ADVERTISEMENT

ചൈനയിലെ സൈബര്‍ ക്രിമിനലുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഫോണുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയേക്കുമെന്ന് വാര്‍ത്തകള്‍. ഫെയ്ക്‌സ്‌പൈ (FakeSpy) എന്ന മാല്‍വെയര്‍ എസ്എംഎസ് ആയി അയച്ചാണ് ഡേറ്റാ കവരാന്‍ ശ്രമിക്കുക എന്നു പറയുന്നു. 

 

∙ വാട്‌സാപിനു ബദലാകാന്‍ ഇന്ത്യന്‍ സൂപ്പര്‍ ആപ്

Elyments

 

ടിക്‌ ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകളെ നിരോധിച്ചതിനു ശേഷം ഇന്ത്യക്കാരാല്‍ വികസിപ്പിച്ചെടുത്ത ടിക്‌ ടോക്ക് ക്ലാണുകളുടെ ഒരു പ്രവാഹമായിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും ജനസമ്മതിയുള്ള ആപ്പുകളായ വാട്‌സാപിനെയും ഫെയ്‌സ്ബുക്കിനെയും ഒരുമിച്ചു നേരിടാന്‍ കെല്‍പ്പുള്ളത് എന്ന വാദവുമായി എലിമെന്റ്‌സ് (Elyments) എന്ന പേരില്‍ പുതിയ ആപ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഡെവലപ്പര്‍മാര്‍. ടിക്‌ ടോക്ക് ക്ലോണുകളെ പോലെയല്ലാതെ ആത്മനിര്‍ഭര്‍ ക്യാംപെയിന്റെ ഭാഗമായാണ് പുതിയ ആപ് എത്തുന്നത്. ഇത് പുറത്തിറക്കിയത് വൈസ് പ്രസിഡന്റ് എം. വെങ്കയ്യ നായിഡുവാണ്. ഈ ആപ് ലോകമെമ്പാടും ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. എന്നാല്‍, ഇത് ഇന്ത്യക്കാരെ മനസില്‍ക്കണ്ട് നിര്‍മിച്ചതാണ്- മലയാളമടക്കം എട്ട് ഇന്ത്യന്‍ ഭാഷകളാണ് ഈ ഫ്രീ ആപ്പ് സപ്പോര്‍ട്ടു ചെയ്യുന്നത്. ഓഡിയോ-വിഡിയോ കോളുകള്‍, കോണ്‍ഫറന്‍സ് കോളുകള്‍ തുടങ്ങിയവയൊക്കെ വിളിക്കാം. വോയിസ് കമാന്‍ഡുകള്‍ സപ്പോര്‍ട്ടു ചെയ്യാവുന്ന പ്രാദേശിക ഭാഷകളിലും നല്‍കാമെന്നത് ഈ ആപ്പിന്റെ പ്രത്യകതകളില്‍ ഒന്നായാണ് പറയുന്നത്.

 

bsnl

സ്വകാര്യതയ്ക്കും തങ്ങള്‍ ഊന്നല്‍ നില്‍കുന്നുവെന്ന് ആപ് ഡെവലപ്പര്‍മാര്‍ പറയുന്നു. ഉപയോക്താവിന്റെ സമ്മതമില്ലാതെ ഡേറ്റ തേഡ്പാര്‍ട്ടി ആവശ്യക്കാര്‍ക്ക് നല്‍കില്ലെന്ന് അവര്‍ പറയുന്നു. ആളുകളുടെ ഡേറ്റ ദുരുപയോഗം ചെയ്യുന്നതില്‍ കുപ്രസിദ്ധമാണ് പല സമൂഹമാധ്യമ ആപ്പുകളും. എന്നാല്‍, ഇത്തരം അവകാശവാദങ്ങളൊക്കെ വരും മാസങ്ങളില്‍ കണ്ടറിയേണ്ട കാര്യങ്ങളാണ്. സമൂഹമാധ്യമ സൈറ്റുകളില്‍ ലഭ്യമായ തരത്തില്‍ ന്യൂസ് ഫീഡുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. പ്രശസ്തര്‍, അത്‌ലറ്റുകള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെയൊക്കെ ഫോളോ ചെയ്യാം. സ്‌നാപ്ചാറ്റിലും ഇന്‍സ്റ്റഗ്രാമിലും സാധ്യമായ രീതിയില്‍ ഫോട്ടോകള്‍ എടുത്ത് ഫില്‍റ്റര്‍ ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്താം. ഇന്ത്യന്‍ ബ്രാന്‍ഡകുളെ പ്രമോട്ടു ചെയ്യാനും തങ്ങള്‍ ഉദ്ദേശിക്കുന്നതായി ആപ് ഡെവലപ്പര്‍മാര്‍ പറഞ്ഞു. എലിമന്റ്‌സ് പേ ഉപയോഗിച്ച് പണമടയ്ക്കാനും സാധിക്കും. തുടക്കത്തില്‍ എലിമെന്റ് ആപ് ഗൂഗില്‍ പ്ലേയില്‍ ട്രെന്‍ഡിങ് ആയിരുന്നു. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ 4/5 റെയ്റ്റിങ് ഉണ്ടായിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അതിലും കേമമായിരുന്നു- 4.5 ആയിരുന്നു റെയ്റ്റിങ്. എന്നാല്‍ ഏറ്റവും താഴെയുള്ള ഒരു സ്റ്റാറിന്റെ ബാര്‍ അതിവേഗം വളരുകയാണിപ്പോള്‍. ഇതെഴുതുന്നസമയത്ത് പ്ലേ സ്റ്റോറില്‍ റെയ്റ്റിങ് 3.4 ആയി കൂപ്പുകുത്തിക്കഴിഞ്ഞു.

 

∙ ദിനംപ്രതി 5 ജിബി ഡേറ്റ നല്‍കുന്ന പ്ലാനുമായി ബിഎസ്എന്‍എല്‍

 

ദിനംപ്രതി 5 ജിബി ഡേറ്റ നല്‍കുന്ന വര്‍ക് ഫ്രം ഹോം പ്ലാനുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുകയാണ്. 90 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാനിന് 599 രൂപയാണ് നല്‍കേണ്ടത്. പരിധിയില്ലാത്ത വോയിസ് കോള്‍, ദിവസവും 100 എസ്എംഎസ് തുടങ്ങിയവയും പ്ലാന്‍ ഓഫര്‍ ചെയ്യുന്നു. ഇത് ആക്ടിവേറ്റു ചെയ്യാന്‍ STV COMBO599 കോഡ് ഉപയോഗിക്കാമെന്ന് ബിഎസ്എല്‍ പറയുന്നു. കോഡ് 123യിലേക്ക് അയച്ചാല്‍ മതി. 5 ജിബി ഡേറ്റ ഉപയോഗിച്ചു തീര്‍ന്നാല്‍ 80 കെബിപിഎസ് ആയിരിക്കും സ്പീഡ്. 

 

മറ്റു രണ്ടു മികച്ച പ്ലാനുകളും ബിഎസ്എന്‍എല്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. 693 രൂപ നല്‍കിയാല്‍ ഒരു വര്‍ഷത്തേക്ക് എപ്പോള്‍ വേണമെങ്കിലു ഉപയോഗിക്കാവുന്ന 300 ജിബി ഡേറ്റ പ്ലാന്‍ പലര്‍ക്കും ആകര്‍ഷകമാണ്. മറ്റൊരു പ്ലാനിന് 1,212 രൂപയാണ് ചാര്‍ജ്. ഇതും ഒരു വര്‍ഷം വാലിഡിറ്റിയുള്ളതാണ്, 500 ജിബി ഡേറ്റയും ലഭിക്കും. ഡേറ്റാ പ്ലാനുകളുടെ ഒരു പരിമിതി അവയ്‌ക്കൊപ്പം വോയിസ് കോള്‍, എസ്എംഎസ് തുടങ്ങിയവ ലഭിക്കില്ല എന്നതാണ്. പ്ലാനുകള്‍ ഏതൊക്കെ സര്‍ക്കിളിലാണ് ഇപ്പോള്‍ ലഭ്യമെന്ന് വ്യക്തമല്ല.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 

∙ ഗ്യാലക്‌സി എം സീരിസ് ഫോണിന് 6,800 എംഎഎച് ബാറ്ററി

 

സാംസങ് അടുത്തതായി അവതരിപ്പിക്കാന്‍ പോകുന്ന ഗ്യാലക്‌സി എം സീരിസ് ഫോണിന് 6800 എംഎഎച് ബാറ്ററി ഉണ്ടായിരിക്കുമെന്ന് കേള്‍ക്കുന്നു. ഇതിന്റെ പേര് എം41 അല്ലെങ്കില്‍ എം51 എന്നായിരിക്കുമെന്ന് പറയുന്നു. ഇതിന്റെ ബാറ്ററിക്ക് 6800 ആണ് റെയ്റ്റിങ് എങ്കില്‍ അതിന് 7000 എംഎഎച് കപ്പാസിറ്റി ഉണ്ടായിരിക്കും. ഇത്ര കപ്പാസിറ്റിയുള്ള ആദ്യത്തെ ഗ്യാസക്‌സി ഫോണായിരിക്കുമിത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

∙ നിക്കോണ്‍ സെഡ് 6എസ്, സെഡ്7എസ് ക്യാമറകള്‍ ഈ വര്‍ഷം

 

നിക്കോണിന്റെ നിലവിലുള്ള മിറര്‍ലെസ് ഫുള്‍ഫ്രെയിം ക്യാമറകള്‍ക്ക് പുതിയ പതിപ്പുകള്‍ ഈ വര്‍ഷം തന്നെ ഇറക്കുമെന്ന് പുതിയ അഭ്യൂഹങ്ങള്‍. നിലവിലുളള ക്യാമറകളുടെ അതേ സെന്‍സര്‍ തന്നെയായിരിക്കും ഉപയോഗിക്കുക. പുതിയ ബാറ്ററി, യുഎസ്ബി-സി ചാര്‍ജിങ്, ഇരട്ട മെമ്മറി കാര്‍ഡുകള്‍, 4കെ/60പി വിഡിയോ റെക്കോഡിങ് തുടങ്ങിയ ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത്. നിക്കോണ്‍ ഒരു ഹൈ റെസലൂഷന്‍ മോഡലും ഇറക്കിയേക്കും. ക്യാനന്റെ പുതിയ ക്യാമറാ മോഡലുകള്‍ ഈ മാസം 9ന് പുറത്തിറക്കുമെന്നാണ് വിവരം.

 

∙ വാവെയുടെ 5ജി ഫ്രാന്‍സ് നിരോധിക്കില്ല, പ്രോത്സാഹിപ്പിക്കുകയുമില്ല

 

വാവെയ് കമ്പനിയുടെ 5ജി തങ്ങളുടെ രാജ്യത്ത് വിന്യസിക്കുന്നത് ഫ്രാന്‍സ് നിരോധിക്കില്ല. എന്നാല്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ വാവെയുടെ 5ജി എക്വിപ്‌മെന്റ് വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുകയുമില്ലെന്ന് അറിയിച്ചു. ചൈനീസ് കമ്പനികളുടെ 5ജി ഉപകരണങ്ങള്‍ വാങ്ങരുതെന്ന് അമേരിക്ക പല തവണ ആവശ്യപ്പെട്ടു കഴിഞ്ഞു.

 

∙ എയര്‍ടെല്ലിന്റെ പ്ലാറ്റിനം കസ്റ്റമര്‍മാര്‍ക്ക് കൂടിയ 4ജി സ്പീഡ് നല്‍കും

 

തങ്ങളുടെ പ്ലാറ്റിനം കസ്റ്റമര്‍മാര്‍ക്ക് കൂടിയ 4ജി ഡേറ്റാ സ്പീഡ് നല്‍കുമെന്ന് എയര്‍ടെല്‍ അറിയിച്ചു. പ്രയോരിറ്റി 4ജി നെറ്റ്‌വര്‍ക്ക് എന്ന പ്രോഗ്രാമിലൂടെയായിരിക്കും ഇത്. എയര്‍ടെല്ലിന്റെ 499 രൂപയിലേറെ പ്രതിമാസം നല്‍കുന്ന പോസ്റ്റ് പെയ്ഡ് കസ്റ്റമര്‍മാരെല്ലാം ഈ വിഭാഗത്തില്‍ പെടും.

 

∙ എയര്‍ടെലിന്റെ വിഡിയോ കോളിങ് ആപ് വരുന്നു

 

റിലയന്‍സ് ജിയോ തങ്ങളുടെ വിഡിയോ കോളിങ് ആപ് ആയ ജിയോമീറ്റ് അവതരിപ്പിച്ചതിനു പിന്നാലെ, കമ്പനിയുടെ പ്രധാന എതിരാളികളിലൊരാലായ എയര്‍ടെലും ഒരു വിഡിയോ കോളിങ് ആപ് ഇറക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

 

English Summary: India's super app to take on FB, WhatsApp, Insta etc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com