ADVERTISEMENT

ജൂത വിരോധം പ്രചരിപ്പിക്കുന്ന നാസി അനുകൂല വിഡിയോകള്‍ ടിക് ടോക്കില്‍ വലിയ തോതില്‍ പ്രചരിച്ചത് വിവാദമായി. ജനപ്രീതി കണക്കിലെടുത്ത് കൂടുതല്‍ പേരിലേക്ക് ടിക് ടോക്ക് വിവാദ വിഡിയോ എത്തിച്ചതോടെ മണിക്കൂറുകള്‍ക്കകം അറുപത് ലക്ഷത്തിലേറെ വ്യൂസ് നേടുകയും നിരവധി പതിപ്പുകളിറങ്ങുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷമാണ് ടിക് ടോക്ക് വിവാദ വിഡിയോകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായത്.

 

'ഓഷ്‌വിറ്റ്‌സിലേക്കാണ് നമ്മുടെ പോക്ക്. ഇത് 'സ്‌നാന' സമയമാണ്' എന്നതടക്കമുള്ള വരികളാണ് വിഡിയോയിലുള്ളത്. ഹിറ്റ്‌ലറുടെ നാസി ഭരണകാലത്തെ ജൂത കൂട്ടക്കൊലകള്‍ നടന്ന കുപ്രസിദ്ധമായ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളിലൊന്നാണ് ഓഷ്‌വിറ്റ്‌സ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഭരണത്തിന് കീഴിലായിരുന്ന പോളണ്ടിലെ ഓഷ്‌വിറ്റ്‌സില്‍ മാത്രം പത്ത് ലക്ഷത്തോളം മനുഷ്യരെയെങ്കിലും കൊന്നുതള്ളിയിട്ടുണ്ട്. മതപരമായ വിശ്വാസത്തിന്റെ ഭാഗമായുള്ള സ്‌നാനത്തിനെന്ന് പറഞ്ഞാണ് തടവിലാക്കിയ ജൂതരെ ഗ്യാസ് ചേംബറിലെത്തിച്ചിരുന്നത്. വെള്ളത്തിന് പകരം ഷവറുകളില്‍ നിന്നും ചീറ്റിയ വിഷവാതകം ശ്വസിച്ച് ഇവര്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.

 

ആ ദുരന്തത്തെ ആഘോഷിക്കും വിധമുള്ള വരികളും സംഗീതവുമാണ് വിഡിയോക്കെതിരെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഈ വിഡിയോയുടെ ദൃശ്യങ്ങള്‍ മാറ്റിക്കൊണ്ട് അതേ വരികളില്‍ ടിക് ടോക്കില്‍ പകര്‍പ്പുകള്‍ ഇറങ്ങുകയും ചെയ്തു. ഏതാണ്ട് നൂറോളം ടിക് ടോക്ക് ഉപയോക്താക്കളാണ് ഈ വിഡിയോയുടെ സ്വന്തം പതിപ്പുകളിറക്കിയത്.

 

റോബ്ലോക്‌സ് എന്ന കംപ്യൂട്ടര്‍ ഗെയിമിലെ ഹിറ്റ്‌ലറോട് സാമ്യമുള്ള രൂപം വെച്ചായിരുന്നു ഒരാള്‍ വിഡിയോ പുറത്തിറക്കിയത്. മറ്റൊരാള്‍ ഗ്രീൻ വാതകം ഉപയോഗിച്ച് ആളുകളെ കൊല്ലുന്ന ഒരു കംപ്യൂട്ടര്‍ ഗെയിമിലെ ദൃശ്യമാണ് വിഡിയോ നിര്‍മിക്കാന്‍ ഉപയോഗിച്ചത്. ഹോളോകാസ്റ്റിനെക്കുറിച്ചുള്ള സിനിമകളിലേയും ഡോക്യുമെന്ററികളിലേയും ദൃശ്യങ്ങളാണ് മറ്റുപലരും ഈ പാട്ടിനൊപ്പം ചേര്‍ത്തത്.

 

ഏതാണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ടിക് ടോക്ക് ഈ വിവാദ വിഡിയോകള്‍ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചത്. 

'സ്വസ്തിക ചിഹ്നമുള്ള ഒരു റോബോട്ട് ജൂതന്മാരെ പിടിക്കുകയും കൊല്ലുകയും ചെയ്യുന്ന വിഡിയോ നമ്മുടെ കുട്ടികളിലേക്കെത്തുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ജൂതരായവരെ കുടുംബത്തോടെ കൊല്ലുന്ന കാഴ്ച്ചക്ക് സന്തോഷിപ്പിക്കുന്ന സംഗീതമാണ് പശ്ചാത്തലത്തില്‍ ഉയരുന്നത്' എന്നായിരുന്നു ജൂതവിരുദ്ധതക്കെതിരെ ക്യാംപയിന്‍ നടത്തുന്ന സ്റ്റീഫന്‍ സില്‍വര്‍മാന്റെ പ്രതികരണം. ജൂതകൂട്ടക്കൊലകള്‍ പോലുള്ള സംഭവങ്ങളെ കളിയാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മീമുകള്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട് ടിക് ടോക്കില്‍.

 

ജനപ്രീതിയുള്ള വിഡിയോകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് ടിക് ടോക്കിനുള്ളത്. തങ്ങളുടെ അല്‍ഗോരിതത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് സ്വാഭാവികമായും ടിക് ടോക്ക് കൂടുതല്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇത്തരത്തില്‍ ജനപ്രീതി മാത്രം കണക്കിലെടുത്ത് വിഡിയോകള്‍ കൂടുതല്‍ പേരിലെത്തിക്കുന്നതിലെ അപകടമാണ് ജൂതവിരോധ വിഡിയോകള്‍ കാണിച്ചു തരുന്നത്. ഏതാണ്ട് എട്ട് മണിക്കൂറോളമെടുത്താണ് ഇതുമായി ബന്ധപ്പെട്ട എല്ലാ വിഡിയോകളും ടിക് ടോക്ക് നീക്കം ചെയ്തത്. 

ഇത് സംബന്ധിച്ച് ടിക് ടോക്ക് വക്താവ് തന്നെ പ്രതികരിക്കുകയും ചെയ്തു. 'ഉപഭോക്താക്കളുടെ സുരക്ഷയാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം. എന്തൊക്കെ സ്വകാര്യമല്ലെന്ന് ഞങ്ങളുടെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സില്‍ വ്യക്തമായി പറയുന്നുണ്ട്. വിദ്വേഷ പ്രചാരണത്തെ ഒരിക്കലും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. കൂടുതല്‍ സുരക്ഷിതമായ ഇടമാക്കി മാറ്റാന്‍ ടിക് ടോക്കിന്റെ ശ്രമങ്ങള്‍ തുടരും' എന്നാണ് കമ്പനി വക്താവ് പറഞ്ഞത്. 

 

ബ്രിട്ടനില്‍ നിന്നുള്ള ഒരു കൗമാരക്കാരനാണ് ഈ വിവാദ വിഡിയോ ആദ്യമായി ടിക് ടോക്കിലിട്ടത്. വിഡിയോ നീക്കം ചെയ്തതല്ലാതെ ഈ അക്കൗണ്ടിനെതിരെ ടിക് ടോക്ക് നടപടിയെടുത്തിട്ടില്ല. വിവാദ വിഡിയോക്ക് പിന്നാലെ തനിക്ക് 12,000 പുതിയ ഫോളോവേഴ്‌സിനെ ലഭിച്ചെന്ന 'സന്തോഷ'വും ഈ ടീനേജര്‍ പങ്കുവെച്ചിരുന്നു. കൗമാരക്കാരെ വഴിതെറ്റിക്കുന്നുവെന്ന ടിക് ടോക്കിനെതിരായ പരാതിക്ക് ആക്കം കൂട്ടുന്നതാണ് ഈ വിവാദവും.

 

English Summary: TikTok algorithm promoted anti-Semitic death camp meme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com