ADVERTISEMENT

ലോകത്തെ രക്ഷിക്കാൻ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിച്ച് ഫെയ്സ്ബുക്കും രംഗത്ത്. ലോകത്തെ വിവിധ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങളായിരിക്കും ഫെയ്സ്ബുക് ഇതുവഴി ഉപയോക്താക്കളിലെത്തിക്കുക. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍ഥ്യമായി ഉള്‍ക്കൊണ്ട് അതിനെതിരായ നടപടിയെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുതിയ ഫീച്ചറിനെ വിശേഷിപ്പിക്കുന്നത്.

 

അമേരിക്കയിലെ കാട്ടുതീയുടേയും ദക്ഷിണ സുഡാനിലേയും ദക്ഷിണേഷ്യയിലേയും പ്രളയത്തിന്റേയും പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക് പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിച്ചത്. ആഗോളതാപനത്തെ തുടര്‍ന്നുള്ള കാലാവസ്ഥാ മാറ്റം യാഥാര്‍ഥ്യമായി ഉള്‍ക്കൊണ്ട് അതിനെതിരെ പ്രവര്‍ത്തിക്കേണ്ട ഘട്ടമായെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

 

uae-weather-dubai-weather-eid-al-fitr-weather

ലോകത്തെ വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഏകോപിപ്പിച്ചാണ് ഫെയ്സ്ബുക് പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിവരങ്ങള്‍ക്കൊപ്പം ദൈനം ദിന ജീവിതത്തില്‍ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാന്‍ വ്യക്തികള്‍ക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന നിര്‍ദേശങ്ങളും ഉണ്ടാകും. പാരിസ് കാലാവസ്ഥാ ഉടമ്പടിയുടെ ലക്ഷ്യം നടപ്പാകണമെങ്കില്‍ 2050 ആകുമ്പോഴേക്കും ആഗോളതലത്തിലുള്ള കാര്‍ബണ്‍ പുറന്തള്ളലുകള്‍ പൂജ്യത്തിലെത്തണം. 2020ല്‍ തന്നെ ഫെയ്സ്ബുക് ഈ ലക്ഷ്യത്തിലെത്തുമെന്നും സക്കര്‍ബര്‍ഗ് അവകാശപ്പെടുന്നുണ്ട്. 

Today we're launching the Climate Science Information Center -- a dedicated space that we'll be highlighting at the top...

Posted by Mark Zuckerberg on Monday, 14 September 2020

പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളിലേക്ക് മാറിയായിരിക്കും ഈ ലക്ഷ്യം കൈവരിക്കുക. കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കാനായി പരിശ്രമിക്കുന്ന കമ്പനികളുമായി ഫെയ്സ്ബുക് സഹകരിക്കും. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരായ പോരാട്ടം ആഗോള സമൂഹമെന്ന നിലയില്‍ ഒന്നിച്ചു നടത്തിയാല്‍ മാത്രമേ വിജയിക്കൂ എന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് ഫെയ്സ്ബുക് മേധാവിയുടെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

അതേസമയം, അമേരിക്കയില്‍ പടരുന്ന കാട്ടുതീ അടക്കമുള്ള വിഷയങ്ങളില്‍ ഫെയ്സ്ബുക്കില്‍ അതിവേഗം പരക്കുന്ന വ്യാജ വിവരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേകിച്ച് ഒരു നടപടിയും ഫെയ്സ്ബുക് സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ സത്യമാണോ എന്ന് പരിശോധിക്കാനുള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. 'വസ്തുതയുടെ വിധികര്‍ത്താവാകാന്‍' ഞങ്ങള്‍ക്ക് ലക്ഷ്യമില്ലെന്നാണ് പലപ്പോഴായി ഫെയ്സ്ബുക് പ്രതിനിധികള്‍ ഈ ആരോപണത്തോട് പ്രതികരിച്ചിട്ടുള്ളത്.

 

English Summary: Facebook boosts its climate commitments with pledge to cut greenhouse gases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com