sections
MORE

6.91 ലക്ഷം രൂപ ചെലവിട്ട് 10,000 ലീറ്റർ കൊക്കകോളയുടെ പരീക്ഷണം, സംഭവിച്ചതെന്ത്? വിഡിയോ

coco-cola-video
SHARE

കൊക്കകോളയില്‍ മെന്റോസ് ഇടുന്നതും പൊടുന്നനെ കോള പതഞ്ഞ് ചീറ്റുന്നതുമെല്ലാം സോഷ്യല്‍മീഡിയയില്‍ എക്കാലത്തും കാഴ്ച്ചക്കാരെ നേടിയിട്ടുള്ള വിഡിയോകളാണ്. എന്നാല്‍, ഇത്തരമൊരു കൊക്കകോള വിഡിയോയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് റഷ്യന്‍ യുട്യൂബറായ മാമിക്‌സ് എന്നറിയപ്പെടുന്ന മാക്‌സിം മൊനഖോവ്. 10,000 ലീറ്റര്‍ കൊക്കകോള ആകാശത്തേക്ക് ചീറ്റിച്ചുകളഞ്ഞാണ് ദശലക്ഷക്കണക്കിന് യുട്യൂബ് വ്യൂസ് മാക്‌സിം നേടിയിരിക്കുന്നത്. 

ഏഴ് ലക്ഷം റൂബിള്‍ (ഏതാണ്ട് 6.91 ലക്ഷം രൂപ) ചെലവിട്ടാണ് മാക്‌സിം പതിനായിരം ലീറ്റര്‍ കോള പരീക്ഷണത്തിനായി വാങ്ങിയത്. ഒരു ടാങ്കര്‍ ലോറിയിലാണ് മാക്‌സിമിനായി കൊക്ക കോള എത്തിച്ചുകൊടുത്തത്. വിജനമായ പ്രദേശത്ത് പ്രത്യേകം തയാറാക്കിയ ടാങ്കറിനുള്ളിലേക്കാണ് കൊക്കകോള നിറക്കുന്നത്.

സാധാരണ കൊക്കകോള കുപ്പികളില്‍ നിന്നും കോള പ്രത്യേകം വീപ്പയിലേക്ക് പകര്‍ന്നൊഴിക്കുന്നു. ഇത് നാലെണ്ണം വീതം ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയാണ് കൂറ്റന്‍ ടാങ്കിലേക്ക് പകര്‍ന്നൊഴിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളെല്ലാം മാക്‌സിമും സംഘത്തിലെ വിഡിയോഗ്രാഫര്‍മാരും ചേര്‍ന്ന് പകര്‍ത്തുന്നുണ്ട്. 

മെന്റോസല്ല മറിച്ച് ചാക്കുകണക്കിന് ബേക്കിങ് സോഡയാണ് കൊക്കകോള പതഞ്ഞുപൊന്താനായി ഉപയോഗിച്ചിരിക്കുന്നത്.  'വിലയോ തുച്ഛം ഗുണമോ മെച്ചം' എന്നതാണ് തന്നെ ബേക്കിങ് സോഡ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് മാക്‌സിം വിഡിയോയില്‍ പറയുന്നുമുണ്ട്. വിനാഗിരിയും ബേക്കിങ് സോഡയും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിന്റെ പരീക്ഷണത്തിന് സമാനമാണ് ഈ കൊക്കകോള ബേക്കങ് സോഡ പരീക്ഷണവും. ഒന്ന് അസിഡിക്കും (കോളയോ വിനാഗിരിയോ) മറ്റൊന്ന് ബേസായും (ബേക്കിങ് സോഡ) പ്രവര്‍ത്തിക്കുകയാണ് ഈ രാസപ്രവര്‍ത്തനത്തില്‍.

മെന്റോസ് കോക്കുമായി ചേരുമ്പോള്‍ കൊക്കകോളയിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുകയാണ് ചെയ്യുന്നത്. ഇത് അധികമായി എന്തെങ്കിലും വാതകം ഉണ്ടാക്കുന്നില്ല. രണ്ട് ലീറ്റര്‍ കൊക്കകോള കുപ്പിയില്‍ 12 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പൂര്‍ണമായും പത രൂപത്തിലായാല്‍ ആറ് ലീറ്റര്‍ കുപ്പി വേണ്ടി വരും നിറക്കാന്‍. സാധാരണ കുപ്പി തുറക്കുമ്പോള്‍ കൊക്കകോള പതയുന്ന പ്രവര്‍ത്തനം ആരംഭിക്കുമെങ്കിലും ഒറ്റയടിക്ക് എല്ലാം പതഞ്ഞു പോകാറില്ല. കൊക്കകോളയിലേക്ക് മെന്റോസോ ബേക്കിങ് സോഡയോ ഇടുമ്പോള്‍ പതയുന്ന പ്രവര്‍ത്തനം അതിവേഗത്തിലാക്കുകയാണ് ചെയ്യുന്നത്. 

യുട്യൂബ് വിഡിയോയില്‍ ഒരു ക്രെയിനിന്റെ സഹായത്തിലാണ് ബേക്കിങ് സോഡ കൂറ്റന്‍ ടാങ്കിലേക്ക് ഇടുന്നത്. മുകളിലേക്ക് നീട്ടിവെച്ച കുഴലിലൂടെ നിമിഷങ്ങള്‍ക്കകം പതഞ്ഞ് പുറത്തേക്ക് ചീറ്റുന്ന കൊക്കകോള ചുറ്റും നിന്ന മാമിക്‌സിനേയും കൂട്ടരേയും നനക്കുന്നുമുണ്ട്. കൊക്കകോള ഉയര്‍ന്നു പൊങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഡ്രോണുകള്‍ കൂടി ഉപയോഗിച്ചാണ്. നേരത്തെ ആയിരം ലീറ്റര്‍ കൊക്കകോളയില്‍ മെന്റോസിടുന്ന വിഡിയോയും മാമിക്‌സ് പുറത്തുവിട്ടിരുന്നു. അതിന്റെ വിജയമാണ് പതിനായിരം ലിറ്റര്‍ കൊക്കകോള പതപ്പിച്ച് കാണിക്കുന്നതിലേക്ക് പ്രചോദനമായത്.

English Summar: Russian youtuber uses baking soda erupt 10000 litres coca cola

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA