ADVERTISEMENT

അമേരിക്കയിലെ ബേ ഏരിയയില്‍, ലൈംഗിക ആക്രമണങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി വിഡിയോ കോളിങ് ആപ്പായ സൂമിലൂടെ നടത്തിയ പൊതു വിഡിയോ കോണ്‍ഫറന്‍സിനിടയില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വിഡിയോ ഹാക്കര്‍ പ്രദർശിപ്പിച്ചു. ബേ ഏരിയയിലെ പൊതു സമൂഹംസംഘടിപ്പിച്ച മീറ്റിങ്ങില്‍ ലൈംഗിക ആക്രമണം നേരിട്ടവര്‍ക്ക് സ്വന്തം അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്. 

 

ലൈംഗികാക്രമണങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇതു നടത്തിയത്. എന്നാല്‍, മീറ്റിങ് തുടങ്ങി മനിറ്റുകള്‍ക്കുള്ളില്‍ സൂമിലേക്ക് കടന്നുകയറിയ ഹാക്കര്‍ കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്ന വിഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

 

ഇത് മീറ്റിങ്ങിനെക്കുറിച്ച് വ്യക്തമായി അറിവുള്ള ആരോ ചെയ്ത കാര്യമാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. സൂം മീറ്റിങ്ങില്‍ പങ്കെടുത്ത, ലൈംഗികാക്രമണങ്ങളില്‍ നിന്നു രക്ഷപെട്ടവര്‍ക്കെതിരെ നടത്തിയ ആക്രമണം തന്നെയാണിതെന്നും വാദമുണ്ട്. ഹാക്കര്‍ ഈ മീറ്റിങ്ങിനിടിയില്‍ പല തവണ കടന്നു കയറി കുട്ടികളെ ആക്രമിക്കുന്ന വിഡിയോ കാണിച്ചു. എന്നാല്‍, തങ്ങളുടെ ഉദ്യമത്തില്‍ നിന്നു പിന്തിരിയില്ല. കോണ്‍ഫറന്‍സ് വീണ്ടും നടത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചത്.

 

എന്തായാലും ഈ കടന്നുകയറ്റം സംഘാടകരെ ചൊടിപ്പിച്ചിരിക്കുകയാണ്. അവര്‍ പറയുന്നത് ഇത്തരം കൂടുതല്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നതെന്നും കുട്ടികള്‍ക്കെതിരെ ആക്രമണം നടത്തുന്നവരെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു. അതേസമയം, ഇനി സൂമിലൂടെ സംഘടിപ്പിക്കുന്ന മീറ്റിങ്ങുകള്‍ക്ക് തങ്ങള്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും സംഘാടകര്‍ അറിയിച്ചു. ഈ മീറ്റിങ്ങിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ പഠിക്കുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും സൂം അറിയിച്ചു. 

 

സൂം ബോംബിങ്

 

സൂമിലൂടെ നടക്കുന്ന മീറ്റിങ്ങുകളില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കാറുണ്ട്. ഇങ്ങനെ ആക്രമണം നടത്തുന്നവരെയാണ് സൂം ബോംബേര്‍സ് (Zoom bombers) എന്നു വിളിക്കുന്നത്. മീറ്റിങ്ങുകളിലേക്ക് കടന്നുകയറി തെറി വിളിക്കുക തുടങ്ങിയ കാര്യങ്ങളാണ് അവര്‍ ചെയ്യുക. കൊറോണാവൈറസ് ബാധ പടര്‍ന്നതോടെ വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ധാരാളം ആളുകള്‍ ഉപയോഗിച്ചുവരുന്ന പ്ലാറ്റ്‌ഫോമാണ് സൂം. ചില സുരക്ഷാവീഴ്ചകള്‍ ഉപയോക്താക്കള്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തതുകൊണ്ടാണ് സംഭവിക്കുന്നത്.

 

കൂടുതല്‍ ഉത്തരവാദിത്വത്തോടെ സൂം

 

സൂംബോംബിങ്ങിനെതിരെ പല നടപടികളും കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. സൂമിന്റെ ഫ്രീ അക്കൗണ്ട് ഉപയോഗിച്ചാണ് വിഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്നതെങ്കില്‍ ഓരോ മീറ്റിങ്ങിനും പാസ്‌വേഡ് ഉപയോഗിക്കണമെന്ന് കമ്പനി പറയുന്നു. തങ്ങളുടെ ഫ്രീ സേവനം ഉപയോഗിക്കുന്നവര്‍ക്കായി മെയ് 9 മുതല്‍ ഒരുകൂട്ടം പുതിയ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് സൂം അറിയിച്ചു. ഇതു കൂടാതെ മെയ് 30 മുതല്‍ മൊത്തം സൂം ഉപയക്താക്കള്‍ക്കും ഉപകരിക്കുന്ന തരത്തിലുള്ള നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളും അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. മീറ്റിങ്ങുകളില്‍ ഉണ്ടാകുന്ന ഡേറ്റ സുരക്ഷിതമാക്കാനും കടന്നുകയറ്റക്കാരെ അകറ്റി നിർത്താനും ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്.

 

എന്നാല്‍, സൂം സമൂല മാറ്റം വരുത്തുന്നില്ലെങ്കില്‍ വലിയ കമ്പനികള്‍ അവരുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്നില്ല എന്നാണ് സുരക്ഷാവിദഗ്ധര്‍ പറയുന്നത്. വിഡിയോ കോളിങ്ങിനെതിരെ കടന്നുകയറ്റം നടത്തുന്നവരെ കണ്ടെത്തല്‍ എളുപ്പമുള്ള കാര്യമല്ല. വളരെ പെട്ടെന്ന് ആക്രമണം നടത്തി പിന്‍വാങ്ങുകയാണ് സൈബര്‍ ക്രിമിനലുകളും ട്രോളുകളും ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ തന്നെ സർക്കാരുകളും വന്‍ കമ്പനികളും സൂം പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ പാസ്‌വേഡ് നല്‍കുന്ന രീതി മാറ്റുക തുടങ്ങിയ മാറ്റങ്ങള്‍ അവതരിപ്പിച്ചാല്‍ മതിയാവില്ലെന്നാണ് പ്രോപ്രൈവസി പ്രസിദ്ധീകരണത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ ജോ ഓറിലീ പറയുന്നത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പോലെയുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കാതെ ഗൗരവമുള്ള വിഡിയോ കോണ്‍ഫറന്‍സിങ് നടത്താന്‍ ആഗ്രഹിക്കുന്നവരെ സൂം പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാനാകില്ലെന്ന വാദമാണ് ജോ ഉയര്‍ത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com