ADVERTISEMENT

രാജ്യം ഒന്നടങ്കം കൊറോണ വൈറസ് മഹാമാരിയുമായി പോരാടുമ്പോൾ മറുഭാഗത്ത് ഓണ്‍ലൈനില്‍ മറ്റൊരു യുദ്ധം നടക്കുകയാണ്, യുട്യൂബും ടിക്ടോക്കും. ഒരു വശത്ത് രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ടിക്ടോക്ക് ഉപയോക്താക്കൾ, മറുവശത്ത് യുട്യൂബ് ആരാധകരുടെ സൈന്യവും. ഇരു ആപ്ലിക്കേഷനുകളിലെയും വിഡിയോകൾ റോസ്റ്റിങ്ങിനും റിയാക്ടിങ്ങിനും വിധേയമാക്കി തമ്മിൽ തല്ല് തുടരുകയാണ്. കഴിഞ്ഞ ഒരു മാസമായി മലയാളികൾക്കിടയിലും ഈ പ്രവണത കണ്ടുവരുന്നുണ്ട്. ഇതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ടിക്ടോകിന്റെ റേറ്റിങ് 4ൽ നിന്ന് 1.3 ‍ആയി കുറഞ്ഞു. യുട്യൂബ് ആരാധകരുടെ ഒരുമിച്ചുള്ള ആക്രമണമാണ് പ്ലേസ്റ്റോറിൽ ടിക്ടോകിന്റെ റേറ്റിങ് കുത്തനെ കുറച്ചത്.

ടിക്ടോക്ക് ഇപ്പോൾ ചെറിയൊരു അപ്ലിക്കേഷനല്ല. ഇതിന് കോടിക്കണക്കിന് ഡൗൺലോഡുകൾ ഉണ്ട്. ടിക്ടോകിന്റെ ഭൂരിഭാഗം ഉപയോക്താക്കളും ഇന്ത്യക്കാരാണ്. എന്നാല്‍, ഇതിലും കൂടുതലാണ് യുട്യൂബിന്റെ ആരാധകരെന്ന് വ്യക്തമാക്കുന്നതാണ് ടിക്ടോകിന്റെ റേറ്റിങ് ഇടിവ്. ഇത്രയും കൂടുതൽ ഉപയോക്താക്കളുള്ള ഒരു ആപ്ലിക്കേഷൻ റേറ്റിംഗ് 4 സ്റ്റാറിൽ നിന്ന് 2 സ്റ്റാറിന് താഴോട്ട് പോയത് എങ്ങനെ എന്നാണ് മിക്കവരും ചർച്ച ചെയ്യുന്നത്.

യുട്യൂബർക്കെതിരെ ആമിർ സിദ്ദിഖി എന്ന ടിക്ടോക്ക് ഉപയോക്താവ് പ്രതികരിച്ചിരുന്നു. ഈ വിഡിയോയെ അജയ് നഗർ എന്ന യുട്യൂബർ നിശിതമായി വിമർശിക്കുകയും ചെയ്തു. ഇതോടെയാണ് ഓൺലൈൻ യുദ്ധം തുടങ്ങിയത്. ട്വിറ്ററിൽ ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി ഹാഷ്ടാഗുകൾ കാണാം. #justiceforcarry, #bringbackcarrysvideo, #shameonyoutube എന്നീ ഹാഷ്ടാഗുകൾ ട്രന്റിങ്ങാണ്. ഇതിനിടെ കാരിമിനാറ്റിയുടെ വിഡിയോ ചിലർ കൂട്ടമായി റിപ്പോർട്ട് ചെയ്തതോടെ യുട്യൂബ് നീക്കം ചെയ്തു. ഇതോടെ 1.8 കോടി സബ്സ്ക്രൈബർമാരുള്ള കാരിമിനാറ്റി എന്ന യുട്യൂബ് ചാനലിനെ പിന്തുണച്ച് ലക്ഷക്കണക്കിനാളുകൾ രംഗത്തിറങ്ങി ടിക്ടോകിന്റെ റേറ്റിങ് കുറച്ചു.

ഇതോടൊപ്പം തന്നെ #BanTikTokInIndia, #justiceforcarry, #bringbackcarrysvideo, #shameonyoutube തുടങ്ങിയ ഹാഷ്ടാഗുകളും ട്വിറ്ററിൽ ട്രന്റിങ്ങാണ്. ടിക്ടോക്ക് ഉപയോക്താക്കളുടെയും യുട്യൂബർമാരുടെയും പുതിയ നീക്കം നിഗൂഢമാണ്. സമാനമായ റോസ്റ്റിങ് മലയാളത്തിലും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മലയാളി യുട്യൂബറായ അർജുൻ താരമായത് ടിക് ടോക് വിഡിയോകൾ റോസ്റ്റ് ചെയ്തായിരുന്നു.

English Summary: TikTok is now rated 2 stars on Google Play because Indian YouTubers are roasting and frying it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com