ADVERTISEMENT

ഓരോ ദിവസവും വാട്സാപ്പിലും ഫെയ്സ്ബുക്കിലും വരുന്ന വ്യാജവാർത്തകൾക്കും പോസ്റ്റുകൾക്ക് കയ്യും കണക്കുമില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ കുട്ടികളെ കാണാതാവുന്നു എന്നത് സംബന്ധിച്ചുളള നിരവധി വ്യാജ പോസ്റ്റുകളും കണക്കുകളുമാണ് വരുന്നത്. ഓരോ പോസ്റ്റുകളും ഒന്നും നോക്കാതെ ഷെയർ, ഫോർവേർഡ് ചെയ്യുന്നവരും കൂടിയിട്ടുണ്ട്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും വരുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന വലിയൊരു ജനത തന്നെ ഇവിടെയുണ്ട്. ഇവർക്കിടയിൽ ആശങ്കയുണ്ടാക്കാൻ മാത്രമാണ് ഇത്തരം പോസ്റ്റുകൾ കൊണ്ട് സാധിക്കുക. കുട്ടികളെ കാണാതായ, വർഷങ്ങളോളം പഴക്കമുള്ള പോസ്റ്റുകൾ പോലും സമയവും വർഷവും നോക്കാതെ ഷെയർ ചെയ്യുന്നവരെ കാണാം.

 

കേരളത്തിൽ കഴിഞ്ഞ വർഷം കാണാതായ 98% കുട്ടികളെയും കണ്ടെത്തിയിട്ടുണ്ടെന്നും വ്യാജ പ്രചാരണങ്ങളിൽ ആശങ്ക വേണ്ടെന്നും കേരള പൊലീസ് രംഗത്തെത്തിയത് പോലും വ്യാജന പ്രചരണങ്ങൾ കാരണമാണ്.. സമൂഹമാധ്യമങ്ങളിലടക്കം കുട്ടികളെ കാണാതാകുന്നെന്ന കഥകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണു വിശദീകരണം. 2019 ൽ 18 വയസ്സിനു താഴെയുള്ള 1,271 ആൺകുട്ടികളെയും 1,071 പെൺകുട്ടികളെയും കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു.

social-media-fake-news

 

ഇതിൽ 1,240 ആൺകുട്ടികളെയും 1,050 പെൺകുട്ടികളെയും കണ്ടെത്തി. മാനസിക സംഘർഷം മൂലം വീടുവിട്ടിറങ്ങിയവരാണ് ഇവരിൽ ഭൂരിഭാഗവും. കണ്ടെത്താനാവാത്ത കുട്ടികളിൽ പ്രകൃതിക്ഷോഭത്തിൽപ്പെട്ടവരും ചിൽഡ്രൻസ് ഹോമിൽ നിന്ന് ഓടിപ്പോയവരുമുണ്ട്. ഭിക്ഷാടനമാഫിയ, കറുത്ത സ്റ്റിക്കർ, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഇതരസംസ്ഥാനക്കാർ തുടങ്ങി വാട്സാപ്പിൽ പ്രചരിക്കുന്നതു പോലെയുള്ള സംഭവങ്ങൾ ഈയിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കേസുകളിൽ ഏറെയും പ്രതി ചേർക്കപ്പെട്ടിട്ടുള്ളത് മലയാളികളാണെന്നും ആശങ്കയല്ല മറിച്ചു ജാഗ്രതയാണ് വേണ്ടതെന്നും പൊലീസ് അറിയിച്ചു.

 

വ്യാജവാർത്ത എങ്ങനെ കണ്ടെത്താം?; ഫെയ്സ്ബുക്കിന്റെ 10 ടിപ്സ്

 

1. തെറ്റായ വാർത്തകൾക്ക് എപ്പോഴും ആശ്ചര്യം ജനിപ്പിക്കുന്ന തലക്കെട്ടുകളുണ്ടാകും. ആശ്ചര്യ ചിഹ്നവും കണ്ടേക്കാം. തലക്കെട്ടുകൾ വായിക്കുമ്പോൾ തന്നെ വിശ്വസനീയമല്ലെന്നു തോന്നിയാൽ വാർത്ത തെറ്റാകാനാണു സാധ്യത.

2. യുആർഎൽ വ്യാജമാണോ എന്നു പരിശോധിക്കുക. മിക്ക തട്ടിക്കൂട്ടു വാർത്താ സൈറ്റുകളും മുഖ്യധാരാ മാധ്യമങ്ങളുടേതിനു സമാനമായ പേര് ഉപയോഗിക്കാറുണ്ട്.

3. അത്ര അറിയപ്പെടാത്ത സൈറ്റുകളിൽ നിന്നുള്ളതാണു വാർത്തയെങ്കിൽ, ‘എബൗട്’ സെക്‌ഷനിൽ പോയി സ്ഥാപനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശ്വസിക്കാവുന്നതാണോ എന്ന് ഉറപ്പു വരുത്തുക.

4. വ്യാജ വാർത്താ സൈറ്റുകളിലും താൽക്കാലിക സൈറ്റുകളിലും കാണുന്ന വാർത്തകളിൽ ഒട്ടേറെ അക്ഷരത്തെറ്റുകളുണ്ടാകാം. പേജ് രൂപകൽപനയും നിലവാരമില്ലാത്തതാകാം. 

5. വ്യാജ വാർത്തകൾക്കൊപ്പം നൽകുന്ന ചിത്രങ്ങളും വ്യാജനാകാം. അതിനാൽ ചിത്രം ശ്രദ്ധിക്കൂ.

6. ടൈംലൈനിൽ ഒരു അർഥവുമില്ലാത്ത എന്തെങ്കിലും കുറിച്ചിട്ടുണ്ടാകും. 

7. വാർത്തകളിൽ പേരുകളും വസ്തുതകളും ഒഴിവാക്കിയിട്ടുണ്ടാകും. പകരം വിദഗ്ധർ പറയുന്നു എന്നോ മറ്റോ ചേർക്കും. 

8. നിങ്ങൾ വായിക്കുന്ന വാർത്ത മറ്റു പ്രമുഖ മാധ്യമങ്ങൾ ഏറ്റെടുക്കുന്നില്ലെങ്കിൽ തെറ്റായ വാർത്തയാകാം. 

9. ആക്ഷേപ ഹാസ്യവും വാർത്തയും തമ്മിൽ പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല. വാർത്ത നൽകിയവർ ആക്ഷേപഹാസ്യം എഴുതുന്നവരാണോ എന്നു പരിശോധിക്കുക. തമാശയ്ക്കായി എഴുതിയ കാര്യങ്ങൾ വായനക്കാർ ഗൗരവത്തിലെടുത്താൽ ഫലം വിപരീതമാകും. 

10. വാർത്തകളെ എപ്പോഴും വിമർശന ബുദ്ധിയോടെ കാണുക. വേണ്ടത്ര പരിശോധിക്കാതെ കിട്ടുന്നതു മുഴുവൻ ഷെയർ ചെയ്ത് വ്യാജ വാർത്തയുടെ പ്രചാരകരാകാതിരിക്കാൻ ശ്രദ്ധിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com