sections
MORE

ടിക് ടോക്ക് വിഡിയോയിലൂടെ കോടികൾ വരുമാനം, കേവലം 1 പോസ്റ്റിന് 7.18 കോടി രൂപ!

tik-tok-star
SHARE

ഓരോ കാലത്തെയും ടീനേജ് കുട്ടികള്‍ക്ക് ഓരോ ആഗ്രഹങ്ങളാണ്. അടുത്തിടെവരെ പലര്‍ക്കും ബഹിരാകാശയാത്രികർ മുതല്‍ ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും വരെ ആകാനായിരുന്നു ആഗ്രഹം. എന്നാൽ, ഇന്ന് അമേരിക്കയില്‍ ജനറേഷന്‍ Zല്‍ (Generation Z – ഇപ്പോള്‍ 13നും 38നും ഇടയില്‍ പ്രായമുള്ളവര്‍) 50 ശതമാനം പേര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരാകാനാണ് ആഗ്രഹം എന്നാണ് അടുത്തിടെ നടത്തിയ ഗവേഷണങ്ങള്‍ കാണിച്ചുതരുന്നത്. (എന്നാല്‍, ചൈനയില്‍ നടത്തിയ ഗവേഷണത്തില്‍ കൂടുതല്‍ കുട്ടികള്‍ അസ്‌ട്രോണമി പഠിക്കണമെന്നു പറഞ്ഞതായും വാര്‍ത്തകളുണ്ട്. ഇത് ഇരുരാജ്യങ്ങളുടെയും ഭാവിയിലേക്കു വിരല്‍ ചൂണ്ടുന്നുവെന്നും പറയുന്നു.)

സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍

ചൈനീസ് വൈറല്‍ വിഡിയോ ആപ് ടിക്‌ടോക് ആണ് കാശും പ്രശസ്തിയും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സമൂഹ മാധ്യമങ്ങളില്‍ ഒന്ന്. എന്റര്‍റ്റെയ്‌നിങ് ആയിട്ടുള്ള ക്ലിപ്പുകള്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് പണം നല്‍കാന്‍ ടിക്‌ടോകിന് മടിയില്ല എന്നതാണ് ഈ ആപ് കാശുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ ഉപയോഗിക്കാന്‍ കാരണം. യുട്യൂബും ഇന്‍സ്റ്റഗ്രാമും പൈസ നല്‍കുമെങ്കിലും അവര്‍ നിലവില്‍ പ്രശസ്തരായവരെയാണ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത്.

ടിക്‌ടോക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഭാഗ്യവാന്മാരും ഭാഗ്യവതികളുമായ കുറച്ചുപേര്‍ക്കെങ്കിലും അതൊരു വമ്പന്‍ സാധ്യത തന്നെയാണ് തുറന്നിടുന്നത്. വിദേശത്തെ മാര്‍ക്കറ്റ് ഗവേഷകര്‍ പറയുന്നത്, വിവിധ ബ്രാന്‍ഡുകളുമായി ഒത്തു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ഒരാള്‍ക്ക് ടിക്‌ടോക് ഒരു പോസ്റ്റിന് 200,000 ഡോളര്‍ വരെ നല്‍കുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട് എന്നാണ്. അമേരിക്കയിലെ മോണിങ് കണ്‍സള്‍ട്ട് എന്ന സ്ഥാപനത്തിലെ ഗവേഷകര്‍ പറയുന്നത്, ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് പരിഗണിച്ചാല്‍ ടിക്‌ടോക് ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്ക് അടുത്ത വര്‍ഷം ഒരുപോസ്റ്റിന് 10 ലക്ഷം ഡോളര്‍ (ഏകദേശം 7.18 കോടി രൂപ) ലഭിച്ചാലും അദ്ഭുതമുണ്ടാവില്ല എന്നാണ്.

പെന്‍സില്‍വേനിയയില്‍ നിന്നുള്ള 17 വയസുകാരി പാട്ടുകാരിയായ ലോറന്‍ ഗ്രേ എന്ന ടിക്‌ടോകര്‍ ആണ് നിലവിലുള്ളതില്‍ ഏറ്റവും മൂല്യമുള്ള താരം. ഈ യുവതിക്ക് ഒരു പോസ്റ്റിന് 197,000 ഡോളര്‍ വരെ ലഭിച്ചേക്കാമെന്നാണ് പറയുന്നത്. ലോറന് ടിക്‌ടോകില്‍ നാലു കോടിക്കടുത്ത് ഫോളോവര്‍മാരാണ് ഉള്ളത്. ലോറന്‍ 15 മുതല്‍ 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വിഡിയോയാണ് പോസ്റ്റു ചെയ്യുന്നത്. ഏറ്റവുമധികം ഫോളോവര്‍മാരുള്ള ടിക്‌ടോകര്‍മാരില്‍ ഒരാളാണ് ലോറന്‍. ടിക്‌ടോകിലെ തന്റെ പ്രശസ്തി മുതലാക്കാനും മറ്റു ബ്രാന്‍ഡുകളുമായി കരാറിലേര്‍പ്പെടാനും ലോറന് സാധിച്ചിട്ടുണ്ട്. വേര്‍ജിന്‍ റെക്കോഡ്‌സ്, ക്യാപ്പിറ്റല്‍ റെക്കോഡ്‌സ് എന്നീ കമ്പനികളുമാിയി റെക്കോഡ് തുകയ്ക്കുള്ള കരാറുകളാണ് ലോറന്‍ ഒപ്പിട്ടിരിക്കുന്നത്. ലോറന്‍ എന്നും ടിക്‌ടോക് പോസ്റ്റുകളിടുന്നു. ഇവയ്ക്ക് 200 കോടിയിലേറെ ലൈക്കുകളാണ് പലപ്പോഴും ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ഫുഡ് ചെയിനായ ചിപ്പോട്ടിൽ ഒരു ടിക്‌ടോക് പ്രചാരണത്തിനായി വിളിച്ചിരുന്നു.

ഇനി ആളുകള്‍ക്കു മാത്രമല്ല ടിക്‌ടോക് താരങ്ങളാകാവുന്നത് എന്നും കാണാം. ഓമന മൃഗങ്ങളുടെ വിഡിയോകള്‍ക്കും വന്‍ സ്വീകരാര്യതായാണ് ഉള്ളത് എന്നതിന്റെ ഉത്തമോദാഹരണമാണ് ജിഫ്‌പോം ( Jiffpom) എന്ന പോമറേനിയന്‍ പട്ടിയുടെ കഥ. രണ്ടു കോടി ഫോളോവര്‍മാരാണ് ജിഫ്‌പോമിനും ഉള്ളത്. ഈ പട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളതിന്റെ ഇരട്ടി ഫോളോവര്‍മാരാണിത്. ഒരു പോസ്റ്റിന് ജിഫ്‌പോം അക്കൗണ്ട് ഉടമയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത് ഏകദേശം 100,000 ഡോളര്‍ വരെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആഷികാ ഭാട്ടിയ

ഇന്ത്യക്കാരിയായ 19 വയസുകാരി നടി ആഷിക ഭാട്ടിയാ ആയിരിക്കും ഒരു കൊല്ലത്തിനുള്ളില്‍ ടിക്‌ടോകിലെ മിന്നും താരം എന്നാണ് പ്രവചനം. ഇപ്പോള്‍ ഏകദേശം 1.4 കോടി ഫോളോവര്‍മാരാണ് ആഷികയ്ക്ക് ഉള്ളത്. ഇത് 1.94 കോടിയായി ഉയരുമെന്നും അതിനു കാരണം പതിനായിരക്കമക്കിന് ആളുകളാണ് ആഷികയക്ക് ദിവസവും ഫോളോവര്‍മാരാകുന്നതെന്നും പറയുന്നു. ഈ ബോളിവുഡ് നടി ലിപ് സിങ്കിങ് നടത്തിയും തമാശ പറഞ്ഞുമാണ് ഫോളോവര്‍മാരെ പാട്ടിലാക്കുന്നത്. ആഷികയെ പോലെയുള്ളവരുടെ ജനസമ്മതിക്കു കാരണം ടിക്‌ടോകിന്റെ ലാളിത്യമാണെന്നാണ് കണ്ടെത്തല്‍. മിനിറ്റുകള്‍ക്കുള്ളില്‍ വിഡിയോ സൃഷ്ടിക്കാം. സംഗീതം, നൃത്തം, ചലനങ്ങളും, ആംഗ്യങ്ങളുപയോഗിച്ചുള്ള കോമഡി തുടങ്ങിയവ ഭാഷയുടെ മതില്‍ക്കെട്ടുകളെ മറികടന്ന് മുന്നേറും എന്നതിന്റെ തെളിവാണ് ആഷികയുടെ വിജയമെന്നു പറയുന്നു.

ടിക്‌ടോകില്‍ ഒരു ക്ലിപ്പിനു ശേഷം അടുത്തത് സ്വാഭാവികമായി തന്നെ കടന്നുവരുന്നു എന്നത് ദീര്‍ഘനേരം വിഡിയോ കാണാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്നു എന്നും പറയുന്നു. ഓണ്‍ലൈന്‍ കാസിനോ കമ്പനിയുടെ കണക്കുകൂട്ടല്‍ അനുസരിച്ച് പ്രശസ്തരായ ടിക്‌ടോക് താരങ്ങളുടെ ഒരു പോസ്റ്റിന് 0.005 ഡോളര്‍ വരെ നല്‍കപ്പെട്ടേക്കാം. ആഷികയ്ക്ക് 1.94 കോടി ഫോളോവര്‍മാരെ ലഭിക്കുന്നുണ്ടെങ്കില്‍ ഒരു പോസ്റ്റിന് 973,000 ഡോളര്‍ വരെ ചോദിക്കാം.

രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച ചൈനീസ് ആപ്

ചൈനാപ്പേടി പല രാജ്യങ്ങളിലും പ്രകടമാണ്. അതിനാല്‍ത്തന്നെ ഒരു ചൈനീസ് ആപ് രാജ്യങ്ങളുടെ അതിരുകള്‍ കടന്ന് തേര്‍വാഴ്ച്ച നടത്തുന്നത് പലര്‍ക്കും സഹിക്കാവുന്നതിനപ്പുറവുമാണ്. അമേരിക്കന്‍ കമ്പനികളുടെയല്ലാതെ ഇത്രയധികം ജനസമ്മതി നേടിയ മറ്റൊരു ആപ്പും ഇല്ല. ബെയ്ജിങ് കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാന്‍സ് എന്ന കമ്പനിയാണ് ടിക്‌ടോകിന്റെ ഉടമ. കമ്പനിയുടെ മൂല്യം 2018ല്‍ 75 ബില്ല്യന്‍ ഡോളറായിരുന്ന സമയത്താണ് ജാപ്പാനിലെ ഏറ്റവും വലിയ കാശുകാരനായ മസായോഷി സോണ്‍ ടിക്‌ടോകില്‍ നിക്ഷേപം നടത്തുന്നത്. ടിക്‌ടോകിന് ഇപ്പോള്‍ ഏകദേശം 800 ദശലക്ഷംആക്ടീവ് യൂസര്‍മാരാണ് ഉള്ളത്. ട്വിറ്ററിന്റെയും സ്‌നാപ് ചാറ്റിന്റെയും മൊത്തം ഉപയോക്താക്കള്‍ ചേര്‍ന്നാല്‍ മാത്രമാണ് ഈ സംഖ്യയിലെത്തുക. എന്നാല്‍, ഫെയ്‌സ്ബുക്കിനെക്കാള്‍ കുറവ് ഉപയോക്താക്കളെ ടിക്‌ടോകിന് ഉള്ളു താനും.

കുട്ടികളുടെ ഡേറ്റ നിയമവിരുദ്ധമായി ശേഖരിക്കുന്നു എന്നു പറഞ്ഞ് അമേരിക്ക 57 ലക്ഷം ഡോളര്‍ ടിക്‌ടോകിന് പിഴയിട്ടിരുന്നു. ചൈനീസ് സർക്കാരിന് പിടിക്കാത്ത വിഡിയോകള്‍ നീക്കം ചെയ്യുന്നതായുള്ള ആരോപണവും ആപ്പിനെതിരെയുണ്ട്. സ്‌നാപ്ചാറ്റിന്റെ സ്ഥാപകന്‍ ഇവാന്‍ സ്‌പെയ്ഗല്‍ പറയുന്നത് താന്‍ ടിക്‌ടോകിന്റെ ഒരു വലിയ ഫാനാണെന്നും ആപ് ഇന്‍സ്റ്റഗ്രാമിനെ വേഗം മറികടക്കുമെന്നുമാണ്. നിങ്ങളാരാണ് എന്നൊക്കെയുള്ള സ്റ്റാറ്റസ്, കിട്ടുന്ന ലൈക്‌സ്, കമന്റ്‌സ് തുടങ്ങിയവയാണ് സമൂഹ മാധ്യമങ്ങളുടെ ഡിഎന്‍എയുടെ മുഖ്യ ഘടകമായി ആദ്യം കണ്ടിരുന്നത്. എന്നാല്‍ ടിക്‌ടോക് അതെല്ലാം മാറ്റിമറിച്ചു. ഇവിടെ ടാലന്റാണ് ആഘോഷിക്കപ്പെടുന്നത്. മറ്റുള്ളവരെ രസിപ്പിക്കാന്‍ വിഡിയോ ഉണ്ടാക്കുന്നവരുടെ പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക് എന്ന് സ്‌പെയ്ഗല്‍ പറയുന്നു.

ടിക്‌ടോക് ഇന്‍ഫ്‌ളുവന്‍സർമാരുടെ ഒരു പോസ്റ്റിന് 10 ലക്ഷം ഡോളറും മറ്റും നല്‍കുക എന്നത് അവിശ്വസനീയമായ തുകയാണെന്ന് കാണാം. എന്നാല്‍, പല കമ്പനികളും തങ്ങളുടെ പരസ്യങ്ങള്‍ ടിക്‌ടോക് താരങ്ങളിലൂടെ കൂടുതല്‍ ആളുകളിലെത്തിക്കാന്‍ ശ്രമിക്കുന്ന കാലത്ത് അത് സാധ്യമാണെന്നാണ് പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA