ADVERTISEMENT

വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിലൂടെ സ്കൂൾ വിദ്യാർഥിനികളെ പരിചയപ്പെട്ട ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന യുവാവിനെ കഴിഞ്ഞ ദിവസം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ, വ്യാജ അക്കൗണ്ടുകളുണ്ടാക്കി പെൺകുട്ടികളുമായി സൗഹൃദമുണ്ടാക്കി പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. എന്നാൽ, കേരളത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് വസ്തുത. ഫെയ്സ്ബുക്കും വാട്സാപ്പും സജീവമായതോടെ നിരവധി വിദ്യാർഥികളെ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.

 

വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകളിലൂടെ ചാറ്റിങ് തുടങ്ങി, പിന്നാലെ നഗ്നചിത്രങ്ങൾ കൈമാറലും അശ്ലീല ചാറ്റിങും തുടക്കമിടും. അടുത്ത ദിവസങ്ങളിൽ നഗ്ന വിഡിയോ കോളും നടത്തിയിരിക്കും. സൗഹൃദം വേറൊരു തലത്തിലേക്ക് നീങ്ങുന്നതോടെ പരിചയപ്പെട്ട് കേവലം പത്താം നാൾ തന്നെ പുറത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന രീതിയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. വിവിധ ജില്ലകളിൽ നിന്നായി നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഈ കുറ്റകൃത്യങ്ങളെല്ലാം നടത്തുന്നതെന്ന് വ്യക്തമാണ്. ഫെയ്സ്ബുക്കിന് പിന്നാലെ വാട്സാപ്പും ഇത്തരം സൗഹൃദങ്ങൾക്ക് ഉപയോഗിക്കുന്നു.

 

ഫെയ്സ്ബുക് വ്യാജ പ്രൊഫൈലുകളുടെ ലോകം

 

വ്യാജമുഖങ്ങളെയും പൊയ്മുഖങ്ങളെയും സൃഷ്ടിക്കുകയാണു തിരിച്ചറിയാനാകാതെ പെരുകിക്കൊണ്ടേയിരിക്കുന്ന അക്കൗണ്ടുകളുടെ പ്രളയകാലമാണിത്. ഒന്നിനോടൊന്നു സാദൃശ്യം എല്ലാത്തിനും തോന്നിയാൽ പിന്നെ കണ്ടുനിൽക്കുന്നവർ മിഴിക്കാതെ എന്തുചെയ്യും. വെറുതെ ഒരു രസത്തിനു വേണ്ടി ഉണ്ടാക്കുന്നതു മുതൽ തട്ടിപ്പിനുവരെ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകൾ ജന്മമെടുക്കുന്നു.

 

വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിലും ജീവിതം തന്നെ തകരും. അറിയാത്ത ഐഡികളിൽ നിന്നുള്ള ചാറ്റ് റിക്വസ്റ്റുകൾക്ക് തമാശയ്ക്ക് പോലും റിപ്ലെ നൽകരുത്. ചിലപ്പോഴെങ്കിലും അവർക്ക് നമ്മുടെ കാര്യങ്ങൾ കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഒരിക്കൽ വീണുപോയാൽ തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കും. വിദ്യാർഥികളുടെ ഫെയ്സ്ബുക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കൾ നിരീക്ഷിച്ച് വേണ്ട നിർദേശങ്ങൾ നൽകുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി.

 

വ്യാജ ഫെയ്സ്ബുക് പ്രൊഫൈൽ എങ്ങനെ തിരിച്ചറിയാം?

 

∙ പ്രൊഫൈൽ ഫോട്ടോ പരിശോധിക്കുക. ആകെ ഒരു പ്രൊഫൈൽ ഫോട്ടോ മാത്രം അക്കൗണ്ടിൽ ഉള്ളൂവെങ്കിൽ വ്യാജനായിരിക്കും. പ്രൊഫൈൽ ചിത്രം സിനിമാ നടി/സുമുഖനായ പുരുഷൻ കൂടിയാണെങ്കിൽ ഫെയ്ക്ക് ആണെന്ന് ഉറപ്പിക്കാം. അല്ലെങ്കിൽ വ്യാജൻമാരുടെ ഫോട്ടോ ഫോൾഡറിൽ വ്യത്യസ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങൾ കാണാനാകും. അതിൽ ആരെങ്കിലും ടാഗ് ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നല്ലതാണ്.

 

∙ ടൈം ലൈനും, സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. ഏറെ കാലമായി ഒരു സ്റ്റാറ്റസും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ വ്യാജനാകാം. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. 43 ശതമാനം ഫെയ്ക്കുകളും ഒരിക്കൽ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാണ് എന്നതാണ് കണക്ക്. കൂടാതെ വാളിൽ ‘THANKS FOR ADDING, CAN WE BE FRIENDS, DO I KNOW YOU’ തുടങ്ങിയ ചില വാചകങ്ങൾ കാണുകയും അതിനാരും ഇതുവരെ മറുപടി നൽകിയിട്ടില്ലെങ്കിലും അതൊരു ഫെയ്ക്ക് ആയിരിക്കും.

 

∙ റീസെന്റ് ആക്റ്റിവിറ്റികൾ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിൻ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകൾ വ്യാജനായിരിക്കാം.

 

∙ ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, അല്ലെങ്കിൽ പുരുഷ അക്കൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരിക്കുന്നത് ഫെയ്ക്കിന്റെ ലക്ഷണമാണ്.

 

∙ ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ൽ കൂടുതൽ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്.

 

∙ ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങൾ വെറുതെ ചേർത്തിരിക്കുന്ന പേജ് ആണെങ്കിൽ ഫെയ്ക്ക് ആയിരിക്കും. ഒരു പെൺകുട്ടിയുടെ പ്രൊഫൈലിൽ ഫോൺ നമ്പർ ഉണ്ടെങ്കിൽ അതൊരു ഫെയ്ക്ക് ആകാനാണ് സാധ്യത. സാധാരണയായി ഭൂരിഭാഗം പെൺകുട്ടികളും ഫോൺ നമ്പർ ചേർക്കാറില്ല, അല്ലെങ്കിൽ പബ്ലിക്കായി ഇടാറില്ല.

 

∙ പ്രൊഫൈൽ ചിത്രങ്ങള്‍ ഉപയോഗിച്ച് ഗൂഗിൾ സേർച്ച് നടത്തിയാൽ ആ ഫോട്ടോയുടെ ഉറവിടം കണ്ടെത്താനും സാധിക്കും. പ്രൊഫൈൽ ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്തു ‘ Search Google for this image’ സെലക്റ്റ് ചെയ്താൽ മതി.

English Summary: Fake facebook account and abuse girls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com