sections
MORE

ടിക്‌ ടോക്ക്-ട്രംപ് യുദ്ധം: ഗ്രാൻഡ് ഫിനാലെയിൽ ആര് ജയിക്കും; ഇന്ത്യയില്‍ തിരിച്ചുവരവ് സാധ്യമോ?

tiktok
SHARE

ടിക്ടോക് ആപ് മൈക്രോസോഫ്റ്റിന് വില്‍ക്കുന്നില്ലെന്ന് ബൈറ്റ്ഡാന്‍സ് അറിയിച്ചുവെന്ന കാര്യം ഉറപ്പായി. മറിച്ച്, ആപ് മൊത്തമായി വില്‍ക്കാതെ അമേരിക്കന്‍ കമ്പനിയായ ഓറക്കിളിനെ രാജ്യത്തെ ഉപയോക്താക്കളുടെ ഡേറ്റാ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയും ഉടമസ്ഥതാവകാശം കൈയ്യില്‍ വയ്ക്കുകയും ചെയ്യാനാണ് ബൈറ്റ്ഡാന്‍സ് ശ്രമിക്കുന്നത്. എന്നാല്‍, ഒരേസമയം മൂന്നു കൂട്ടരുടെ താത്പര്യം സംരക്ഷിക്കാനുള്ള കമ്പനിയുടെ ശ്രമം വിജയിക്കുമോ എന്ന കാര്യം സെപ്റ്റംബര്‍ 20നെ അറിയാനാകൂ. 

ആരെല്ലാമാണ് മൂന്നു കൂട്ടര്‍? 1. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിറ്റൊഴിവായേ മതിയാകൂ എന്ന അദ്ദേഹത്തിന്റെ അന്ത്യശാസനം ഇപ്പോഴും നിലനല്‍ക്കുന്നു. 2. ചൈന, ആപ് ചുളുവില്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിന് തടയിട്ട് പുതിയ നിയമം കൊണ്ടുവരികയാണ് ചൈന ചെയ്തത്. 3. ടിക്‌ടോക്കിനെ പിന്തുണയ്ക്കുന്ന കമ്പനികള്‍. സിക്കോയ (Sequoia), ജനറല്‍ അറ്റ്‌ലാന്റിക് എന്നീ കമ്പനികള്‍ ടിക്‌ടോക്കില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. മൈക്രോസോഫ്റ്റിന് വിറ്റൊഴിവാകുന്നതുവഴി ആപ്പിന്റെ ഇപ്പോഴത്തെ മൂല്യത്തിനുസരിച്ച് ലഭിക്കേണ്ട തുക ലഭിച്ചേക്കില്ലെന്നു ഭയപ്പെട്ട അവരാണ് മുന്‍കൈ എടുത്ത് ഓറക്കിളുമായി കഴിഞ്ഞയാഴ്ചകളില്‍ തിരക്കിട്ടു ചര്‍ച്ച നടത്തിവന്നതും പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുത്തിയതും.

∙ മൈക്രോസോഫ്റ്റിനു സംഭവിച്ചത്

തങ്ങളുടെ ആപ്പിന് അമേരിക്കയില്‍ 10 കോടി ഉപയോക്താക്കളുണ്ടെന്നും അതിന്റെ മൂല്യം 5000 കോടി ഡോളർ വരുമെന്നുമാണ് ബൈറ്റ്ഡാന്‍സ് പറഞ്ഞുവന്നത്. എന്നാല്‍, കുറഞ്ഞ തുകയ്ക്ക് കമ്പനി വിറ്റ് ഇടപാടിന്റെ ഒരു വിഹിതം അമേരിക്കയ്ക്കും നല്‍കുക എന്നതായിരുന്നു ട്രംപ് നല്‍കിയിരുന്ന ഉത്തരവ്. മൈക്രോസോഫ്റ്റ് ഏകദേശം 2000 കോടി ഡോളര്‍ വരെ നല്‍കാമെന്ന് ഏറ്റതെന്നാണ് വാര്‍ത്തകള്‍. ആപ്പിന്റെ ഭാവിയിലെ പ്രകടനവും കണക്കിലെടുത്തായിരിക്കും തുക എന്നും അവര്‍ പറഞ്ഞു. എന്നാല്‍, തങ്ങളോടുള്ള ബൈറ്റ്ഡാന്‍സിന്റെ സമീപനത്തില്‍ മൈക്രോസോഫ്റ്റിന് ഇടയ്ക്കുവച്ച് ഇച്ഛാഭംഗം തോന്നിത്തുടങ്ങിയിരുന്നു. അതിനൊരു കാരണവുമുണ്ട്- ടിക്‌ടോക്കിന് ഒരു സുരക്ഷാ പ്രശ്‌നമുണ്ടെന്നും തങ്ങള്‍ക്ക് അതു പരിഹരിക്കാനാകുമെന്നുമാണ് മൈക്രോസോഫ്റ്റ് ടിക്‌ടോക്ക് മേധാവി യിമിങ് സാങുമായുള്ള ചര്‍ച്ചയില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍, യിമിങ് ആകട്ടെ അത്തരമൊരു പ്രശ്‌നവും ഇല്ലെന്ന നലപാടിലുമായിരുന്നു. മൈക്രോസോഫ്റ്റിന്റെ നിലപാട് യിമിങിന് താത്പര്യക്കുറവിനു കാരണമായി. അമേരിക്കയിലെ ടിക്‌ടോക്കിന്റെ കുറച്ച് ഓഹരികളെങ്കിലും കൈയ്യില്‍ വയ്ക്കാന്‍ അനുവദിക്കണമെന്ന ബൈറ്റ്ഡാന്‍സിന്റെ അഭ്യർഥനയും മൈക്രോസോഫ്റ്റ് തള്ളിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സമയം മുഴുവന്‍ സിക്കോയും, ജനറല്‍ അറ്റ്‌ലാന്റിക്കും ഓറക്കിളുമായുള്ള ചര്‍ച്ചയില്‍ വ്യാപൃതരായിരുന്നു. മൈക്രോസോഫ്റ്റ് മുന്നോട്ടുവച്ച തുകയും ടിക്‌ടോക്കിന്റെ നിക്ഷേപകര്‍ക്ക് അംഗീകരിക്കാനാവില്ല എന്നും മനസിലായി. തങ്ങളോടുള്ള താത്പര്യക്കുറവ് മനസിലാക്കിയ മൈക്രോസോഫ്റ്റ് തങ്ങള്‍ക്ക് പുതിയ ഓഫര്‍ വയ്ക്കാനാകുമോ എന്ന് ആരാഞ്ഞു. അങ്ങനെ വച്ചാല്‍ പോലും തങ്ങള്‍ക്ക് ഓറക്കിളിനെയാണ് താത്പര്യമെന്ന് ബൈറ്റ്ഡാന്‍സ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ടിക്‌ടോക്കിന് തങ്ങളുടെ ഓഫര്‍ ബൈറ്റ്ഡാന്‍സ് നിരസിച്ചതായി മൈക്രോസോഫ്റ്റ് അറിയിക്കുകയായിരുന്നു.

∙ ഓറക്കിള്‍

തങ്ങള്‍ ബൈറ്റ്ഡാന്‍സുമായി എത്തിച്ചേര്‍ന്ന കരാറിനെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ ഓറക്കിള്‍ വിസമ്മതിച്ചു. എന്നാല്‍, അത്തരം ചര്‍ച്ചകളില്‍ പങ്കെടുത്തയായി അവര്‍ അറിയിച്ചു. തങ്ങള്‍ക്ക് ടിക്‌ടോക്കിന്റെ കുറച്ച് ഓഹരി കിട്ടാനുള്ള ശ്രമവും ഓറക്കിള്‍ നടത്തുന്നു. എന്തായാലും, അമേരിക്കയിലെ ടിക്‌ടോക്ക് ഉപയോക്താക്കളുടെ ഡേറ്റയുടെ ഉത്തരവാദിത്വം ഓറക്കിളിനു നല്‍കാനാണ് ബൈറ്റ്ഡാന്‍സിന്റെ തീരുമാനം. പുതിയ കൂട്ടുകെട്ടിനെക്കുറിച്ചുള്ള തീരുമാനം എടുക്കേണ്ടത് കമ്മറ്റി ഓണ്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ദി യുണൈറ്റഡ് സ്‌റ്റേറ്റ്സ് അഥവാ സിഎഫ്‌ഐയുഎസ് ആണ്. ഐബിഎമ്മിന്റെ കംപ്യൂട്ടര്‍ ബിസിനസ് ലെനോവോയ്ക്കു വിറ്റപ്പോഴും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് അമേരിക്കയിലെ വയര്‍ലെസ് കാരിയര്‍ സ്പ്രിന്റിനെ ഏറ്റെടുത്തപ്പോഴും സമാന സാഹചര്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. രണ്ടുവര്‍ഷം മുൻപ് അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനി 'ഗെന്‍വര്‍ത്ത് ഫിനാന്‍ഷ്യല്‍ ഇന്‍കോര്‍പറേറ്റഡ്' ചൈന ഓഷന്‍വൈഡ് ഹോള്‍ഡിങ്‌സ് ഗ്രൂപ് കമ്പനി ഏറ്റെടുത്തതിന് സിഎഫ്‌ഐയുഎസ് അംഗീകാരം നല്‍കിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടും. അവിടെയും ഡേറ്റ അമേരിക്കന്‍ കമ്പനി സൂക്ഷിക്കട്ടെ എന്ന തീരുമാനമാണ് നടപ്പിലായത്.

