ADVERTISEMENT

സമൂഹ മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലുള്ള സ്വാധീനം ഇപ്പോള്‍ മിക്കയാളുകള്‍ക്കും മനസിലായിരിക്കുന്ന കാലമാണ്. കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രചാരണങ്ങള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഗുണകരമായെന്ന വിലയിരുത്തലും ഉണ്ട്. എന്നാല്‍, ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ട്രംപും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പ്രസിഡന്റിന്റെ വിവാദ പോസ്റ്റുകള്‍ നീക്കം ചെയ്യാതിരുന്നതാണ് പുതിയ ആരോപണത്തിനു പിന്നില്‍. ഇതു തള്ളിക്കളഞ്ഞു രംഗത്തു വന്നിരിക്കുകയാണ് സക്കര്‍ബര്‍ഗ്.

 

ട്രംപും സക്കര്‍ബര്‍ഗും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ഊഹം പരന്നു തുടങ്ങുന്നത് ഫെയ്‌സ്ബുക് മേധാവി പ്രസിഡന്റിന്റെ ഡിന്നര്‍ വിരുന്നില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ്. ഇരുവരും ആ സമയത്ത് സംഭാഷണത്തിലേര്‍പ്പെടുകയുമുണ്ടായി. താന്‍ ആ ക്ഷണം സ്വീകരിച്ചത്, താന്‍ അതേ പട്ടണത്തില്‍ ഉണ്ടായിരുന്നതു കൊണ്ടും, അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റാണ് എന്നതു കൊണ്ടുമാണ് എന്നാണ് സക്കര്‍ബര്‍ഗ് നല്‍കിയ വിശദീകരണം.

 

താനും ട്രംപും തമ്മില്‍ ഒരു രഹസ്യ ധാരണയുണ്ടെന്ന ആരോപണം ശ്രദ്ധിച്ചിരുന്നുവെന്നും അത്തരിത്തിലുള്ള ഒരു ഇടപാടിലും ഏര്‍പ്പെട്ടിട്ടില്ല എന്നുമാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്. അത്തരമൊരു ആശയം പോലും പരിഹാസ്യമാണ് എന്നാണ് ഫെയ്‌സ്ബുക് മേധാവി പറഞ്ഞത്. എന്നാല്‍, താനും പ്രസിഡന്റ് ട്രംപും ഇടയ്ക്കിടയ്ക്ക് സംസാരിക്കാറുണ്ട് എന്ന കാര്യവും സക്കര്‍ബര്‍ഗ് സമ്മതിച്ചു. അതുപോലെ മറ്റു പല രാജ്യത്തലവന്മാരുമായും താന്‍ ഇടയ്ക്കിടയ്ക്ക് സംസാരിക്കാറുണ്ടെന്നും സക്കര്‍ബര്‍ഗ് അവകാശപ്പെട്ടു. താനൊരു രാജ്യത്തലവനെ കണ്ടു എന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. അത് തങ്ങള്‍ തമ്മില്‍ ഒരു കരാറുണ്ടാക്കാനാണെന്ന വ്യാഖ്യാനം ശരിയല്ലെന്നും അദ്ദേഹം പറയുന്നു. താനും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായും ഇത്തരം കണ്ടുമുട്ടലുകളുണ്ടായിരുന്നു എന്നും സക്കര്‍ബര്‍ഗ് പറയുന്നു.

 

ഇത്തരം ഒരു ഉടമ്പടിയിലും എത്തിയിട്ടില്ലെന്നതിന് കൂടുതല്‍ തെളിവ് എന്ന നിലയിലാണ് ഫെയ്‌സ്ബുക് നേരിടുന്ന 500 കോടി ഡോളര്‍ പിഴ എടുത്തുകാണിച്ചത്. ട്രംപ് ഭരണകൂടത്തിനു കീഴിലുള്ള ആന്റിട്രസ്റ്റ് അന്വേഷകരാണ് ഫെയ്‌സ്ബുക്കിന് 500 കോടി ഡോളര്‍ പിഴ നിര്‍ദ്ദേശിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഈ ആരോപണത്തിനെതിരെ സക്കര്‍ബര്‍ഗ് ചൂണ്ടിക്കാണിച്ചത് ട്രംപുമായി കമ്പനിക്ക് പല കാര്യങ്ങളിലും നിലനില്‍ക്കുന്ന വിയോജിപ്പുകളാണ്. ട്രംപിന്റെ കുടിയേറ്റ നയമടക്കം പലതിനോടും തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. ട്രംപിന്റെ കീഴില്‍ അമേരിക്ക പാരിസ് കരാറില്‍ നിന്ന് പിന്നാക്കം പോന്നതിനോടും തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ സമൂഹത്തില്‍ വിള്ളലുണ്ടാക്കുന്ന തരം പ്രസ്താവനകളെയും താന്‍ അനുകൂലിക്കുന്നില്ലെന്നും ഫെയ്‌സ്ബുക് മേധാവി പറഞ്ഞു. ഫെയ്‌സ്ബുക്കിലെ ചില ജോലിക്കാര്‍പോലും സക്കര്‍ബര്‍ഗ് ട്രംപിനോട് അല്‍പ്പം ചായ്‌വു കാണിക്കുന്നുവെന്ന അഭിപ്രായക്കാരാണ്.

 

ഫെയ്‌സ്ബുക്കിനെതിരെ തുടങ്ങിയ സ്റ്റോപ് ഹെയ്റ്റ് ഫോര്‍ പ്രൊഫിറ്റ് പ്രചാരണ പരിപാടികളും, സമൂഹ മാധ്യമ ഭീമന് പരസ്യം നല്‍കില്ലെന്ന പല കമ്പനികളും സ്വീകരിച്ച നിലപാടും അവര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. അമേരിക്കയിലെ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപ് ഇട്ട പോസ്റ്റ് ട്വിറ്റര്‍ നീക്കംചെയ്തുവെങ്കിലും ഫെയ്‌സ്ബുക് അത് തുടരാന്‍ അനുവദിച്ചു എന്നതാണ് ഇപ്പോള്‍ കമ്പനിക്കെതിരെ നടക്കുന്ന നീക്കങ്ങളിലേക്ക് നയിച്ച പ്രധാന സംഭവവികാസങ്ങളിലൊന്ന്. ഇത് അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നതാണ് എന്നാണ് ഫെയ്‌സ്ബുക്കിന്റെ പേരില്‍ ഉയര്‍ന്ന ആരോപണം.

 

ഇതേതുടര്‍ന്ന് ഫെയ്‌സബുക് കണ്ടെന്റ് നിയന്ത്രിക്കാനുള്ള പല നടപടിക്രമങ്ങളും തുടങ്ങുമെന്ന് അറിയിച്ചിരുന്നു. തങ്ങള്‍ക്ക് പൈസ നൽകിയ ശേഷം ഇടുന്ന പരസ്യങ്ങളില്‍ പോലും വിദ്വേഷം പരത്തുന്ന കണ്ടെന്റ് ഉണ്ടെങ്കില്‍ നീക്കം ചെയ്യുമെന്നും പൊതുപ്രവര്‍ത്തകരുടെയടക്കം പ്രശ്‌നം സൃഷ്ടിച്ചേക്കാവുന്ന പ്രസ്താവനകള്‍ നീക്കംചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടയില്‍ എല്ലാ രാഷ്ട്രീയ പരസ്യങ്ങളും വേണ്ടന്നുവയ്ക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

അടുത്തിടെ സക്കര്‍ബര്‍ഗ് ട്രംപ് ഭരണകൂടത്തിനെതിരെ കുറിച്ച് വിമര്‍ശനാത്മക നിലപാടുകളും സ്വീകരിക്കുന്നുണ്ടെന്നു കരുതുന്നവരും ഉണ്ട്. പല പരസ്യദായകരും ഫെയ്ബുക്കിന് പരസ്യം നല്‍കുന്ന കാര്യം പുനഃപരിശോധിച്ചു തുടങ്ങിയതാണ് സക്കര്‍ബര്‍ഗിന് വീണ്ടുവിചാരമുണ്ടാക്കിയെതന്നും കരുതുന്നു.

 

English Summary: Zuckerberg denies 'special' deal with Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com