ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. വൻകിട വിപണികളെല്ലാം തകർന്നു കിടക്കുകയാണ്. കോവിഡ്-19 മഹാമാരി ആരെയും ഒഴിവാക്കിയിട്ടില്ല എന്നതാണ് വസ്തുത. ജനങ്ങൾ, ബിസിനസുകൾ, എന്തിന് ലോകശക്തി രാജ്യങ്ങൾ വരെ ഈ രോഗത്തിനു കീഴടങ്ങി. എല്ലാ മേഖലയ്ക്കും നാശമുണ്ടാക്കി കൊറോണ വ്യാപനം തുടരുകയാണ്. എന്നാൽ, ഈ ഇരുണ്ട കാലഘട്ടത്തിലും ചിലർക്ക് ലോട്ടറിയടിച്ചു, ധാരാളം പണം സമ്പാദിക്കാൻ കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ധനികനായ പദവി നിലനിർത്താൻ ജെഫ് ബെസോസിന് എങ്ങനെ കഴിഞ്ഞുവെന്ന് ടെക് ലോകം ഇതിനകം കേട്ടതാണല്ലോ. ജെഫ് ബെസോസിനെ പോലെ തന്നെ കൊറോണയ്ക്കിടയിലും പണമുണ്ടാക്കിയ കോടീശ്വരനാണ് ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 3000 കോടി ഡോളർ (ഏകദേശം 2.27 ലക്ഷം കോടി രൂപ) തന്റെ സമ്പത്തിൽ ചേർക്കാൻ സക്കർബർഗിന് കഴിഞ്ഞതായി ബ്ലൂംബർഗ് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ആസ്തി ഇപ്പോൾ 5750 കോടി ഡോളറിൽ നിന്ന് 8750 കോടി ഡോളറായി ഉയർന്നു (2020 മെയ് 21 വരെ). ഇത് ഫെയ്സ്ബുക് സ്ഥാപകനെ ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയാക്കി മാറ്റി. ഇതോടെ വാറൻ ബഫറ്റിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു.

കൊറോണ വൈറസ് കാലത്തും സക്കർബർഗും അദ്ദേഹത്തിന്റെ ബിസിനസുകളും വൻ മുന്നേറ്റമാണ് നടത്തിയത്. ‘ഷോപ്സ്’ എന്ന് വിളിക്കപ്പെടുന്ന ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില 230.75 ഡോളറിലെത്തിയെന്ന് സി‌എൻ‌ബി‌സിയുടെ സമീപകാല റിപ്പോർട്ട് വെളിപ്പെടുത്തി.

സൂം, ഗൂഗിൾ മീറ്റ് എന്നിവയുമായി മത്സരിക്കാൻ മെസഞ്ചർ റൂമുകൾ അവതരിപ്പിച്ചതും ഫെയ്സുബുക്കിന് നേട്ടമായി. 50 ഉപയോക്താക്കൾ വരെയുള്ള വലിയ ഗ്രൂപ്പുകളിൽ പരസ്പരം ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് മെസഞ്ചർ റൂമുകൾ. വിഡിയോ കോൾ സേവനവും ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com