sections
MORE

വാട്സാപ് ഉപയോഗിക്കരുതെന്ന് ഐക്യ രാഷ്ട്രസംഘടന, ട്രംപ് ഡിലീറ്റ് ചെയ്തു

whatsapp-trump
SHARE

ആമസോണ്‍ മേധാവിയും ലോകത്തെ ഏറ്റവും വലിയ ധനികനുമായ ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്കു ചെയ്യപ്പെട്ടതിനു ശേഷം വാട്‌സാപ്പിന്റെ സുരക്ഷയെക്കുറിച്ച് പല ചര്‍ച്ചകളും നടന്നു കഴിഞ്ഞു. വാട്‌സാപ്പിലൂടെ ബെസോസിന് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അക്കൗണ്ടില്‍നിന്നു വന്ന എംപി4 വിഡിയോ കാണാന്‍ ശ്രമിച്ചതോടെയാണ് ബെസോസിന്റെ ഐഫോണ്‍ X ഭേദിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ബെസോസിന്റെ ഫോണില്‍ നടക്കുന്ന കാര്യങ്ങള്‍ ഹാക്കിങ് നടത്തിയവര്‍ നിരന്തരം അറിഞ്ഞുകൊണ്ടുമിരുന്നു എന്നാണ് ആരോപണം. വിവാദത്തില്‍നിന്നു കൈകഴുകാനായി വാട്‌സാപ് പറയുന്നത് അത് തങ്ങളുടെ പ്രശ്‌നമൊന്നുമല്ല, ആപ്പിളിന്റെ ഐഒഎസാണ് കുറ്റവാളി എന്നാണ്. തങ്ങള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളപ്പോള്‍ പിന്നെ ഒരു പാളിച്ചയും സംഭവിക്കില്ല എന്നൊക്കെയാണ് വാട്‌സാപ് നല്‍കിയ വിശദീകരണം. അതേസമയം, സുരക്ഷാപ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ട് ഐക്യ രാഷ്ട്രസംഘടനയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉദ്യോഗസ്ഥരും വാട്‌സാപ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്തു.

ആഞ്ഞടിച്ച് ടെലഗ്രാം മേധാവി

വാട്‌സാപ്പിന്റെ അടുത്ത എതിരാളിയായ ടെലിഗ്രാം ആപ്പിന്റെ മേധാവി പാവെല്‍ ഡുറവ് പറയുന്നത് വാട്‌സാപ് ഈ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വിശേഷവും തട്ടിവിട്ട് തങ്ങളുടെ ഉപയോക്താക്കളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ്. ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്കു ചെയ്ത കാര്യത്തിലുള്ള പഴി ആപ്പിളിന്റെ മേല്‍ ചാരിയതിന് ഡുറവ് ഫെയ്‌സ്ബുക്കിന്റെ അധീനതിയിലുള്ള വാട്‌സാപ്പിനെ വിമര്‍ശിച്ചു. ഐഒഎസ് ഉപകരണങ്ങള്‍ക്ക് നിരവധി സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നു സമ്മതിച്ചുകൊണ്ടാണ് ഡുറവ് വാട്‌സാപ്പിനെതിരെ ആഞ്ഞടിക്കുന്നത്. പക്ഷേ, ബെസോസിന്റെ കാര്യത്തില്‍ സംഭവിച്ചത് അതിലൊന്നല്ല എന്നാണ് അദ്ദേഹം പറയുന്നത്. വാട്‌സാപ്പിന്റെ ദുഷിച്ച (corrupt) വിഡിയോ പ്രശ്‌നം ഐഒഎസിനു മാത്രമായി ഉള്ളതല്ല. അത് ആന്‍ഡ്രോയിഡിലും വിന്‍ഡോസ് ഫോണിലുമെല്ലാം ഐഒഎസില്‍ സംഭവിച്ചതുപോലെ സംഭവിക്കും. ഇതിനാല്‍ അത് ഐഒഎസിന്റെ പ്രശ്‌നമായി എഴുതി തള്ളേണ്ട. അത് വാട്‌സാപ്പിന്റെ പ്രശ്‌നമാണ് എന്നാണ് ഡുറവ് പറയുന്നത്.

വാട്‌സാപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വീമ്പിളക്കല്‍ വെറും ഗീര്‍വാണമാണെന്നാണ് ഡുറവ് പറയുന്നത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന് വാട്‌സാപ് എഴുതുന്നത് അതെന്തോ മന്ത്രം ഉരുവിടല്‍ ആണെന്ന ഭാവേനെയാണ്. അത് ഓട്ടോമാറ്റിക്കായി വാട്‌സാപ്പിലെ സന്ദേശങ്ങളെ സംരക്ഷിച്ചോളും എന്ന സന്ദേശമൊക്കെ ഉപയോക്താക്കള്‍ക്കു പകര്‍ന്നു നല്‍കുന്നു. വാട്‌സാപ് നടപ്പിലാക്കിയിരിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനില്‍ പിഴവുകളുണ്ട്. വാട്‌സാപ് അവകാശപ്പെടുന്ന എന്‍ക്രിപ്ഷന്‍ അവരുടെ ആപ്പില്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന് എങ്ങനെയാണ് ആര്‍ക്കെങ്കിലുംഉറപ്പിക്കാനാകുക എന്നും ഡുറവ് ചോദിക്കുന്നു. ഇതിനു യാതൊരു തെളിവുമില്ല. ഇതിന്റെ സോഴ്‌സ് കൊഡ് വെളിപ്പെടുത്തിയിട്ടില്ല. അതിന്റെ ബൈനറികളെയും മറച്ചിരിക്കുകയാണ്. ആരും ഇത് പരിശോധിച്ച് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനൊക്കെ ഉണ്ടോ എന്ന് മനസ്സിലാക്കാതിരിക്കാനാണ് എന്നും അദ്ദേഹം ആരോപിക്കുന്നു.

വാട്‌സാപ്പിന്റെ ഏറ്റവും പ്രധാന എതിരാളി ടെലഗ്രാം ആപ് ആണെന്നതിനാല്‍ ഇത്തരം വിമര്‍ശനം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല എന്നാണ് വാദമെങ്കില്‍ ഇതു വിമര്‍ശിക്കാന്‍ വേണ്ടിയുള്ള വിമര്‍ശനമല്ല എന്നാണ് ഡുറവ് പറയുന്നത്. ഓരോ വാദവും വസ്തുതാപരമാണ്. അല്ലാതെ വ്യക്തി താത്പര്യം പ്രകടിപ്പിക്കലല്ലെന്നും അദ്ദേഹം പറയുന്നു.

ഐക്യ രാഷ്ട്രസംഘടനയും ട്രംപും വാട്‌സാപ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്തു

ബെസോസ് ദുരന്തത്തിനു ശേഷം ഐക്യരാഷ്ട്ര സംഘനട തങ്ങളുടെ എല്ലാ ഉദ്യോഗസ്ഥരോടും ജോലിക്കാരോടും വാട്‌സാപ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം പ്രവര്‍ത്തിക്കുന്നവരോടും വാട്‌സാപ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആപ്പിന് 12 ഭേദ്യതയുണ്ടെന്ന് വാട്‌സാപ് തന്നെ 2019 സമ്മതിച്ചിരുന്നു. ഇവയില്‍ 7 എണ്ണം ഗുരുതരമായ പ്രശ്‌നങ്ങളാണെന്നും അവര്‍ സമ്മതിച്ചിരുന്നു. വാട്‌സാപ്പില്‍ പുതിയതായി കണ്ടെത്തിയ ഒരു ബഗ് ഹാക്കര്‍മാര്‍ക്ക് മലീഷ്യസ് കോഡ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

പഴയ വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത് 2019ല്‍ പൊതുപ്രവര്‍ത്തകരുടെയും പ്രശസ്തരുടെയും പത്രപ്രവര്‍ത്തകരുടെയും എല്ലാം വാട്‌സാപ്പിന്റ സുരക്ഷ ഭേദിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണവിധേയമാക്കിയിരുന്നു എന്നാണ്. ഏകദേശം 1400 പേരുടെ വാട്‌സാപ് കഴിഞ്ഞ വര്‍ഷം ഹാക്കു ചെയ്തിരുന്നു. ഇവരില്‍ 121 പേര്‍ ഇന്ത്യന്‍ മാധ്യമപ്രവർത്തകരായിരുന്നു. എന്നാല്‍, തങ്ങള്‍ ഈ ബഗ് നീക്കം ചെയ്തു എന്നാണ് വാട്‌സാപ് അവകാശപ്പെട്ടത്. വാട്‌സാപ് ഏറ്റവുമധികം ഉപയോഗക്കപ്പെടുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിൽ ഏകദേശം 45 കോടി ആളുകള്‍ ഈ മെസേജിങ് ആപ് ഉപയോഗിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA