sections
MORE

മലയാളിയുടെ ‘ആചാരവെടി’യൊക്കെ ചെറിയ ഗ്രൂപ്പ്, കുട്ടികളുടെ ‘പോൺ ബോംബ്’ ആണ് വാട്സാപ്

whatsapp
SHARE

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്ന് കണ്ടെത്തിയ വാട്സാപ് ഗ്രൂപ് ഇതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ്. രാജ്യത്ത് ഇത്തരം നിരവധി ചൈൽഡ് പോൺ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വാട്സാപ്പിന്റെ സ്വകാര്യതയാണ് ഇതിനെല്ലാം പ്രധാന കാരണം. പിന്നെ ഗ്രൂപ്പിലേക്ക് വേണ്ട പോൺ വിഡിയോകളെല്ലാം ഡാർക്ക് വെബിൽ നിന്നാണ് എത്തിക്കുന്നതും. ഇതൊന്നും നിയന്ത്രിക്കാൻ സർക്കാരിനോ നിയമ വകുപ്പിനോ സാധിക്കുന്നുമില്ല.

ഇന്ത്യയില്‍ പോണോഗ്രാഫി വെബ്‌സൈറ്റുകള്‍ നിരോധിച്ചപ്പോള്‍ എടുത്ത പ്രധാന പരിഗണന അവയില്‍ കുട്ടികളുടെ ലൈംഗിക വിഡിയോയോ, ചിത്രങ്ങളോ ഉണ്ടോ എന്നതായിരുന്നു. എന്നാല്‍, കുട്ടികളുടെ പോണ്‍ ഷെയർ ചെയ്യുന്ന ഏറ്റവും 'തുറസായ' സ്ഥലമായി വാട്‌സാപ് മാറിക്കൊണ്ടിരിക്കുന്നുവെന്ന കണ്ടെത്തലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇതു കമ്പനിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നിര്‍ബാധം തുടരുന്നുവെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്.

നിരവധി വാട്‌സാപ് ഗ്രൂപ്പുകള്‍ കുട്ടികളുടെ പോണ്‍ കൈമാറാന്‍ മാത്രമായി സൃഷ്ടിക്കപ്പെട്ടതായാണ് ഓൺലൈൻ സുരക്ഷാ മേഖലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോർട്ട് ഗവേഷകര്‍ വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക്കിനും നല്‍കി. ഇത്തരം നീക്കങ്ങള്‍ സശ്രദ്ധം വീക്ഷിക്കുന്ന ഗവേഷകരുടെ ഭാഷ്യം ശരിയാണെങ്കില്‍ ഇതൊരു 'ദുരന്തമാണ്'. ഡാര്‍ക്‌നെറ്റില്‍ മാത്രം ലഭ്യമായിരുന്ന കണ്ടെന്റാണ് ഇപ്പോള്‍ വാട്‌സാപ്പിലൂടെ പങ്കുവയ്ക്കപ്പെടുന്നത്.

കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ള ഗ്രൂപ്പുകളില്‍ ചേരാനും വളരെ എളുപ്പമാണെന്നും ഗവേഷകര്‍ പറയുന്നു. ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ വാട്‌സാപ് മാധ്യമപ്രവർത്തകരോടു പറഞ്ഞത് തങ്ങള്‍ക്കു നിയമവിരുദ്ധമായ കണ്ടെന്റ് സ്‌കാന്‍ ചെയ്തു കണ്ടെത്താന്‍ സാധിക്കുമെന്നും അനുദിനം പ്രശ്‌നക്കാരായ ആയിരക്കണക്കിനു ഗ്രൂപ്പുകളെ നിരോധിക്കുന്നുണ്ടെന്നുമാണ്. എന്നാല്‍, ഗവേഷകര്‍ പറയുന്നത് വാട്‌സാപ്പിന്റെ സ്‌കാന്‍ വലയില്‍ കുരുങ്ങുന്നത് തങ്ങള്‍ പോണ്‍ ഷെയർ ചെയ്യുന്നുവെന്ന് തുറന്നു സമ്മതിക്കുന്നതരം പേരുകള്‍ ഇടുന്ന ഗ്രൂപ്പുകള്‍ മാത്രമാണ്. ഉദാഹരണത്തിന് സിപി (CP-child porn). അല്ലെങ്കില്‍ പ്രൊഫൈലില്‍ അത്തരം ഫോട്ടോകള്‍ ഇടുന്നവര്‍ മാത്രമാണ്. ആചാരവെടി പോലുള്ള ഗ്രൂപ്പുകളൊന്നും ഒരിക്കലും വാട്സാപ്പിന് സ്കാൻ ചെയ്ത് പിടിക്കാനാകില്ല.

2016 മുതല്‍ വാടാസാപ്പിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനുണ്ട്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അധിക സംരക്ഷണം നല്‍കുന്നു. അതുകൊണ്ട് സർക്കാരിനോ, സൈബര്‍ സെക്യൂരിറ്റി ഗ്രൂപ്പുകള്‍ക്കോ എളുപ്പത്തില്‍ കണ്ടെന്റ് കണ്ടെത്താനാവില്ല. അതുകൊണ്ടു തന്നെ സർക്കാരിനെ പോലെതന്നെ വാട്‌സാപ്പിനും നിയമവിരുദ്ധവും ചൂഷണസ്വഭാവമുള്ളതുമായ കണ്ടെന്റ് കണ്ടെത്തല്‍ എളുപ്പമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്ന അതേ ടൂള്‍ വാട്‌സാപ്പിന് ബാധകമല്ല.

സർക്കാരുകളും പൊലീസും തങ്ങളുടെ അന്വേഷണങ്ങള്‍ക്കു വഴിമുടക്കി നില്‍ക്കുന്ന ഹാര്‍ഡ്‌വെയറിനെയും ആപ്പുകളെയും എക്കാലത്തും വിമര്‍ശിച്ചിരുന്നു. എന്നാല്‍ സ്വകാര്യത വേണമെന്ന് പറയുന്ന ഗ്രൂപ്പുകള്‍ പറയുന്നത് അത്തരം സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ സർക്കാരും മറ്റും പൗരന്മാരെ സദാ നിരീക്ഷണ വിധേയരാക്കുമെന്നുമാണ്.

ഫെയ്‌സ്ബുക്കിന് കണ്ടെന്റ് മോഡറേറ്റര്‍മാരായി ആയിരക്കണക്കിനു പേരാണ് പണിയെടുക്കുന്നതെന്നു കണ്ടിരുന്നല്ലോ. എന്നാല്‍ വാട്‌സാപ്പിനാകട്ടെ കണ്ടെന്റ് മോഡറേറ്റര്‍മാരുടെ എണ്ണം ഇപ്പോള്‍ ഏകദേശം 300 മാത്രമാണ്. ഈ വര്‍ഷം വാട്‌സാപ്പും കേന്ദ്ര സർക്കാരുമായി ശക്തമായ വാക്തര്‍ക്കങ്ങളുണ്ടായിരുന്നു. ഗുരുതരമായ കബളിപ്പിക്കലുകളും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കലും വാട്‌സാപ്പിലൂടെ നടക്കുന്നുവെന്നാണ് സർക്കാർ വാദം. ചൈല്‍ഡ് പോണ്‍ പ്രചരിപ്പിക്കുന്ന ഏക പ്ലാറ്റ്‌ഫോം വാട്‌സാപ് അല്ല. ടംബ്ലര്‍ (Tumblr) ആപ്പ് അടുത്തിടെ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ടംബ്ലര്‍ വന്‍ ശുദ്ധികലശമാണ് നടത്തിയത്.

English Summary: Child abuse - Whatsapp groups

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA