ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയകളിൽ വൈറലായ രണ്ടു സംഭവങ്ങളാണ് ‘ജോസേട്ടന്റെ വടയും’, ഓസ്‌ട്രേലിയയിലെ ബിൽബോർഡിൽ പിണറായിയുടെ പേര് വന്നതും. രണ്ടും എങ്ങനെയാണ് വൈറലായത്? സംശയമെന്ത് മലയാളികള്‍ക്കിടയിലെ വാട്സാപ്, ഫെയ്സ്ബുക് ഗ്രൂപ്പുകൾ തന്നെ. എന്താണ് സംഭവമെന്ന് പോലും നോക്കാതെ കാണുന്നിടത്തൊക്കെ ഷെയർ ചെയ്ത് വൈറലാക്കുന്നത് പതിവ് സംഭവമാണ്. ഒരാളെ ഉയരങ്ങളിലെത്തിക്കാനും ഇടിച്ചുതാഴ്ത്താനും സോഷ്യല്‍മീഡിയകളിലെ പോസ്റ്റുകൾ ധാരാളം മതി. നിസ്സാര കാര്യങ്ങള്‍ പോലും നേരം പുലരുമ്പോഴേക്കും നാട്ടുകാരെ ഒന്നടങ്കം അറിയിക്കാനും നിലപാടുകൾ വിളിച്ചറിയിക്കാനും ഇത്തരം ഫെയ്സ്ബുക്, വാട്സാപ് പോസ്റ്റുകൾക്ക് കഴിയും.

രണ്ട് വൈറൽ സംഭവങ്ങൾ നോക്കാം

‘ജോസേട്ടന്റെ വട’

ലണ്ടനിലെ മാഞ്ചസ്റ്ററിനു സമീപം സ്റ്റോകോൺട്രെന്റിൽ താമസിക്കുന്ന ആലുവ മാളിയേക്കൽ ജോസ് ജേക്കബും ഭാര്യ ഷൈനിയും ചെറിയൊരു കുസൃതി വിഡിയോ ചിത്രീകരിച്ചു സുഹൃത്തിന്റെ വാട്സാപ്പിൽ ഇട്ടപ്പോൾ അതിത്രയും ഉറക്കം കെടുത്തുമെന്നു കരുതിയില്ല.

പലഭാഗത്തു നിന്ന് സമൂഹമാധ്യമങ്ങളിലൂടെ പച്ചത്തെറി വന്നുകൊണ്ടിരിക്കുകയാണെന്നു ജോസ് പറയുന്നു. ചിലർ മൊബൈൽ നമ്പർ സംഘടിപ്പിച്ചു നേരിട്ടു വിളിക്കുന്നുമുണ്ട്. ‘ഉഴുന്നുവട എന്തെന്ന് അറിയാത്ത മലയാളി’ എന്ന പുതിയ മേൽവിലാസമാണ് വിഡിയോ ജോസിനു സമ്മാനിച്ചത്. പക്ഷേ ജോസിനെ അറിയാവുന്ന ആലുവക്കാർ അതെല്ലാം ചിരിച്ചു തള്ളി.

കാരണം 20 വർഷമായി ജോസ് നാട്ടിൽ അറിയപ്പെടുന്നതു തന്നെ ‘വട ജോസ്’ എന്നാണ്. ഈസ്റ്റർ വേളയിൽ മക്കൾക്ക് ഉഴുന്നുവട ഉണ്ടാക്കുന്നതിനിടെയാണ് ജോസ് വിഡിയോ എടുത്തത്. ഉഴുന്നുവട കാണിച്ചു കൊണ്ട് ഗൂഗിളിൽ പഠിച്ച് ആദ്യമായി ഉണ്ടാക്കിയതാണെന്നും നടുവിലെ ദ്വാരത്തിലൂടെ നോക്കിയാൽ അപ്പുറത്തുകൂടി വരുന്ന ആളെ കാണാമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും ജോസ് തമാശയ്ക്കു പറഞ്ഞത് കാണികൾ സീരിയസ് ആയി കണക്കിലെടുത്തു.

