ADVERTISEMENT

വിപണിമൂല്യം കണക്കിലെടുത്താല്‍ ലോകത്തെ ആദ്യ പത്തു കമ്പനികളിലൊന്നാണ് ടെന്‍സെന്റ്. എന്നാല്‍, ടെന്‍സെന്റിനേക്കാള്‍ ഇവരുടെ ആപ്ലിക്കേഷനായ വിചാറ്റാണ് പ്രസിദ്ധം. 1998 ല്‍ തുടങ്ങിയ വിചാറ്റിന് ഇപ്പോഴുള്ള നൂറ് കോടിയിലേറെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ചൈനയിലാണ്. ചാറ്റിങ്, ഷോപ്പിങ്, വിഡിയോ, ഗെയിം, ഭക്ഷണം ഓര്‍ഡര്‍ചെയ്യാന്‍, ടാക്‌സി തുടങ്ങി ചൈനക്കാരുടെ മിക്ക ആവശ്യങ്ങള്‍ക്കുമുള്ള ഓണ്‍ലൈന്‍ ഒറ്റമൂലിയാണ് വിചാറ്റ്.

 

മോദിയുെ ട്രംപും നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് വിചാറ്റും ടെന്‍സെന്റും വാര്‍ത്തകളില്‍ നിറയുന്നത്. ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഏറെ മുൻപ് തന്നെ ചൈന നിരവധി ജനപ്രിയ ആപ്ലിക്കേഷനുകള്‍ നിരോധിച്ചിട്ടുണ്ട്. ജിമെയിലും യുട്യൂബും അടക്കമുള്ള ഗൂഗിള്‍ ആപ്ലിക്കേഷുകള്‍, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, പിന്‍ട്രസ്റ്റ്, സ്‌നാപ്ചാറ്റ്, ഡെയ്‌ലിമോഷന്‍, വിമെയോ, മൈക്രോസോഫ്റ്റ് വണ്‍ ഡ്രൈവ്, ഗൂഗിള്‍, ആമസോണ്‍ അലക്‌സ, വിക്കിപീഡിയ, യാഹൂ, ഡക്ഡക്‌ഗോ, വാട്‌സാപ്, ഫെയ്സ്ബുക് മെസഞ്ചര്‍, ടെലഗ്രാം, ബ്ലോഗ്‌സ്‌പോട്ട്, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയവയൊന്നും ചൈനയില്‍ ലഭ്യമല്ല. ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി, വാള്‍സ്ട്രീറ്റ് ജേണല്‍, റോയിട്ടേഴ്‌സ്, സിഎന്‍എന്‍, ടൈം എന്നിവയൊന്നും ചൈനയില്‍ ഓണ്‍ലൈനിലും കിട്ടില്ല.

 

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചൈനക്കാരുടെ ഫെയ്സ്ബുക്കും ഗൂഗിളും യുട്യൂബും നെറ്റ്ഫ്‌ളിക്‌സും പേപാലും സ്‌പോട്ടിഫൈയും മാര്‍വെലുമെല്ലാം വിചാറ്റ് അടക്കമുള്ള ടെന്‍സെന്റ് വെബ് സൈറ്റുകളാണ്. 2017ല്‍ നടത്തിയ ഒരു സര്‍വേയില്‍ മൂന്നില്‍ രണ്ട് ചൈനക്കാരും വിചാറ്റ്, ക്യുക്യു എന്നീ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഒരു ദിവസം ചൈനക്കാര്‍ ഈ ആപ്ലിക്കേഷനുകളില്‍ ആകെ ചെലവിടുന്നത് 170 കോടി മണിക്കൂറുകളാണ്!.

 

വിപണിമൂല്യം കണക്കിലെടുത്താല്‍ ലോകത്ത് എട്ടാം സ്ഥാനത്തുള്ള കമ്പനിയാണ് ടെന്‍സെന്റ്. ദിവസങ്ങള്‍ക്ക് മുൻപാണ് ചൈനയിലെ ഏറ്റവും വലിയ ധനികനായി ടെന്‍സെന്റ് സ്ഥാപകനും സിഇഒയുമായ മാ ഹുവാറ്റെംഗ് മാറിയത്. പോണി മാ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ആസ്തി ഏതാണ്ട് 3.7 ലക്ഷം കോടി രൂപയാണ്. ഹോങ്കോങിന് വടക്ക് ഷെന്‍സെനില്‍ 1998 ലാണ് ടെന്‍സെന്റ് സ്ഥാപിക്കുന്നത്. 2004ല്‍ ഹോങ്കോങ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ടെന്‍സെന്റിന് ലോകമെങ്ങും ഓഫിസുകളും കമ്പനികളുമുണ്ടെങ്കിലും ആസ്ഥാനം ഇപ്പോഴും ഷെന്‍സെന്‍ തന്നെ. 

 

ഓണ്‍ലൈന്‍ ഗെയിമുകള്‍, വിഡിയോ, ലൈവ് സ്ട്രീമിങ്, വാര്‍ത്ത, സംഗീതം, സാഹിത്യം, ഷോപ്പിങ് തുടങ്ങി പബ്ജി മൊബൈല്‍സ്, ലീഗ് ഓഫ് ലെജന്റ്‌സ് അടക്കമുള്ള ജനപ്രിയ ഗെയിമുകള്‍ വരെ ടെന്‍സന്റിന് കീഴില്‍ വരുന്നു. ഈ ഏകീകൃത സ്വഭാവത്തിന് ദോഷഫലങ്ങളും നിരവധിയാണ്. ചൈനീസ് ഭരണകൂടത്തിന് പൗരന്മാരെ നിരീക്ഷിക്കാനുള്ള എളുപ്പവഴി കൂടിയാണ് ടെന്‍സന്റ് വെബ് സൈറ്റുകളെന്നതാണ് ഇതില്‍ പ്രധാനം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ വിചാറ്റ് ബ്ലോക്ക് ചെയ്യുന്നത് അപൂര്‍വ്വമല്ല. അന്വേഷണങ്ങളില്‍ വിചാറ്റ് അടക്കമുള്ളവയിലെ സ്വകാര്യ സന്ദേശങ്ങള്‍ തെളിവുകളാകുന്നതും സാധാരണം. 

ഓഗസ്റ്റ് ആറിന് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറാണ് ഇപ്പോള്‍ വിചാറ്റും ടിക്‌ടോകും അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളെ ആപ്പിലാക്കിയിരിക്കുന്നത്. അമേരിക്കക്കാരുടെ സ്വകാര്യ വിവരം സംരക്ഷിക്കാനാണ് നിരോധനമെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. വിചാറ്റിനെതിരെ നിരോധനം ഏര്‍പ്പെടുത്തുമ്പോഴും ടെന്‍സെന്റിനെതിരെ നേരിട്ടുള്ള നടപടിക്ക് അമേരിക്ക മുതിര്‍ന്നിട്ടുമില്ല. 

 

ടെന്‍സെന്റിന്റെ വെബ് സൈറ്റുകളുടെ പ്രധാന കേന്ദ്രം ചൈനയാണ്. 2019ല്‍ കമ്പനി നേടിയ വരുമാനത്തില്‍ അഞ്ച് ശതമാനം മാത്രമാണ് ചൈനക്ക് പുറത്തു നിന്നുള്ളത്. അതുകൊണ്ട് ടെന്‍സെന്റിനെ മൊത്തത്തില്‍ ഈ നിരോധനം വലിയതോതില്‍ ബാധിക്കില്ലെന്ന് തോന്നാം. എന്നാല്‍, ചൈനക്ക് പുറത്തേക്ക് വളരാനുള്ള വിചാറ്റിന്റേയും ടെന്‍സെന്റിന്റേയും പരിപാടികള്‍ക്ക് വന്‍ തിരിച്ചടിയാണ് അമേരിക്കയുടെ നിരോധനം.

 

English Summary: Why Tencent and WeChat Are Such a Big Deal in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com