ADVERTISEMENT

'കൊള്ള തുടങ്ങിയാല്‍ കൊല തുടങ്ങും' എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി സമൂഹ മാധ്യമങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നതാണിപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ട്വിറ്റര്‍ ഇത്തരം ഒരു പ്രസ്താവന പ്രസിഡന്റിന്റേതാണെങ്കില്‍ പോലും അത് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ തുടരാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് എടുത്തു കളഞ്ഞു. എന്നാല്‍, ഫെയ്‌സ്ബുക് അത് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ തുടരാന്‍ അനുവദിച്ചു. ഈ സംഭവമാണ് ഫെയ്‌സ്ബുക്കിന്റെ അയഞ്ഞ നിലപാടിനെതിരെ ചാങ് സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവിന്റെ (സിസെഡ്‌ഐ) ഫണ്ട് സ്വീകരിക്കുന്ന 140ലേറെ ശാസ്ത്രജ്ഞര്‍ കമ്പനിയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തെഴുതാനിടയാക്കിയത്. സക്കര്‍ബര്‍ഗിന്റെയും അദ്ദേഹത്തിന്റെ ഭാര്യ പ്രിസിലാ ചാനിന്റയും ഫണ്ട് സ്വീകരിച്ച്, മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സിസെഡ്‌ഐ. ഈ സംഘടനയുടെ മുദ്രാവാക്യം ആരോഗ്യകരവും നീതിപൂര്‍വ്വവും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു ഭാവിക്കായി പ്രവര്‍ത്തിക്കുക എന്നതാണ്. എന്നാല്‍, ഫെയ്‌സ്ബുക് തെറ്റായതും വിദ്വേഷജനകവുമായ ഭാഷ അംഗീകരിക്കുന്നുവെന്നു പറയുന്നത് സമ്മതിച്ചുകൊടുക്കാനാവില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

 

കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് മിനിയാപൊളിസ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിഷേധവും കലാപവും കൊള്ളയും പൊട്ടിപ്പുറപ്പെട്ടിരുന്നല്ലോ. ഈ സമയത്താണ് ട്രംപ് പറഞ്ഞത്, ലൂട്ടിങ് (കൊള്ള) തുടങ്ങുമ്പോള്‍ ഷൂട്ടിങ് തുടങ്ങുമെന്ന്. പ്രസിഡന്റ് ഇത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തത് എടുത്തുകളയാത്തതാണ് ശാസ്ത്രജ്ഞരെ സക്കര്‍ബര്‍ഗിനു കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. രാജ്യത്തെ പ്രധാനപ്പെട്ട 60 ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രൊഫസര്‍മാര്‍ അടക്കമാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെയടക്കം പ്രൊഫസര്‍മാരും ഒരു നോബല്‍ സമ്മാന ജേതാവും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

 

ശാസ്ത്രജ്ഞരെന്ന നിലയില്‍ തങ്ങള്‍ ലോകത്തിന് നല്ലതു കൊണ്ടുവരാന്‍ പരിശ്രമിക്കുന്നവരാണ്. മനപ്പൂര്‍വ്വം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ഭാഷ അനുവദിക്കുന്നതും തങ്ങള്‍ എന്തിനു നിലകൊള്ളുന്നോ അതിനു നേര്‍വിപരീതമായ സമീപനമാണ്. ഇതിനാല്‍, ഫെയ്‌സ്ബുക് കൈക്കൊണ്ട നിലപാടില്‍ തങ്ങള്‍ക്ക് അത്യന്തം ഉല്‍കണ്ഠയുണ്ട്. അതുകൊണ്ട് മറ്റു പലയാളുകളേയും പോലെ ഫെയ്‌സ്ബുക് തങ്ങളുടെ നയമാണെന്നു പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തിക്കമാക്കാത്തത് തങ്ങളെ പരിഭ്രമിപ്പിക്കുന്നുവെന്നുമാണ് ശാസ്ത്രജ്ഞര്‍ കത്തില്‍ പറയുന്നത്.

 

ഇതിനു മറുപടിയായി സിസെഡ്‌ഐ നല്‍കിയ കത്തില്‍ പറയുന്നത്, ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് ഒരു മനുഷ്യസ്‌നേഹപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനയാണ്. പ്രിസിലാ ചാനും സക്കര്‍ബര്‍ഗും ചേര്‍ന്നു തുടങ്ങിയതാണെങ്കിലും അത് ഫെയ്‌സ്ബുക്കിനൊപ്പം പ്രവര്‍ത്തിക്കുന്നതല്ല. രണ്ടിനും വ്യത്യസ്ത ഓഫിസുകളും സ്റ്റാഫും വ്യസ്ത്യസ്ത ലക്ഷ്യങ്ങളുമാണുള്ളത്. സിസെഡ്‌ഐയുടെ ലക്ഷ്യം ശാസ്ത്ര പുരോഗതിയിലൂടെ ആളുകള്‍ തമ്മിലുള്ള അസമത്വം ഇല്ലാതാക്കുക എന്നതും എല്ലാവര്‍ക്കും ആരോഗ്യകരമായ ഒരു ഭാവി കെട്ടിപ്പെടുക്കുക എന്നതുമാണ്. സാമൂഹിക സമത്വവും എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭിക്കുക എന്നതും തങ്ങളുടെ ലക്ഷ്യങ്ങളാണ്. ഇക്കാര്യത്തില്‍ കൈവരിച്ച മുന്നേറ്റത്തിന് തങ്ങളുടെ സ്റ്റാഫിനോട് നന്ദിയുള്ളവരാണ്. അതേസമയം അവര്‍ക്ക് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശത്തെ മാനിക്കുകയും ചെയ്യുന്നു. ഫെയ്‌സ്ബുക്കിന്റെ നയത്തെ വിമര്‍ശിച്ചതും ആ രീതിയില്‍ കാണുന്നുവെന്നാണ് സിസെഡ്‌ഐ നല്‍കിയ മറുപടിയില്‍ പറയുന്നത്.

 

ഫെയ്‌സ്ബുക്കിന്റെ നിലപാടിനെ കമ്പനിയുടെ ഇപ്പോഴുള്ള ജോലിക്കാരും മുന്‍ ഉദ്യോഗസ്ഥരും വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ ട്വിറ്റര്‍ കാണിച്ച ആര്‍ജ്ജവം എന്തുകൊണ്ടു ഫെയ്‌സ്ബുക് കാട്ടിയില്ലെന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തിയത്. ട്രംപിന്റെ വാക്കുകളില്‍ അക്രമത്തെ പ്രകീര്‍ത്തിക്കുന്ന ധ്വനിയാണുള്ളതെന്നും ഇത് ജനാധിപത്യ വിരുദ്ധമാണ് എന്നുമുള്ള നിലപാടാണ് ഫെയ്‌സ്ബുക്കിനെതിരെ വിമര്‍ശിക്കുന്നവര്‍ സ്വീകരിച്ചത്. സിസെഡ്‌ഐ കൊറോണാവൈറസിനെതിരെ സാന്‍ഫ്രാന്‍സിസ്‌കോ ബേയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു.

 

ഫെയ്‌സ്ബുക് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് സക്കര്‍ബര്‍ഗിനോട് പറയുക എന്നത് തങ്ങളുടെ ജോലിയല്ല. എന്നാല്‍, അദ്ദേഹത്തിന്റെ രണ്ടു കമ്പനികളുടെയും ലക്ഷ്യങ്ങള്‍ തമ്മിലുള്ള പരസ്പരവിരുദ്ധമായ നിലപാടുകള്‍ അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കുക എന്നത് തങ്ങളുടെ ഉദ്ദേശമാണെന്നും കത്തില്‍ ഒപ്പുവച്ച യൂണിവേഴ്‌സിറ്റി ഓഫ് ഉറ്റായിലെ പ്രൊഫസര്‍ ജെയ്‌സണ്‍ ഷെപെഡ് പറയുന്നു. ഫെയ്‌സബുക് ഇനിയെങ്കിലും ചരിത്രത്തിന്റെ നിതിയുക്തമായ പക്ഷം പിടിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary : Scientists funded by Zuckerberg sent him a letter calling Facebook’s practices ‘antithetical’ to his philanthropic mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com