sections
MORE

ട്വിറ്ററില്‍ പുതുയുഗം: സംഭവിക്കാനിരിക്കുന്നത് വലിയ മാറ്റം, ഇനി വോയിസ് ട്വീറ്റുകളും!

Voice-Record
SHARE

താതരമ്യേന 'തലയുള്ളവരുടെ' സമൂഹ മാധ്യമമായി അറിയപ്പെടുന്ന ട്വിറ്റര്‍ പുതുമയുമായി എത്തുകയാണ്. സ്വന്തം ശബ്ദത്തില്‍ ട്വീറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഇത് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവര്‍ക്ക് വളരെയധികം ഇഷ്ടപ്പെടാന്‍ വഴിയുണ്ട്. ശ്രദ്ധാപൂര്‍വ്വം വാക്കുകള്‍ ടൈപ് ചെയ്തു സമയം കളയേണ്ട എന്നതും, താന്‍ ഫോളോ ചെയ്യുന്നവരുടെ ശബ്ദത്തില്‍ തന്നെ ട്വീറ്റുകള്‍ കേള്‍ക്കാമെന്നതും ആകര്‍ഷകമായ കാര്യങ്ങളാണ്. മലയാളിയായ ട്വിറ്റര്‍ ഉപയോക്താവിന് മലയാളത്തില്‍ തനിക്ക് പറയാനുള്ളത് പറയുകയും ചെയ്യാം. ട്വിറ്റര്‍ ഉപയോഗിക്കുന്ന രീതിക്ക് മാറ്റം വരുത്തിയേക്കാവുന്ന, കൂടുതല്‍ സ്വാഭാവികമായ രീതിയിലും ട്വീറ്റുകള്‍ നടത്താന്‍ തങ്ങളുടെ ഉപയോക്താക്കളെ അനുവദിക്കുകയാണ് എന്നാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലും ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിത്വം പുറത്തുകൊണ്ടുവരാനായി വിഡിയോകളും ഫോട്ടോകളും സവിശേഷ അക്ഷരങ്ങളും എല്ലാം ഉപയോഗിച്ച് ട്വീറ്റു ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഒരു ട്വീറ്റിന് 280 അക്ഷരങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ എന്ന പരിമിതി പലര്‍ക്കും തടസങ്ങള്‍ സൃഷ്ടിച്ചു. അര്‍ഥം ചോരാതെ തര്‍ജ്ജമ ചെയ്തു ട്വീറ്റു നടത്തുന്നതും മറ്റും ദുഷ്‌കരമായിരുന്നുവെന്നും ട്വിറ്റര്‍ പറയുന്നു.

സ്വന്തം ശബ്ദത്തിലുള്ള ട്വീറ്റു ചെയ്യുന്നതിനും പഴയ രീതി തന്നെയാണ് പിന്തുടരുന്നത്. വോയിസ് ട്വീറ്റ് നടത്താന്‍ ട്വീറ്റ് കംപോസര്‍ തുറന്ന് തരംഗദൈര്‍ഘ്യത്തിന്റെ (wavelengths) ചിത്രമുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും റെക്കോഡ് ബട്ടണും തെളിഞ്ഞുവരുന്നതു കാണാം. താഴെ ഭാഗത്താണ് റെക്കോഡ് ബട്ടണ്‍. ഇതില്‍ സ്പര്‍ശിച്ച് ശബ്ദം റെക്കോഡ് ചെയ്യാം.

ഓരോ വോയിസ് ട്വീറ്റിനും പരിമിതിയുണ്ട്. എന്നാല്‍, അതു മറികടക്കുകയും ചെയ്യാവുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു വോയിസ് ട്വീറ്റിന് പരമാവധി 140 സെക്കന്‍ഡ് മാത്രമാണ് ദൈര്‍ഘ്യം. എന്നാല്‍, സമയ പരിമിതി കഴിഞ്ഞും നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ ട്വിറ്റര്‍ ആദ്യ ട്വീറ്റ് കഴിഞ്ഞ് അടുത്തത് ഓട്ടോമാറ്റിക്കായി സൃഷ്ടിക്കും. അങ്ങനെ ഒരു തവണ സംസാരിച്ചതു മുഴുവനും ഒരു ത്രെഡ് ആയി കാണിക്കും. സംസാരിക്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ കഴിഞ്ഞാല്‍ 'ഡണ്‍' ബട്ടണില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ റെക്കോഡിങ് അവസാനിക്കും. തുടര്‍ന്ന് കംപോസര്‍ സ്‌ക്രീനിലെത്തി ട്വീറ്റ് ചെയ്യാം.

ഈ ഫീച്ചര്‍ ആദ്യഘട്ടത്തില്‍ ഐഒഎസില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്ന ചുരുക്കം ചിലര്‍ക്കു മാത്രമായിരിക്കും ലഭ്യമാക്കുക. എന്നാല്‍, വരുന്ന ആഴ്ചകളില്‍ ഐഒഎസിലുള്ള എല്ലാവര്‍ക്കും ഇതു നല്‍കും. ആന്‍ഡ്രോയിഡില്‍ ഇതെന്ന് എത്തുമെന്ന കാര്യം ട്വിറ്റര്‍ വ്യക്തമാക്കിയില്ല. എല്ലാവര്‍ക്കും മറ്റുള്ളവരുടെ ട്വീറ്റുകള്‍ കേട്ട്, സ്വന്തം ശബ്ദത്തില്‍ തന്നെ പ്രതികരിക്കാനുള്ള അവസരമാണ് പുതിയ ഫീച്ചറിലൂടെ ട്വിറ്റര്‍ നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ വീടിനടുത്തെ ഒരു സംഭവമാകട്ടെ, ബ്രെയ്ക്കിങ് ന്യൂസ് അവതരിപ്പിക്കുന്ന ജേണലിസ്റ്റ് ആകട്ടെ, ഒരു പ്രതിഷേധം നടക്കുന്ന സ്ഥലത്തു നിന്നുള്ള ലൈവ് ആകട്ടെ, എല്ലാം നിങ്ങളുടെ ശബ്ദത്തില്‍ അവതരിപ്പിക്കാം. ഇതേക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണവും പറയാം. ഇതൊന്നും ടൈപ് ചെയ്യാന്‍ നില്‍ക്കേണ്ട എന്നത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും ട്വിറ്റര്‍ പറയുന്നു. തങ്ങളുടെ ശബ്ദവും ഒരു പൊതു പ്രശ്‌നത്തില്‍ ഉയര്‍ത്താന്‍ ഇതിലൂടെ ആളുകള്‍ക്ക് സാധിക്കുമെന്നത് ട്വിറ്ററിന്റെ പ്രസക്തി വര്‍ധിപ്പിച്ചേക്കുമെന്നു കരുതുന്നു.

ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ തങ്ങള്‍ക്കായി ട്വീറ്റു ചെയ്യാന്‍ ആളുകളെ നിയമിച്ചിരിക്കുന്നു. ടൈപ് ചെയ്യാന്‍ താത്പര്യമില്ലാത്തവരും ഇംഗ്ലിഷ് ഭാഷയില്‍ എഴുതാന്‍ അത്ര മിടുക്കില്ലാത്തവരും ട്വിറ്ററിനോട് വലിയ പ്രേമം കാണിച്ചിട്ടില്ലെന്നു കാണാം. പക്ഷേ, പുതിയ ഫീച്ചര്‍പ്രാദേശിക രാഷ്ട്രീയക്കാര്‍ക്കും സിനിമാ താരങ്ങള്‍ക്കുമൊക്കെ പുതിയ അധ്യായം തന്നെ തുറന്നേക്കുമെന്നാണ് കരുതുന്നത്.

English Summary: Twitter rolls out new ‘tweet your voice’ feature: Here’s how to use it when you get access

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA