കൊറോണ വൈറസിനോടും അതിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങളോടും ഒരേസമയം പോരാടേണ്ട അവസ്ഥയിലാണ് മറ്റുചില വ്യാജ ഓഫർ പോസ്റ്റുകൾ വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രത്യക്ഷപ്പെടുന്നത്. അത്രയേറെ വ്യാജ പോസ്റ്റുകളും സന്ദേശങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു കമ്പനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത, നൽകാത്ത ഓഫറുകളാണ് വ്യാജ പോസ്റ്റുകളിലൂടെ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒന്നാണ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ പേരിലുള്ള വ്യാജ ഓഫർ.
‘കൊറോണ വൈറസ് മഹാമാരി അലേർട്ടിനിടെ 5,000 രൂപ വിലവരുന്ന കൂപ്പണുകൾ നൽകുമെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് അറിയിച്ചു! നിങ്ങളുടേത് സ്വന്തമാക്കുക http://lulu.okcoupons.net.’ എന്നതായിരുന്നു വാട്സാപ് പോസ്റ്റ്. ഈ പോസ്റ്റ് വാട്സാപ്പിൽ വൈറലാണ്. എന്നാൽ, ലുലു ഹൈപ്പർ മാർക്കറ്റ് അത്തരമൊരു ഓഫർ പ്രഖ്യാപിച്ചിട്ടില്ലെന്നും നൽകിയിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് വ്യാജമാണെന്നും വ്യക്തമാണ്.
ലുലു ഗ്രൂപ്പിന്റെ ലോഗോയും മറ്റു വിവരങ്ങളും ഉപയോഗിച്ചാണ് വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. 5,000 രൂപയുടെ കൂപ്പൺ ലഭിക്കാൻ ഓരോ വ്യക്തികളും അവരുടെ വാട്സാപ് വഴി 20 സുഹൃത്തുക്കൾക്കും 5 ഗ്രൂപ്പിലും ഇതോ കുറിപ്പ് പോസ്റ്റ് ചെയ്യണമെന്നാണ് പറയുന്നത്. വ്യക്തികളുടെ വാട്സാപ് നമ്പറുകളും മറ്റു ഡേറ്റകളും സ്വന്തമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം തട്ടിപ്പുകൾ. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ വ്യക്തി വിവരങ്ങൾ നൽകുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്.