sections
MORE

ജിൻപിങിന്റെ ഫോട്ടോ പണിയായി, മോദിയുടെ വെയ്‌ബോയ്ക്ക് സംഭവിച്ചതെന്ത്?; ടിവികളുമായി വണ്‍പ്ലസ്

modi-weibo
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് ആപ് ആയ വെയ്‌ബോയില്‍ (Weibo) ഉണ്ടായിരുന്ന അക്കൗണ്ട് നീക്കംചെയ്തു. അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇതു നീക്കംചെയ്യുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. മോദിയുടെ വെയ്‌ബോ അക്കൗണ്ട് 2015ല്‍ അദ്ദേഹത്തിന്റെ ചൈനാ സന്ദര്‍ശന സമയത്ത് സൃഷ്ടിച്ചതായിരുന്നു. അതിനുശേഷം ഈ ചൈനീസ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം പലപ്പോഴും അദ്ദേഹം ഉപയോഗിച്ചു വന്നിരുന്നു. നിർത്തുന്ന സമയത്ത് അദ്ദേഹത്തിന്റേതായി 100 പോസ്റ്റുകളാണ് വെയ്‌ബോയില്‍ ഉണ്ടായിരുന്നത്. മോദിക്ക് 2,00,000ലേറെ ഫോളോവര്‍മാരും ഉണ്ടായിരുന്നു. വെയ്‌ബോ അക്കൗണ്ട് ഉണ്ടായിരുന്ന ചുരുക്കം ചില ലോക നേതാക്കളിലൊരാളായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ നിരോധിച്ച 59 ആപ്പുകള്‍ക്കൊപ്പമാണ് വെയ്‌ബോയുടെ സ്ഥാനവും. ആപ് നിരോധിച്ച് ഏതാനും ദിവസത്തിനു ശേഷമാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഡിലീറ്റു ചെയ്യാനായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെയ്‌ബോയിലെ വിഐപി അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യുക എന്നത് സങ്കീര്‍ണ്ണമായതിനാലാണ് കാലതാമസമെടുത്തതെന്നാണ് വിശദീകരണം. ഇതിനു ധാരാളം സമയമെടുത്തു. അതെന്തിനാണ് എന്ന് ചൈനക്കാര്‍ക്കു മാത്രമെ അറിയൂവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അക്കൗണ്ട് നീക്കം ചെയ്യുന്നതിനു മുൻപ് അദ്ദേഹത്തിന്റെ രണ്ടു പോസ്റ്റുകളൊഴികെ എല്ലാം നീക്കം ചെയ്തു. ചൈനീസ് പ്രസിഡന്റ് ജിൻപിങുമായി നില്‍ക്കുന്ന പോസ്റ്റുകളാണ് നീക്കം ചെയ്യാന്‍ സാധിക്കാതെ പോയത്. ചൈനീസ് പ്രസിഡന്റിന്റെ പടമുള്ള പോസ്റ്റുകള്‍ നീക്കംചെയ്യുക എന്നത് വളരെ വിഷമംപിടിച്ച ജോലിയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

∙ ഗവണ്‍മെന്റ് ഓര്‍ഡര്‍ പരിശോധിച്ചുവരികയാണെന്ന് ഗൂഗിള്‍

തങ്ങളുടെ പ്ലേ സ്റ്റോറില്‍നിന്ന് ഇന്ത്യ നിരോധിച്ച 59 ആപ്പുകളും ബ്ലോക്കു ചെയ്തു കഴിഞ്ഞ ഗൂഗിള്‍ പറയുന്നത് തങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു സർക്കാർ പുറത്തിറക്കിയ ഇടക്കാല വിജ്ഞാപനം പരിശോധിച്ചുവരികയാണൊണ്. ഈ ആപ് ഡെവലപ്പര്‍മാര്‍ക്ക് തങ്ങള്‍ ഇവ ഇന്ത്യന്‍ പ്ലേ സ്റ്റോറില്‍ താത്കാലികമായി ബ്ലോക്കു ചെയ്തു എന്ന സന്ദേശം കൈമാറിയതായും അറിയിച്ചു.

∙ വിഡിയോ കോണ്‍ഫറന്‍സിങിനായി ജിയോമീറ്റ്

വിഡിയോ കോണ്‍ഫറന്‍സിങ് ആപ് ആയ ജിയോമീറ്റ് റിലയന്‍സ് അവതരിപ്പിച്ചു. ഇതിലൂടെ നടത്തുന്ന വിഡിയോ കോളുകളില്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാം. മീറ്റിങുകള്‍ 24 മണിക്കൂര്‍ വരെ ഇടതടവില്ലാതെ നടത്തുകയും ചെയ്യാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്, മാക് ഒഎസ്, ആപ്പുകള്‍ വെബ് ബ്രൗസര്‍ എന്നിങ്ങനെ വിവിധ രീതിയില്‍ ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജിയോ മീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യുകയുമാകാം: https://www.jiomeet.jio.com

വെബ്ആര്‍ടിസി സപ്പോര്‍ട്ടുമായാണ് ജിയോമീറ്റ് എത്തുന്നത്. അതിനാല്‍ മീറ്റില്‍ പങ്കെടുക്കാന്‍ ഒരു ലിങ്ക് അയച്ചു കിട്ടിയാല്‍ ഏത് ഡിവൈസില്‍ നിന്നും ബ്രൗസറിലൂടെ മീറ്റിങില്‍ പങ്കെടുക്കാം. ഇിതിനായി വേറെ ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതായി വരുന്നില്ല എന്നത് ഒരു സൗകര്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, ഒരു ജിയോമീറ്റ് സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം. എച്ഡി വിഡിയോ ഓഡിയോ ക്വാളിറ്റിയാണ് തുടക്കത്തില്‍ ലഭിക്കുക. നേരത്തെ തന്നെ മീറ്റിങ് ഷെഡ്യൂള്‍ ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. ജിയോമീറ്റ് എന്‍ക്രിപ്റ്റഡും പാസ്‌വേഡ് പ്രൊട്ടക്ടഡും ആയിരിക്കും. ഷെയറിങ്, സെയ്ഫ് ഡ്രൈവിങ് മോഡ്, മള്‍ട്ടി-ഡിവൈസ് ലോഗ്-ഇന്‍ സപ്പോര്‍ട്ട്, മീറ്റിങിനിടയില്‍ ഒരു ഡിവൈസില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള സൗകര്യം തുടങ്ങിയവയൊക്കെ ഉണ്ടായിരിക്കും.

∙ വണ്‍പ്ലസ് ടിവിയുടെ തുടക്ക വില 12,999 രൂപ

ചൈനീസ് കമ്പനികളില്‍ തങ്ങളുടെ പ്രൊഡക്ടിന് നിശ്ചിത നിലവാരം വേണമെന്നു ശഠിക്കുന്ന കമ്പനികളില്‍ ഒന്നായ വണ്‍പ്ലസ് തങ്ങളുടെ ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വില കുറഞ്ഞ ടിവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടിറക്കിയ വൈ-സീരിസ് ടിവികളിലെ തുടക്ക മോഡല്‍ 12,999 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. എന്നാല്‍, പ്രീമിയം മോഡല്‍ വേണ്ടവര്‍ക്കുള്ള യു-സീരിസും ഒപ്പം ഉണ്ട്. തങ്ങളുടെ വളരെ വില കൂടിയ ക്യൂ 1 സീരിസ് കമ്പനി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഇതിന് കാര്യമായി ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല എന്നതിനാലാണ് കമ്പനി എല്ലാം ഒന്നു മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചത്. തുടക്ക മോഡലിന് (TV32Y) 32 ഇഞ്ച് വലുപ്പമാണുള്ളത്. ഇതിന് എച്ഡി റെസലൂഷനുള്ള സ്‌ക്രീനാണ്. ഇതിനടുത്തത് 43-ഇഞ്ച് വലുപ്പമുളള മോഡലാണ് (TV43Y1). ഈ മോഡലിന് ഫുള്‍ എച്ഡി റെസലൂഷനും ഉണ്ട്. മൂന്നാമത്തെ മോഡലിന് (TV55U1) 55 ഇഞ്ച് വലുപ്പമാണുള്ളത്. ഇതിന് 4കെ റെസലൂഷനും ഉണ്ട്. എല്ലാ മോഡലുകള്‍ക്കും എല്‍ഇഡി പാനലുകളാണ് നല്‍കിയിരിക്കുന്നത്. ഇവയുടെ വില യഥാക്രമം 12,999 രൂപ, 22,999 രൂപ, 49,999 രൂപ എന്നിങ്ങനെ ആയിരിക്കും. ആമസോണ്‍ ഇന്ത്യ, വണ്‍പ്ലസ് ഇ-സ്റ്റോര്‍, സാധാരണ കടകള്‍ എന്നിവയിലൂടെ ജൂലൈ 5 മുതല്‍ വാങ്ങാനാകും.

oneplus-tv

∙ മികവ് സോഫ്റ്റ്‌വെയറില്‍

നിലവിലുള്ള ടിവികളുമായി ഏതെങ്കിലും തരത്തില്‍ വ്യത്യസ്തമായിരിക്കണമെന്ന ചിന്തയില്‍ അധികം കമ്പനികള്‍ നല്‍കിയിട്ടില്ലാത്ത ഒരു സോഫ്റ്റ്‌വെയര്‍ ഫീച്ചര്‍ വണ്‍പ്ലസ് ഒരുക്കിയിരിക്കുന്നു. ഇവ ഐഫോണ്‍ അടക്കം പരമാവധി 5 ഫോണുകളിലൂടെ നിയന്ത്രിക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. ആന്‍ഡ്രോയിഡ് ടിവി 9 ആണ് സോഫ്റ്റ്‌വെയര്‍. ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗിള്‍ പ്ലേ ഉപയോഗിച്ച് ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യാം.

∙ സാംസങ് അതുക്കും മേലെ

ഇന്ത്യന്‍ വിപണിയില്‍ ടിവി വിപണിയില്‍ വളരെക്കാലമായി ഉണ്ടായിരുന്ന സാംസങിന് ഇപ്പോള്‍ വന്‍ മത്സരമാണ് ഷഓമി, വണ്‍പ്ലസ് തുടങ്ങിയ ചൈനീസ് കമ്പനികളില്‍ നിന്ന് നേരിടേണ്ടി വരുന്നത്. അപ്പോള്‍, തന്ത്രങ്ങള്‍ മാറ്റാനാണ് ഈ കൊറിയന്‍ ഭീമന്റെ ശ്രമം. കമ്പനി തങ്ങളുടെ കുറച്ചു പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇവയ്ക്ക് 20,000 രൂപ മുതല്‍ 2.4 ലക്ഷം രൂപ വരെയാണയിരിക്കും വില. എന്നാല്‍, തങ്ങളുടെ എതിരാളികള്‍ വ്യാപകമായി നല്‍കിവരാത്ത ചില ഫീച്ചറുകള്‍ നല്‍കി ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് കമ്പനിയുടെ ശ്രമമത്രെ. പുതിയ ചില ഫീച്ചറുകള്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്- പേഴ്‌സണല്‍ കംപ്യൂട്ടര്‍ മോഡ്, ഹോം ക്ലൗഡ്, ലൈവ് കാസ്റ്റ്, മ്യൂസിക് പ്ലെയര്‍, ഒടിടി പ്ലാറ്റ്‌ഫോം സപ്പോര്‍ട്ട് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചായിരിക്കും ചില മോഡലുകള്‍ എത്തുക. ഓഫിസ് 365 ന്റെ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനും 5ജിബി ക്ലൗഡ് സംഭരണ സ്ഥലവും ചില മോഡലുകള്‍ക്കൊപ്പം നല്‍കാനാണ് സാംസങിന്റെ തീരുമാനം.

bsnl

∙ 2,399 രൂപയ്ക്ക് 600 ദിവസത്തെ വാലിഡിറ്റി നല്‍കാന്‍ ബിഎസ്എന്‍എല്‍

തങ്ങളുടെ പുതിയ ദീര്‍ഘകാല പ്രീ പെയ്ഡ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. 2,399 രൂപയ്ക്ക് 600 ദിവസത്തെ വാലിഡിറ്റി നല്‍കും. പരിധിയില്ലാത്ത വോയിസ് കോളുകള്‍ (ദിവസം 250 മിനുറ്റ്), ഹോം, നാഷണല്‍ റോമിങ് (എംടിഎന്‍എല്‍ന്റെ പരിധിയിലും) എന്നിവയുണ്ട്. 250 മിനിറ്റിലേറെ വിളിച്ചാല്‍ ലോക്കല്‍ കോള്‍ മിനിറ്റിന് 1 രൂപ നല്‍കണം. എസ്ടിഡി 1.3 രൂപ. മറ്റു ആനുകൂല്യങ്ങളെപ്പറ്റി പരാമര്‍ശിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.

English Summary: Modi's Weibo account cancelled; new OnePlus TV etc

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA