ADVERTISEMENT

ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപന പ്രവൃത്തികളോട് ശക്തമായി പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്‍ ക്യാംപയിന്‍. ചൈനീസ് കയ്യേറ്റത്തിന് മറുപടിയായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ജനപ്രിയ യോഗ ഗുരു ബാബ രാംദേവ് അടക്കമുള്ളവരുടെ ആഹ്വാനം പ്രമുഖര്‍ ഉള്‍പ്പെടെ ഏറ്റെടുത്തതോടെ ബോയ്‌ക്കോട്ട് മെയ്ഡ് ഇന്‍ ചൈന, ബോയ്‌ക്കോട്ട് ചൈനീസ് പ്രൊഡക്ട് എന്നീ ഹാഷ്ടാഗിലുള്ള 1.25 ലക്ഷത്തിലധികം പോസ്റ്റുകള്‍ ട്വിറ്ററില്‍ തരംഗമായി മാറി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതോടൊപ്പം ഇന്ത്യയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്‌ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും ബാബ രാംദേവ് ആഹ്വാനം ചെയ്തു. തന്റെ ഫോണില്‍ നിന്ന് എല്ലാ ചൈനീസ് ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്തതിന് പുറമെ ഷെയര്‍ചാറ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അദ്ദേഹം രാജ്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുകയും ചെയ്തു. രാംദേവിന്റെ ട്വീറ്റിന് 35,000 ലൈക്കുകളും പതിനൊന്നായിരം റിട്വീറ്റുകളുമായി മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ ആഹ്വാനവുമായി പ്രമുഖ ഇന്നൊവേറ്ററും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ സോനം വാങ്ചകാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം രംഗത്തെത്തിയത്. ഇത് ഇന്ത്യന്‍ ജനത ഏറ്റെടുക്കുകയായിരുന്നു. ഒരാഴ്ച്ചയ്ക്കകം എല്ലാ ചൈനീസ് സോഫ്റ്റ് വെയറുകളും ഉപേക്ഷിക്കും, ഒരു വര്‍ഷത്തിനകം എല്ലാ ചൈനീസ് ഹാര്‍ഡ് വെയറുകളും ഉപേക്ഷിക്കും-ഇതായിരുന്നു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ത്രീ ഇഡിയറ്റ്‌സിലെ ഫുന്‍സുക് വാങ്ദു എന്ന കഥാപാത്രത്തിന് പ്രചോദനമായ സോനം വാങ്ചകിന്റെ വാക്കുകള്‍. ഒരു വശത്ത്, നമ്മുടെ സൈനികര്‍ അവരോട് യുദ്ധം ചെയ്യുന്നു, മറുവശത്ത്, നമ്മള്‍ ചൈനീസ് ഹാര്‍ഡ്വെയര്‍ വാങ്ങുകയും ടിക് ടോക്, ഹലോ ആപ്പ് പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതുവഴി കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് ചൈനയ്ക്ക് നമ്മള്‍ നല്‍കുന്നത്. അത് ഉപയോഗിച്ച് അവര്‍ നമുക്കെതിരെ സൈന്യത്തെ അണിനിരത്തുന്നു-വാങ്ചക് പറഞ്ഞു. ഈ സമയം, ചൈനക്കെതിരെ ബുള്ളറ്റുകളേക്കാള്‍ കീശയിലുള്ള പണസഞ്ചി കൊണ്ട് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

sharechat

സോനം വാങ്ചുകിന്റെ ആഹ്വാനത്തില്‍ പ്രചോദനം കൊണ്ട് ബോളിവുഡിലെ പ്രമുഖരായ അര്‍ഷാദ് വാര്‍സി, മിലിന്ദ് സോമന്‍, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ ഷോറെ, കാമ്യ പഞ്ചാബി തുടങ്ങിയവരും സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്ന ചൈന ബഹിഷ്‌ക്കരണ ക്യാംപയിനിന്റെ ഭാഗമായി. ഈ നിമിഷം മുതല്‍ താന്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ പോവുകയാണെന്ന് അര്‍ഷാദ് വാര്‍സി ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ നിര്‍ബന്ധമായും ചൈനീസ് സംബന്ധമായ എല്ലാം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ പോകുന്നു. അവ നമ്മള്‍ ഉപയോഗിക്കുന്ന മിക്ക കാര്യങ്ങളുടെയും ഭാഗമായതിനാല്‍ സമ്പൂര്‍ണ ഉപേക്ഷിക്കലിന് സമയമെടുക്കുമെങ്കിലും ഒരു ദിവസം ഞാന്‍ ചൈനീസ് ഉത്പന്നങ്ങളില്‍ നിന്ന് സ്വതന്ത്രനാകും. നിങ്ങളും ഇത് പരീക്ഷിക്കണം-അര്‍ഷാദ് വാര്‍സി പറഞ്ഞു. പ്രമുഖ ചൈനീസ് ഹ്രസ്വ-വിഡിയോ നിര്‍മാണ ആപ്ലിക്കേഷനായ ടിക് ടോക്കില്‍ താന്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് നടനും മോഡലുമായ മിലിന്ദ് സോമന്‍ അറിയിച്ചു. ഞാന്‍ ഇപ്പോള്‍ ടിക്ടോക്കില്‍ ഇല്ല. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുക-അദ്ദേഹം ട്വീറ്റ് ചെയ്തു.

 

ക്യാംപയിന്റെ ഭാഗമായി ഇന്ത്യന്‍ ഉത്പന്നങ്ങളെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തുള്ള സപ്പോര്‍ട്ട് മെയ്ഡ് ഇന്‍ ഇന്ത്യ ഹാഷ്ടാഗിലുള്ള സന്ദേശങ്ങളും സജീവമായി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വികാസ് സംവാഡില്‍ നിന്നുള്ള സോഷ്യല്‍ ആക്ടിവിസ്റ്റ് സച്ചിന്‍ ജെയിന്‍ പറഞ്ഞു. രാജ്യത്തെ 130 കോടി ആളുകള്‍ ചൈന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും ഇന്ത്യന്‍ ഉത്പന്നങ്ങളെ പിന്തുണയ്ക്കുകയും ചെയ്താല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വസ്തുക്കളും ഷെയര്‍ചാറ്റ്, ജിയോ, റോപോസോ തുടങ്ങിയ ആപ്ലിക്കേഷനുകളും ലോകമെമ്പാടും സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രാദേശിക സംസ്‌കാരത്തെയും മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്ലാറ്റ്‌ഫോമില്‍ ഭാരതീയ തത്വം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഷെയര്‍ചാറ്റ് ഉപയോഗിക്കാന്‍ പ്രശസ്ത കഥക് നര്‍ത്തകി സ്മൃതി രാജും ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്തു. ടിക് ടോക് കേവലം ഒരു വിനോദ ഉപാധി ആണെങ്കില്‍, രാജ്യത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കി ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന ഷെയര്‍ചാറ്റ്, ജിയോ, റോപോസോ, ബോലോ ഇന്ത്യ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ എന്തു കൊണ്ട് പിന്തുണച്ചു കൂടെന്നും ഇത് ഇന്ത്യന്‍ ബിസിനസുകള്‍ക്ക് കരുത്തേകുമെന്നും അഭിഭാഷകയും ആക്ടിവിസ്റ്റുമായ വര്‍ഷ മധുകര്‍ പറഞ്ഞു.

English Summary: Furious against China, boycott Made in China as a wave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com