ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സ്ത്രീകൾക്കെതിരെയുള്ള അശ്ലീല ചാറ്റിങ്. രത്രിയിലും അനാവശ്യ സമയങ്ങളിലും പരിചയമുള്ളതും അല്ലാത്തവരുമായി ഫെയ്സ്ബുക്, വാട്സാപ് വഴി അശ്ലീല ചാറ്റിങ് നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. മദ്യവും മയക്കുമരുന്നും ഇതിന്റെ ഭാഗമാകുമ്പോൾ അശ്ലീല ചാറ്റിങ് മെസേജുകൾ എല്ലാ പരിധിയും വിടുന്നു.

 

രാത്രി ഫെയ്സ്ബുക്കിൽ കാണുന്നവൾ വഴിപിഴച്ചവളാണ്, വലയിട്ടു പിടിക്കേണ്ടവളാണ് എന്നാണു മലയാളി പുരുഷൻമാരിൽ വലിയ വിഭാഗത്തിന്റെ പൊതുധാരണ. ആദ്യമായി പരിചയപ്പെടുന്ന ആളായാലും ഒന്നു തോണ്ടിനോക്കും. ചാറ്റിങ് ‘സെക്സ്റ്റിങ്’ ആക്കി മാറ്റാൻ കൃത്യമായ വഴികളുണ്ട്. ‘ഹായ്’ മെസേജിൽ തുടങ്ങി പത്താമത്തെയോ പന്ത്രണ്ടാമത്തെയോ മെസേജിൽ വിഷയം സെക്സിൽ എത്തി നിൽക്കും.

 

ഹലോ, ഹായ്...അങ്ങനെ തുടങ്ങി കൃത്യം ആറാമത്തെ മെസേജ്:

– എത്ര വയസ്സുണ്ട്?

– ഇരുപത്തെട്ട്.

– എനിക്കു മുപ്പത്. അപ്പോ കുഴപ്പമില്ല, എല്ലാം അറിയുന്ന പ്രായമല്ലേ‌.

– എന്ത്?

– അല്ല, സെക്സിനെക്കുറിച്ചൊക്കെ അറിയുന്ന പ്രായമല്ലേ.

– ഇരുപത്തെട്ടു വയസ്സിൽ അതു മാത്രമേ അറിയാൻ പറ്റൂ?

– അയ്യോ സോറി, അറിയേണ്ട പ്രായമല്ല, ചെയ്യേണ്ട പ്രായമാണ്. ആട്ടെ, എന്താ വേഷം?

 

മറ്റു ചിലർ നേരിട്ടു കാര്യം പറയില്ല. കുശലപ്രശ്നത്തിലൂടെ ‘കാര്യത്തിലേക്ക്’ എത്തിക്കും:

 

– എന്തു ചെയ്യുന്നു?

– മെസേജുകൾ നോക്കുന്നു.

– ഓ, തമാശ...എന്താണ് ഇപ്പോൾ വേഷം?

– അറിഞ്ഞിട്ടെന്തിനാ?

– പറയൂന്നേ...കേൾക്കട്ടെ.

 

എന്താണു വേഷം എന്ന ചോദ്യം ചാറ്റിൽ ഒരിക്കലെങ്കിലും നേരിടാത്ത ഒരു പെണ്ണുമുണ്ടാവില്ല ഭൂമിമലയാളത്തിൽ. ആ ചോദ്യമൊരു ക്ഷണവും തുടക്കവും കളം പരിശോധിക്കലുമാണ്. അവിടെ കൊരുത്ത് എവിടേക്കും പോകും ചാറ്റ്.

സ്ത്രീ രാത്രി ഓൺലൈൻ ആയാൽ പ്രശ്നമെന്ത് ?

ഫെയ്സ്ബുക്കിൽ ഓൺലൈൻ ആകുന്ന നിമിഷംതന്നെ ഇൻബോക്സിൽ ആണുങ്ങളുടെ മെസേജ് വന്നു നിറയുകയാണ്. 20 – 25 പ്രായക്കാരാണു കൂടുതൽ. ചിലർ നേരെ കാര്യം അവതരിപ്പിക്കുന്നു: ‘‘നമുക്കു സെക്സിനെക്കുറിച്ചു സംസാരിച്ചാലോ?’’ മറ്റു ചിലർ വളരെ നിഷ്കളങ്കരാണ്. ‘എനിക്കൊന്നും അറിയില്ല...എല്ലാമൊന്നു പഠിപ്പിച്ചുതരുമോ’ എന്ന്. മറ്റൊരാൾ പറഞ്ഞത്: ‘‘സോറി, എനിക്കു സെക്സ് ചാറ്റ് ശീലമായതുകൊണ്ട് എല്ലാ സ്ത്രീകളോടും ഇതേ വികാരമാണ്.’’ സ്വന്തം വീട്ടിലെ സ്ത്രീകളോടും അതേ വികാരമാണോ എന്നു ചോദിച്ചുപോയി.

 

സ്ത്രീ പ്രണയമോ കാമമോ തേടിയാണു ഫെയ്സ്ബുക്കിൽ എത്തുന്നതെന്നാണു പൊതുധാരണ. പ്രണയക്കുരുക്കിൽ മുറുക്കി ചതിയിൽപ്പെടുത്തി ശാരീരികമായി ഉപയോഗിക്കാൻ വല നെയ്യുന്നവരാണു ചിലർ. സ്ത്രീക്കു കുടുംബജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്നു കണ്ടാൽ കാമുകവേഷം. അതിൽ വീണുപോയാൽ ‘എനിക്കു മാത്രം കാണാനായി’ നഗ്നചിത്രങ്ങളും നഗ്നവിഡിയോയും അയയ്ക്കാൻ പ്രേരിപ്പിക്കും. അതല്ലെങ്കിൽ നമുക്കൊന്നു കൂടാമെന്ന ക്ഷണമാകും. അങ്ങനെ സമ്മതിച്ച സ്ത്രീകളിൽ പലരുടെയും വിഡിയോ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.

 

രാത്രി ഓൺലൈനിലുള്ള സ്ത്രീകൾക്കു മെസഞ്ചർ കോൾ വരുന്നതു പതിവാണ്. മറുവശത്തുള്ള സ്ത്രീയുടെ അനുവാദം ചോദിക്കാതെയാണു മെസഞ്ചർ കോൾ. വ്യാജ ഐഡിയല്ലെന്ന് ഉറപ്പുവരുത്താനാണു മറ്റു ചിലർ ഈ സംവിധാനം ഉപയോഗിക്കുന്നത്.

 

അർധരാത്രിയിൽ ഓൺലൈനിൽ സ്ത്രീനാമം കണ്ടാൽ രോഷംകൊള്ളുന്ന വേറൊരു വിഭാഗവുമുണ്ട്. സദാചാര സൈബർ ഗുണ്ടകൾ എന്ന് ഇവരെ പറയാം. രാത്രി പത്തുമണിക്കുശേഷം സ്ത്രീകൾ ഫെയ്സ്ബുക്കിൽ ഓൺലൈൻ ആകാൻ പാടില്ലെന്നാണ് ഇവരുടെ പക്ഷം. ഒട്ടേറെ സ്ത്രീകൾ രാത്രിയും ജോലി ചെയ്യുന്നുണ്ടെന്നോ അവർ രാത്രി ഓൺലൈൻ ആകുമെന്നോ ഒന്നും ഇവർ ഇപ്പോഴും അറിഞ്ഞിട്ടില്ല.

 

സാധാരണ സെൽഫിപോലും ഇടുന്നതിന്റെ പേരിൽ സദാചാര പൊലീസിങ്ങിന്റെ ഇരകളാകുന്നുണ്ടു സ്ത്രീകൾ. ‘പെങ്ങളേ, നിന്റെ പടം മിസ് യൂസ് ചെയ്താൽ എന്താകും അവസ്ഥ’ എന്ന കരുതലിലാണു പലരുടെയും തുടക്കം. ഏതോ പെൺകുട്ടി കൈത്തണ്ട മുറിച്ചു ജീവനൊടുക്കിയ പടവും ‘ഉത്തരേന്ത്യയിലെവിടെയോ ഫെയ്സ്ബുക് വഴി ചതിക്കപ്പെട്ട കുട്ടിയുടെ പടമാണെന്നും നിനക്ക് അവളെപ്പോലെ ആകണോ’ എന്നും ചോദിക്കുന്ന ഫോർവേഡ് പോസ്റ്റും തരും.

 

വിവാഹിതയായ സ്ത്രീ ഫെയ്സ്ബുക് പ്രൊഫൈലിലോ കവറിലോ കുടുംബചിത്രം ഇടണമെന്നാണു സദാചാര സംരക്ഷകരുടെ ഇംഗിതം. അങ്ങനെ ചെയ്യാത്ത സ്ത്രീയുടെ കുടുംബജീവിതത്തിൽ പ്രശ്നമുണ്ടെന്ന് ഇവർ തീരുമാനിക്കുന്നു. പിന്നെ ഇൻബോക്സിലെത്തി ഉപദേശങ്ങളായി. അത് അനുസരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ പിന്നെ അസഭ്യവർഷമാകും.

 

സ്വന്തം സഹോദരനായി കരുതാമെന്നു പറഞ്ഞുതുടങ്ങിയ ആൾ ചോദിച്ചുചോദിച്ചു വന്നത് ആദ്യരാത്രിയിലേക്കാണ്. കലികയറി ചാറ്റ് മുഴുവൻ എഫ്ബിയിൽ അപ്‍ലോഡ് ചെയ്യുമെന്നു പറഞ്ഞതോടെ മാപ്പപേക്ഷയായി. ‘ഉപദ്രവിക്കരുത്, ഭാര്യ അറിഞ്ഞാൽ ജീവിതം തകരും’ എന്നൊക്കെ കരച്ചിലായി. പിന്നീടു തേടിപ്പിടിച്ചപ്പോൾ സർക്കാർ ഉദ്യോഗസ്ഥനാണു കക്ഷി. പൊലീസിൽ പരാതിപ്പെടുമെന്നു പറഞ്ഞതോടെ ‘ജോലി തെറിക്കും...എന്തു വേണമെങ്കിലും ചെയ്യാം’ എന്നായി.

 

സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളിലോ മതപരമായ കാര്യങ്ങളിലോ അഭിപ്രായം പറഞ്ഞാൽ പെണ്ണിന്റെ കുടുംബത്തെ സഹിതം അശ്ലീലവാക്കുകൾകൊണ്ടു കുളിപ്പിക്കും. പൊതു ഇടങ്ങളിൽ ഒന്നും പറയാനില്ലാത്ത ഒരാളായി ചുരുങ്ങാൻ പെണ്ണിനെ പരുവപ്പെടുത്തലാണ്. ആണും പെണ്ണും ഒന്നിച്ചിരുന്നു പഠിക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവളുടെ ഫെയ്സ്ബുക് വാളിൽ അശ്ലീലവും ആഭാസവും തുടരുന്നു.

 

സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ച കോളജ് വിദ്യാർഥിനിക്കു വീട്ടിൽ ‘നല്ല പരിശീലനം’ കിട്ടാത്തതിനെപ്പറ്റിയായി തെറിവിളി. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സ്ത്രീകളെ ആദ്യമൊക്കെ ഉപദേശിച്ചു നേരെയാക്കാൻ നോക്കും. എന്നിട്ടും ‘നന്നായില്ലെങ്കിൽ’ ക്രൂരമായ ആക്രമണങ്ങളാകും. കുടുംബാംഗങ്ങളെയും അവഹേളിക്കും. എന്നിട്ടും പിന്മാറിയില്ലെന്നു കണ്ടാൽ വ്യക്തിപരമായ ആക്ഷേപം. തൊലിയുടെ നിറവും മുഖവും ശരീരവുമൊക്കെയാണ് ആക്രമിക്കാൻ അവർ തെരഞ്ഞെടുക്കുന്ന ആയുധങ്ങൾ. നിന്റെ പൊന്തിയ പല്ലും ഉണങ്ങിയ ദേഹവും ഒരുത്തനും വേണ്ടാത്തതിന്റെ കേടുമാണോ എന്നൊക്കെയുള്ളമട്ടിലാണ് അവഹേളനങ്ങൾ.

 

മിക്കതും പെൺപ്രൊഫൈലുകളാണെങ്കിലും തുടക്കത്തിൽ തന്നെ താൻ പുരുഷൻ ആണെന്നു പറയും. കോളുകൾ അറ്റൻഡ് ചെയ്യണമെന്ന നിർബന്ധമൊന്നുമില്ല. വെറുതെ വിളിച്ചുകൊണ്ടേയിരിക്കും. ചിലർ അശ്ലീല ഭാഷയിൽ വോയ്സ് മെസേജുകൾ അയയ്ക്കും.

 

പ്രൊഫൈലിൽ ഭർത്താവിനൊപ്പമുള്ള ചിത്രമല്ലെങ്കിൽ പെണ്ണിന്റെ ജീവിതത്തിലേക്കുള്ള ക്ഷണപത്രമായാണു ചിലർ കണക്കാക്കുന്നത്. ‘ഭർത്താവുമായി പ്രശ്നമുണ്ടോ? അതോ കാഴ്ചയിൽ ചേച്ചിക്കു യോജിക്കാത്ത ആളാണോ?’ എന്നൊക്കെയാണ് വഴി. പതിയെ പതിയെ ചേച്ചി മാറ്റി പേരു വിളിച്ചോട്ടെ എന്ന്. പിന്നെ ‘നീ, എടീ’ വിളികളായി. അടുത്തത് ഫോൺ നമ്പർ വേണം. നേരിട്ടൊന്നു കാണണം. ഇത്തരമൊരു കഥയിലെ ചേച്ചി പത്തു വയസ്സിളയ ‘കാമുകന്റെ’ ശല്യം സഹിക്കാനാകാതെ നേരിൽ കാണാനുള്ള ക്ഷണം സ്വീകരിച്ചു. റസ്റ്ററന്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചേച്ചിയെ കണ്ടതോടെ ‘നീയില്ലാതെ ഇനിയെനിക്കു ജീവിതമില്ല... നമുക്ക് ഇന്ന് ഹോട്ടലിൽ റൂം എടുത്ത് കൂടാം...’ എന്നൊക്കെയായി. തൊട്ടടുത്ത കസേരയിലിരുന്നയാൾ ഇടപെട്ടു– ‘അപ്പോ എല്ലാം തീരുമാനിച്ചല്ലേ... ഏതു ഹോട്ടലിലാ മുറിയെടുക്കേണ്ടത്...’ എന്നായി വന്നയാളുടെ ചോദ്യം. ചേച്ചി കാമുകന് വന്നയാളെ പരിചയപ്പെടുത്തി, ‘ഇതെന്റെ ഭർത്താവ്.’

 

പ്ലസ് ടു വിദ്യാ‍ർഥിനി. ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത ഫെയ്സ്ബുക് കാമുകനുമായി അവൾ നടത്തിയത് 36,000 ചാറ്റ്. കാമുകന് അയച്ചു കൊടുത്തത് 300 ഫോട്ടോകൾ. അതിൽ 26 എണ്ണം നഗ്നചിത്രങ്ങൾ. തമ്മിൽ പിണങ്ങിയപ്പോൾ കാമുകൻ ചിത്രങ്ങളിൽ പലതും പരസ്യമാക്കി. അപമാനം താങ്ങാനാവാതെ പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതു നാലു വട്ടം. ഇതൊക്കെ ഇപ്പോഴും തുടരുന്നു. ദിവസവും ഇത്തരം വാർത്തകളാണ് വന്നുക്കൊണ്ടിരിക്കുന്നത്.

 

ഫോൺ സെക്സ്, വെബ്ക്യാം സെക്സ്, കപ്പിൾ സെക്സ് ചാറ്റ്, സെക്സ്റ്റിങ് (അശ്ലീല സന്ദേശങ്ങൾ അയയ്ക്കൽ), സെക്സ് ചാറ്റ് തുടങ്ങിയവയ്ക്കായി മലയാളികൾക്കു വേണ്ടി മാത്രം നിലവിലുള്ളതു നൂറുകണക്കിനു സൈറ്റുകളാണുള്ളത്. പുരുഷൻ, സ്ത്രീ, കന്യകകളെ തേടുന്നവർ, വിധവകളെ വേണ്ടവർ, മധ്യവയസ്കരെ ആവശ്യമുള്ളവർ എന്നു തുടങ്ങി ജില്ലകൾ തിരിച്ചും ഉദ്യോഗം അനുസരിച്ചും (അധ്യാപിക, നഴ്സ്, ഡോക്ടർ, നർത്തകി, ഐടി പ്രഫഷനൽ) സെർച്ചിങ് നൽകുന്നു. ഓരോ ജില്ലയിലും എത്രപേർ ലഭ്യമാണെന്നു നമ്പരുകൾ പോലും നൽകിയിട്ടുണ്ട്. ചില സൈറ്റുകളിൽ സെക്സ് സർവീസുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ മാത്രമല്ല. വിവിധ പരസ്യങ്ങൾക്കിടയിൽ ഫ്രണ്ട്ഷിപ് ക്ലബ്, ഇറോട്ടിക്, കാഷ്വൽ എൻകൗണ്ടർ, എസ്കോർട്, കോൾ ഗേൾ, സെക്സ്ചാറ്റ് പരസ്യങ്ങളും നിറയുന്നു.

English Summary: Facebook abuse agianst women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com