ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്‌പോരും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്നു ഹൈക്കോടതി. ആരെങ്കിലും അപകീർത്തികരമോ അശ്ലീലമോ ആയ പോസ്റ്റ് ഇട്ടാൽ പൊലീസിനെ സമീപിക്കുന്നതിനു പകരം കൂടുതൽ മോശമായ ഭാഷയിൽ പ്രതികരിക്കുന്ന സമൂഹമാധ്യമങ്ങളിലെ രീതി അപകടകരമാണെന്നു ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. 

സമൂഹമാധ്യമങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്ന ഓൺലൈൻ വാർത്താ ചാനലിലൂടെ അസഭ്യവർഷം ചൊരിഞ്ഞതിനെതിരെ പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അവതാരക ശ്രീജ പ്രസാദിനു മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹ മാധ്യമത്തിലൂടെയുള്ള വാക്പോര് അന്തമില്ലാതെ തുടർന്നാൽ നിയമവാഴ്ചയുടെ തകർച്ചയിലാകും കലാശിക്കുകയെന്നു കോടതി മുന്നറിയിപ്പു നൽകി. 

നിയമവാഴ്ചയെക്കുറിച്ചു ചിന്തിക്കാത്ത സമാന്തര സമൂഹങ്ങൾ വളർന്നുവരുന്നത് അപകടകരമാണ്. പൊതുജീവിതക്രമം സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. സമൂഹമാധ്യമത്തിലെ അസഭ്യ പദപ്രയോഗങ്ങൾ ഐടി നിയമത്തിന്റെ പരിധിയിൽ വരാറില്ല. സർക്കാർ ഉണർന്നു പ്രവർത്തിച്ച് നിയമം കൊണ്ടുവരണം. 

ചില കാര്യങ്ങളിൽ ശിക്ഷാനിയമപ്രകാരം നടപടി സാധ്യമായതിനാൽ പൊലീസിന്റെ ജാഗ്രത വേണം. തുടർനടപടിക്കായി ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും വിധിപ്പകർപ്പ് എത്തിക്കണമെന്നും കോടതി നിർദേശിച്ചു. കേസിന് ആസ്പദമായ പരാമർശത്തിലെ ചില പദപ്രയോഗങ്ങൾ അസഭ്യവും പ്രസിദ്ധീകരണ യോഗ്യമല്ലാത്തതുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ചില പ്രയോഗങ്ങളിൽ പശ്ചാത്താപമുണ്ടെന്നും സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെയുണ്ടായ അസഭ്യവർഷത്തിൽ മനംനൊന്തു പ്രതികരിച്ചതാണെന്നും ഹർജിക്കാരിക്കു വേണ്ടി അഭിഭാഷകൻ ബോധിപ്പിച്ചു. 

കോവിഡ് പശ്ചാത്തലത്തിൽ 7 വർഷത്തിൽ കുറഞ്ഞ ശിക്ഷ കിട്ടാവുന്ന കേസുകളിൽ ജാമ്യം നൽകണമെന്നു വിധിയുള്ളതിനാൽ, അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തിൽ വിടണമെന്നു കോടതി നിർദേശിച്ചു. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നതുൾപ്പെടെ വ്യവസ്ഥകളുണ്ട്. 

English Summary: Social Media abuse : Bail for Sreeja Prasad; HC demands law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com