ADVERTISEMENT

യുട്യൂബില്‍ നിലവാരമില്ലാത്ത ഒരു പാട്ടു കാണുമ്പോള്‍ ഇതിനെങ്ങനെ ഇത്ര വ്യൂസ് കിട്ടിയെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ടോ? ചലരുടെ പ്രൊഫൈലിലെ ലൈക്കുകളും കമന്റുകളും കണ്ട് കണ്ണുതള്ളി നിന്നിട്ടുണ്ടോ? ഉവ്വ്, വ്യാജ ഫോളോവര്‍മാരെയും വ്യൂസും ലൈക്‌സും കമന്റ്‌സും എല്ലാം സൃഷ്ടിച്ചു നല്‍കുന്ന രാജ്യാന്തര ബന്ധമുള്ള തട്ടിപ്പുകാര്‍ ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നുവെന്നാണ് മുംബൈ പൊലീസ് നല്‍കുന്ന വിവരം. ഇതേക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, താഴെ പറയുന്ന കാര്യങ്ങള്‍ ലൈക്കുകളെയും വ്യൂകളെയും കുറിച്ചുള്ള ചില ധാരണകള്‍ മാറ്റി എഴുതിയേക്കും.

 

യുട്യൂബില്‍ 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം വ്യൂ ലഭിച്ച പാട്ട് എന്ന റെക്കോഡ് നേടാനായി താന്‍ 72 ലക്ഷം രൂപ നല്‍കിയെന്ന് റാപ് പാട്ടുകാരന്‍ ബാദ്ഷാ സമ്മതിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. പാഗല്‍ ഹായ് എന്ന പാട്ടിനാണ് വ്യാജ വ്യൂ കാശുകൊടുത്തു വാങ്ങിയതെന്നാണ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിനോട് പാട്ടുകാരന്‍ സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്. തനിക്ക് 24 മണിക്കൂറിനുള്ളല്‍ ഏറ്റവുമധികം വ്യൂ കിട്ടിയ വിഡിയോയ്ക്കുള്ള റെക്കോഡ് നേടാനായാണ് ബാദ്ഷാ ഈ പണി കാണിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് നന്ദകുമാര്‍ താക്കൂര്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. 

 

എന്നാല്‍, താന്‍ അത്തരം പ്രവര്‍ത്തിയൊന്നും നടത്തിയിട്ടില്ലെന്ന് ബാദ്ഷാ പിടിഐ വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. ഈ ആരോപണം താന്‍ പാടേ തള്ളിക്കളയുകയാണെന്നും പാട്ടുകാരന്‍ പറഞ്ഞു. അത്തരം നീക്കങ്ങളിലൊന്നും താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, പൊലീസിന്റെ അന്വേഷണത്തോട് താന്‍ സഹകരിക്കുകയാണെന്നും ബാദ്ഷാ പറഞ്ഞു.

 

എന്നാല്‍, പൊലീസ് പറയുന്നത് ഇയാള്‍ 72 ലക്ഷം രൂപ നല്‍കി 7.2 കോടി വ്യൂസ് വിലയ്ക്കു വാങ്ങുകയായിരുന്നു എന്നാണ്. പാഗല്‍ ഹായ് എന്ന പാട്ടിന് 24 മണിക്കൂറിനുള്ളില്‍ യുട്യൂബില്‍ 75 ദശലക്ഷം വ്യൂസ് കിട്ടിയിരുന്നതായി ബാദ്ഷാ കഴിഞ്ഞ വര്‍ഷം അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദം യുട്യൂബിന്റെ അധികാരികള്‍ തള്ളിക്കളയുകയായിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അധികാരികള്‍ 250 ലേറെ ചോദ്യങ്ങളാണ് പാട്ടുകാരന് നല്‍കിയത്. ബാദ്ഷാ എന്ന് അറിയപ്പെടുന്ന പാട്ടുകാരന്റെ ശരിക്കുള്ള പേര് ആദിത്യാ സിങ് എന്നാണ്. ചോദ്യാവലിക്കുള്ള ഉത്തരമായി, താന്‍ 18 ശതമാനം നികുതിയടക്കം സോഷ്യല്‍ മീഡിയ ലൈക്കുകള്‍ വാങ്ങാനായി 72 ലക്ഷം രൂപ നല്‍കിയതായി പാട്ടുകാരന്‍ സമ്മതിച്ചുവെന്നാണ് പൊലീസ് ഭാഷ്യം.

 

പാഗല്‍ ഹായ് കൂടാതെ സമൂഹ മാധ്യമങ്ങളില്‍ ലൈക്കു നേടിയ ഇയാളുടെ മറ്റു പാട്ടുകളേക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നു പൊലീസ് അറിയിച്ചു. എപിഐ സച്ചിന്‍ വെയ്‌സ് നയിച്ച ക്രൈം ഇന്റലിജന്‍സ് യൂണിറ്റാണ് വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫോളോവേഴ്‌സിനെ വില്‍ക്കുന്ന റാക്കറ്റിനെ കണ്ടെത്തിയത്. ഫോളോവേഴ്‌സ്, വ്യൂസ്, ലൈക്‌സ് തുടങ്ങിയവ പല ശരിക്കുള്ള അക്കൗണ്ടുകാര്‍ക്കും വിറ്റാണ് ഇവര്‍ പണമുണ്ടാക്കുന്നത്. മറ്റു പല വഞ്ചനകളും ഈ ഗ്രൂപ് ചെയ്യുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇവര്‍ ഇതുവരെ 20 പേരുടെ മൊഴിയെടുക്കുകയുണ്ടായി. ഇവരില്‍ സെലബ്രിറ്റികള്‍, സമൂഹ മാധ്യമ മാര്‍ക്കറ്റിങ് വിഭാഗക്കാര്‍ എന്നിവരുള്‍പ്പെടും.

 

ഭൂമി ത്രിവേദി എന്ന പാട്ടുകാരി, തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ സൃഷ്ടിക്കുകയും അതുപയോഗിച്ച് മറ്റു പലരെയും കബളിപ്പിക്കുകയും ചെയ്യുന്നുവെന്നു നല്‍കിയ പരാതിയെക്കുറിച്ചു നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് പുതിയ കണ്ടെത്തല്‍. പരാതി ലഭിച്ച ശേഷം അഭിഷേക് ഡാവദെ എന്ന 21 കാരന്റെ ഓണ്‍ലൈന്‍ ചെയ്തികള്‍ വീക്ഷിച്ച ശേഷം കുര്‍ലയില്‍ വച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് കോടിക്കണക്കിനു വ്യാജ ലൈക്കുകളും മറ്റും നല്‍കുന്ന രാജ്യാന്തര ബന്ധമുള്ള ഒരു വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്ന വിവരം മനസിലാക്കിയെടുത്തത്. വ്യാജ പ്രൊഫൈലുകള്‍, ഫോളോവര്‍മാര്‍, വ്യൂസ്, കമന്റ്‌സ്, ലൈക്‌സ് തുടങ്ങിയവയെല്ലാം തരപ്പെടുത്തിക്കൊടുക്കുന്നതാണ് ഇവരുടെ തൊഴില്‍.

 

English Summary: Badshah accused of buying fake YouTube views for 72 lakh, rapper denies claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com