുണ്ട്. ഇതിലൂടെ സമൂഹ മാധ്യമങ്ങളെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവയാക്കുക എന്ന ലക്ഷ്യവും ഉണ്ട്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ആര്‍ക്കും എന്തും പോസ്റ്റു ചെയ്യാം. പോസ്റ്റു ചെയ്യുന്നവര്‍ക്കോ, സമൂഹ മാധ്യമങ്ങള്‍ക്കൊ അതില്‍ യാതൊരു ഉത്തരവാദിത്വവുമില്ല. കലാപം പൊട്ടിപ്പുറപ്പെട്ടാലോ ആരുടെയങ്കിലും മാനം പോയാലൊ ഒന്നും സമൂഹ മാധ്യമങ്ങള്‍ക്ക് ഒന്നുമില്ല. ഈ സ്ഥിതിക്കാണ് മാറ്റം വരുത്താന്‍ പല രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തയായാലും കുട്ടികളുടെ അശ്ലീലമായാലും വിദ്വേഷ പ്രചാരണമാണെങ്കിലും ജാതീയധിഷേപമാണെങ്കിലും ഭീകരവാദ സന്ദേശമാണെങ്കിലും സമൂഹ മാധ്യമങ്ങള്‍ ഒന്നുമറിയേണ്ടെന്ന നിലയാണുള്ളത്. മറ്റു രാജ്യങ്ങളുടെ നിലപാടില്‍ നിന്നും വളരെ മുന്നിലാണ് ഇന്ത്യ എടുക്കാന്‍ പോകുന്ന നടപടികളെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ഒരു പ്രൊഫൈലിനു പിന്നിലുള്ള ആളിനെക്കുറിച്ചു ചോദിച്ചാല്‍ 100 ശതമാനം സഹകരണം മാത്രമായിരിക്കും കമ്പനികൾക്ക് മുന്നിലുള്ള വഴി. ഇതിന് കോടിതിയുടെ ഓര്‍ഡറോ, വാറന്റോ ഒന്നും വേണ്ടെന്നുമാണ് അറിയുന്നത്.

ഈ നിയമത്തിന്റെ മാര്‍ഗനിര്‍ദ്ദേശ രേഖകള്‍ 2018 ഡിസംബറില്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ദി ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഫെയ്‌സ്ബുക്കിനെ പ്രതിനിധീകരിക്കുന്നവര്‍, ആമസോണ്‍, ഗൂഗിളിന്റെ പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ഇതിനെക്കുറിച്ചു പ്രതികരിച്ചിരുന്നു. ഇവരുടെ വാദത്തിന്റെ രത്‌നച്ചുരുക്കം ഈ നിയമം സുപ്രീംകോടതി സ്വകാര്യതയെ മൗലികാവകാശമായി പ്രഖ്യാപിച്ചതിന്റെ ലംഘനമായിരിക്കുമെന്നാണ്. എന്നാല്‍, ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കാര്യമായ മാറ്റമൊന്നും വരുത്താതെ പുതിയ നിയമമായി കൊണ്ടുവരാന്‍ പോകുകയാണെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.

ഫെയ്‌സ്ബുക്, വാട്‌സാപ് തുടങ്ങിയവയക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അവ പ്രസിദ്ധീകരിക്കുന്നതു വരെ അവയെക്കുറിച്ച് സംസാരിക്കാന്‍ തങ്ങള്‍ക്ക് അനുവാദമില്ല എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന കരടു രേഖകള്‍ പ്രകാരം ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്, ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബ്, ബൈറ്റ്ഡാന്‍സിന്റെ അധീനതയിലുള്ള ടിക്‌ടോക് തുടങ്ങിയ സേവനദാതാക്കളോട് ഒരു ഉപയോക്താവിനെക്കുറിച്ചു ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കണം എന്നാണ് കാണിച്ചിരുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ ആരെങ്കിലും എന്തെങ്കിലും പ്രസിദ്ധീകരിച്ച ശേഷം ഡിലീറ്റു ചെയ്താലും സർക്കാരിന് അതറിയാനായി ആ ഉള്ളടക്കം 180 ദിവസത്തേക്ക് സൂക്ഷിക്കണമെന്നും നിബന്ധനയുണ്ടെന്നാണ് അറിയുന്നത്. ചുരുക്കി പറഞ്ഞാല്‍, ഒരു പോസ്റ്റിട്ടശേഷം അല്ലെങ്കില്‍ അനാവശ്യ സന്ദേശം അയച്ച ശേഷം അതു ഡിലീറ്റു ചെയ്ത് പൊടിയും തട്ടിപ്പോകാമെന്നത് കരുതിയാൽ നടക്കില്ല. നിങ്ങളുടെ പോസ്റ്റ് 180 ദിവസത്തേക്ക് സെർവറിൽ നിന്നും നീക്കില്ല.

പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നവരെക്കുറിച്ച് സമൂഹ മാധ്യമങ്ങളും ടെക്‌നോളജി കമ്പനികളും സർക്കാർ സംവിധാനങ്ങളും ചോദിച്ചാലും വിവരങ്ങൾ നൽകാത്ത സ്ഥിതിവിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. ആരോപണവിധേയരുടെ ഐഫോണിലെ വിവരങ്ങളറിയാന്‍ ആപ്പിള്‍ സഹകരിക്കാത്തത് പോലെയുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഇന്റര്‍നെറ്റും വ്യാജവാര്‍ത്തയും താരതമ്യേന പുതിയ കാര്യങ്ങളാണ്. ഇന്ത്യയില്‍ വാട്‌സാപ്പിനോട് ചില കേസുകളില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് അവര്‍ കൂട്ടാക്കിയില്ല. തങ്ങളുടെ ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനൊന്നും ഭേദിക്കാനാവില്ല എന്നാണ് കമ്പനി വാദം. ഇപ്പോള്‍ 200 കോടിയിലേറെ ഉപയോക്താക്കളുള്ള വാട്‌സാപ്പിന്റെ നിലപാട് ഇപ്പോഴും അങ്ങനെ തന്നെയാണ്. തങ്ങളുടെ ഉപയോക്താക്കളെക്കുറിച്ചുള്ള ഒരു വിവരവും നല്‍കില്ല എന്ന നിലപാടിലാണ് അവര്‍. ഇപ്പോള്‍ ഇന്ത്യയില്‍ മാത്രം 40 കോടിയിലേറെ ഉപയോക്താക്കളുള്ള കമ്പനിക്ക് ഇനി ഇന്ത്യയ്ക്കായി പുതിയ ആപ് തുടങ്ങുകയോ, നിർത്തിപോകുകയോ മാത്രമായിരിക്കും വഴി.

പുതിയ നിയമങ്ങളെല്ലാം സർക്കാർ സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണെന്നാണ് ഒരു ആരോപണം. ഇത്തരം നിയമങ്ങള്‍ പുതിയ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കിയേക്കുമെന്നും അവര്‍ പറയുന്നു. ഇന്ത്യയുടെ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച സന്ദേശത്തില്‍ മോസിലാ, ഗിറ്റ്ഹബ്, ക്ലൗഡ്ഫ്‌ലെയര്‍ തുടങ്ങിയ കമ്പനികള്‍ പറഞ്ഞത് പുതിയ നിയമങ്ങള്‍ സെന്‍സര്‍ഷിപ് ഓട്ടോമേറ്റു ചെയ്യുന്നതിനു തുല്യമാണെന്നാണ്. ഇതിലൂടെ പൗരന്മാര്‍ കൂടുതലായി നിരീക്ഷിക്കപ്പെടും. കമ്പനികള്‍, ഒരു ഉപയോക്താവ് എന്തു ചെയ്യുന്നുവെന്നത് കൂടുതല്‍ നിരീക്ഷിക്കേണ്ടിവരും. എന്‍ക്രിപ്ഷന്‍ വേണ്ടന്നുവയ്‌ക്കേണ്ടിവരും. ഇന്ത്യക്കാരുടെ മൗലികാവകാശമായ സ്വകാര്യതയ്ക്ക് വില കല്‍പ്പിക്കാതിരിക്കേണ്ടിവരുമെന്നും അവര്‍ പറയുന്നു. എന്നാല്‍, മോസിലയ്ക്കും വിക്കിപീഡിയയ്ക്കും ഒന്നും പുതിയ നിയമം ബാധകമായിരിക്കില്ല എന്നാണ് ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ബ്രൗസറുകള്‍, ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, അറിവിന്റെ ഓണ്‍ലൈന്‍ സ്റ്റോറേജുകൾ, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങയിവയെ പുതിയ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് നിലവിലെ സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com