sections
MORE

സൂമിന്റെ വിജയം കണ്ണുതുറപ്പിച്ചു, വിഡിയോ കോൾ വിപണി പിടിക്കാൻ റിലയൻസ് ‘ജിയോമീറ്റ്’

jio-meet
SHARE

സൂം ഗ്രൂപ്പ് വിഡിയോ കോളിങ് സേവനത്തിന്റെ വിജയം നിരവധി ടെക്‌നോളജി ഭീമന്മാരുടെ കണ്ണു തുറപ്പിച്ചിരിക്കുകയാണ്. എന്തായാലും ഗ്രൂപ്പ് വിഡിയോ കോളിങ് ഭാവിയുടെ ഭാഗമാകാന്‍ പോകുന്നുവെന്ന രീതിയിലാണ് കമ്പനികള്‍ ഇപ്പോള്‍ പെരുമാറുന്നത്. രാജ്യത്തെ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ സ്വന്തം വിഡിയോ കോളിങ് ആപ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജിയോമീറ്റ് (JioMeet) എന്നു പേരിട്ടിരിക്കുന്ന ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് പങ്കജ്പവാറാണ്.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് അടുത്തെങ്ങും മാറ്റപ്പെടാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഗ്രൂപ്പ് വിഡിയോ കോളിങ് എന്ന സാധ്യതയ്ക്കു പ്രാധാന്യമേറുകയാണ്. ഇതിന്റെ മുന്നോടിയായാണ് പല കമ്പനികളും സർക്കാരുകൾ പോലും ഇത്തരം ആപ്പുകള്‍ വേണ്ടുവോളം അവതരിപ്പിക്കുന്നത്. ജിയോമീറ്റ് ആപ്പില്‍ ഒരു സമയത്ത് 100 പേര്‍ക്കു വരെ സമ്മേളിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ മുഖ്യ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇതു പ്രവര്‍ത്തിക്കുമെന്നാണ് പറയുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്, മാക്ഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ആദ്യമേ ലഭിക്കും.

ഫോണുകളിലും കംപ്യൂട്ടറുകളിലും ആപ് ലഭ്യമാകും. എല്ലാ കമ്പനികളെയും ഗ്രൂപ്പുകളെയും ആകർഷിപ്പിക്കാനുള്ള ഫീച്ചറുകൾ ജിയോമീറ്റിലുണ്ട്. തുടക്കത്തില്‍ കളംപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ പരാജയമാകാം എന്നു മനസ്സിലാക്കി തന്നെയാണ് ജിയോ രംഗപ്രവേശനം ചെയ്യുന്നതെന്നാണ് ആദ്യസൂചനകള്‍. ആപ് ഇല്ലാതെയും ഈ സേവനം ഉപയോഗിക്കാനാകും. മോസിലാ ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം തുടങ്ങിയ ബ്രൗസറുകളെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് പറയുന്നത്.

ആരോഗ്യപരിപാലനവും ലക്ഷ്യം

ജിയോയുടെ ആരോഗ്യപരിപാലന പ്ലാറ്റ്‌ഫോമിലേക്കും ജിയോമീറ്റിലൂടെ പ്രവേശിക്കാം. ഇവിടെയുള്ള ഡോക്ടര്‍മാരോട് രോഗവിവരങ്ങള്‍ പറയാനും ജിയോമീറ്റ് ഉപയോഗിക്കാം. ജിയോയുടെ ഇഹെല്‍ത് (eHealth) പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചായിരിക്കും പുതിയ സേവനം എത്തുന്നത്. വെര്‍ച്വലായി ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നതു കൂടാതെ മരുന്ന് ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. ലാബ് ടെസ്റ്റുകള്‍ക്കായി ബുക്കുചെയ്യാനും ജിയോമീറ്റ് ഉപയോഗിക്കാം.

കുട്ടികളുടെ വെര്‍ച്വല്‍ ക്ലാസ് റൂമുകളാകാനും പുതിയ ആപ്പിനു സാധിക്കും. ക്ലാസുകള്‍ റെക്കോർഡു ചെയ്‌തെടുക്കാം. നോട്ടുകളും ഹോംവര്‍ക്കുമൊക്കെ ചെയ്തിരിക്കുന്നതു കാണിക്കുകയും ചെയ്യാം. ഇതെല്ലാം സാധ്യമാകുന്നത് ജിയോയുടെ ഇഎജ്യൂക്കേഷന്‍ (eEducation) പ്ലാറ്റ്‌ഫോമുമായും ജിയോമീറ്റിനെ ബന്ധിപ്പിച്ചിരിക്കുന്നതിനാലാണ്. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപകരിക്കത്തക്ക വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നതെന്നാണ് ജിയോ പറയുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കേണ്ട ടെസ്റ്റുകള്‍ വരെ വിഡിയോ കോളിങ് ആപ്പിലൂടെ നടത്താന്‍ സാധിക്കും. ക്ലാസുകള്‍ കൂടാതെ മള്‍ട്ടിമീഡിയ കണ്ടെന്റും ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കും. ഇതിലൂടെ കുട്ടികള്‍ക്ക് സ്വന്തമായി പഠിക്കാനും സാധിക്കും.

മുത്തശ്ശിമാര്‍ക്കു പോലും ഉപയോഗിക്കാം

യാതൊരു സങ്കീര്‍ണ്ണതയുമില്ലാതെ, മുത്തശ്ശിമാര്‍ക്കു പോലും ഉപയോഗിക്കാന്‍ പാകത്തിനാണ് ഈ ആപ് തയാര്‍ ചെയ്തിരിക്കുന്നതെന്നാണ് പറയുന്നത്. ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കണം എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പവാര്‍ പറഞ്ഞു. ഈ ആപ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കും. എല്ലാവര്‍ക്കും അതിന്റെ ഗുണം കിട്ടണം. മുത്തശ്ശിമാര്‍ക്കു പോലും (grandma easy) ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ ലളിതമായാണ് ഇതിന്റെ യൂസര്‍ ഇന്റര്‍ഫെയ്‌സ്.

ജിയോചാറ്റുമായി ബന്ധിപ്പിക്കുമോ?

നിലവിലുള്ള വിഡിയോ കോളിങ് ആപ്പായ ജിയോചാറ്റുമായി ജിയോമീറ്റിനെ ബന്ധിപ്പിക്കുമോ എന്നതിനെക്കുറിച്ച് കമ്പനി സൂചനകളൊന്നും നല്‍കിയിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA