sections
MORE

ഇന്ത്യയിൽ വാട്സാപ്പും ഫെയ്സുബുക്കും നിരോധിക്കുമോ? മോദിയുടെ ലക്ഷ്യമെന്ത്?

modi-namo-app
SHARE

ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യുട്യൂബ് എന്നിവ ഉപേക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നൽകിയതു മുതൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണ് നടക്കുന്നത്. കൃത്യമായി ഉത്തരമില്ലാത്ത നിരവധി കാര്യങ്ങളാണ് മിക്കവരും ചർച്ച ചെയ്യുന്നത്. സോഷ്യൽമീഡിയകളിൽ നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് മോദി ചിന്തിക്കുന്നതിന്റെ കാരണങ്ങൾ നെറ്റിസൺമാരെ അസ്വസ്ഥമാക്കിയിരിക്കുന്നു. 

അത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നതിന്റെ കാരണം പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും മാർച്ച് 8 ഞായറാഴ്ച പ്രധാനമന്ത്രി പുതിയ സ്വദേശി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘മൈ നെറ്റ്‌വർക്കിലേക്ക്’ മാറാമെന്ന് ചില ബിജെപി നേതാക്കളും സൂചിപ്പിച്ചു. ഇന്ത്യക്കാർ‌ക്ക് അവരുടെ പ്രൊഫൈലുകൾ‌ സൃഷ്‌ടിക്കാനും ‌അഭിപ്രായങ്ങൾ‌ പ്രകടിപ്പിക്കാനും സന്ദേശങ്ങളും ആശയങ്ങളും കൈമാറാനും കഴിയുന്ന ഒരു പുതിയ പ്ലാറ്റ്ഫോം ‘മൈ നെറ്റ്‌വർക്ക്’ നമോ ആപ്പിൽ‌ സർക്കാർ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ‌ സൂചിപ്പിക്കുന്നു.

ഫെയ്സ്ബുക്, യുട്യൂബ് തുടങ്ങിയ ഇന്ത്യൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കാൻ സ്വദേശി ജാഗ്രൻ മഞ്ചും ആർ‌എസ്‌എസും നേരത്തെ നിർദ്ദേശിച്ചിരുന്നു. വ്യവസായികളായ ആനന്ദ് മഹീന്ദ്ര, യോഗ ഗുരു രാംദേവ് എന്നിവരും ഇന്ത്യൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കാൻ സർക്കാരിനെ ഉപദേശിച്ചിരുന്നു.

ബിജെപി പ്രവർത്തകരും അനുയായികളും നമോആപ്പിന്റെ സ്വദേശി പ്ലാറ്റ്ഫോം മൈനെറ്റ്‌വർക്കിലേക്ക് ചേരാൻ ചില ബിജെപി നേതാക്കൾ നിര്‍ദ്ദേശിക്കുന്ന വോയിസ് മെസേജുകൾ പ്രചരിക്കുന്നുണ്ട്. മോദിയുടെ പ്രഖ്യാപനവും ഈ വോയ്സ് മെസേജും ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

രാജ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കുന്നതിൽ ഈ നീക്കത്തിന് എന്തെങ്കിലും ബന്ധമുണ്ടാകുമോ എന്ന് പ്രതിപക്ഷ നേതാക്കളും രാഷ്ട്രീയ വിശകലന വിദഗ്ധരും ചർച്ച ചെയ്യുന്നുണ്ട്. സോഷ്യല്‍മീഡിയകളിലൂടെ പൗരന്മാരെ കൃത്യമായി പിന്തുടരാൻ പ്രേരിപ്പിക്കുന്ന നീക്കം നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മുൻ സഹായിയും രാഷ്ട്രീയ അനലിസ്റ്റുമായ സുധീന്ദ്ര കുൽക്കർണി ‘അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഒരു വലിയ ആക്രമണത്തെക്കുറിച്ച്’ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി മോദി ലോഗ് ഓഫ് ചെയ്യുന്നത് അർഥമാക്കുന്നത് പൗരന്മാരെ പിന്തുടരാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ചെയ്യാമെന്നാണ്. ‘ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

രാജ്യത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കുന്നതിന്റെ മുന്നോടിയാണിത് (പ്രധാനമന്ത്രിയുടെ ട്വീറ്റ്) എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വാദിച്ചു. പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം രാജ്യത്തുടനീളം ഈ സേവനങ്ങൾ നിരോധിക്കുന്നതിന്റെ മുന്നോടിയാണോ എന്ന് പലരേയും ആശങ്കപ്പെടുത്തുന്നു. @narendramodiയ്ക്ക് നന്നായി അറിയാവുന്നതുപോലെ നല്ലതും ഉപയോഗപ്രദവുമായ സന്ദേശമയയ്‌ക്കലിനുള്ള ഒരു ശക്തിയായി സോഷ്യൽ മീഡിയയ്ക്ക് കഴിയും. വിദ്വേഷം വളർത്തുന്നതിനെക്കുറിച്ചായിരിക്കണമെന്നില്ല എന്നും കോൺഗ്രസ് നേതാവ് തരൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

modi-pichai-zucker

എന്നാൽ മോദിയുടെ ട്വീറ്റിൽ സോഷ്യൽ മീഡിയ പൂർണ്ണമായും ഉപേക്ഷിക്കുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നില്ല. ട്വീറ്റിന് വെറും 30 മിനിറ്റിനുള്ളിൽ 90.7 കെ കമന്റുകളും 27,000 ലധികം ലൈക്കുകളുമാണ് ലഭിച്ചത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് മോദിയാണ്. 53.3 ദശലക്ഷം പേരാണ് മോദിയെ പിന്തുടരുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും നിലവിലെ ഡൊണാൾഡ് ട്രംപിനും ശേഷം ട്വിറ്ററിൽ 50 ദശലക്ഷം ഫോളോവേഴ്‌സ് മറികടന്ന മൂന്നാമത്തെ ലോക നേതാവ് കൂടിയാണ് മോദി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA