sections
MORE

ചൈനയിൽ കൊറോണക്കെതിരെ നടന്നത് ‘ഓൺലൈൻ യുദ്ധം’, സർക്കാർ നേരിട്ട വഴി ലോകത്തിനു മാതൃക!

China's Wuhan shuts down transport as global alarm mounts over virus spread
SHARE

ചൈനീസ് പുതുവര്‍ഷത്തിന്റെ വര്‍ണ്ണങ്ങളിലും ആഹ്ലാദാരവങ്ങളിലും ആറാടാന്‍ ഒരുങ്ങവെയാണ് അവര്‍ക്കിടയിലേക്ക് ഭയത്തിന്റെയും ആശങ്കയുടെയും ദിനങ്ങള്‍ വിതച്ച് കൊറോണാവൈറസ് ഭീതി എത്തിയത്. അതിന്റെ നിറംപിടിപ്പിച്ച കഥകള്‍ ചൈനയിലെ സമൂഹ മാധ്യമ വെബ്‌സൈറ്റുകളായ വിചാറ്റ്, വെയ്‌ബോ തുടങ്ങിയവയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത് സർക്കാരിന് വലിയ തലവേദനയായി. ചില വ്യാജ വാര്‍ത്തകള്‍ ഏതു കുട്ടിക്കും തിരിച്ചറിയാം. എന്നാല്‍, മറ്റു ചിലത് മുതിര്‍ന്നവരില്‍ പോലും സംശയത്തിന്റെ വിത്തുപാകും. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാതെ മുളയിലെ നുള്ളുക എന്നത് സമൂഹ മാധ്യമങ്ങള്‍ക്കും വന്‍ വെല്ലുവിളിയാണ്.

സമൂഹ മാധ്യമങ്ങളില്‍ കൂടെ നടക്കുന്നത് വിവര വിസ്‌ഫോടനമാണ്. അവയില്‍ ചിലത് ആളുകളില്‍ ഭീതി വളര്‍ത്തുമെന്നത് ചൈനക്കാര്‍ കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് അറിയുമ്പോള്‍ മാത്രമെ മനസ്സിലാകൂ. തങ്ങളുടെ നഗരം തന്നെ ഒറ്റപ്പെടുത്തി തുടങ്ങിയെന്നും രോഗികൾ ആശുപത്രികളില്‍ നിന്ന് രക്ഷപെട്ടിറങ്ങിയെന്നുമൊക്കെ പറഞ്ഞാണ് ചിലത് പ്രചരിക്കുക. ചിലതാകട്ടെ, കടുത്ത മദ്യപാനവും പുകവലിയും രോഗം വരാതിരിക്കുന്നതു തടയുമെന്നു തട്ടിവിടും. പൂച്ചകളും പട്ടികളും രോഗംപരത്തുമെന്ന വ്യാജവാര്‍ത്ത പരന്നതോടെ ചിലരെങ്കിലും തങ്ങളുടെ ഓമന മൃഗങ്ങളെ ഫ്‌ളാറ്റുകളുടെയും മറ്റും മുകളില്‍ നിന്ന് വലിച്ചെറിഞ്ഞുകളയുന്ന കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളും ചൈനയിൽ കാണാമായിരുന്നു.

സെലിബ്രിറ്റികളുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങള്‍ക്കെതിരെ അവര്‍ തന്നെ രംഗത്തെത്തിയെന്നത് ചൈന കണ്ട നല്ല രീതികളിലൊന്നാണ്. എന്നാല്‍, കേട്ടുകേള്‍വികളും അഭ്യൂഹങ്ങളും എത്രവേഗമാണ്, അല്ലെങ്കില്‍ എത്ര ദൂരമാണ് പരക്കുക എന്നത് പേടിപ്പിക്കുന്ന കാര്യമാണ്. ആളുകളുടെ വിവരദാഹവും അത്രമേല്‍ ഉണ്ടെന്നും കാണാം. എന്നാല്‍, എന്തുകൊണ്ടാണ് തെറ്റായ വാര്‍ത്തകളും മറ്റും പരത്താന്‍ ആളുകള്‍ ഉത്സാഹം കാണിക്കുന്നതെന്നത് ഇരുത്തി ചിന്തിപ്പിക്കേണ്ട കാര്യമാണ്. അതിന്റെ ഒരു കാരണം അധികാരികള്‍ വേണ്ട വിശദീകരണം വേണ്ടസമയത്ത് നല്‍കുന്നില്ല എന്നതാണെന്നു പറയുന്നു. വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ രഹസ്യാത്മകത പുലര്‍ത്തിയാല്‍ അഭ്യൂഹങ്ങള്‍ പടരുമെന്നത് ഇതില്‍നിന്ന് ഉള്‍ക്കൊള്ളാവുന്ന ഒരു പാഠമാണ്.

എന്നാല്‍, സമൂഹ മാധ്യമങ്ങളും മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമുകളും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതു തടയാനായി തങ്ങള്‍ക്കു ചെയ്യാവുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അരയുംതലയും മുറുക്കി ഇറങ്ങി എന്നത് ചൈനയ്ക്ക് വളരെ സഹായകമായി. ഇതിന് വെയ്‌ബോ തന്നെ ഉത്തമോദാഹരണമാണ്. ആളുകള്‍ പല കാര്യങ്ങളും വെയ്‌ബോയിലൂടെയാണ് ചര്‍ച്ച ചെയ്യുന്നത്. ഇതിനാല്‍, തെറ്റായ പല അഭ്യൂഹങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ അവര്‍ തന്നെ ഖണ്ഡിക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായി ശരിയായ വിവരങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുകയാണ്. കൊറോണാവൈറസ് ആദ്യമായിപിടിപെട്ടു എന്നു കരുതുന്ന വുഹാനില്‍ നിന്നുള്ള ബ്ലോഗര്‍മാരുടെയും മറ്റും അക്കൗണ്ടുകള്‍ വീണ്ടും വേരിഫൈ ചെയ്തിരുന്നു.

മറ്റൊരു പ്രമുഖ പ്ലാറ്റ്‌ഫോമായ ബൈറ്റ്ഡാന്‍സും ഈ ദേശീയ ദുരന്തത്തില്‍ തങ്ങളാലാകുന്ന എല്ലാ പിന്തുണയും നല്‍കുന്നു. അവര്‍ ഒരു അഭ്യൂഹങ്ങളെ പൊളിച്ചടുക്കുന്ന വിഭാഗം തന്നെ തുറന്നിരിക്കുകയാണ്. വിവരങ്ങള്‍ ശരിയാണോ എന്ന് കണ്ടെത്താനുള്ള ഫാക്ട്-ചെക്കിങ് ടീമിനെ അവര്‍ ജോലിക്കുവച്ചിരിക്കുന്നതായി കേള്‍ക്കുന്നു. മറ്റൊരു പ്രധാന സമൂഹ മാധ്യമ ഭീമനായ ടെന്‍സെന്റ് സത്യം വെളിപ്പെടുത്താനുള്ള ടീമിനെ ജോലിക്കുവച്ചു കഴിഞ്ഞു. കൂടാതെ, ടെന്‍സെന്റ് വാര്‍ത്താ വിഭാഗം നിരന്തരം ഡോക്ടര്‍മാരും മെഡിക്കല്‍ രംഗത്തെ പ്രൊഫഷണലുകളുമായി ബന്ധപ്പെടുകയും ശരിയാ വാര്‍ത്ത നല്‍കാന്‍ അധ്വാനിക്കുകയും ചെയ്യുന്നു. 

പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലും വാര്‍ത്താ മാധ്യമങ്ങളിലും വിളിച്ചു ചോദിച്ച് പല വാര്‍ത്തകളുടെയും നിജസ്ഥിതി അറിയിക്കാനും അവര്‍ മുന്‍കൈ എടുക്കുന്നു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ പത്രപ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. ഇത്തരം ലേഖനങ്ങള്‍ വിചാറ്റ് മിനി പ്രോഗ്രാമിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

വീചാറ്റ് മിനി വിഷയങ്ങള്‍ അവ അര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നു. ജലദോഷപ്പനിക്കെതിരെയുള്ള പ്രാദേശിക മരുന്ന് കൊറോണാവൈറസിനെതിരെ ഫലപ്രദമാണ് എന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ക്ക് തെളിവില്ലെന്ന് അവര്‍ കണ്ടെത്തിയിരുന്നു. അഭ്യൂഹങ്ങള്‍ പൊളിച്ചടുക്കുന്ന സേവനം ടെന്‍സന്റ് വീചാറ്റ് മിനിയിലൂടെ 350 ദശലക്ഷം തവണ രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഉപയോഗിച്ചതായി കമ്പനി അവകാശപ്പെട്ടു. എന്നാല്‍, ഈ സേവനം എത്ര ചൈനക്കാര്‍ പ്രയോജനപ്പെടുത്തുന്നുവെന്ന കാര്യം അറിയില്ലെന്നും പറയുന്നു. കൂടാതെ, അവരുടെ വിശദീകരണം ചില കാര്യങ്ങളില്‍ അപര്യാപ്തമാണെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വൂഹാനിലെ ഒരു ആശുപത്രിയില്‍ അനവധി മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ വിഡിയോ പരന്നിരുന്നു. അത് വ്യാജ വിഡിയോ ആണ് എന്ന് ഫാക്ട്-ഫൈന്‍ഡിങ് ടീം കണ്ടെത്തിയെങ്കിലും അതിനു നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്നു വാദിക്കുന്നവരുമുണ്ട്.

സമൂഹ മാധ്യമങ്ങള്‍ മറ്റു ഫാക്ട് ചെക്കിങ് ടീമുകളുടെ കണ്ടെത്തലുകളെയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നു. കൂടാതെ, ഇതിനൊക്കെ അപ്പുറത്ത് സമൂഹ മാധ്യമങ്ങള്‍ക്ക് അധികമൊന്നും ചെയ്യാനാവല്ലെന്നു വാദിക്കുന്നവരും ഉണ്ട്. രാഷ്ട്രീയ വിഷയങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളെപ്പോലെയല്ലാതെ കൊറോണാവൈറസ് ഭീതി പരത്തുന്ന അഭ്യൂഹങ്ങള്‍ എങ്ങനെയായിരിക്കുമെന്നു പ്രവചിക്കുക സാധ്യമല്ല. എന്തെങ്കിലും പുതിയ വിഷയങ്ങള്‍ ഉടലെടുക്കുമ്പോള്‍ അവയുമായി ബന്ധപ്പെട്ടായിരിക്കും വ്യാജന്മാര്‍ വിലസുക. ഇത് കാലേക്കൂട്ടി കണ്ട് എന്തെങ്കിലും ചെയ്യുക എന്നത് അപ്രായോഗികമാണ്. എന്തായാലും ആപത്തു സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ച ചൈനീസ് സമൂഹ മാധ്യമങ്ങള്‍ എല്ലാവരുടെയു കൈയ്യടി നേടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA