ADVERTISEMENT

വിഡിയോ കോളിങ് ആപ്പായ സൂം സുരക്ഷിതമല്ലെന്നും പകരം ഇന്ത്യന്‍ ആപ്പ് ഒരുക്കണമെന്നും 1 കോടി രൂപ സമ്മാനമായി നല്‍കുമെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാല്‍, ആ ആപ് മിക്കവാറും സർക്കാർ അധികാരികള്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിങ്ങിനായി മാറ്റിവയ്ക്കാനാണ് സാധ്യത. പക്ഷേ, സർക്കാരിന്റെ വെല്ലുവിളി വന്ന് അധികം താമസിയാതെ ആര്‍ക്കും ഉപയോഗിക്കാവുന്ന ഒരു വിഡിയോ കോളിങ് ആപ്പുമായി എത്തിയിരിക്കുകയാണ് മുംബൈ സ്റ്റാര്‍ട്ട്-അപ് കമ്പനി. സേ നമസ്‌തേ (https://www.saynamaste.in/) എന്നു പേരിട്ടിരിക്കുന്ന വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ഇപ്പോഴും ബീറ്റാ അവസ്ഥയിലാണ്. എങ്കിലെന്ത്, അതിന് ഇപ്പോള്‍ത്തന്നെ 5,00,000 ലേറെ ഉപയോക്താക്കളുണ്ട്! ഇത് താമസിയാതെ ഔദ്യോഗികമായി അവതരിക്കപ്പെട്ടേക്കും.

 

കഴിഞ്ഞയാഴ്ചയാണ് സർക്കാർ സ്റ്റാര്‍ട്ട്-അപ് കമ്പനികളോട് സൂം ആപ്പിനു ബദലായി ഒരു വിഡിയോ കോളിങ് ആപ്പ് ഒരുക്കാന്‍ ആവശ്യപ്പെട്ടത്. ധാരാളം പേര്‍ ഉപയോഗിക്കുന്ന സൂം ആപ്പില്‍ നിരവധി സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയതിനു ശേഷമാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചത്. ലോക്ഡൗണ്‍ ഗുണകരമായ ലോകത്തിലെ ചുരുക്കം ചില കമ്പനികളിലൊന്നാണ് സൂം. ഗൂഗിള്‍, ടെസ്‌ല തുടങ്ങി പല കമ്പനികളും സൂം ഉപയോഗിക്കരുതെന്ന് തങ്ങളുടെ ജോലിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ എല്ലാ കുറവുകളും ചേര്‍ത്തും സൂമിന് 300 ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട് ഇപ്പോള്‍!

 

സൂമിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോള്‍ത്തന്നെ വിഡിയോ കോളിങ് ആപ്പ് അവതരിപ്പിക്കാനുള്ള ശ്രമവുമായി ഇന്‍സ്‌ക്രിപ്റ്റ്‌സ് (Inscripts) എന്ന, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്-അപ് രംഗത്തെത്തിയത്. 'ഇന്ത്യയില്‍ തന്നെ സൃഷ്ടിച്ച, ഇന്ത്യക്കാര്‍ക്കായുള്ള' എന്ന മുദ്രാവാക്യവുമായാണ് അവര്‍ എത്തിയത്. കമ്പനിയുടെ മേധാവി അനുജ് ഗാര്‍ഗ് പറഞ്ഞത് തങ്ങളുടെ സേവനം ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് രണ്ടു കാര്യങ്ങള്‍ക്കായിരിക്കുമെന്നാണ്- സ്വകാര്യതയ്ക്കും എളുപ്പം ഉപയോഗിക്കാന്‍ സാധിക്കുക എന്നതിനും. സ്വകാര്യതയും സുരക്ഷയും വളരെ ഗൗരവത്തിലെടുക്കുന്ന കമ്പനിയാണ് തങ്ങളുടേതെന്നും യൂറോപ്പിന്റെ സ്വകാര്യതാ നിയമമായ ജിഡിപിആര്‍ പോലും കണക്കിലെടുത്താണ് വിഡിയോ കോളിങ് സേവനം സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു രസകരമായ കാര്യം ഈ ആപ്പിനെക്കുറിച്ചുള്ള വാര്‍ത്ത പരന്നപ്പോള്‍ അത് സർക്കാർ ഉണ്ടാക്കിയ ആപ്പാണെന്നു വരെ സംശയിക്കപ്പെട്ടിരുന്നു.

 

സൂമിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷം നിര്‍മ്മിച്ച വിഡിയോ കോളിങ് സേവനമായതിനാല്‍ അതിന് ഒന്നിലേറെ എന്‍ക്രിപ്ഷന്‍ ഓപ്ഷനുകളുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു. ഇതാകട്ടെ, സ്വന്തമായി സൃഷ്ടിച്ചതും ഓപ്പണ്‍ സേഴ്‌സ് മിക്‌സു ചെയ്തുണ്ടാക്കിയതുമാണ്. തങ്ങള്‍ പല തരത്തിലുള്ള ടെക്‌നിക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ചില ബിസിനസ് കമ്പനികളുമായി ചേര്‍ന്ന് അവരുടെ ആവശ്യം മുന്നില്‍കണ്ട് സേവനത്തിനു മാറ്റം വരുത്താനും തങ്ങള്‍ക്ക് ഉദ്ദേശമുണ്ടെന്നും അവര്‍ അറിയിച്ചു. ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ അടക്കമുള്ള സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടാകും. ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ ഉടന്‍ എത്തും. നിലവില്‍ 25 പേര്‍ക്കു വരെയാണ് വിഡിയോ കോണ്‍ഫറന്‍സിങ് നടത്താനാകുക. ഇത് 100 പേരായി ഉയര്‍ത്താന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

 

അതിവേഗം കോളിങ് സേവനം റെഡി!

 

വിഡിയോ കോളിങ് പ്രൊഡക്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ബീറ്റാ വേര്‍ഷന്‍ കമ്പനിക്കുള്ളില്‍ ടെസ്റ്റിങ് തുടങ്ങിയെന്ന് അവര്‍ പറഞ്ഞു. ഇതിനായി കമ്പനിയുടെ 50 തോളം ഡെവലപ്പര്‍മാരാണ് പണിയെടുത്തത്. ആദ്യം കണ്ടെത്തിയ ബഗുകള്‍ പരിഹരിച്ച ശേഷമാണ് കൂടുതല്‍ ടെസ്റ്റിങ് തുടങ്ങിയത്. എന്നാല്‍, കമ്പനി പോലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഗംഭീര പ്രതികരണം വന്നതോടെ, ചില ഉപയോക്താക്കള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിട്ടതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവയെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാനാണ് സേ നമസ്‌തേ ശ്രമിക്കുന്നത്.

 

ഫെയ്‌സ്ബുക്കും വിഡിയോ കോളിങ് രംഗത്തേക്ക് ശക്തമായി എത്തുന്നു

 

ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ റൂംസിലൂടെ സൂം ആപ്പിന് വെല്ലുവിളി ഉയര്‍ത്താനാണ് കമ്പനിയുടെ ശ്രമം. സൂമിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഇതുപയോഗിച്ച് 50 പേര്‍ക്കു വരെ ഒരു സമയത്ത വിഡിയോ കോളിങ് നടത്താം. ഇത് ഉപയോഗിക്കാന്‍ ഫെയ്‌സ്ബുക് അക്കൗണ്ട് വേണമെന്നില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സൂമിന്റെ ഫ്രീ കോളുകള്‍ 40 മിനിറ്റില്‍ അവസാനിക്കും. തുര്‍ന്ന് വീണ്ടും തുടങ്ങേണ്ടതായി വരും. എന്നാല്‍, മെസഞ്ചര്‍ റൂംസില്‍ എത്ര നേരം വേണമെങ്കിലും വിഡിയോ കോള്‍ തുടരാം.

 

വാട്‌സാപില്‍ ഇനി 8 പേര്‍ക്ക് വിഡിയോ കോളിങ് നടത്താം

 

ഫെയ്‌സ്ബുക്കിന്റെ മറ്റൊരു സേവനമായ വാട്‌സാപില്‍ വിഡിയോ കോളിങ് നാലു പേരില്‍ നിന്ന് എട്ടു പേരായി കൂട്ടി.  

 

മറ്റു ചില വിഡിയോ കോളിങ് ആപ്പുകള്‍ ഇതാ: ഹൗസ്പാര്‍ട്ടി, ഗൂഗിള്‍ ഹാങ്ഔട്‌സ്, ഫെയസ്‌ടൈം, വൈബര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com