ADVERTISEMENT

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കൊറോണവൈറസ് കാലത്ത് ഗുണകരമായെന്ന് റിപ്പോർട്ട്. പരിധി ഏർപ്പെടുത്തിയ വെറും 15 ദിവസത്തിനുള്ളിൽ വാട്സാപ് സന്ദേശം ഫോർവേഡ് ചെയ്യുന്നതിൽ 70 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്.

 

ഈ മാസം ആദ്യമാണ് വ്യാജവാർത്തകൾ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി വാട്സാപ് ഫോർവേഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരേ സമയം ഒന്നിലധികം കോൺടാക്റ്റുകളിലേക്ക് സന്ദേശങ്ങൾ ഷെയർ ചെയ്യുന്നതിൽ നിന്ന് ഉപയോക്താക്കളെ ഇത് തടഞ്ഞു. ഈ നീക്കം ഇതിനകം തന്നെ സ്വാധീനം ചെലുത്താൻ തുടങ്ങിയിട്ടുണ്ടെന്നാണ് വാട്‌സാപ് അധികൃതർ പറയുന്നത്.

 

കോൺ‌ടാക്റ്റിലുള്ള എല്ലാവർ‌ക്കും സുപ്രഭാതം, ഗുഡ് നൈറ്റ് സന്ദേശങ്ങൾ‌ കൈമാറാൻ‌ ഇഷ്ടപ്പെടുന്നവരെ ഇത് അസ്വസ്ഥരാക്കുമെങ്കിലും ദോഷത്തെക്കാൾ‌ കൂടുതൽ‌ നല്ലത് ചെയ്യാൻ‌ ഈ നിയന്ത്രണത്തിനു കഴിഞ്ഞു. ‘വൈറൽ മെസേജ് ഫോർ‌വേർ‌ഡുകൾ‌’ വ്യാപിപ്പിക്കുന്നതിൽ‌ 70 ശതമാനം കുറവുണ്ടായതായി വാട്‌സാപ് വെളിപ്പെടുത്തി.

 

കോവിഡ്-19 നെ ചുറ്റിപ്പറ്റിയുള്ള വ്യാജ വാർത്തകൾ ഇല്ലാതാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് കഴിഞ്ഞ മാസം ഇന്ത്യയുടെ ഐടി മന്ത്രാലയം സോഷ്യൽ മീഡിയ ബ്രാൻഡുകളായ ഫെയ്സ്ബുക്, ബൈറ്റ്ഡാൻസ്, ട്വിറ്റർ, ഷെയർചാറ്റ് എന്നിവയ്ക്ക് ഉപദേശം നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ വാട്സാപ് ഷെയറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

 

വ്യക്തിഗതവും സ്വകാര്യവുമായ സംഭാഷണങ്ങൾക്ക് വാട്സാപിൽ ഒരു ഇടം നിലനിർത്താൻ ഈ മാറ്റം സഹായിക്കുന്നുവെന്ന് കമ്പനി വക്താവ് കൂട്ടിച്ചേർത്തു. വൈറൽ സന്ദേശങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടത് ചെയ്യാൻ വാട്‌സാപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com