ADVERTISEMENT

ഒരു ചെറിയ തൊണ്ടവേദനയോ, പനിയോ വന്നാൽ എല്ലാവർക്കും ആശങ്കയാണ്, കോവിഡ് ആണോ ? കോവിഡ് 19 രോഗത്തെ സംബന്ധിച്ച് ആശങ്കകളും ആശയക്കുഴപ്പങ്ങളും അതിരില്ലാതെ പടരുകയാണ്. ശത്രുവിനെ കീഴടക്കാൻ ഏറ്റവും ആദ്യം ശത്രുവിനെ നന്നായി മനസ്സിലാക്കണം എന്നാണ് തത്വം. കോവിഡിനെ കീഴടക്കണമെങ്കിൽ, രോഗം പരത്തുന്ന കൊറോണ വൈറസിന് നമ്മൾ സ്വയം കീഴടങ്ങാതിരിക്കണമെങ്കിൽ ആദ്യം രോഗത്തെ സംബന്ധിച്ചഉ കൃത്യമായ ധാരണ വേണം. രോഗം സ്ഥിരീകരിച്ചവരും ക്വാറന്റീനിൽ കഴിയുന്നവരും കോവിഡിനെപ്പറ്റി വേണ്ടത്ര അറിവു നേടിയിട്ടില്ലെങ്കിൽ രോഗം മറ്റുള്ളവരിലേക്കു പകരാൻ അതു കാരണമായേക്കും. 

 

സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും, രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയുമുള്ള വ്യാജസന്ദേശങ്ങളും അതിവേഗം പ്രചരിക്കുമ്പോൾ ഏറ്റവും വിശ്വസനീയമായ മാധ്യമം പത്രം തന്നെയാണ്. കോവിഡ് ബാധിച്ച രാജ്യങ്ങളിലെല്ലാം പത്രങ്ങൾ നടത്തിവരുന്നത് ചരിത്രദൗത്യമാണ്. കോവിഡിനെ സംബന്ധിച്ച വിവരങ്ങൾക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നവർ തങ്ങൾക്കു ലഭിക്കുന്ന വിവരങ്ങൾ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നാണെന്ന് ഉറപ്പുവരുത്തണം. 

 

സർക്കാരും ആരോഗ്യവകുപ്പും ലോകാരോഗ്യസംഘടനയുമൊക്കെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. വാർത്തകൾക്കു പത്രങ്ങളെ ആശ്രയിക്കാം. വ്യാജസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ട് മുഖവിലയ്ക്കെടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.

 

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ബുക്മാർക്ക് ചെയ്തു വയ്ക്കാനും ഇടയ്ക്കു പരിശോധിക്കാനുമുതകുന്ന വെബ്സൈറ്റുകൾ ഇവയാണ്.

 

mygov.in/covid-19

 

കേന്ദ്രസർക്കാർ കോവിഡ് രോഗത്തെ സംബന്ധിച്ച് അവതരിപ്പിച്ചിരിക്കുന്ന സമഗ്ര പോർടൽ ആണിത്. രോഗത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം ഇതിൽ ലഭ്യമാണ്. പ്രചരിക്കുന്ന തെറ്റിദ്ധാരണകളുടെയുംം മിഥ്യകളുടെയും സത്യാവസ്ഥയും ഓരോ സംസ്ഥാനങ്ങളിലെയും ഹെൽപ്‍ലൈൻ നമ്പരുകളുമെല്ലാം വെബ്സൈറ്റിലുണ്ട്.

 

mohfw.gov.in

 

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും കോവിഡ് രോഗത്തിന്റെ രാജ്യത്തെ സ്ഥിതിവിശേഷം സംബന്ധിച്ച തൽസമയ വിവരങ്ങൾ ലഭ്യമാണ്. പൗരന്മാർക്കും ആശുപത്രികൾക്കും മറ്റുമുള്ള നിർദേശങ്ങളും ബോധവൽക്കരണ സാമഗ്രികളും എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്.

 

who.int/health-topics/coronavirus

 

കോവിഡ് രോഗത്തെയും കൊറോണ വൈറസിനെയും സംബന്ധിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും മാർഗനിർദേശങ്ങളും അടങ്ങുന്ന ലോകാരോഗ്യസംഘടനയുടെ സമഗ്ര പോർട്ടൽ ആണിത്. രോഗത്തെ സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കും. രോഗലക്ഷണങ്ങൾ, രോഗത്തെ സംബന്ധിച്ച തെറ്റിദ്ധാരണകൾ എന്നിവയെല്ലാം വിശദമായി പ്രതിപാദിക്കുന്നു.

 

coronavirus.jhu.edu

 

ലോകപ്രസിദ്ധമായ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കൊറോണവൈറസ് റിസോഴ്സ് സെന്റർ. ലോകത്താകെ രോഗികളുടെ എണ്ണം, മരണസംഖ്യ, സുഖപ്പെട്ട രോഗികളുടെ എണ്ണം തുടങ്ങിയ തൽസമയം അപ്ഡേറ്റ് ചെയ്യുന്ന കൗണ്ടർ ആണ് പ്രത്യേകത. കോവിഡ് 19 ഇന്ററാക്ടീവ് മാപ്പ് ഓരോ രാജ്യത്തിന്റെയും സ്ഥിതി വിശദമായി അവതരിപ്പിക്കും. ഓരോ രാജ്യത്തെയും ആകെ രോഗികൾ, മരണസംഖ്യ, സുഖപ്പെട്ടവരുടെ എണ്ണം എന്നിവ വെവ്വേറെ ലഭ്യമാണ്.

 

bing.com/covid

 

മൈക്രോസോഫ്റ്റ് സേർച്ച് എൻജിനായ ബിങ് അവതരിപ്പിച്ചിരിക്കുന്ന പ്രത്യേക കോവിഡ് വെബ്സൈറ്റ് ആണിത്. രോഗികളുടെയും മറ്റും എണ്ണം തൽസമയം അപ്ഡേറ്റ് ചെയ്യുന്നതോടൊപ്പം കോവിഡ് രോഗത്തെ സംബന്ധിച്ച വാർത്തകളും വിശദമായ മാപ്പും അവതരിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com