2000ൽ ആലുവ ബാങ്ക് കവലയിലെ വീട്ടിൽ ഉഴുന്നുവടയും പരിപ്പുവടയും ഉണ്ടൻപൊരിയും ഉണ്ടാക്കി ബൈക്കിൽ ഹോട്ടലുകളിലും ചായക്കടകളിലും വിതരണം ചെയ്തിരുന്നയാളാണ് ജോസ്. അങ്ങനെയാണ് വട ജോസ് എന്നു പേരു വന്നത്. വിഡിയോ പിടിവിട്ടു പറക്കുകയാണെന്നു മനസ്സിലാക്കിയ ലണ്ടൻ മലയാളികൾ ‘മണ്ടന്മാർ ലണ്ടനിൽ’ എന്ന അവരുടെ വാട്സാപ് ഗ്രൂപ്പിൽ സത്യാവസ്ഥ വിശദീകരിച്ച് ജോസിന്റെ ‘കൗണ്ടർ അഭിമുഖം’ ഇട്ടെങ്കിലും ആദ്യ വിഡിയോയുടെ പ്രചാരണം നിയന്ത്രിക്കാനായില്ല. നഴ്സായ ഭാര്യ 2009ൽ ലണ്ടനിലെത്തി. 2012ൽ ജോസും 2 പെൺമക്കളും ഭാര്യയുടെ അടുത്തേക്കു പോയി.

ഓസ്‌ട്രേലിയയിലെ ബിൽബോർഡിൽ പിണറായിയുടെ പേര്

കൊറോണവൈറസിനെ പ്രതിരോധിക്കുന്നതിൽ കേരളം വിജയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്കും ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രശംസകൾ വരുന്നുണ്ട്. ഇതിനിടെയാണ് പിണറായി വിജയനു നന്ദി പറഞ്ഞ് ഓസ്ട്രേലിയയിലെ മെൽബനിലെ ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം മലയാളികൾക്കിടയിൽ വൈറലാകാൻ ഏറെ സമയം വേണ്ടിവന്നില്ല. ഇതേത്തുടർന്ന് രാഷ്ട്രീയക്കാർക്കിടയിൽ വാക്പോര് വരെ നടന്നു.

സത്യത്തിൻ മെൽബനിൽ എന്താണ് സംഭവിച്ചത്?

ഓസ്ട്രേലിയയിലെ മെല്‍ബണിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ ഒരു ക്യാംപെയിനാണ് #SayThanks. ടെല്‍സ്ട്രയ്ക്ക് എസ്എംഎസ് അയച്ചു കൊടുത്താൽ ആർക്കും അവരുടെ പേര് ബില്‍ബോർഡിൽ വരുത്താൻ കഴിയും. ഇത്തരത്തിലുള്ള ആപ്പുകളും ടൂളുകളും നേരത്തെ തന്നെ ഫെയ്സ്ബുക്കില്‍ വ്യാപകമാണ്. ഒരാളുടെ ഫോട്ടോ കൊടുത്താൽ നിരവധി ബാക്ക്ഗ്രൗണ്ടുകളിലുള്ള ചിത്രങ്ങൾ ലഭിക്കുന്ന ടൂളുകളുണ്ട്. ഇതിന്റെ മറ്റൊരു തലംമാത്രമാണ് മെൽബനിലെ ബിൽബോർഡ്.

കൊറോണവൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങൾക്ക് നന്ദി അറിയിക്കാനായി ടെല്‍സ്ട്ര തുടങ്ങിയ ക്യാംപെയിനാണിത്. ആർക്കും ആരുടെ പേരും എസ്എംഎസ് അയക്കാം. ടെല്‍സ്ട്രയുടെ 0484 എന്ന നമ്പറിലേക്കാണ് പേര് അയക്കേണ്ടത്. ‘Thanks__for’ എന്ന ഫോർമാറ്റിൽ മെസേജ് അയച്ചാൽ എംഎംസ്‌ ആയി ആർക്കാണോ നന്ദി പറഞ്ഞത് ആ ആളുടെ പേരുവെച്ച ബിൽബോർഡ് ചിത്രം അയച്ചു തരും. ഇതോടൊപ്പം തന്നെ അവരുടെ ബൗർ ബോർക്ക് സ്ട്രീറ്റിലെ ബിൽബോർഡിൽ അത് കാണിക്കുകയും ചെയ്യും. കുറച്ചു നേരം മാത്രമാണ് ഇത് തെളിയുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com