sections
MORE

സൂം കസറുന്നു, ഫെയ്സ്ബുക് വിയർക്കുന്നു, 50 പേർക്ക് വിഡിയോ കോളുമായി മെസഞ്ചർ റൂംസ്

fb-call
SHARE

ലോക്ഡൗണ്‍ വന്ന് ഒറ്റപ്പെട്ടതോടെ ഗ്രൂപ് വിഡിയോ കോളിങ് ആളുകള്‍ക്കിടയില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്. ഇതുവരെ ഇതിന്റെ പ്രധാന ഗുണഭോക്താവ് സൂം ആപ് ആയിരുന്നു. കമ്പനിക്ക് 30 കോടിയിലേറെ ഉപയോക്താക്കളാണ് ലോക്ഡൗണിനു ശേഷം കിട്ടിയതെന്ന് പറയുന്നു. ഈ ആപ്പിന് ബദലാകാന്‍ പല കമ്പനികളും ശ്രമിക്കുന്നുണ്ടെങ്കിലും ആര്‍ക്കും അതിന് ഇതുവരെ സാധിച്ചിട്ടില്ല. എന്തായാലും, സൂമിന് ബദലാകാനുള്ള തീവ്രപരിശ്രമത്തിലാണ് ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ ഫെയ്‌സ്ബുക്. വിജയിച്ച പല ഫീച്ചറുകളും ഉള്‍പ്പെടുത്തി തങ്ങളുടെ ടെക് സാമ്രാജ്യം വിപുലപ്പെടുത്തുക എന്നത് കമ്പനി എക്കാലത്തും തുടര്‍ന്നുവന്ന കാര്യങ്ങളിലൊന്നുമാണ്.

മെസഞ്ചര്‍ റൂംസ്

തങ്ങളുടെ മെസഞ്ചര്‍ ആപിന് ഒരു വിഡിയോ കോണ്‍ഫറന്‍സ് വേര്‍ഷന്‍ സൃഷ്ടിക്കുകയാണ് ഫെയ്‌സ്ബുക് ചെയ്തിരിക്കുന്നത്. മെസഞ്ചര്‍ റൂംസ് എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഒരു സമയത്ത് 50 പേരുമായി വിഡിയോ കോണ്‍ഫറന്‍സിങ് നടത്താം. അതേസമയം, സൂമിന്റെ ഫ്രീ സേവനത്തില്‍ 100 പേര്‍ക്കു വരെ ഒരേസമയം വിഡിയോ കോളിങ്ങില്‍ സമ്മേളിക്കാം. എന്നാല്‍, സൂമിന്റെ ഫ്രീ കോളിന്റെ സമയപരിധി 40 മിനിറ്റാണ്. (ഇതു കഴിഞ്ഞ് വീണ്ടും വിളിക്കുകയോ, അല്ലെങ്കില്‍ പ്രതിമാസം 20 ഡോളറോളം നല്‍കി പെയ്ഡ് സര്‍വീസ് ഉപയോഗിക്കുകയോ ചെയ്യുക എന്നതേ സൂമില്‍ ഇപ്പോള്‍ സാധിക്കൂ.) എന്നാല്‍, ഫെയ്‌സ്ബുക്കില്‍, എത്ര നേരം വേണമെങ്കിലും വിഡിയോ കോള്‍ തുടരാം എന്നതാണ് അവര്‍ കൊണ്ടുവന്നിരിക്കുന്ന പ്രധാന പ്രത്യേകത. കോളില്‍ പങ്കെടുക്കാന്‍ ഫെയ്‌സ്ബുക് അക്കൗണ്ട് വേണ്ട. എന്നാല്‍, എഫ്ബി അക്കൗണ്ടുള്ള ഒരാള്‍ക്കു മാത്രമെ കോള്‍ തുടങ്ങാനാകൂ. ഇയാള്‍ വിളിച്ചു ചേര്‍ക്കുന്ന ആളുകള്‍ക്ക് എഫ്ബി അക്കൗണ്ട് നിര്‍ബന്ധമില്ല.

വിഡിയോ കോളിങ് വിസ്‌ഫോടനം

അടുത്തിടെ വിഡിയോ കോളിങ്ങിന്റെ ഒരു വിസ്‌ഫോടനം തന്നെയാണ് ലോകത്ത് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമൂഹത്തിലേക്ക് നേരിട്ടിറങ്ങാന്‍ പറ്റാത്തതിനാല്‍ ആളുകള്‍ വിഡിയോ കോളിങ്ങിലൂടെ കണ്ടുമുട്ടുന്നു. ഈ പ്രവണത വര്‍ധിച്ചതോടെ സൂമിന് ചാകരയായിരുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ സൂമിന്റെ സേവനം ഉപയോഗിക്കാന്‍ മുന്നോട്ടുവന്നു. ഓഫിസര്‍മാരും, കൂട്ടുകാരം, ബന്ധുക്കളും എല്ലാം സൂമില്‍ കണ്ടുമുട്ടി.

