ADVERTISEMENT

ഇന്ത്യന്‍ സൈന്യം ടിക്‌ ടോക്, ഡെയ്‌ലിഹണ്ട്, ഫെയ്‌സ്ബുക്, ട്രൂകോളര്‍, പബ്ജി, ഇന്‍സ്റ്റാഗ്രാം, സൂം, റെഡിറ്റ്, സ്‌നാപ്ചാറ്റ് തുടങ്ങി 89 ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സൈനികരോട് ആവശ്യപ്പെട്ടിരിക്കുകയാണല്ലോ. എന്തുകൊണ്ട് അമേരിക്കന്‍ സമൂഹ മാധ്യമ വെബ്‌സൈറ്റുകളെ വെള്ളപൂശുന്നു എന്നത് പലപ്പോഴും ഉയര്‍ന്നുവരുന്ന ചോദ്യങ്ങളിലൊന്നാണ്. ചൈനീസ് ആപ്പുകളെ പോലെ തന്നെ (ഒരു പക്ഷേ ചൈനീസ് ആപ്പുകളേക്കാള്‍ അതിനൂതന രീതികള്‍ അനുവര്‍ത്തിച്ച്) ഇവയും ഡേറ്റ കടത്തുന്നുവെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍, ഇതൊന്നും ചര്‍ച്ചയാകാറില്ല. എന്തായാലും ഇന്ത്യന്‍ സൈന്യം കൈക്കൊണ്ട ഈ നടപടി ഇക്കാര്യത്തില്‍ ലോകത്തിനു തന്നെ ഒരു മാതൃകയാകുമെന്നു കരുതാം. ഡേറ്റിങ് ആപ്പുകളും വേണ്ടെന്ന് സൈനികരോട് പറഞ്ഞിട്ടുണ്ട്.

 

∙ ജിയോമീറ്റിനെതിരെ സൂം കേസുകൊടുക്കുമോ? 

 

ലോക്ഡൗണ്‍ കാലത്ത് പെട്ടെന്നു പ്രശസ്തമായ വിഡിയോ കോളിങ് ആപ്പാണ് സൂം. ഈ സേവനത്തിനെതരിരെ സ്വകാര്യത പ്രശ്‌നമാണെന്നുള്ള ആരോപണങ്ങളൊക്കെ ഉയര്‍ന്നെങ്കിലും പലരും, അതൊന്നും പ്രശ്‌നമല്ല സൂമില്‍ ലഭിക്കുന്ന സൗകര്യങ്ങളാണ് തങ്ങള്‍ക്ക് ആവശ്യമെന്നു പറഞ്ഞ് ഉപയോഗിച്ചു വരികയായിരുന്നു. ഇത്തരം ലോക നിലവാരമുള്ള സേവനങ്ങള്‍ക്ക് ഒപ്പമോ മുന്നിലോ ആയിരുന്നു സൂമിന്റെ സ്ഥാനം. കഴിഞ്ഞയാഴ്ച ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോ മീറ്റ് കഴിഞ്ഞ ദിവസങ്ങളിലാണ് തങ്ങളുടെ വിഡിയോ കോളിങ് ആപ് ജിയോ മീറ്റ് അവതരിപ്പിച്ചത്. ഏതു രംഗത്താണെങ്കിലും മത്സരം ഉണര്‍വു പകരുന്ന ഒന്നാണ്. പ്രാദേശികമായ ഒരു എതിരാളി സൂമിന് വരുന്നുവെന്നു പറയുന്നത് നല്ല കാര്യം തന്നെയാണ്. എന്നാലിപ്പോള്‍, സൂം വിഡിയോ കമ്യൂണിക്കേഷന്‍സിന്റെ തലവവന്‍ പറയുന്നത് ജിയോമീറ്റില്‍ സൂമിനു സമാനമായ ഫീച്ചറുകള്‍ ചേര്‍ത്തിരിക്കുന്നതു കണ്ടു താന്‍ ഞെട്ടിപ്പോയെന്നാണ്. കമ്പനിക്കുള്ളില്‍ തന്നെ ജിയോ മീറ്റിനെതിരെ സൂം കേസുകൊടുക്കണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ടെന്നും പറയുന്നു.

 

അതു സംഭവിക്കുകയാണെന്ന് തങ്ങള്‍ക്കറിയമായിരുന്നു. അതു വരികയാണെന്ന് തങ്ങള്‍ക്കറിയാമായിരുന്നു. അതു നല്ലതാണ്, ഇതാദ്യമായി ഒന്നുമല്ല സൂം എതിരാളികളെ കാണുന്നത്. തങ്ങളുടെ ശക്തി തങ്ങളുടെ പ്രൊഡക്ടുകളാണ്. തങ്ങളുടെ എതിരാളകള്‍ എന്തു ചെയ്യുന്നുവെന്നത് അവരുടെ തന്ത്രത്തിന്റെ ഭാഗമാണെന്നും സൂം വിഡിയോ കമ്യൂണിക്കേഷന്‍സിന്റെ ഇന്ത്യന്‍ മേധാവി സമീര്‍ രാജെ പറഞ്ഞു. എന്നാല്‍, ജിയോ മീറ്റ് പരിശോധിച്ചപ്പോള്‍ രണ്ട് സേവനങ്ങളും തമ്മിലുള്ള സാമ്യം തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് രാജെ പറഞ്ഞു. ഇതേക്കുറിച്ച് തങ്ങളുടെ നിയമ വിഭാഗം പഠിച്ചുവരികയാണെന്നും വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കുമെന്നും രാജെ പറഞ്ഞു. ഫീച്ചറുകള്‍ ഇന്ത്യന്‍ കമ്പനികള്‍ അടിച്ചുമാറ്റിയതു കൂടാതെ, തങ്ങള്‍ ചൈനീസ് കമ്പനിയാണെന്ന പ്രചാരണവും അഴിച്ചുവിട്ടിരിക്കുകയാണെന്നും രാജെ പറഞ്ഞു. സൂം ഒരു അമേരിക്കന്‍ കമ്പനിയാണ്. നാസ്ഡാസ്‌കില്‍ തങ്ങളുടെ ഓഹരികള്‍ ട്രെയ്ഡു ചെയ്യപ്പെടുന്നു. തങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ രണ്ടു ഡേറ്റാ ശേഖരണ കേന്ദ്രങ്ങളുണ്ട്. സർക്കാരുമായി എല്ലാക്കാര്യങ്ങളും സർക്കാരുമായി ചര്‍ച്ച ചെയ്തു വരികയാണെന്നും രാജെ പറഞ്ഞു.

 

∙ മൈക്രോസോഫ്റ്റ് ടീംസില്‍ വിഡിയോ ഫില്‍റ്ററുകളും ഇമോജികളും

 

സൂമിന്റെ രാജ്യാന്തര എതിരാളികളിലൊരാളായ മൈക്രോസോഫ്റ്റ് ടീംസില്‍ പുതിയ ഫീച്ചറുകള്‍ എത്തിയിരിക്കുകയാണ്. കൂടുതല്‍ വിഡിയോ ഫില്‍റ്ററുകള്‍, ഇമോജികള്‍ എല്ലാം വിഡിയോ കോളിനിടയില്‍ ഇനി ഉപയോഗിക്കാനായേക്കും. ഇതിലൂടെ വിഡിയോ കോളിങ് കൂടുതല്‍ സ്വാഭാവികവും താത്പര്യജനകവുമാക്കാമെന്ന് കമ്പനി അറിയിച്ചു. പുതിയ ഫീച്ചറുകളില്‍ ഏറ്റവും പ്രധാനം ടുഗതര്‍ മോഡ് ആണ്. ഇതിലൂടെ സംസാരിക്കുന്ന ആളുകളുടെ മുഖത്തിനും ശരീരഭാഷയ്ക്കും കൂടുതല്‍ ശ്രദ്ധ ലഭിക്കും. ഇത് രണ്ടു മനുഷ്യര്‍ തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ സുപ്രധാനമാണെന്ന് കമ്പനി പറയുന്നു. ആയിരം പേര്‍ക്കു വരെ ഒരുമിച്ചു ചേരാവുന്ന മീറ്റിങുകള്‍ സംഘടിപ്പിക്കാമെന്നും കമ്പനി പറഞ്ഞു. മതചടങ്ങുകളും രാഷ്ട്രീയ മീറ്റിങുകളും മറ്റും കണ്ടാല്‍ മതിയെങ്കില്‍ 20,000 പേര്‍ക്കുവരെ ഒരേ സമയം പങ്കെടുക്കാമെന്നും അവര്‍ അറിയിച്ചു. പുതിയ ഫീച്ചറുകള്‍ ഈ വര്‍ഷം തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

 

∙ 'അപ്‌ലോഡ് ചെയ്യുന്ന പൈറേറ്റഡ് സിനിമകളെക്കുറിച്ച് അറിയിക്കേണ്ട ബാധ്യത യുട്യൂബിനില്ല'

 

സിനിമകള്‍ നിയമപരമല്ലാതെ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നത് നിര്‍മാതാക്കള്‍ക്ക് വളരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, ഇങ്ങനെ പൈറേറ്റു ചെയ്ത് സിനിമ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നവരുടെ ഇമെയിലൂം ഐപി അഡ്രസും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ട കാര്യമില്ല എന്നാണ് യൂറോപ്പിലെ പ്രധാന കോടതി വിധിച്ചിരിക്കുന്നത്. കോപ്പിറൈറ്റും ഒരാളുടെ സ്വകാര്യ വിവരങ്ങളും തമ്മില്‍ എന്തെങ്കിലും തരം സന്തുലിതാവസ്ഥ കൊണ്ടുവരേണ്ടതുണ്ട് എന്നാണ് കോടതി നിരീക്ഷിച്ചത്.

 

∙ ഷഓമി കെ20 പ്രോയുടെ വില കുറച്ചു

 

കരുത്തന്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ വേണമെന്നും അധികം കാശുമുടക്കാന്‍ താത്പര്യമില്ലെന്നുമുള്ളവര്‍ക്ക് പരിഗണിക്കാവുന്ന മോഡലായ ഷഓമി കെ20 പ്രോയുടെ വില കുറച്ചു- 6ജിബി റാമും, 128ജിബി സ്റ്റോറേജ് ശേഷിയുമുള്ള മോഡലിന് 24,999 രൂപയായിരിക്കും വില. ആമസോണില്‍ ഇപ്പോള്‍ത്തന്നെ ഈ മാറ്റം കാണാം. ക്വാല്‍കം 855 ആണ് പ്രോസസര്‍.

 

∙ ടെസ്‌ല ലെവല്‍ 5 ഓട്ടോണമസ് ഡ്രൈവിങ് ടെക്‌നോളജി ഉടന്‍ കൈവരിക്കും - മസ്‌ക്

 

ഓട്ടോണമസ് ഡ്രൈവിങ് സാങ്കേകിതവിദ്യയുടെ അടുത്ത പടിയായ ലെവല്‍ 5 തന്റെ കമ്പനിയായ ടെസ്‌ല അധികം താമസിയാതെ കൈവരിക്കുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചു.

 

English Summary: Army personnel told to delete Facebook, Instagram and 87 other apps by July 15; JioMeet copies Zoom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com