sections
MORE

സുഹൃത്തിന്റെ ആത്മഹത്യ ഫെയ്സ്ബുക്കിൽ ലൈവ്, രക്ഷിക്കാൻ ആരും വന്നില്ല, നിയമനടപടികളുമായി ജോഷ്

Ronnie-McNutt
SHARE

മൂന്നാഴ്ച്ചകള്‍ക്ക് മുൻപാണ് ജോഷ് സ്റ്റീന്‍ തന്റെ അടുത്ത സുഹൃത്തായ റോണി മക്‌നട്ട് ആത്മഹത്യ ചെയ്യുന്നത് ഫെയ്സ്ബുക്കില്‍ തല്‍സമയം കണ്ടത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഈ സംഭവത്തിനുശേഷവും ആ ദൃശ്യങ്ങള്‍ ഫെയ്സ്ബുക് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത് ഞെട്ടലോടെയാണ് ജോഷ് സ്റ്റീന്‍ തിരിച്ചറിഞ്ഞത്. ഇതോടെ ഈ സോഷ്യല്‍മീഡിയ വെബ് സൈറ്റുകള്‍ക്കെതിരെ പോരാട്ടം നടത്താന്‍ അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു. 

'കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പരിചിതമായ മുഖങ്ങളിലൊന്നായി റോണി മാറിയിരിക്കുകയാണ്. ഇതുപോലുള്ള ഉള്ളടക്കങ്ങള്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ഫെയ്സ്ബുക് അടക്കമുള്ള കമ്പനികള്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അത് സംഭവിക്കുന്നില്ല. എവിടെയോ കുഴപ്പമുണ്ടെന്നും ജോഷ് സ്റ്റീന്‍ പറയുന്നു.

റോണി ഫെയ്സ്ബുക് ലൈവില്‍ ആത്മഹത്യ ചെയ്യുന്നതിന് അരമണിക്കൂര്‍ മുൻപ് തന്നെ ജോഷ് സ്റ്റീന്‍ ഈ വിഡിയോ ഫെയ്സ്ബുക്കിന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, റോണി ലൈവില്‍ ആത്മഹത്യ ചെയ്ത് ഒന്നര മണിക്കൂറിന് ശേഷവും ലൈവ് വിഡിയോ തങ്ങളുടെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ഫെയ്സ്ബുക് അധികൃതര്‍ നല്‍കിയത്. ഫെയ്സ്ബുക്കിന് റോണിയുടെ വിഡിയോ തടസപ്പെടുത്താന്‍ കൃത്യമായ അവസരമുണ്ടായിട്ടും അവരതിന് മുതിര്‍ന്നില്ലെന്നതാണ് ജോഷ് സ്റ്റീനിന്റെ പ്രധാന ആരോപണം. ഫെയ്സ്ബുക് അതിന് മുതിര്‍ന്നാല്‍ പോലും തന്റെ സുഹൃത്ത് ചിലപ്പോള്‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് സമ്മതിക്കുമ്പോഴും അങ്ങനെയൊരു വിഡിയോ ഇന്റര്‍നെറ്റ് മുഴുവന്‍ പരക്കില്ലായിരുന്നുവെന്ന് ജോഷ് സ്റ്റീന്‍ ഓര്‍മിപ്പിക്കുന്നു. 

33കാരനായ വിമുക്ത ഭടനായിരുന്നു ആത്മഹത്യ ചെയ്ത റോണി മക്‌നട്ട്. ഇറാക്കില്‍ അടക്കം സേവനം അനുഷ്ടിച്ചിട്ടുള്ള അദ്ദേഹം പോസ്റ്റ് ട്രൊമാട്ടിക് സ്‌ട്രെസ് ഡിസോഡര്‍ അടക്കമുള്ള മാനസിക പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപേയിരുന്നത്. നേരത്തെയും സ്വന്തം ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഫെയ്സ്ബുക് ലൈവിലൂടെ അവതരിപ്പിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. അടുത്തിടെ കാമുകിയുമായി പിരിഞ്ഞ റോണി ആത്മഹത്യ ചെയ്ത രാത്രിയില്‍ അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു. അന്നത്തെ ഫെയ്സ്ബുക് ലൈവിനിടെ ആത്മഹത്യയെക്കുറിച്ചാണ് റോണി പറഞ്ഞിരുന്നത്. റോണിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചവരോടെല്ലാം അയാള്‍ വഴക്കിടുകയും ചെയ്തു. ഫെയ്സ്ബുക് ലൈവിനിടെ ആത്മഹത്യ ചെയ്യുമ്പോള്‍ ഇരുന്നൂറിലേറെ പേര്‍ അത് തല്‍സമയം കാണുന്നുണ്ടായിരുന്നു.

റോണി മക്‌നട്ടിന്റെ ആത്മഹത്യക്ക് ശേഷം ആ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ആദ്യം സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്ത വിഡിയോയില്‍ റോണിയുടെ ജീവിതത്തെക്കുറിച്ചുള്ള ചെറിയൊരു കുറിപ്പും ഉണ്ടായിരുന്നു. ഈ കുറിപ്പില്‍ കാര്യമായ സത്യങ്ങളൊന്നുമില്ലായിരുന്നെങ്കിലും വിഡിയോ വൈറലാകാന്‍ സഹായിക്കുകയാണുണ്ടായതെന്നും സ്റ്റീന്‍ പറയുന്നു. മക്‌നട്ടിന്റെ ഫെയ്സ്ബുക് പേജില്‍ പിന്നീട് പലരും കമന്റുകള്‍ ഇടുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. ഇതില്‍ പലതും മക്‌നട്ടിനെ അധിക്ഷേപിക്കും വിധമായതിനാല്‍ അവ സ്റ്റീന്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഇവിടെയും അക്കൗണ്ട് ഉടമയല്ലാത്തതിനാല്‍ കമന്റുകള്‍ നീക്കം ചെയ്യില്ലെന്ന മറുപടിയാണ് ഫെയ്സ്ബുക് നല്‍കിയത്. 

ഫെയ്സ്ബുക്കില്‍ അടക്കം വൈകാതെ റോണിയെ അനുസ്മരിക്കുന്ന പേജുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആ സംഭവത്തിന്റെ ജനപ്രീതി മുതലാക്കുകയെന്നതായിരുന്നു അതില്‍ പലതിന്റെയും ലക്ഷ്യം. റോണിയുടെ കുടുംബത്തിന്റെ അനുമതി ആരും വാങ്ങിയിരുന്നുമില്ല. ടിക് ടോക് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും റോണി ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതോടെയാണ് ജോഷ് സ്റ്റീന്‍ സുഹൃത്ത് റോണിക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിനിറങ്ങാന്‍ തീരുമാനിക്കുന്നത്.

വലിയ പ്രചാരണങ്ങള്‍ക്കു ശേഷവും ഇപ്പോഴും റോണി ആത്മഹത്യ ചെയ്യുന്ന വിഡിയോ ഓണ്‍ലൈനിലുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. പല പ്രത്യേക പോസ്റ്റുകളും വൈറലാക്കുന്നതിന് ചില ഓട്ടോമേറ്റിക്ക് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ട്. സമാനമായ ബോട്ടുകളാണ് ഇപ്പോഴും ഈ വിഡിയോ പ്രചരിപ്പിക്കുന്നതെന്നാണ് സ്റ്റീന്‍ ആരോപിക്കുന്നത്. റിപ്പോര്‍ട്ടു ചെയ്യുന്ന പല അക്കൗണ്ടുകളും സമാനമായ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കുന്നതും ഇതേ വിഡിയോ തന്നെ ഷെയർ ചെയ്യുന്നതും കണ്ടുവെന്ന ആരോപണവുമുണ്ട്. 

വിഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണത്തോട് ഫെയ്സ്ബുക് പ്രതികരിച്ചിട്ടില്ല. സംഭവം നടന്ന ദിവസം തന്നെ വിവാദ വിഡിയോ നീക്കം ചെയ്തുവെന്നാണ് ഫെയ്സ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണം. പിന്നീട് വന്ന ഈ വിഡിയോയുടെ പകര്‍പ്പുകളും മുറക്ക് നീക്കം ചെയ്യുന്നുവെന്നും ഫെയ്സ്ബുക് പറയുന്നു. ഫെയ്സ്ബുക് ലൈവുകളിലെ ഉള്ളടക്കം പരിശോധിച്ച് ആവശ്യമെങ്കില്‍ വേഗത്തില്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും റോണിയുടെ കുടുംബത്തിനും സൂഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഈ വിഷയത്തിലെന്നുമാണ് ഫെയ്സ്ബുക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

റൂണിയുടെ പേരിന്റെ അക്ഷരങ്ങള്‍ മാറ്റി ഇടുന്ന വിഡിയോകള്‍ കണ്ടെത്താന്‍ യുട്യൂബിന് കഴിയുന്നില്ല. അഞ്ച് ലക്ഷത്തോളം തവണയാണ് ഇത്തരമൊരു യുട്യൂബ് വിഡിയോയുടെ വ്യൂ എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ റൂണിയുടെ ചിത്രം സഹിതം പ്രൊഫൈലുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇപ്പോഴും ടിക് ടോകില്‍ പല പേരുകളില്‍ റൂണിയുടെ ആത്മഹത്യാ വിഡിയോ പ്രചരിക്കുന്നു തുടങ്ങി നിരവധി പരാതികളാണ് ജോഷ് സ്റ്റീന്‍ മുന്നോട്ടുവെക്കുന്നത്. വേഗത്തില്‍ വിഡിയോയും പകര്‍പ്പുകളും നീക്കം ചെയ്തുവെന്നാണ് യുട്യൂബ് വ്യക്തമക്കുന്നത്. സമാനമായ പ്രതികരണമാണ് ടിക് ടോകിന്റെ ഭാഗത്തുനിന്നും വരുന്നതും.

ഇനിയൊരാള്‍ കൂടി ഫെയ്സ്ബുക് ലൈവില്‍ ആത്മഹത്യ ചെയ്യുകയില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സോഷ്യല്‍മീഡിയ വെബ് സൈറ്റുകള്‍ കൈക്കൊള്ളണമെന്നാണ് സ്റ്റീനിന്റെ ആവശ്യം. മറ്റൊരാളുടേയും കുടുംബത്തിനും തന്റെ സുഹൃത്തിന്റെ കുടുംബത്തിന്റെ ഗതി വരരുതെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. 'ഭൂമിയിലെ ഏറ്റവും പ്രബലമായ കമ്പനികളാണിവര്‍. ആവശ്യമായ സാങ്കേതികവിദ്യ നിര്‍മിച്ചെടുക്കാനും ഇവര്‍ക്ക് ശേഷിയുണ്ട്. എന്നാല്‍ മറ്റുള്ളവരോടുള്ള കരുതലാണ് ഇവര്‍ക്കില്ലാത്തത്' എന്നാണ് ജോഷ് സ്റ്റീന്‍ പറയുന്നത്.

English Summary: Friend challenges Facebook over Ronnie McNutt suicide video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA