sections
MORE

ഇന്ത്യയിലെ ടിക്‌ടോക് പ്രശസ്തരുടെ ഭാവിയെന്താകും? അവരുടെ മുന്നിലുള്ള സാധ്യതകള്‍ എന്തെല്ലാം?

Shivani-Fizza-sangeeta
ടിക്ടോക് താരങ്ങളായ ശിവാനി, ഫിസ, സംഗീത
SHARE

സുപ്രശസ്ത വിഡിയോ ക്ലിപ് ഷെയറിങ് ആപ് ആയ ടിക്‌ടോക് നിരോധിച്ചതോടെ ഇന്ത്യയില്‍ പ്രതിസന്ധിയിലാകുന്നത് വര്‍ഷങ്ങളായി ഈ ആപ്പിനെ ഗൗരവത്തിലെടുത്ത് തങ്ങളുടെ സമയം വിനിയോഗിച്ചുവന്ന ഏകദേശം 12 ലക്ഷത്തോളം കണ്ടെന്റ് സൃഷ്ടാക്കളാണ്. ചിലരെല്ലം നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു പോലും ടിക്‌ടോകിന്റെ ആകര്‍ഷണ വലയത്തില്‍ പെടുകയും ലക്ഷക്കണക്കിന് സംതൃപ്തരായ ഫോളോവര്‍മാരെ ഉണ്ടാക്കിയെടുക്കുകയും ചെയ്ത പലരും ഇപ്പോഴും ഞെട്ടലിലാണ്. ഇവരില്‍ ചിലര്‍ ഇപ്പോള്‍ പ്രതികരിക്കാതിക്കുന്നത് പ്രശ്‌നങ്ങള്‍ മാസങ്ങളെടുത്താണെങ്കിലും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. പക്ഷെ, അങ്ങനെ സംഭവിച്ചില്ലെങ്കിലോ?

ടിക്‌ടോക് പോയതോടെ തന്റെ രണ്ടുവര്‍ഷത്തെ ജീവിതവും പോയി എന്നാണ് ഈ പ്ലാറ്റ്‌ഫോം സജീവമായി ഉപയോഗിച്ചുവന്ന ഗുജറാത്തുകാരിയായ ശിവാനി കപില പഞ്ഞത്. ശിവാനിക്ക് ഒരു കോടി ആറു ലക്ഷം (10.6 ദശലക്ഷം) ഫോളോവര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ആപ് നിരോധിക്കപ്പെട്ടതിന്റെ സങ്കടത്തില്‍ നിന്ന് ശിവാനി ഇതുവരെ മുക്തയായിട്ടില്ല. ഈ ആപ്പിന്റെ സാധ്യതകള്‍ പഠിക്കാനായി രണ്ടുവര്‍ഷമാണ് ശിവാനി ചെലവിട്ടത്. ഹ്യൂമന്‍ റിസോഴ്‌സസ് എക്‌സിക്യൂട്ടീവ് ആയി ഉള്ള തന്റെ ജോലി ഉപേക്ഷിച്ചാണ് ശിവാനി ടിക്‌ടോകില്‍ പ്രതീക്ഷയര്‍പ്പിച്ചത്. ടിക്‌ടോകിലെ മറ്റൊരു മിന്നും താരമാണ് ഗീത് (Geet) എന്നറിയപ്പെടുന്ന സംഗീതാ ജെയിന്‍. ഗീതിനും ഒരു കോടിയിലേറെ ഫോളോവര്‍മാരുണ്ടായിരുന്നു. അമേരിക്കയില്‍ അഭിഭാഷികയായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന സംഗീതയ്ക്ക് ടിക്‌ടോക് കമ്പം കയറുന്നത്. തുടര്‍ന്ന് ഒരു മുഴുവന്‍ സമയ ടിക്‌ടോക് കണ്ടെന്റ് ക്രീയേറ്ററാകുകയായിരുന്നു. മൂന്നു ചാനലുകളാണ് സംഗീതയ്ക്ക് ഉണ്ടായിരുന്നത്. സംതൃപ്തരായ ഒരു കോടിയിലേറെ ഫോളോവര്‍മാരും ഉണ്ടായിരുന്നു. പ്രചോദനം പകരുന്ന വിഡിയോകള്‍, സ്വയംപര്യാപ്തരാകാനുള്ള പ്രേരണ നല്‍കുന്ന വിഡിയോകള്‍, ഇന്ത്യക്കാര്‍ക്ക് ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം നല്‍കാനുള്ള വിഡിയോകള്‍ തുടങ്ങിയവയാണ് ടിക്‌ടോക്കില്‍ തന്റെ ഫോളോവര്‍മാര്‍ക്കായി സംഗീത അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നത്.

ടിക്‌ടോക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതോടെ ശിവാനിയെയും സംഗീതയെയും പോലെ ഈ പ്ലാറ്റ്‌ഫോമിനെ, ഒരു മിനിറ്റിനുള്ളില്‍ വിജ്ഞാനം പകരാനുള്ള ഒരു ടൂളായി വളര്‍ത്തിയെടുത്ത പലര്‍ക്കും ദശലക്ഷക്കണക്കിനു ഫോളോവര്‍മാരെയാണ് നഷ്ടപ്പെട്ടത്. പ്രധാന വരുമാനമാര്‍ഗവും. ഇനിയിപ്പോള്‍ ഇവര്‍ക്കൊക്കെ രണ്ടു സാധ്യതകളാണുള്ളത് - ഒന്നുകില്‍ യുട്യൂബിലേക്കു കുടിയേറുക അല്ലെങ്കില്‍ ടിക്‌ടോക്കിനു പകരക്കാരായി ഭാവിക്കുന്ന ആപ്പുകളിലൊന്നില്‍ ഭാഗ്യപരീക്ഷണം നടത്തുക. ടിക്‌ടോക് നിരോധനം പല കണ്ടെന്റ് ക്രീയേറ്റര്‍മാരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പലരും ഇപ്പോഴും കരുതുന്നത് തങ്ങളുടെ പ്രിയപ്പെട്ട പ്ലാറ്റ്‌ഫോം മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തുമെന്നു തന്നെയാണ്. എന്നാല്‍ അതു സംഭവിച്ചില്ലെങ്കില്‍  ഇത്തരക്കാര്‍ക്ക് അതൊരു വലിയ ആഘാതം തന്നെ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

ടിക്‌ടോക്കിലെ ഇത്തരം കണ്ടെന്റ് ക്രീയേറ്റര്‍മാര്‍ പല ബ്രാന്‍ഡുകളുടെയും പ്രമോട്ടര്‍മാരാണ്. എന്നാല്‍, ഇവരുടെ സേവനമില്ലാതായാലും ബ്രാന്‍ഡുകള്‍ക്ക് ഒന്നും സംഭവിക്കില്ല. പക്ഷേ, എല്ലാ കണ്ടെന്റ് ക്രീയേറ്റര്‍മാര്‍ക്കും മറ്റൊരു സുരക്ഷിതമായ പ്ലാറ്റ്‌ഫോം കണ്ടെത്തി വേണ്ടത്ര ഫോളോവര്‍മാരെ ഉണ്ടാക്കിയെടുക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്തായാലും പുതിയ മേച്ചില്‍പ്പുറം കണ്ടെത്തുന്നതു വരെ അവരുടെ വരുമാനത്തില്‍ കാര്യമായ ഇടിവു തന്നെ സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. നിരോധിക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ ഏകദേശം 200 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളായിരുന്നു ടിക്‌ടോക്കിന് ഉണ്ടായിരുന്നത്. കുറിയ വിഡിയോകള്‍ സൃഷ്ടിക്കുക എന്നതും, കാണുക എന്നതും ഇന്ത്യയുടെ ഇടത്തരം നഗരങ്ങളിലുള്ളവര്‍ക്ക് ഹരമായിരുന്നു. ഇവരില്‍ പലരും ആദ്യമായി സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരും ആയിരുന്നു. ഒരു മിനിറ്റിനുള്ളില്‍ ഒരു ആശയം വെളിപ്പെടുത്തുന്ന രീതി, ഉദ്ധരണികള്‍ വായിക്കുന്നതു പോലെയോ, ഹൈക്കൂ കവിതകള്‍ വായിക്കുന്നതു പോലെയോ അത്രയ്ക്ക് ലളിതമായിരുന്നു. അതില്‍നിന്ന് എന്തെങ്കിലും ലഭിച്ചില്ലെങ്കിലും പോലും ആളുകള്‍ അതീവ സംതൃപ്തരായിരുന്നു. ഹിന്ദി മേഖലയിലും ചെറിയ പട്ടണങ്ങളിലും ഹരമായി തീരുകയായിരുന്നു ഈ പ്ലാറ്റ്‌ഫോം. അടുത്തിടെ ഹൈപ്പര്‍ഓഡിറ്റര്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയത് 12 ശതമാനം ടിക്‌ടോക് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ഒരു ലക്ഷത്തിലേറെ ഫോളോവര്‍മാരുണ്ടായിരുന്നു എന്നാണ്.

എന്തായാലും, ടിക്‌ടോക് ആപ്പുണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ക്ക് കസറാനാകൂ എന്ന നിര്‍ബന്ധബുദ്ധിയൊന്നും സംഗീത അടക്കമുളള പല കണ്ടെന്റ് ക്രീയേറ്റര്‍മാര്‍ക്കുമില്ല. താനിപ്പോഴും മനസിനിണങ്ങിയ മറ്റൊരു ആപ് കണ്ടെത്തിയിട്ടില്ലെന്ന് സംഗീത പറയുന്നു. എന്നാല്‍, താനും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരും, യുട്യൂബും, ഇന്‍സ്റ്റഗ്രാമുമാണ് പരിഗണിക്കുന്നതെന്ന് സംഗീത പറയുന്നു. തനിക്ക് പത്തു ദിവസത്തിനുള്ളല്‍ 30,000 ഫോളവേഴ്സിനെ യുട്യൂബില്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍, ഒരു കോടിയിലേറെ ഫോളോവര്‍മാരുണ്ടായിരുന്ന ഒരാള്‍ക്ക് ഇതൊരു ചെറിയ സംഖ്യയാണെന്നും അവര്‍ പറയുന്നു. എല്ലാം ഒന്നേന്നു തുടങ്ങാന്‍ കഠിനാധ്വാനം തന്നെ വേണമെന്നും അതൊരു പേടസ്വപ്‌നമാണെന്നും സംഗീത പറയുന്നു. ടിക്‌ടോകിന്റെ അനായാസതയാണ് തന്നെയും മറ്റും അതിലേക്ക് ആര്‍ഷിച്ചതെന്ന് അവര്‍ പറയുന്നു. ഒരു ടിക്‌ടോക് വിഡിയോ തനിക്കു തന്നെ എഡിറ്റു ചെയ്യാം. എന്നാല്‍, യുട്യൂബ് വിഡിയോ തയാറാക്കണമെങ്കില്‍ എഡിറ്ററുടെയും ഗ്രാഫിക്‌സ് ഡിസൈനറുടെയും സഹായം തേടണമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഭാഷയുടെയും പ്രദേശത്തിന്റെയും അതിരുകള്‍ ലംഘിച്ച് കണ്ടെന്റ് പ്രേക്ഷകരിലെത്തിക്കാന്‍ ടിക്‌ടോകിനു സാധിച്ചിരുന്നുവെന്നും സംഗീത പറയുന്നു. ടിക്‌ടോകിന്റെ മികവോടെ പുതിയ ആപ്പുകള്‍ എത്തുമെന്നും അവ തരംഗമാകുമെന്നും കരുതാം.

English Summary: What next for TikTok creators?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA