ADVERTISEMENT

ഇന്ത്യയുടെ വ്യവസായ, വാണിജ്യ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുന്നതാണ് ലോകത്തെ തന്നെ വമ്പൻ കമ്പനികളായ റിലയൻസും ഫെയ്സ്ബുക്കും തമ്മിലുള്ള കൈകോർക്കൽ. റിലയൻസ് ഇന്ത്യ ലിമിറ്റഡിന്റെ ജിയോ പ്ലാറ്റ്ഫോംസിന്റെ 9.99% ഓഹരി 43,574 കോടി രൂപയ്ക്ക് ഫെയ്സ്ബുക് സ്വന്തമാക്കുമ്പോൾ ടെലികോം രംഗത്തെ നിലവിലുള്ള രീതികൾ മുഴുവൻ മാറ്റിമറിക്കുന്നതാവും അത്. 38.8 കോടി മൊബൈൽ വരിക്കാരുണ്ട് ജിയോ ടെലികോമിന്. ഫെയ്സ്ബുക്കിന് ഇന്ത്യയിൽ 25 കോടി ഉപയോക്താക്കളുണ്ട്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന് ഇന്ത്യയിൽ 40 കോടി ഉപയോക്താക്കളുണ്ട്. 

 

ഇരുകൂട്ടർക്കും വൻതോതിൽ ഉപകാരപ്രദമായ കൂട്ടുകെട്ടാണിത്. ചൈനയുടെ വി–ചാറ്റ് പോലുള്ള വിവിധോദ്ദേശ്യ ആപ് – വിനോദോപാധികളും വിവരം കൈമാറലും കൂടാതെ ബില്ലടയ്ക്കൽ ഉൾപ്പെടെ എല്ലാ കാര്യങ്ങളുമുള്ള സംവിധാനത്തിന് വൈകാതെ ഇവർക്ക് അനുമതി ലഭിക്കാനിടയുണ്ട്. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ താൽപര്യത്തിന് അനുസരിച്ചായതിനാൽ അധികൃതരുടെ ഒത്താശയും ലഭിക്കും. ജിയോയും വാട്സാപ്പും ചേർന്ന് ജിയോമാർട്ടിലൂടെ ഇവിടുത്തെ ചെറുകിട കച്ചവടം മുഴുവൻ വിഴുങ്ങാനുള്ള വഴി തുറന്നു കഴിഞ്ഞു. 3 കോടിയോളം വരുന്ന ചെറുകിട കച്ചവടക്കാർക്കു ഗുണകരമെന്ന് പറയുന്നുണ്ടെങ്കിലും ഫലത്തിൽ എന്താണ് സംഭവിക്കുക എന്നു കണ്ടറിയണം. 

 

മത്സരവും സ്വകാര്യതയും 

 

ടെലികോം രംഗത്തെ ഈ 2 വമ്പൻമാർ ഒരുമിച്ചു നീങ്ങുമ്പോൾ വിപണിയിൽ ന്യായമായ മത്സരം അന്യമാകും. മറ്റാർക്കും പിടിച്ചുനിൽക്കാനാവാത്തവിധമാകും സാഹചര്യങ്ങൾ. ജിയോ ഫോണുകളിൽ വാട്സാപ്പും ഇൻസ്റ്റഗ്രാമും നേരത്തെ തന്നെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത് ഉപയോക്താക്കളെ അങ്ങോട്ട് ആകർഷിക്കും. ഇതു ഫെയ്സ്ബുക്കിനുണ്ടാക്കുന്ന നേട്ടം കണക്കാക്കാവുന്നതിനുമപ്പുറമാണ്. ഉപയോക്താക്കളുടെ താൽപര്യങ്ങൾ നേരത്തെ അറിഞ്ഞുള്ള ഈ നീക്കം സ്വകാര്യതയിലെ കടന്നുകയറ്റമാകും. ന്യായമല്ലാത്ത ഒട്ടേറെ കീഴ്‍വഴക്കങ്ങളും കൊണ്ടുവരാനിടയുണ്ട്. 

 

വിലപേശൽ പിന്തുണ 

 

ഇന്ത്യയിൽ പ്രവർത്തനത്തിന് ഒട്ടേറെ ഭരണപരമായ തടസ്സങ്ങൾ നേരിട്ടിരുന്ന ഫെയ്സ്ബുക്കിന് റിലയൻസുമായുള്ള ബന്ധം വലിയ നേട്ടമാകും. റിലയൻസിന്റെ തോളിലേറി തങ്ങളുടെ താൽപര്യങ്ങൾ എളുപ്പം സാധിച്ചെടുക്കാൻ അവർക്കാവും. പേയ്മെന്റ് സേവനം ഇന്ത്യയിൽ ആരംഭിക്കാനുള്ള അവരുടെ ശ്രമം ഇനി എളുപ്പമാകും. നിഷ്പക്ഷതാനയം പിന്തുടരുന്ന ഇന്ത്യയിൽ ഫ്രീ ബേസിക്സ് ഇന്റർനെറ്റ് സേവനം തുടങ്ങാനുള്ള തടസ്സങ്ങളും നീങ്ങും. പൊതുസമൂഹം അതീവ ജാഗ്രതയോടെ നിരീക്ഷിച്ചില്ലെങ്കിൽ ഇവിടുത്തെ എല്ലാ ഇ സേവനങ്ങളും വ്യാപാരവും ഈ വമ്പൻമാർ സ്വന്തമാക്കും. . 

 

ഈ വമ്പന്മാരുടെ കൂട്ടുകെട്ട് ടെലികോം മേഖലയിൽ മാത്രമല്ല, രാജ്യത്തെ സകലരംഗത്തും വൻമാറ്റത്തിനിടയാക്കുന്നതാണ്. സർക്കാരും പൊതുസമൂഹവും അതീവ സൂക്ഷ്മതയോടെ നിരീക്ഷിച്ച് തക്കസമയത്ത് വേണ്ട നടപടി സ്വീകരിക്കേണ്ടതുണ്ട്. പ്രത്യാഘാതം വിലയിരുത്തി കോംപറ്റീഷൻ കമ്മിഷൻ അതു തടയുന്നത് നന്നായിരിക്കും. 

(ഡൽഹി നാഷനൽ ലോ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറും സെന്റർ ഫോർ ഇന്നവേഷൻ, ഐപി ആൻഡ് കോംപറ്റീഷൻ കോ ഡയറക്ടറുമാണ് ലേഖകൻ.) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com