sections
MORE

കൊറോണ: നിങ്ങളുടെ പോസ്റ്റും വിഡിയോയും കണ്ടില്ലെന്ന് പറയരുത്, എല്ലാം തീരുമാനിക്കുന്നത് എഐ!

INDIA-US-INTERNET-FACEBOOK
SHARE

തികച്ചും അപ്രതീക്ഷിത കാര്യങ്ങളാണ് അരങ്ങേറുന്നത്. ഓഫിസുകളില്‍ മനുഷ്യര്‍ കുറയുന്നതോടെ പണിയുടെ സ്വഭാവത്തിലും മാറ്റം വരുന്നു. ഗൂഗിളിന്റെ (ആല്‍ഫബെറ്റ്) കീഴിലുള്ള യുട്യൂബും ഫെയ്‌സ്ബുക്കും ട്വിറ്ററും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. നയലംഘനത്തിന്റെ പേരില്‍ പോസ്റ്റുകള്‍ തെറ്റായി നീക്കം ചെയ്യപ്പെട്ടേക്കാം എന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. കൊറോണാവൈറസ് വ്യാപിക്കുന്ന ഈ വേളയില്‍ കമ്പനികളെല്ലാം ജോലിക്കാരെ വീട്ടില്‍ പറഞ്ഞു വിട്ടിരിക്കാണ്. പകരം ഓഫിസുകളിലെല്ലാം സ്വയം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് പോസ്റ്റുകളും മറ്റും വരണോ എന്ന് തീരുമാനിക്കുന്നത്. ഈ സിസ്റ്റത്തിനു തെറ്റുപറ്റാം. ഇതിനാല്‍ ആരും കലഹവുമായി വരരുത് എന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.

ആളുകള്‍ ഓഫിസിലെത്തുന്നതു കുറയ്ക്കാനായി യുട്യൂബ് തുടങ്ങിയ ബിസിനസ് വിഭാഗങ്ങളില്‍ താത്കാലികമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു വിട്ടു നല്‍കിയിരിക്കുകയാണെന്നും, ഓട്ടോമേറ്റഡ് ടൂളുകളായിരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുക എന്നും, പ്രശ്‌നമുള്ള കണ്ടെന്റാണോ ഉപയോക്താവ് അപ്‌ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നു കണ്ടെത്താന്‍ ശ്രമിക്കുക എന്നും ഗൂഗിള്‍ വിശദീകരിച്ചു. ഇത്തരം സോഫ്റ്റ്‌വെയര്‍ ഇന്ന് മനുഷ്യര്‍ക്കാകുന്ന തരത്തിലുള്ള കൃത്യത ആര്‍ജ്ജിച്ചിട്ടില്ല. ഏതെങ്കിലും വിഡിയോ എഐ എടുത്തുകളഞ്ഞത്, തിരച്ച് പോസ്റ്റു ചെയ്യണം എന്നാവശ്യപ്പെടുന്ന പരാതികള്‍ പരിഹരിക്കാനും കൂടുതല്‍ സമയമെടുക്കുമെന്നും ഗൂഗിള്‍ പറഞ്ഞു.

ഗൂഗിളിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഫെയ്‌സ്ബുക്കും രംഗത്തെത്തി. കോണ്‍ട്രാക്ട് നല്‍കിയാണ് അവര്‍ കണ്ടെന്റ് മോഡറേഷന്‍ കൂടുതലായും നടത്തുന്നത്. കോണ്‍ട്രാക്ട് ജോലിക്കാരോട് ശമ്പളത്തോടുകൂടി അനിശ്ചിതകാലത്തേക്ക് വീട്ടിലിരുന്ന് ജോലിയെടുത്തോളാന്‍ പറയുകയാണെന്നും അവര്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ പോളിസി നടപ്പാക്കുന്നവരോട് ജോലിക്കെത്താന്‍ ആവശ്യപ്പെട്ടു എന്നതിന്റെ പേരില്‍ കമ്പനിക്കെതിരെ കഴിഞ്ഞയാഴ്ച നിശിത വിമര്‍ശനമുയര്‍ന്നിരുന്നു. കണ്ടെന്റ് മോഡറേഷന്‍ ഓഫിസുകളിലിരുന്നല്ലാതെ ചെയ്യാനുള്ള സുരക്ഷിത സംവിധാനം ഇപ്പോഴും തങ്ങള്‍ക്കില്ലെന്ന കാര്യമാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളും കൂടുതലായി ഓട്ടോമേറ്റഡ് ടൂളുകളെ ആശ്രയിക്കാന്‍ തുടങ്ങുകയാണെന്നും കമ്പനി അറിയിച്ചു. ഇവ ഹാനികരമായ കണ്ടെന്റ് ഡിജിറ്റല്‍ തെളിവുകളില്‍ നിന്ന് കണ്ടെത്താന്‍ ശ്രമിക്കും. മുൻപ് പോസ്റ്റുകള്‍ നീക്കം ചെയ്തത് എപ്പോഴൊക്കെ, എന്തിനൊക്കെ എന്നതെല്ലാം കണക്കിലെടുത്തായരിക്കും പോസ്റ്റുകളുടെ വിധി നിര്‍ണ്ണയിക്കപ്പെടുക. എന്നാല്‍, ഇതിനെല്ലാം പരിമിതികളുണ്ടാകുമെന്നും അവര്‍ അറിയിച്ചു.

തങ്ങളും ഓട്ടോമേഷന്‍ വര്‍ധിപ്പിക്കുകയാണെന്ന് ട്വിറ്ററും അറിയിച്ചു. എന്നാല്‍, യൂസര്‍മാരെ ഓട്ടോമേറ്റഡ് ടൂളുകളുടെ നിര്‍ദ്ദേശം മാത്രം പരിഗണിച്ച് പുറത്താക്കില്ലെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ എഐക്കും വേണ്ട കൃത്യത കണ്ടേക്കില്ല എന്നതാണ് അവരും കാരണമായി പറയുന്നത്.

ഈ മൂന്നു സിലിക്കന്‍ വാലി ഭീമന്മാരും ടെക് വ്യവസായത്തിലെ മറ്റു പല കമ്പനികളുടെയും പാത പിന്തുടരുകയാണ് ചെയ്യുന്നത്. ജോലിക്കാരോടും കോണ്‍ട്രാക്ട് സ്റ്റാഫിനോടും വീട്ടിലിരുന്നു ജോലി ചെയ്യാനാണ് മിക്ക കമ്പനികളും ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതിലൂടെ കൊറോണാവൈറസിന്റെ വ്യാപനം കുറയ്ക്കാമെന്നാണ് അവരെല്ലാം കരുതുന്നത്. അതിവേഗമാണ് ഈ ശ്വാസകോശസംബന്ധിയായ രോഗം ലോകത്ത് പടരുന്നത്. സ്‌പോര്‍ട്‌സ് ഇവന്റുകള്‍, സാംസകാരിക, മത സമ്മേളനങ്ങള്‍ തുടങ്ങിയവയെല്ലാം ലോകമെമ്പാടും മുന്‍കുരുതലെന്ന നിലയില്‍ വേണ്ടന്നുവയ്ക്കുകയാണ്.

തങ്ങളുടെ യുട്യൂബ് ഇതര സേവനങ്ങളിലും മനുഷ്യരുടെ റിവ്യൂവിനായി കത്തയച്ചാല്‍ നടക്കാന്‍ കാലതമാസമെടുക്കുമെന്നും, ഫോണ്‍ ചെയ്താലും അതും പരിമിതമായി മാത്രമെ വിജയിക്കൂ എന്നും ഗൂഗിള്‍ മുന്നറിയിപ്പു നല്‍കുന്നു. പുതിയ സാഹചര്യം പരിഗണിച്ച് തങ്ങളുടെ പരസ്യ നെറ്റ്‌വര്‍ക്കിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ആപ്പുകളുടെ വിധി നിര്‍ണ്ണയിക്കുന്നതിലും ഗൂഗിള്‍ മാപ്‌സിനായി എഴുതിയ റിവ്യൂകളുടെ കാര്യത്തിലുമെല്ലാം ഇതു ബാധകമായിരിക്കുമെന്ന് കമ്പനി പറയുന്നു.

ചില ഉപയോക്താക്കളും, പരസ്യം നല്‍കുന്നവരും ഡെവലപ്പര്‍മാരും പബ്ലിഷര്‍മാരും കാലതാമസം അനുഭവിച്ചേക്കാം. തങ്ങളുടെ സപ്പോര്‍ട്ട് ടീമിന് വളരെപ്പെട്ടന്ന് അവരുടെ സഹായത്തിനെത്താനായേക്കില്ല. അത്ര നിര്‍ണ്ണായകമല്ലാത്ത കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് കൂടുതല്‍ കാലതാമസം എടുത്തേക്കാം. ചാറ്റ്, ഇമെയില്‍, സെല്‍ഫ്-സര്‍വീസ് ചാനലുകള്‍ തുടങ്ങിയവയെ ആശ്രയിക്കാനാണ് കമ്പനി ആവശ്യപ്പെടുന്നത്.

ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളുടെ കണ്ടെന്റ് അവലോകകര്‍ നിരവധി രാജ്യങ്ങളിലായാണ് ജോലിയെടുക്കുന്നത്. അമേരിക്ക, ഇന്ത്യ, അയര്‍ലൻഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലിരുന്നാണ് ഇവരില്‍ പലരും ജോലിയെടുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA