sections
MORE

മുന്നറിയിപ്പ്! വ്യക്തിയുടെ അനുമതിയില്ലാതെ ഫോട്ടോയും വിഡിയോയും പ്രചരിപ്പിക്കുന്നവർ കുടുങ്ങും

anusree-comment-1
SHARE

ഇന്റര്‍നെറ്റിലൂടെയുള്ള ഭീഷണികള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശക്തമമായ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഒരാളെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍, ഇമെയിലുകള്‍, മെസേജുകള്‍ തുടങ്ങിയവയൊക്കെ ഇന്റര്‍നെറ്റിലൂടെ അയച്ചാല്‍, അല്ലെങ്കില്‍ പ്രചിരിപ്പിച്ചാല്‍ അത് ശിക്ഷാര്‍ഹമായിരിക്കും. ഐടി ആക്ട് 2000ത്തിന്റെ പരിധിയിലായിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത്തരം വേദനാജനകമായ പോസ്റ്റുകള്‍ ഒരാള്‍ക്കെതിരെ നടന്നാല്‍ ഇരയ്ക്ക് സർക്കാരിന്റെ ഹെല്‍പ്‌ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് നേരിട്ട് പരാതി റജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര സർക്കാരിന്റെ മൈഗവ്‌ന്റെ ( MyGov) ട്വിറ്ററിലാണ് പുതിയ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ജനസമ്മതി നേടുകയായിരുന്നു. അവയ്‌ക്കൊപ്പം സൈബര്‍ ബുള്ളിയിങും (മുഠാളത്തരം) വളര്‍ന്നു. ആരും ചോദിക്കാനും പറയാനുമില്ലെന്ന തോന്നലില്‍ തോന്ന്യവാസം പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം അനുദിനം വളരുന്നതു കാണാം. വ്യക്തിയുടെ അനുമതിയോടെയല്ലാതെ ഫോട്ടോയും വിഡിയോയും സന്ദേശങ്ങളും അടക്കം പ്രചരിപ്പിക്കുന്നത് നേരത്തെ തന്നെ കുറ്റകരമാണെങ്കിലും ഇക്കാര്യത്തില്‍ അധികം കേസുകളില്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റില്‍ എത്തുകയും ഇവരില്‍ പലര്‍ക്കും വിഷമങ്ങള്‍ നേരിട്ടു തുടങ്ങുകയും ചെയ്യുന്നുവെന്നു മനസിലാക്കിയതോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമങ്ങൾക്കെതിരെ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നാണ് സർക്കാർ പറയന്നത്:

എന്താണ് സൈബര്‍ ബുള്ളിയിങ്?

ഒരാള്‍ക്ക് വിഷമമുണ്ടാക്കുന്ന തരം ഊഹാപോങ്ങളും കമന്റുകളും ഫോട്ടോയ്‌ക്കോ വിഡിയോയ്‌ക്കൊ ഒപ്പം നല്‍കുന്നത് സൈബര്‍ ബുള്ളിയിങിന്റെ ഗണത്തില്‍ പെടുത്തും. ഒരാളെ വേദനിപ്പിക്കുന്ന ഇമെയിലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഇതിന്റെ പരിധിയില്‍ വരും.

അവഹേളനപരമായ, അപകീര്‍ത്തികരമായ ഫോട്ടോഗ്രാഫുകളും, വിഡിയോയും, വ്യക്തിവിരവങ്ങളും ഏതെങ്കിലും വെബ്‌സൈറ്റിലേക്കോ, സമൂഹ മാധ്യമങ്ങളിലേക്കോ വ്യക്തിയുടെ അനുമതി ഇല്ലാതെ പോസ്റ്റു ചെയ്യുന്നത് ഇനി വലിയ കുറ്റകരമാകും. ഇതും സൈബര്‍ ബുള്ളിയിങിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.

ചില ഗ്രൂപ്പുകളും ഫോറങ്ങളും മറ്റും സൃഷ്ടിക്കുമ്പോള്‍ ചില സാഹചര്യങ്ങളില്‍ നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്താത്തതും കുറ്റകരമായിരിക്കും. ഒരാളുടെ പാസ്‌വേഡ് ഉപയോഗിച്ച് അയാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഉചിതമല്ലാത്ത കണ്ടെന്റ് പോസ്റ്റു ചെയ്യുന്നത് കുറ്റകരമായിരിക്കും.

ആധുനിക കാലത്ത് സൈബറിടങ്ങളില്‍ ചേക്കേറാന്‍ ആഗ്രഹിക്കാത്തവരും അവിടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രമിക്കാത്തവരുമായി ആരുമുണ്ടാവില്ല. കൊച്ചുകുട്ടികള്‍ പോലും തങ്ങളുടെ ഇന്റര്‍നെറ്റ് വ്യക്തിത്വത്തെ വിലമതിക്കുന്നു. അതാണു താന്‍ എന്ന സങ്കല്‍പ്പം നേരത്തെ തന്നെ ഊട്ടിയുറപ്പിക്കുന്നു. ഇതിന്റെ ശരിതെറ്റുകള്‍ ഇപ്പോള്‍ പറയാന്‍ സാധ്യമല്ല. പക്ഷേ, തുടക്കക്കാര്‍ക്കും അധികം അനുഭവസമ്പത്തില്ലാത്തവര്‍ക്കുമെതിരെ പല തരത്തിലുമുള്ള കടന്നുകയറ്റങ്ങളും ഇക്കാലത്ത് സാധാരണമാണ്. കുട്ടികളുടെ ഭാവി തന്നെ തകര്‍ക്കാന്‍ സാധ്യതയുള്ളതാണ് ഇത്. ലോലമനസ്‌കരും ഇന്റര്‍നെറ്റിലൂടെയുള്ള ആക്രമണത്തെ എങ്ങനെ നേരിടമെന്നറിയാതെ വിഷമിക്കുന്നു. അധികാരികള്‍ക്കും ഇത്തരം കാര്യങ്ങളില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് തീര്‍ച്ചയില്ലായിരുന്നു. പുതിയ തീരുമാനങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ എന്തു ചെയ്യണമന്നറിയാതെ വിഷമിക്കുന്നവര്‍ക്ക് പിടിവള്ളിയാകുമെന്നു കരുതാം. സൈബര്‍ ബുള്ളിയിങ് കുറയുമെന്നും കരുതാം.

English Summary: Cyberbullying: MyGov has important tips for you

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA