ADVERTISEMENT

ടിക്‌ടോക്ക് നിരോധനത്തിന്റെ ആഘാതത്തിൽ നിന്ന് ക്രിയേറ്റർമാരും ആരാധകരും ഇനിയും മോചിതരായിട്ടില്ല. ടിക്‌‌ടോക് ബദൽ എന്ന പേരിൽ ഒട്ടേറെ ആപ്പുകൾ ഇതിനോടകം രംഗത്തിറങ്ങിയെങ്കിലും ടിക്‌‍ടോക് വിഡിയോകളുടെ പുനസംപ്രേഷണം അല്ലാതെ പുതുതായി ഉള്ളടക്കവും  പുതിയൊരു ശൈലിയും സൃഷ്ടിക്കുന്നതിൽ മിക്കവയും പരാജയപ്പെട്ടു. ടിക്‌ടോക് സൃഷ്ടിച്ച വിടവു നികത്താൻ ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം റീൽസ് എന്ന പുതിയ സംവിധാനം ആപ്പിന്റെ ഭാഗമാക്കിയെങ്കിലും അതും ടിക്‌ടോക് ആരാധകരെ തൃപ്തിപ്പെടുത്തിയില്ല. ഇപ്പോൾ ടിക്‌ടോക്കിന്റെ സ്ഥാനം ഏറ്റെടുക്കാൻ പുതിയൊരു ശ്രമവുമായി എത്തിയിരിക്കുന്നത് യുട്യൂബ് ആണ്. യുട്യൂബ് ഷോട്സ് എന്ന പുതിയ മാർഗമാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസ് പോലെ തന്നെ യുട്യൂബ് ആപ്പിനുള്ളിൽ തന്നെയാണ് യുട്യൂബ് ഷോട്സും അവതരിപ്പിക്കുക. ക്രിയേറ്റർമാർക്കായി പുതിയ ടൂളുകൾ വേറെയും അവതരിപ്പിക്കുന്നുണ്ട്. നിലവിൽ യുട്യൂബ് ആപ്പിന്റെ ഹോം പേജിൽ രണ്ടാമത്തെ വരിയിൽ ഷോട്സ് എന്ന തലക്കെട്ടിൽ അവതരിപ്പിച്ചിരിക്കുന്ന ചെറുവിഡിയോകളുടെ വിപുലമായ അവതരണമായിരിക്കും യുട്യൂബ് ഷോട്സ്. ടിക്‌ടോക് നിരോധനം നിലവിലുള്ള, ഏറ്റവുമധികം ടിക്‌ടോക് ആരാധകരുള്ള ഇന്ത്യയിലായിരിക്കും യുട്യൂബ് ഷോട്‌സ് ആദ്യമെത്തുക എന്നും യു ട്യൂബ് ബ്ലോഗ്‌പോസ്റ്റിൽ പറയുന്നു.

 

∙ യുട്യൂബ് ഷോട്സ്- സവിശേഷതകൾ

 

15 സെക്കൻഡോ അതിൽ താഴെയോ ദൈർഘ്യം വരുന്ന ഹ്രസ്വ വിഡിയോകൾ നിർമിക്കാൻ സൗകര്യം.

ക്രിയേറ്റർമാർക്കായി പുതിയ ഇന്റർഫെയ്സ്, വിഡിയോ ചിത്രീകരിക്കാനുള്ള ടൂളുകൾ.

ഒന്നിലേറെ വിഡിയോ ക്ലിപ്പുകൾ ഒന്നിച്ചു ചേർത്തു വിഡിയോ നിർമിക്കാൻ മൾട്ടി സെഗ്മെന്റ് ക്യാമറ.

ടിക്‌ടോക്കിലെപ്പോലെ തന്നെ സംഗീതത്തോടൊപ്പം വിഡിയോ ചിത്രീകരിക്കാൻ റെക്കോർഡ് വിത്ത് മ്യൂസിക് ഓപ്ഷൻ.

വിഡിയോയുടെ വേഗം നിർണയിക്കാനും നിയന്ത്രിക്കാനും സ്പീഡ് കൺട്രോൾ സംവിധാനം.

ഫോൺ കയ്യിൽ പിടിക്കാതെ വിഡിയോ ചിത്രീകരിക്കാൻ സൗകര്യത്തിന് ടൈമർ, കൗണ്ട്ഡൗൺ സംവിധാനങ്ങൾ.

 

വിഡിയോകൾക്കൊപ്പം ചേർക്കാൻ ഒരു ലക്ഷത്തിലേറെ മ്യൂസിക് ട്രാക്കുകളാണ് യുട്യൂബ് ഷോട്സിൽ ലഭ്യമാക്കിയിട്ടുള്ളത്. ഫോട്ടോ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിന് റീൽസ് വഴി നേടാനാകാത്തത് വിഡിയോ പ്ലാറ്റ്ഫോമായ യുട്യൂബിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുട്യൂബ് ഷോട്സ് അവതരിപ്പിക്കുന്നത്. യുട്യൂബ് ഷോട്സിന്റെ വരവിന്റെ മുന്നോടിയായി ഇന്ത്യയിൽ യുട്യൂബ് ആൻഡ്രോയ്ഡ് ആപ്പിനുള്ളിൽ ക്രിയേറ്റ് ഐകൺ താഴെ മധ്യഭാഗത്തേക്ക് പുനസ്ഥാപിച്ചിരുന്നു. ഐഒഎസ് ആപ്പിലും മറ്റു രാജ്യങ്ങളിലും വൈകാതെ ഈ പുതിയ മാറ്റങ്ങൾ ദൃശ്യമാകും. യുട്യൂബ് ഷോട്സ് വിഡിയോകൾ എങ്ങനെയായിരിക്കും എന്നറിയാൻ ആഗ്രഹമുള്ളവർക്ക് തങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലെ യുട്യൂബ് ആപ്പിലുള്ള ഷോട്സ് എന്ന നിരയിലുള്ള വിഡിയോകൾ പരിശോധിക്കാം. ഷോട്സ് കാണുന്നില്ലെങ്കിൽ ആപ് അപ്ഡേറ്റ് ചെയ്ത് അത് സ്വന്തമാക്കാം. ആപ്പിന്റെ അടുത്ത അപ്‍ഡേറ്റിലായിരിക്കും യുട്യൂബ് ഷോട്സ് പൂർണതോതിൽ അവതരിപ്പിക്കുക.

 

English Summary: YouTube launches its TikTok rival, YouTube Shorts, initially in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com