സൂമിന്റെ വെര്‍ച്വല്‍ പശ്ചാത്തലം ഹിറ്റ്!

വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ക്ക് അനുദിനം പ്രചാരമേറുകയാണ്. സൂം ആപ്പിന്റെ ഒരു സവിശേഷത നിങ്ങള്‍ക്ക് വിഡിയോ കോളിങ് സമയത്ത് വെര്‍ച്വലായി ഒരു പശ്ചാത്തലം സ്വീകരിക്കാമെന്നതാണ്. ഒന്നിലേറെ പശ്ചാത്തലങ്ങള്‍ ഫ്രീ കോള്‍ നടത്തുന്നവര്‍ക്കും ലഭ്യമാണ്. ഇതിലൂടെ നിങ്ങള്‍ക്കു ചുറ്റുമുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ കാണുന്നില്ലെന്നു വരുത്താം. അലങ്കോലപ്പെട്ടു കിടക്കുന്ന മുറിയും മറ്റും മറ്റുള്ളര്‍ കാണില്ലെന്നുള്ളത് സൂമിലേക്ക് ആളെക്കൂട്ടാന്‍ ഉപകരിച്ചു.

വെര്‍ച്വല്‍ ബാക്ഗ്രൗണ്ട് മെസഞ്ചര്‍ റൂംസിലും

തങ്ങളും വെര്‍ച്വല്‍ ബാക്ഗ്രൗണ്ട് നല്‍കുന്നുണ്ടെന്ന് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. മെസഞ്ചര്‍ റൂംസില്‍ എഐ-ശക്തിപകരുന്ന വെര്‍ച്വല്‍ പശ്ചാത്തലങ്ങള്‍ ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അതുകൂടതെ, മെസഞ്ചര്‍ റൂംസിലെ പശ്ചാത്തലം 360 ഡിഗ്രിയും ലഭ്യമാണ്. ഇത് വിഡിയോ കോളിങ് അനുഭവം അടുത്ത തലത്തിലേക്കെത്തിക്കുമെന്നും സക്കര്‍ബര്‍ഗ് അവകാശപ്പെട്ടു.

വാട്‌സാപിലേക്കും ഗ്രൂപ് വിഡിയോ കോള്‍

ഫെയ്‌സ്ബുക് സൂമിനെ ചുരുട്ടിക്കെട്ടുമെങ്കില്‍ അത് അവരുടെ അതിപ്രശസ്തമായ ആപ്പുകളിലേക്ക് ഗ്രൂപ് വിഡിയോ കോള്‍ എത്തിക്കുക വഴിയായിരിക്കും. ഇപ്പോള്‍ ഫെയ്‌സ്ബുക് പ്ലാറ്റ്‌ഫോമിലെ മെസഞ്ചര്‍ ആപ്പിലൂടെയാണ് റൂംസ് സേവനത്തിലേക്ക് കടക്കാനാകുന്നത്. കമ്പനിയുടെ വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ മറ്റ് ആപ്പുകളിലൂടെയും ഗ്രൂപ് വിഡിയോ കോളിങ് സാധ്യമാക്കുമെന്ന കമ്പനി അറിയിച്ചു. നിലവിലെ വാട്‌സാപ് വിഡിയോ കോളു പോലെയല്ലാതെ 50 പേര്‍ക്കു വരെ വെര്‍ച്വല്‍ മീറ്റിങ് കൂടാം എന്നത് പ്രിയങ്കരമായ കാര്യമായിരിക്കുമെന്ന് ഫെയ്‌സ്ബുക് കരുതുന്നു. വരുന്ന ആഴ്ചകളില്‍ ഇതു പ്രതീക്ഷിക്കാം.

ഫെയ്‌സ്ബുക്കിന്റെ നിലവിലുള്ള വിഡിയോ കോളിങ് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഇപ്പോള്‍ ഏകദേശം 70 കോടി പേര്‍ തങ്ങളുടെ വിഡിയോ കോളിങ് ആപ്പുകളിലൂടെ കണ്ടുമുട്ടാറുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. സൂമിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നും ഫെയ്‌സ്ബുക് കരുതുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA