ADVERTISEMENT

2004 ഫെബ്രുവരി 4ന് ഹാർവാഡ് സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിയായ മാർക്ക് സക്കർബർഗ് ഹോസ്റ്റലിലെ സഹമുറിയൻമാരുമായി ചേർന്ന് കോളജിലെ വിദ്യാർഥികൾക്കു വേണ്ടി നിർമിച്ച സോഷ്യൽ നെറ്റ്‌വർക്ക് ആണ് ദ് ഫെയ്സ്ബുക്. ഹാർവാഡിലെ വിദ്യാർഥികളുടെ മുഖചിത്രങ്ങളും അടിസ്ഥാനവിവരങ്ങളും അടങ്ങിയ ഡയറക്ടറി ‘ഫെയ്സ്ബുക്’ എന്നാണ് അറിയപ്പെട്ടിരുന്നത്. 2003ൽ ഹാർവാഡിലെ വിവിധ ഹൗസുകളുടെ ഫെയ്സ്ബുക്കുകളിൽ നിന്ന് പെൺകുട്ടികളുടെയെല്ലാം മുഖങ്ങൾ കോപി ചെയ്ത് ഫെയ്സ്മാഷ് എന്ന വെബ്സൈറ്റ് ഉണ്ടാക്കി ‘കുഴപ്പക്കാരൻ’ എന്നു പേരെടുത്ത ശേഷമാണ് മാർക്ക് തൊട്ടടുത്ത വർഷം ഫെയ്സ്ബുക് അവതരിപ്പിച്ചത്. സംഗതി ഹിറ്റായി, വൈകാതെ മറ്റു കോളജുകളിലേക്കും ഫെയ്സ്ബുക് പടർന്നു. അടുത്ത വർഷം യുഎസിലെ എല്ലാ സർവകലാശാലാ വിദ്യാർഥികൾക്കും അംഗത്വത്തിന് അർഹത ലഭിച്ചു. ക്യാംപസുകളിൽ നിന്നു ചിറകുവിരിച്ചു പടർന്ന ഫെയ്സ്ബുക് പിന്നെ ലോകം കീഴടക്കിയത് ചരിത്രം.

 

വർഷം 15 കഴിഞ്ഞപ്പോൾ ഫെയ്സ്ബുക് കൗമാരം കടന്നു; ഒപ്പം കൗമാരക്കാരും ഫെയ്സ്ബുക് വിട്ടിറങ്ങി. ഇൻസ്റ്റഗ്രാമിൽ ചേക്കറിയവരെ പിടിക്കാൻ ഇൻസ്റ്റഗ്രാം വിലയ്ക്കുവാങ്ങിയെങ്കിലും ഫെയ്സ്ബുക്കിലെ ക്യാംപസ് സാന്നിധ്യം ഇല്ലാതാകുന്നത് വലിയ വെല്ലുവിളിയാണ്. പരസ്യം കുറയും, വരുമാനവും. ഇതിനുള്ള ഒരേയൊരു പരിഹാരം ക്യാംപസിലേക്കു മടങ്ങുക എന്നതാണ്. അതിനുള്ള ശ്രമമാണ് ഫെയ്സ്ബുക് പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ‘ഫെയ്സ്ബുക് ക്യാംപസ്’.

 

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കോളജ് വിദ്യാർഥികൾക്കു മാത്രം അംഗത്വം നൽകുന്ന സ്വകാര്യ സമൂഹമാധ്യമമാണ് ഫെയ്സ്ബുക് ക്യാംപസ്. നിലവിൽ യുഎസിലെ 30 കോളജുകൾക്കും സർവകലാശാലകൾക്കും മാത്രമാണ് ഫെയ്സ്ബുക് ക്യാംപസിൽ പ്രവേശനം. വൈകാതെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും എത്തുമെന്നു പ്രതീക്ഷിക്കാം.

 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള .edu എന്നവസാനിക്കുന്ന ഇമെയിൽ വിലാസം ഉണ്ടെങ്കിലേ ഫെയ്സ്ബുക് ക്യാംപസിൽ അക്കൗണ്ട് തുടങ്ങാനാകൂ. ചേരുമ്പോൾ തന്നെ കോഴ്സ് പൂർത്തിയാകുന്ന വർഷം ഏതെന്നും നൽകണം. 5 വർഷം അല്ലെങ്കിൽ താഴെ ആയിരിക്കണം അത്. കോഴ്സ് പൂർത്തിയാകുന്നവരെ ഫെയ്സ്ബുക് ക്യാംപസിൽ നിന്ന് നീക്കം ചെയ്യാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെങ്കിലും അവരുടെ ഭാവി ഏതു തരത്തിലായിരിക്കും എന്നതു വ്യക്തമല്ല. 2004ൽ കോളജിലെ ഫെയ്സ്ബുക്കിൽ നിന്ന് സക്കർബർഗ് ഫെയ്സ്ബുക് എന്ന സേവനം തുടങ്ങിയെങ്കിൽ ഇനി ഫെയ്സ്ബുക് ക്യാംപസിൽ നിന്നു കോളജുകൾക്ക് വിദ്യാർഥി ഡയറക്ടറി ഉണ്ടാക്കാൻ കഴിയുന്ന മട്ടിലാണ് പുതിയ സേവനത്തിന്റെ അൽഗൊരിതം.

 

English Summary: Back to roots: Facebook starts app within app called campus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com