ADVERTISEMENT

ടിക്‌ ടോക് ചരിത്രം കുറിക്കുകയാണ്. ചൈനീസ് ടെക്‌നോളജിയോട് 'കടക്കു പുറത്ത്' ആജ്ഞാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരാധകരും കുറിയ വിഡിയോ പോസ്റ്റു ചെയ്ത് ശ്രദ്ധപിടിച്ചുപറ്റിയ ആപ്പായ ടിക്‌ ടോക് അടുത്ത തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ ആയുധമാക്കുന്നു എന്നതാണ് രസകരമായ സംഭവം. ഫെയ്‌സ്ബുക്കും ട്വിറ്ററും ഉപയോഗിച്ചുള്ള പ്രചാരണ മാര്‍ഗങ്ങളടക്കമായിരുന്നു ട്രംപ് വിജയിച്ച 2016ല്‍ സ്വീകരിച്ചതെങ്കില്‍ അവയ്‌ക്കൊപ്പം ടിക്‌ ടോക്കും വരുന്ന തെരഞ്ഞെടുപ്പിൽ മൂര്‍ച്ചയുള്ള പ്രചാരണ ആയുധമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, പുതിയ ടൂള്‍ എന്ന നിലയില്‍ ഇത് ഏതു വിധം ഉപയോഗിച്ചാലാണ് ഫലവത്താകുക എന്നതിനെക്കുറിച്ചും വലിയ ഉറപ്പില്ലെങ്കിലും പലരും പല രീതിയില്‍ ഇത് ഉപയോഗിക്കുന്നുണ്ട്.

 

ഒക്ടോബറില്‍ ലിലിത് ആഷ്‌വര്‍ത് (ടിക്‌ടോക്കില്‍ @lillithashworth എന്ന യൂസര്‍) ഒരു വിഡിയോ പോസ്റ്റു ചെയ്തു. ഒരു ദുര്‍ഗന്ധനാശിനിയുടെ (deodorant) ട്യൂബ് മൈക് പോലെ പിടിച്ച് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിരാളികളായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരെ വിമര്‍ശിക്കുന്ന വിഡിയോ ആയിരുന്നു അത്. ഒറ്റ മാസം കൊണ്ട് അതിന് 20 ലക്ഷം വ്യൂ ലഭിച്ചു എന്നത് ലിലിതിനെ പോലും അന്ധാളിപ്പിച്ചു. ലിലിതിന് ഇപ്പോള്‍ 39000 ഫോളോവര്‍മാരാണ് ടിക്‌ടോക്കില്‍ ഉള്ളത്. പുതിയ വോട്ടര്‍മാര്‍ക്ക് ടിക്‌ടോക്കിന്റെ സമീപനമാണ് കൂടുതല്‍ സ്വീകാര്യം എന്നാണ് മറ്റൊരു നിരീക്ഷണം.

 

ലിപ് സിങ്ക്, നൃത്തം തുടങ്ങിയവയിലൂടെ അവതരിപ്പിക്കുന്ന ടിക്‌ടോക്കിലെ നിമിഷ വിഡിയോകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി രാഷ്ട്രിയ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുയാണ്. ഇവയില്‍ പലതും ട്രംപിനെ പിന്തുണയ്ക്കുന്നവയാണ് എന്നതും മറ്റൊരു സവിശേഷതയാണ്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുംസ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പേജ് ഉണ്ടാകും. എന്നാല്‍ ടിക്‌ടോക്കില്‍ അവരുടെ അനുയായികളാണ് അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത്. ടിക്‌ടോക് രാഷ്ട്രീയ പ്രചാരണ വാഹനമാകുന്നത് ആപ്പിന്റെ പ്രഖ്യാപിത ദൗത്യത്തിനു വിരുദ്ധമാണെന്നതാണ് മറ്റൊരു കാര്യം- ആപ്പ് സൃഷ്ടാക്കള്‍ പറയുന്നത് ഇത് സര്‍ഗാത്മകത വളര്‍ത്താനും സന്തോഷം പകരാനുമുള്ളതാണ് എന്നതാണ്. 

 

എന്നാല്‍, തെരഞ്ഞെടുപ്പു പോരിന്റെ തീനാളങ്ങളുമായി ആണ് ഇപ്പോള്‍ ടിക്‌ടോക് അമേരിക്കയില്‍ പ്രചാരം നേടുന്നത്. ചെറുപ്പക്കാരായ വോട്ടര്‍മാര്‍ക്ക് സന്ദേശങ്ങള്‍ പകരാന്‍ ഉത്തമമായ മാര്‍ഗമാണ് ടിക്‌ടോക് വിഡിയോകളത്രെ. ടിക്‌ടോക് രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കില്ല. എന്നാല്‍, ചൈനാ സർക്കാരിനെ വിമര്‍ശിക്കുന്ന വിഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കാത്ത ആപ്പാണ് എന്ന ആരോപണവും അവര്‍ നേരിടുന്നു. ടിക്‌ടോക് അമേരിക്കയിലും നിരോധിക്കപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുവെന്ന കാര്യവും വിസ്മരിച്ചുകൂടാ. തീവ്രവാദി ഗ്രൂപ്പുകള്‍ ടിക്‌ടോകിലൂടെ ടീനേജര്‍മാരെ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തിന്മേലാണ് ആപ് അമേരിക്കയില്‍ അന്വേഷണം നേരിടുന്നത്.

 

ടിക്‌ടോകില്‍ രാഷ്ട്രീയ അപവാദ പ്രചരണവും കണ്ടെത്തിയിട്ടുണ്ട് എങ്കിലും അതിന്റ വളര്‍ച്ച അതിവേഗമാണ്. അടുത്തിടെ ലോകത്താകെ 200 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണ് ആപ്. കമ്പനിയുടെ മേല്‍നോട്ടക്കാരും ഇതേപ്പറ്റി ബോധവാന്മാരാണ്. തെറ്റിധാരണാജനകമായ ധാരാളം കണ്ടെന്റ് ആപ്പില്‍ പോസ്റ്റു ചെയ്യപ്പെടുന്നുണ്ടെന്ന് അവര്‍ സമ്മതിച്ചു. ഇവ നീക്കം ചെയ്യാന്‍ അവര്‍ ഉത്സാഹം കാണിക്കുന്നുമുണ്ട്. എന്തുമാത്രം രാഷ്ട്രീയ കണ്ടെന്റാണ് ആപ്പില്‍ പോസ്റ്റു ചെയ്തിരിക്കുന്നതെന്നതിന്റെ കണക്കെടുത്തിട്ടില്ല എന്നാണ് അവര്‍ പറഞ്ഞത്. 

 

പ്രചാരണ ആയുധമെന്ന നിലയില്‍ ടിക്‌ടോക്

 

മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള മാര്‍ഗങ്ങള്‍ ഇന്ന് പലര്‍ക്കും അറിയാം. ടിക്‌ടോകില്‍ ഇതുവരെ അത്തരം സാധ്യതകള്‍ തെളിഞ്ഞിട്ടില്ല. പരീക്ഷണങ്ങള്‍ നടത്തുക മാത്രമാണ് വഴി. രാഷ്ട്രീയ സന്ദേശങ്ങള്‍ എത്തിക്കാന്‍ എന്തു മാര്‍മാണ് സ്വീകരിക്കേണ്ടത് എന്നതിനെപ്പറ്റി പല ചര്‍ച്ചകളും നടക്കുന്നു. കത്തുന്ന വിഷയങ്ങള്‍ വിഡിയോ ആക്കി പോസ്റ്റു ചെയ്യല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അതു പാളിപ്പോകാന്‍ എളുപ്പമാണ്. എന്തായാലും, സ്ഥാനാര്‍ഥികള്‍ ടിക്‌ടോക് വിഡിയോകള്‍ ഇറക്കാനുള്ള സാധ്യത കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പകരം തങ്ങളുടെ അനുയായികളോട് വിഡിയോ നിര്‍മിച്ചു പോസ്റ്റു ചെയ്യാന്‍ ആവശ്യപ്പെട്ടേക്കും.

 

എന്നാല്‍, അത്തരം ഒരു പരിശ്രമം കൊണ്ട് എന്തെങ്കിലും വിജയമുണ്ടാകുമോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നു. ട്രംപിന്റെയും, വാറന്റെയും, സാന്‍ഡേഴ്‌സിന്റെയും, ബിഡന്റെയും പ്രചാരകര്‍ ടിക്‌ടോകിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കിയില്ല. ടിക്‌ടോക് ഗൗരവത്തിലെടുക്കാതിരിക്കാനുള്ള മറ്റൊരു കാരണം ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത എത്രപേര്‍ക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുണ്ട് എന്നതാണ്. എന്തായാലും, സന്ദേശങ്ങള്‍ അതിവേഗം എത്തിക്കാമെന്നത് ചെറുപ്പക്കാര്‍ക്കിടയില്‍ ആപ്പിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിലെ പത്തില്‍ ഒരുവോട്ടര്‍ 18നും 23നും ഇടയ്ക്കു പ്രായമുള്ളവരാണ് എന്നതുകൊണ്ട് ആപ്പിനെ അവഗണിക്കാനും ആകാത്ത സ്ഥതിയാണത്രെ.

 

എന്നാല്‍, സംവേദിക്കാനുള്ള പുതിയൊരു വേദി എന്ന നിലയില്‍ പല സാധ്യതകള്‍ തുറക്കുന്നതാണ് ടിക്‌ടോക്. ചില പുതിയ വിഷയങ്ങള്‍ തൊടുക്കാന്‍ ആപ്പിനെ ഉപയോഗിച്ചേക്കാം. നിലവില്‍ ആപ്പിന് ഫെയ്‌സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും അപേക്ഷിച്ച് ഉപയോക്താക്കള്‍ കുറവാണ്. ഫെബ്രുവരിയില്‍ ലഭ്യമായ കണക്കു പ്രകാരം 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 37.2 ദശലക്ഷം ഉപയോക്താക്കളാണ് അമേരിക്കയില്‍ ടിക്‌ടോകിനുള്ളത്. എന്നാല്‍ ഇത് തൊട്ടു മുൻ വര്‍ഷത്തേതിന്റെ ഇരട്ടിയാണ് എന്നത് ആപ്പിന്റെ സ്വീകാര്യത വര്‍ധിക്കുന്നതാണ് കാണിക്കുന്നത്.

 

ചില സ്ഥാനാര്‍ഥികള്‍ നേരിട്ട് ടിക്‌ടോക് ഉപയോഗിക്കുന്നും ഉണ്ട്. അത്തരത്തിലൊരാളാണ് ആന്‍ഡ്രൂ യാങ്. പ്രതിമാസം 1000 ഡോളര്‍ വരുമാനം എല്ലാവര്‍ക്കും ഉറപ്പാക്കണം എന്നതാണ് അദ്ദേഹം മുന്നോട്ടുവയക്കുന്ന സന്ദേശം. അദ്ദേഹം തന്റെ പ്രചാരണത്തിനായി @andrewyang_2020 എന്ന അക്കൗണ്ടില്‍ ടിക്‌ടോക് ഉപയോഗിക്കുന്നുണ്ട്. വേട്ടര്‍മാരുടെ ശ്രദ്ധ പിടിക്കാന്‍ പുതിയ വഴികള്‍ തേടുന്ന പ്രചാരകര്‍ ടിക്‌ടോകിനെ തങ്ങള്‍ക്കു വേണ്ടവിധത്തില്‍ പരുവപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിവിധ രാജ്യങ്ങളില്‍ ടിക്‌ടോക് അതിന്റെ സാന്നിധ്യമറിയിച്ചേക്കാം.

English Summary: TikTok becomes political platform ahead of US election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com