ADVERTISEMENT

ഫെയ്‌സ്ബുക്കിന്റെ വിദ്വേഷക പോസ്റ്റുകള്‍ക്കു നടപടിയെടുക്കാനുളള നിയമങ്ങള്‍ ബിജെപി നേതാക്കള്‍ക്കെതിരെ പ്രയോഗിച്ചാല്‍ പിന്നെ ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കാനാവില്ലെന്ന കാരണത്താല്‍ അവ കാണാത്തതുപോലെ നടിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ കൃത്യമായി എടുത്തുകാണിക്കുന്ന സംഭവമാണ് ദി വാള്‍സ്ട്രീറ്റ് ജേണല്‍ ഇപ്പോള്‍ തുറന്നു കാണിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അങ്കി ദാസാണ് ബിജെപി നേതാക്കളുടെ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ക്കെതിരെ നടപിടവേണ്ടെന്നു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

 

ഫെയ്‌സ്ബുക്കിന്റെ നിയമങ്ങള്‍ പാലിക്കപ്പെടുകയായിരുന്നെങ്കില്‍ കുറഞ്ഞത് നാലു ബിജെപി നേതാക്കള്‍ക്കോ ഗ്രൂപ്പുകള്‍ക്കൊ എതിരെ നടപടി എടുക്കേണ്ട അവസരമുണ്ടായിരുന്നു. എന്നാല്‍, കമ്പനിയുടെ ഇന്ത്യയിലെ ഒരു മേധാവി അതു വേണ്ടെന്നു പറഞ്ഞ് എതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അവര്‍ അക്രമം പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നുള്ളതു പോലും മാറ്റിവച്ചാണ് നടപടി വേണ്ടെന്ന് കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിനുള്ളില്‍ തന്നെ, ഇവര്‍ നടത്തിയ പോസ്റ്റുകള്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുള്ളവയായി കണ്ടെത്തിയിരുന്നു. മിക്ക രാജ്യങ്ങളിലും ഫെയ്‌സബുക് നടപടി എടുക്കുകയും ചെയ്യുമായിരുന്നു. അപ്പോഴാണ് അങ്കി ദാസിന്റെ ഇടപെടല്‍ ഉണ്ടായത് എന്നാണ് ആരോപണം.

 

എന്നാല്‍, ബിജെപി നേതാക്കള്‍ നടത്തിയിരിക്കുന്ന അതിലംഘിക്കലിനെതിരെ നടപടിയെടുത്താല്‍ ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്റെ ബിസിനസ് താത്പര്യങ്ങള്‍ ഹനിക്കപ്പെടും എന്നാണ് അങ്കി ദാസ് മറ്റു ജീവനക്കാരോടു പറഞ്ഞുവെന്നാണ് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഫെയ്‌സ്ബുക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപി തെലങ്കാന എംഎല്‍എ റ്റി. രാജാ സിങ് നടത്തി എന്ന് ആരോപിക്കപ്പെടുന്ന കൊലവിളിയാണ് ഫെയ്‌സ്ബുക് കണ്ടില്ലെന്നു നടിച്ചതത്രെ. സിങിനെതിരെ അപകടകാരികളായ വ്യക്തികള്‍, സംഘടനകള്‍ എന്ന വകുപ്പില്‍ പെടുത്തി നടപടി സ്വീകരിക്കണം എന്നായിരുന്നു കമ്പനിക്കുള്ളില്‍ തന്നെ ഉയര്‍ന്നുവന്ന അഭിപ്രായം. ഫെയ്‌സ്ബുക്കില്‍ നിന്ന് സിങിനെ പുറത്താക്കണമെന്നു തന്നെയായിരുന്നു തീരുമാനം. എന്നാല്‍, അങ്കി ദാസിന്റെ ഇടപെടല്‍ ബിജെപിക്കു കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമാകാമെന്നാണ് പറയുന്നത്.

 

ഈ വിവാദത്തെക്കുറിച്ചു പ്രതികരിക്കവെ ഫെയസ്ബുക്കിന്റെ വക്താവ് ആന്‍ഡി സ്റ്റോണ്‍ പറഞ്ഞത് അങ്ങനെ ചെയ്താല്‍ രാഷ്ട്രീയപരമായ തിരിച്ചടി നേരിടുമെന്ന് അങ്കി ദാസ് പറഞ്ഞെന്നാണ്. എന്നാല്‍, അങ്കിയുടെ എതിര്‍പ്പുമാത്രം പരിഗണിച്ചല്ല നടപടി എടുക്കാത്തതെന്നും ആന്‍ഡി പറഞ്ഞു. മുസ്‌ലിങ്ങള്‍ രാജ്യ ദ്രോഹികളാണെന്നും, പള്ളികള്‍ തകര്‍ക്കണമെന്നും, റോഹിങ്ക്യാ മുസ്‌ലിങ്ങളെ വെടിവച്ചു കൊല്ലണമെന്നും സിങിന്റെ പോസ്റ്റിലുണ്ടായിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് വിവാദമായതോടെ സിങിന്റെ പോസ്റ്റിന്റെ കുറച്ചു ഭാഗങ്ങള്‍ ഫെയസ്ബുക് നീക്കം ചെയ്തിരുന്നു. പിന്നീട് സിങിന്റെ ഔദ്യോഗിക അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ലെന്നും പറഞ്ഞു. ഇതേക്കുറിച്ചു പ്രതികരിച്ച സിങ് പറഞ്ഞത് ആ പോസ്റ്റിലുള്ള കാര്യങ്ങള്‍ താന്‍ നേരിട്ട് പോസ്റ്റു ചെയ്തവ അല്ല എന്നാണ്. തന്റെ ഫെയ്‌സ്ബുക് പേജ് നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു. തങ്ങളെ പിന്തുണയ്ക്കുന്ന പലരും ഇത്തരം പേജുകള്‍ ഉണ്ടാക്കാറുണ്ട്. അത് തങ്ങള്‍ക്ക് നിയന്ത്രിക്കാനാവില്ല എന്നാണ് സിങ് പറഞ്ഞത്. ഫെയ്‌സ്ബുക്കിന്റെ ഉദ്യോഗസ്ഥ അങ്കി ദാസ് ഈ ആരോപണത്തിനു മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

 

അതേസമയം, എല്ലാത്തരം വിദ്വേഷക പോസ്റ്റുകളെയും തങ്ങള്‍ എതിര്‍ക്കുന്നുവെന്നാണ് ഫെയ്‌സ്ബുക് വക്താവ് ആന്‍ഡി സ്റ്റോണ്‍ പറഞ്ഞത്. ആഗോള തലത്തില്‍ അതാണ് കമ്പനിയുടെ പോളിസി. ഏതു പാര്‍ട്ടിയാണെന്നൊന്നും നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇനിയും പലതും ചെയ്യാനുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന് 34.6 കോടി ഉപയോക്താക്കളുണ്ട്. കമ്പനിക്കു കീഴിലുള്ള വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സേവനങ്ങളും മികച്ച രീതിയിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. വാട്‌സാപ് പെയ്‌മെന്റ്‌സ് തുടങ്ങിയവ വരാന്‍ ഇരിക്കുന്നു.

 

അമേരിക്കന്‍ കമ്പനിയായ ഫെയസ്ബുക്കിന് ചില ഉത്തരവാദിത്വങ്ങള്‍ കാണിക്കാതിരുന്നാല്‍ രാജ്യാന്തര തലത്തില്‍ തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുമെന്ന് അറിയാം. ചൈനീസ് സർക്കാരിന് ഇഷ്ടമുള്ള രീതിയിലുള്ള ഒരു സേര്‍ച് എൻജിന്‍ ഉണ്ടാക്കാന്‍ ഗൂഗിള്‍ നടത്തിയ ശ്രമം ഗൂഗിളിനുള്ളിലും പുറത്തും ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് വേണ്ടന്നു വയ്‌ക്കേണ്ടതായി വന്നു. ഇപ്പോള്‍ ഇന്ത്യയില്‍ നടത്തി എന്നു പറയുന്ന തരത്തിലുള്ള നയം നേര്‍പ്പിക്കല്‍ ഫെയ്‌സ്ബുക്കിന് വലിയ നാണക്കേടുണ്ടാക്കിയേക്കും. അതേസമയം, ഇതൊരു ഉദ്യോഗസ്ഥന്റെ മാത്രം പിടിവാശി ആയിരുന്നോ എന്ന കാര്യം വെളിപ്പെടാനിരിക്കുന്നതേയുള്ളു. പല പ്രസ്ഥാനങ്ങളിലും സ്ഥാപിത താത്പര്യക്കാര്‍ കയറിക്കൂടുക എന്നത് സാധ്യതയുള്ള കാര്യമാണ്. അതേസമയം ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തെ വിദ്വേഷക കുറ്റകൃത്യത്തിന്റെ കാര്യത്തിലാണ് ഫെയ്‌സ്ബുക് പെടുത്തിയിരിക്കുന്നത്.

 

English Summary: Facebook turned blind eye to BJP leader’s hate speech to protect its business, says WSJ report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com