ADVERTISEMENT

ഫെയ്‌സ്ബുക്കിലെ കണ്ടെന്റിനെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കാനുള്ള അധികാരമുള്ള കമ്മറ്റിയാണ് ഓവര്‍സൈറ്റ് ബോര്‍ഡ് (oversight board). ഫെയ്‌സ്ബുക്കില്‍ എന്തു കണ്ടെന്റ് ആകാം, അല്ലെങ്കില്‍ പാടില്ല എന്ന കാര്യത്തില്‍ ഇനി ഈ കമ്മറ്റിയുടെ തീരുമാനമായിരിക്കും വലുത്. കമ്പനിയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനേക്കാള്‍ അധികാരം ഇക്കാര്യത്തില്‍ ഓവര്‍സൈറ്റ് ബോര്‍ഡിനായിരിക്കും. ഒരു മുന്‍ പ്രധാനമന്ത്രി, സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ്, ചില ഭരണഘടനാ വിദഗ്ധര്‍ തുടങ്ങിയവര്‍ അടങ്ങുന്ന 20 അംഗ കമ്മറ്റിയെ ആണ് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഓവര്‍സൈറ്റ് ബോര്‍ഡിന്റെ ഓമനപ്പേരാണ്, ഫെയ്‌സ്ബുക്കിന്റെ സുപ്രീം കോര്‍ട്ട് എന്നത്. ഈ 20-അംഗ കമ്മറ്റിയില്‍ സുധീര്‍ കൃഷ്ണസ്വാമിയും ഉള്‍പ്പെടുന്നു. ഈ കമ്മറ്റിയുടെ പണി എന്താണെന്നു നോക്കിയ ശേഷം ആരാണ് ഈ സുധീര്‍ എന്നും അന്വേഷിക്കാം?

 

ഓവര്‍ സൈറ്റ് കമ്മറ്റിയുടെ കടമയെന്ത്?

 

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചില ഉള്ളടക്കങ്ങള്‍ എടുത്തു നീക്കുമ്പോള്‍ വലിയ പ്രതിഷേധമുയരാറുണ്ട്. നഗ്നതയുടെ പേരിലും മറ്റും ചില കണ്ടെന്റ് നീക്കം ചെയ്താല്‍, അത് വലിയ കലയായിരുന്നു എന്നു പറഞ്ഞ് കലാകാരന്മാരും മറ്റും ബഹളം വയ്ക്കും. അതുപോലെ അക്രമം പ്രദര്‍ശിപ്പിക്കുന്ന പോസ്റ്റുകളും ഫെയ്‌സ്ബുക്കും ട്വിറ്ററും യുട്യൂബുമൊക്കെ നീക്കം ചെയ്യാറുണ്ട്. അപ്പോഴൊക്കെ പ്രതിഷേധവും ഉയരാറുണ്ട്. ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുക്കുക പലപ്പോഴും എളുപ്പമുള്ള കാര്യമല്ല. ചിലരുടെ കല മറ്റു ചിലരുടെ അശ്ലീലമായി തീരുന്ന അവസരങ്ങളില്‍ ഇവയുടെ അതിര്‍ത്തി എവിടെ നിര്‍ണ്ണയിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകുക സ്വാഭാവികം. ഇതിനാണ് ഇപ്പോള്‍ സുപ്രീം കോടതിയെ തന്നെ നിയോഗിക്കാന്‍ സക്കര്‍ബര്‍ഗ് തീരുമാനിച്ചിരിക്കുന്നത്. ഏതു കണ്ടെന്റ് വേണം ഏതു വേണ്ട എന്ന കാര്യത്തില്‍ ചില തീരുമാനങ്ങള്‍ ഉണ്ടെങ്കിലും ഇതു നടപ്പിലാക്കുന്ന കാര്യത്തിലാണ് തര്‍ക്കം വരിക. ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കുക എന്നത് വിഷമംപിടിച്ച കാര്യവുമാണ്.

 

മ്യാന്മാറിലെ റോഹിങ്ഗ്യ മുസ്‌‌ലിംകള്‍ക്കെതിരെ നടന്ന വിദ്വേഷ പ്രസംഗങ്ങള്‍, വിയറ്റ്‌നാം യുദ്ധത്തില്‍, നാപാളം ആക്രമണത്തില്‍ നിന്നു രക്ഷപെട്ടോടുന്ന നഗ്നയായ പെണ്‍കുട്ടിയുടെ പ്രശസ്തമായ ചിത്രം ഇങ്ങനെ പലതും നീക്കിയതും, നീക്കാതിരുന്നതും വാഗ്വാദങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്. ഫെയ്‌സബുക്കിന്റെ വിശാലമായ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റു ചെയ്യപ്പെടുന്ന കണ്ടെന്റ് ഞൊടിയിടയില്‍ കത്തിക്കയറി ആളുകളുടെ സുരക്ഷയെ വരെ ബാധിക്കുക വരെ ചെയ്യാമെന്നതിനാല്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ചില പോസ്റ്റുകളില്‍ കണ്ടെന്റ് മോഡറേറ്റര്‍മാര്‍ക്ക് പ്രാദേശിക ഭാഷ അറിയില്ല എന്നതും പ്രശ്‌നമാകാറുണ്ട്.

 

കമ്മറ്റിയുടെ അധ്യക്ഷസ്ഥാനത്ത് ഇവര്‍

 

തങ്ങളുടെ ഓവര്‍സൈറ്റ് ബോര്‍ഡിലുള്ള 20 പേര്‍ 27 രാജ്യങ്ങളില്‍ താമസിച്ചിട്ടുണ്ട്. അവര്‍ കുറഞ്ഞത് 29 ഭാഷകള്‍ സംസാരിക്കുകയും ചെയ്യുമെന്ന് ഫെയ്‌സ്ബുക് പറയുന്നു. നാല് അധ്യക്ഷരാണ് കമ്മറ്റിക്കുള്ളത്. ഇവരില്‍ രണ്ടുപേര്‍ അമേരിക്കക്കാരാണ്. മുന്‍ അമേരിക്കന്‍ ഫെഡറല്‍ സര്‍ക്യൂട്ട് ജഡ്ജിയും മത സ്വാതന്ത്ര്യ വിദഗ്ധനുമായ മൈക്കിൾ മക്‌കോണല്‍, ഭരണഘടനാ നിയമവിദഗ്ധന്‍ ജമാല്‍ ഗ്രീന്‍ എന്നിവരാണ് അമേരിക്കക്കാര്‍. കൊളംബിയന്‍ അറ്റോര്‍ണി കാറ്റലീന ബോട്ടെരോ-മറീനോ, മുന്‍ ഡാനിഷ് പ്രധാനമന്ത്രി ഹെലെ തോണിങ്-സ്മിഡ്റ്റ് എന്നിവരാണ് കമ്മറ്റിയുടെ അധ്യക്ഷസ്ഥാനത്തുള്ളത്.

 

സുധീര്‍ കൃഷ്ണസ്വാമി

 

മറ്റ് അംഗങ്ങളുടെ കൂട്ടത്തലാണ് സുധീര്‍ കൃഷ്ണസ്വാമിയുടെ പേരു വരുന്നത്. നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യാ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറും സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് പൊളിസി റിസേര്‍ച്ച് എന്ന സ്ഥാപനത്തിന്റെ സഹ സ്ഥാപകനുമാണ് അദ്ദേഹം. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയില്‍ നിയമ പ്രൊഫസറായും, സ്‌കൂള്‍ ഓഫ് പോളിസി ആന്‍ഡ് ഗവേണന്‍സിന്റെ ഡയറക്ടറായും, കൊളംബിയ ലോ സ്‌കൂളില്‍ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോയില്‍ വിസിറ്റിങ് പ്രൊഫസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു റോഡ്‌സ് (Rhodes) സ്‌കോളറായ അദ്ദേഹം നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ എല്‍എല്‍ബി ബിരുദം നേടിയാണ് കരിയര്‍ തുടങ്ങുന്നത്. മറ്റു വിദ്യാഭ്യാസ യോഗ്യതകളും ഉള്ള അദ്ദേഹം യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിയമ ക്ലാസുകള്‍ എടുത്തിട്ടുണ്ട്. അമേരിക്കയിലെ കൊളംബിയ ലോ സ്‌കൂളിലും അദ്ദേഹം ക്ലാസുകള്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം എന്‍എല്‍എസ്‌ഐയുവിന്റെ (NLSIU) ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലര്‍ എന്ന ഖ്യാതിയും സ്വന്തം പേരിലാക്കിയിരുന്നു. ഇന്ത്യന്‍ ഭരണഘടന, ബൗദ്ധികാവകാശ നിയമം, ന്യായാധിപന്മാരുടെ അഴിമതി തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

 

ഇന്റര്‍നെറ്റ് നിയന്ത്രിക്കന്നതില്‍ മാതൃകയാകാം പുതിയ കമ്മറ്റിയെന്ന് കൃഷ്ണസ്വാമി

 

ഓവര്‍സൈറ്റ് ബോര്‍ഡ് ലോകത്തും ഇന്ത്യയിലും ഇന്റര്‍നെറ്റ് എങ്ങനെയാണ് നിയന്ത്രിക്കേണ്ടത് എന്നതിന്റെ ഒരു മാതൃകയായേക്കാം പുതിയ കമ്മറ്റിയെന്ന് കൃഷ്ണസ്വാമി അഭിപ്രായപ്പെട്ടു. പുതിയ കമ്മറ്റിക്ക് ഫെയ്‌സ്ബുക്കുമായി നേരിട്ടു ബന്ധമില്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലോ, ഇന്‍സ്റ്റാഗ്രാമിലോ ഒരു യൂസറുടെ കണ്ടെന്റ് നീക്കം ചെയ്യപ്പെട്ടാല്‍ അതിന്റെ പ്രാധാന്യമനുസരിച്ച് ബോര്‍ഡിന്റെ പരിഗണനയ്ക്കു വരാന്‍ സാധ്യതയുണ്ട്. ബോര്‍ഡ് താമസിയാതെ ചുമതലയേല്‍ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com