പക്ഷേ, ഇതൊന്നും ട്രംപിന്റെ ഉത്തരവ് പൂര്‍ണമായും പാലിക്കുന്നതല്ല എന്നും കാണാം. ബൈറ്റ്ഡാന്‍സ് തന്നെയാണ് ആപ്പിന്റെ ഉടമ എന്ന കാര്യം ട്രംപിനെ പ്രകോപിപ്പിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു എന്നു പറയുന്നു. പക്ഷേേ ഇവിടെയും മൂന്ന് ബൈറ്റ്ഡാന്‍സ് അനുകൂല സാധ്യതകള്‍ ഉണ്ട്.

∙ ഓറക്കിളും ട്രംപും

തനിക്ക് മൈക്രോസോഫ്റ്റിനു വില്‍ക്കുന്നതും ഓറക്കിളിനു വില്‍ക്കുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇവിടെ വില്‍പ്പന നടക്കുന്നില്ല. പക്ഷേ, ഓറക്കിള്‍ മേധാവി സഫ്രാ കാറ്റ്‌സ് ട്രംപിന് തന്റെ പിന്തുണ പ്രഖ്യാപിച്ചതും കമ്പനിയുടെ സ്ഥാപകന്‍ ലാറി എലിസണ്‍ ട്രംപിനായി ധനസമാഹരണം നടത്തിയതും പ്രസിഡന്റിനു മറക്കാനാകണമെന്നില്ല.

∙ യുവജനങ്ങള്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ടിക്‌ടോക്കിന്റെ ഉപയോക്താക്കളിലേറെയും യുവജനങ്ങളാണ്. ആപ് പൂട്ടിക്കെട്ടിയാല്‍ അത് ട്രംപിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കാം എന്ന ഘടകവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പക്ഷേ, അടുത്തിടെ ട്രംപ് വാവെയ്, സെഡ്ടിഇ തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കെതിരെ എടുത്ത നടപടികള്‍ വിജയം കൈവരിച്ചിരുന്നു. അതിനാല്‍, ടിക്‌ടോക്കിനെതിരെയുള്ള നടപടിയില്‍ ട്രംപ് ഉറച്ചു നില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

∙ കോടതി

ട്രംപ് ആപ്പ് പൂട്ടാന്‍ ഉത്തരവിട്ടാലും ബൈറ്റ്ഡാന്‍സ് കോടതിയില്‍ പോയേക്കും. ഡേറ്റാ സുരക്ഷയില്ല എന്ന വാദം ഇനി നിലനില്‍ക്കില്ല എന്ന കാര്യം അവര്‍ ചൂണ്ടിക്കാണിക്കും. ഇതെല്ലാം ബൈറ്റ്ഡാന്‍സ്-ഓറക്കിള്‍ ഇടപാട് നടന്നേക്കുമെന്നു വാദിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

∙ അപ്‌ഡേറ്റ്

ഓറക്കിള്‍ ബൈറ്റ്ഡാന്‍സുമായി ധാരണയിലെത്താന്‍ പോകുന്നുവെന്ന് താന്‍ കേട്ടുവെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു.

∙ പുതിയ സംഭവവികാസങ്ങള്‍

ആഗോള തലത്തിലെ ടിക്‌ടോക്കിന്റെ തലസ്ഥാനം അമേരിക്കയായിരിക്കും. കേന്ദ്ര സർക്കാരിനെ വിശ്വസിപ്പിക്കാനായാല്‍ ഇതോടെ ചിലപ്പോള്‍ ഇന്ത്യയിലും ടിക്‌ടോക്കിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചേക്കാം. തങ്ങള്‍ അമേരിക്കയില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ബൈറ്റ്ഡാന്‍സ് അറിയിച്ചിട്ടുണ്ട്. നിലവിവില്‍ കമ്പനി 1,000 ലേറെ പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. ഓറക്കില്‍ ടിക്‌ടോക്കിന്റെ ഡേറ്റ നിയന്ത്രിക്കുന്ന കമ്പനിയായിരിക്കും. ചിലപ്പോള്‍ ആപ്പില്‍ ചെറിയൊരു പങ്കാളിത്തവും ലഭിച്ചേക്കും. എന്നാല്‍, ഇതെല്ലാം ട്രംപ് അംഗീകരിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English Summary: TikTok-Trump clash awaits a grand finale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA