sections
MORE

വാട്‌സാപിലൂടെ ഓര്‍ഡര്‍, മിനിറ്റുകൾക്കുളളിൽ വീട്ടിലെത്തിക്കുക ജിയോ ? വരുന്നത് വൻ മാറ്റങ്ങൾ

mukesh-zucker
SHARE

ഏകദേശം 43,574 കോടി രൂപ മുടക്കി 'ജിയോ പ്ലാറ്റ്‌ഫോംസില്‍' 9.99 ശതമാനം ഓഹരി എടുക്കുകയാണെന്ന് ഫെയ്‌സ്ബുക് അറിയിച്ചതോടെ ഇത് ഇന്ത്യന്‍ ബിസിനസ് രംഗത്ത് വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച തുടങ്ങി. ഇതേ തുടര്‍ന്ന് ജിയോ പ്ലാറ്റ്‌ഫോംസിന്റ മൂല്യം 4.62 രക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. എന്നാല്‍ അതൊന്നുമല്ല ജിയോ-ഫെയസ്ബുക് ബന്ധത്തെക്കുറിച്ച് ആകാംക്ഷ ഉയര്‍ത്തുന്ന കാര്യങ്ങള്‍.

എന്തിനാണ് ഫെയ്‌സ്ബുക് ഇന്ത്യന്‍ ഇന്റര്‍നെറ്റ് സേവനദാതാവിനു വേണ്ടി പണമിറക്കുന്നത്?

രാജ്യത്തെ ഇന്റര്‍നെറ്റിലെ ഒരു പങ്കിനായി ഫെയസ്ബുക് ഇതാദ്യമായി അല്ല ശ്രമിക്കുന്നത്. അവര്‍ 2015ല്‍ ഫ്രീ ബെയ്സിക്സ് എന്നൊരു ഇടപാടുമായി വരികയും ഇന്ത്യക്കാര്‍ അത് ഇവിടെ സ്വീകാര്യമല്ലെന്നു പറഞ്ഞ് ഓടിക്കുകയും ചെയ്തിരുന്നു. ഫ്രീ ബെയ്‌സിക്‌സില്‍ കുറച്ചു വെബ്‌സൈറ്റുകള്‍ മാത്രമായിരുന്നു നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. ഞങ്ങള്‍ക്ക് അങ്ങനെ അടച്ചുകെട്ടിയ ഇന്റര്‍നെറ്റ് വേണ്ടെന്നു പറഞ്ഞാണ് അന്ന് ഫെയ്‌സ്ബുക്കിനെ കെട്ടുകെട്ടിച്ചത്. തുടര്‍ന്ന് സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ഉപയോഗിച്ച് ചില ഉള്‍പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുമെന്നും പറഞ്ഞു വന്നു. അക്വില എന്നായിരുന്നു ആ പദ്ധതിയുടെ പേര്. അക്കാലത്താണ് റിലയന്‍സ് ജിയോ സംഭവിക്കുന്നത്. തീരെ വില കുറച്ച് ഡേറ്റ നല്‍കാന്‍ കമ്പനി തീരുമാനിച്ചതോടെ ഫെയ്‌സ്ബുക്കിന് പടം മടക്കേണ്ടതായി വന്നു. തുടര്‍ന്ന് ജിയോയുടെ ജൈത്ര യാത്രയായിരുന്നു ഇന്ത്യയില്‍. അവര്‍ 38.8 കോടി വരിക്കാരെയാണ് നേടിയത്. എക്കാലത്തും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഒരു കണ്ണുളള ഫെയ്‌സ്ബുക്കിന് ജിയോയില്‍ കണ്ണുടക്കാനുള്ള പ്രധാന കാര്യങ്ങളിലൊന്ന് ഇതാണെന്നാണ് വിലയിരുത്തല്‍.

വാട്‌സാപ് ആയിരിക്കും താരം

ഫെയ്‌സ്ബുക്കിനു വേണ്ടിയല്ല കമ്പനി പണമിറക്കുന്നത്. മറിച്ച് വാട്‌സാപിനു വേണ്ടിയായിരിക്കാം എന്നാണ് മറ്റൊരു വാദം. വാട്‌സാപ്പിന്റെ 40 കോടിയിലേറെ ഉപയോക്താക്കള്‍ ഇന്ത്യയിലാണുള്ളത്. വാട്‌സാപ്പിന്റെ ഇന്ത്യയിലെ വളര്‍ച്ചയും ജിയോയുടെ വളര്‍ച്ചയും ഏകദേശം ഒരേ കാലഘട്ടത്തിലാണ് നടക്കുന്നത്. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൂന്നു സേവനങ്ങള്‍ക്കു വേണ്ടിയാണ്- വാട്‌സാപ്, ഫെയ്‌സ്ബുക്, യുട്യൂബ്. പുതിയ ബിസിനസ് കൂട്ടുകെട്ട് നിലവില്‍ വന്നതിനു ശേഷം ഇരു കമ്പനികളും സംസാരിച്ചത് എല്ലാ വലുപ്പത്തിലുമുള്ള പുതിയ അവസരങ്ങള്‍ തുറക്കുമെന്നും ഇത് ഇന്ത്യയിലെ മൂന്നു കോടി ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉപകരിക്കുമെന്നുമാണ്. ഇവിടെയായിരിക്കാം പുതിയ കൂട്ടുകച്ചവടത്തിന്റെ മര്‍മ്മം ഇരിക്കുന്നതും. സൂപ്പര്‍ ആപ്പായി അവതരിക്കുക വാട്‌സാപ് തന്നെ ആയിരിക്കും. ചാറ്റിങ് മാത്രമല്ല, ബഹുവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഒരാപ് ആയി വാട്‌സാപിനെ മാറ്റിയേക്കും. നിങ്ങള്‍ വാട്‌സാപ്പിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ മിക്കവാറും അന്നു തന്നെ നിങ്ങളുടെ കൈയ്യില്‍ എത്തും. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അവരുടെ കച്ചവടവും വര്‍ധിപ്പിക്കാം.

ഇത്തരം ബഹുവിധ സാധ്യതകളുള്ള ആപ്പുകള്‍ ചൈനയിലും കൊറിയയിലും ജപ്പാനിലും അരങ്ങു തകര്‍ക്കുന്നുണ്ട്. വിചാറ്റ്, ലൈന്‍, കാകാവോ ടോക്ക് തുടങ്ങിയ ആപ്പുകള്‍ ഗെയിമിങ്, മുതല്‍ ഇകൊമേഴ്‌സ് സേവനങ്ങള്‍ വരെ നല്‍കുന്നു. ഇവയുടെ രീതിയില്‍ ഒരു മാര്‍ക്കറ്റ് പ്ലെയ്‌സായി വാട്‌സാപ് മാറിയേക്കും. ഇന്ത്യയില്‍ പല ഉപയോക്താക്കള്‍ക്കും ഇന്റര്‍നെറ്റ് എന്നു പറഞ്ഞാല്‍ വാട്‌സാപ് മാത്രമാണ്. അപ്പോള്‍ അവിടേക്ക് കൂടുതല്‍ സേവനം എത്തിച്ചാല്‍ അവരെ അവിടെ തന്നെ പിടിച്ചിടുകയും ചെയ്യാം. വാട്‌സാപ് ഉപയോഗിക്കുന്നതെങ്ങനെയാണ് എന്ന് എല്ലാവര്‍ക്കും സുപരിചിതമായതിനാല്‍, പുതിയ ഫീച്ചറുകള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

ജിയോമാര്‍ട്ട്, ജിയോ ഇകൊമേഴ്‌സ് ബിസിനസ് എന്നിവയില്‍ ഇരു കമ്പനികളും സഹകരിക്കും എന്നുമാത്രമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നതെങ്കിലും പ്രാദേശിക കടകളെ ഉള്‍പ്പെടുത്തി പുതിയ ഇകൊമേഴ്‌സ് സാമ്രാജ്യം സൃഷ്ടിക്കാനുള്ള റിലയന്‍സിന്റെ ശ്രമങ്ങളില്‍ ഇനി ഫെയ്‌സ്ബുക്കും പങ്കാളിയായേക്കും. പ്രാദേശിക ഡേറ്റ പ്രോസസ് ചെയ്‌തെടുക്കാന്‍ ജിയോയ്ക്ക് ഒരു പ്രശ്‌നവുമുണ്ടാവില്ല. വാട്‌സാപ്പിലൂടെ ഉപയോക്താക്കളെ പരിചയമുള്ള ഫെയ്‌സ്ബുക്കിന് അവരെക്കൊണ്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കാനും സാധിച്ചേക്കും.

വാട്‌സാപ് പേ

വാട്‌സാപ്പിലൂടെ പണമിടപാട് നടത്താന്‍ ഉദ്ദേശിച്ചു കൊണ്ടുവന്ന വാട്‌സാപ് പേ സേവനം ഇതുവരെ ഉദ്യോഗസ്ഥര്‍ അനുവദിച്ചു നല്‍കിയിരുന്നില്ല. എന്നാല്‍, ഇനി അംബാനി കൂടെയുള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമായേക്കും. ഇത് അനുവദിച്ചു കഴിഞ്ഞാല്‍ പലചരക്കിനും മറ്റും വാട്‌സാപിലൂടെ പണമടയ്ക്കാന്‍ സാധിക്കും. വാട്‌സാപ് പേ തത്കാലം നടക്കില്ല. അതു വരുന്നതു വരെ ജിയോ പേയിലൂടെ ആയിരിക്കും പണമടയ്ക്കല്‍.

ജിയോയുടെ നേട്ടം

ജിയോയെ സംബന്ധിച്ച് അധികം ആളുകളും ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുന്നത് അവരുടെ ആപ്പുകളില്‍ തന്നെയാണ് എന്ന് ഉറപ്പാക്കാം. അവരുടെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് മറ്റു സൈറ്റുകളില്‍ എത്താനല്ല മറിച്ച് അവരുടെ സൈറ്റുകളില്‍ തന്നെ ഉപയോക്താക്കള്‍ ഉണ്ടാകും. ഇത് മറ്റൊരു സേവനദാതാവും ശ്രമിക്കാത്ത ഒരു കാര്യമാണ്. ഇന്ത്യ ഒട്ടാകെയുള്ള ചെറിയ ബിസിനസുകാരെ കൂടെ കൂട്ടിയാല്‍, ആമസോണിനെയും ഫ്‌ളിപ്കാര്‍ട്ടിനെയുമൊക്കെ കെട്ടുകെട്ടിക്കാനാകുമോ എന്നും നോക്കാം. ഭാവിയില്‍ ജിയോ ഓഹരി ഇറക്കുന്നുണ്ടെങ്കില്‍ അതിനും പുതിയ കുട്ടുകെട്ട് സഹായകമാകും.

ജിയോയുടെ ലോക നിലവാരമുള്ള കണക്ടിവിറ്റിയും ഫെയ്‌സ്ബുക്കിന്റെ ആഗോള അനുഭവവും ഒത്തു ചേരുമ്പോള്‍, ഇന്ത്യക്കാർക്ക് അതു പുതിയൊരു അനുഭവമായിരിക്കാം. ഫെയ്‌സ്ബുക്കിന് ഇന്ത്യയിലേക്ക് ആഴത്തിലിറങ്ങാനും പുതിയ ഡീല്‍ അനുവദിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA