ADVERTISEMENT

കൊറോണവൈറസ് ഭീതി കാരണം പഠനവും ജോലിയും ഓൺലൈനിലേക്ക് മാറി. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു സർവീസാണ് വാട്സാപ്. ഓരോ സ്കൂളിലെയും, ഓരോ ക്ലാസിനും, ചിലയിടത്ത് ഓരോ വിഷയങ്ങൾക്ക് തന്നെ വാട്സാപ് ഗ്രൂപ്പുകളുണ്ട്. ഈ ഗ്രൂപ്പുകളിലെല്ലാം അമ്പതോളം പേരുണ്ട്. മിക്ക ഗ്രൂപ്പിലെയും അംഗങ്ങൾ അമ്മമാരും രക്ഷിതാക്കളും തന്നെയാണ്. ഇവരുടെ നമ്പറുകളും പ്രൊഫൈൽ ഫോട്ടോകളും ഗ്രൂപ്പിലുള്ള ആർക്കും കണ്ടെത്താനും ദുരുപയോഗം ചെയ്യാനും സാധിക്കുമെന്നത് വസ്തുതയാണ്. ഇത്തരം ഗ്രൂപ്പുകളിൽ അശ്ലീല വിഡിയോകളും അശ്ലീല മെസേജിങും നടക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതായത് കുഞ്ഞു കുട്ടികളുടെ ഭാവി തകർക്കുന്ന നീക്കങ്ങളാണ് ചില ദ്രോഹികൾ ചെയ്യുന്നത്.

കുട്ടികളുടെ ഓൺലൈൻ പഠനക്ലാസുകളിലേക്കും വാട്സാപ് ഗ്രൂപ്പുകളിലേക്കും അശ്ലീല വിഡിയോകളും മെസേജുകളും അയക്കുന്നത് വ്യാപകമായിട്ടുണ്ട്. മലപ്പുറത്തെ നിരവധി സ്ഥലങ്ങളിൽ നിന്ന് ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറ്റിപ്പുറത്ത് ഓൺലൈൻ ക്ലാസ് നടന്നുകൊണ്ടിരിക്കെ അശ്ലീല വിഡിയോയും സന്ദേശങ്ങളും എത്തിയെന്നാണ് അറിയുന്നത്. എന്നാൽ, ഇത്തരത്തിൽ ഗ്രൂപ്പുകളിലെ നമ്പറുകൾ സംഘടിപ്പിച്ച് സ്ത്രീകൾക്കും വിദ്യാർഥികൾക്കും സ്വകാര്യ നമ്പറുകളിലേക്ക് അശ്ലീലം അയക്കുന്നവരും വ്യാപകമായിട്ടുണ്ട്.

ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ഓരോ ദിവസവും സൈബർ സെല്ലിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലേക്ക് അബദ്ധത്തിൽ അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്തവരുമുണ്ട്. മറ്റുഗ്രൂപ്പുകളിലേക്ക് അശ്ലീല വിഡിയോകൾ അയക്കുന്നതിനിടെയാണ് ഇത് സംഭവിക്കുന്നത്. ഇത് സംബന്ധിച്ച് ഓൺലൈൻ ആപ്പുകളുടെ സേവനദാതാക്കളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് സൈബർ പൊലീസ് അറിയിച്ചു.

രക്ഷിതാക്കളുടെ ഫോണില്‍ സൂക്ഷിച്ച സ്വകാര്യ ചിത്രങ്ങളും വിഡിയോകളും അറിയാതെ പങ്കുവെച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളും അബദ്ധങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കും. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾക്ക് നൽകുന്ന ഫോണിൽ രഹസ്യ വിഡിയോകളും ചിത്രങ്ങളും സൂക്ഷിക്കുന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.

∙ വാട്സാപ് അശ്ലീല വിഡിയോകളുടെ കേന്ദ്രം

ലോകത്തെ ജനപ്രിയ സോഷ്യൽമീഡിയ ആപ്പായ വാട്സാപ് ഉപയോഗത്തൊടൊപ്പം ഉപദ്രവവുമായി മാറിക്കൊണ്ടിരിക്കുകയാണ്. വാട്സാപ് കേന്ദ്രീകരിച്ചു നടത്തുന്ന കുറ്റകൃത്യങ്ങളിലെ പ്രതികളെ തേടി സൈബർ പൊലീസും രാജ്യാന്തര ഏജൻസികളും സജീവമായുണ്ട്. ലോകത്തിനു തന്നെ വൻ ഭീഷണിയായ നിരവധി കുറ്റകൃത്യങ്ങൾക്കും അംഗങ്ങൾക്ക് ഒന്നിക്കാനും തന്ത്രങ്ങൾ മെനയാനും വാട്സാപ്പ് ഗ്രൂപ്പുകൾ സഹായമാകുന്നുണ്ട്. ഇത്തരം നിരവധി വാട്സാപ് ഗ്രൂപ്പുകൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ ഓരോ നിമിഷവും വ്യത്യസ്ത പേരുകളിലാണ് വാട്സാപ് പോൺ ഗ്രൂപ്പുകൾ പൊങ്ങിവരുന്നത്.

പ്രാദേശിക തലത്തിൽ നിന്നു സംഘടിപ്പിക്കുന്ന, കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വാട്സാപ് ഗ്രൂപ്പുകൾ വഴി അംഗങ്ങൾക്ക് വിൽക്കുന്ന റാക്കറ്റിന്റെ ആസ്ഥാന കേന്ദ്രവും ഇന്ത്യയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യത്തെ അശ്ലീല വിഡിയോ വെബ്സൈറ്റുകൾ നിയന്ത്രിക്കാൻ സർക്കാർ രംഗത്തെത്തിയെങ്കിലും വാട്സാപ് വഴിയുള്ള പോൺ വിഡിയോ പ്രചരണം തുടരുകയാണ്. നേരത്തെ അശ്ലീല വെബ്സൈറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അശ്ലീല വിഡിയോകൾ ഇന്നു കൂടുതലായി പ്രചരിക്കുന്നത് വാട്സാപ് വഴിയാണ്.

ഡെസ്ക്ടോപ്പ് സിസ്റ്റങ്ങൾ ഉപയോഗിച്ച് വിഡിയോ കാണുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. മിക്ക പോൺ വെബ്സൈറ്റുകൾക്കും കൂടുതൽ സന്ദർശകരെ ലഭിക്കുന്നതും സ്മാർട് ഫോണുകളിൽ നിന്നാണ്. ഇതിനാൽ തന്നെ വെബ്സൈറ്റുകൾ നിരോധിച്ചിട്ടും വാട്സാപ് വഴിയുള്ള അശ്ലീല വിഡിയോ പ്രചരണം കൂടുകയാണ്.

മിക്ക എംഎംഎസുകളും നഗ്നചിത്രങ്ങളും ആദ്യം എത്തുന്നതും വാട്സാപ്പിലാണ്. മിക്കവർക്കും ഇത്തരം വിഡിയോകളും ചിത്രങ്ങളും ലഭിക്കുന്നതും വാട്‌സാപ്പിലൂടെയാണ്. നിലവിൽ നെറ്റിൽ ലഭ്യമായ ഭൂരിഭാഗം അശ്ലീല വിഡിയോകളുടെയും പകർപ്പ് വാട്സാപ്പിൽ ഉണ്ടെന്നാണ് വിലയിരുത്തുന്നത്.

English Summary: School Whatsapp groups : Porn video to online classes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com