ADVERTISEMENT

വാട്‌സാപ് ചാറ്റുകളുടെ എന്‍ക്രിപ്ഷനെക്കുറിച്ചു നിലനിന്നിരുന്ന ചില തെറ്റിധാരണകള്‍ നീക്കുകയാണ് സുശാന്ത് സിങ് രാജ്പുട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ നടത്തിവരുന്ന അന്വേഷണം. ബോളിവുഡിലെ പല പ്രമുഖരുടെയും വാട്‌സാപ് സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നതായി പറയുന്നത്. അപ്പോള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനുണ്ടെന്ന് അവകാശപ്പെടുന്ന ഈ ആപ്പിന് ഇത്ര സുരക്ഷയെ ഉള്ളോ? എന്താണ് സംഭവിക്കുന്നത്? കൂടാതെ, ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ കോടതിയില്‍ തെളിവായി നിലനില്‍ക്കുമോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കാം.

 

കേസിലെ വിവാദ നായിക നടി റിയ ചക്രവര്‍ത്തിയും മറ്റുള്ളവരുമായി കൈമാറിയ സന്ദേശങ്ങള്‍ക്കു പുറമെ ഇപ്പോള്‍ നടി ദീപിക പാദുക്കോണ്‍ ഒരു ഗ്രൂപ്പില്‍ 2017ല്‍ പോസ്റ്റു ചെയ്തുവെന്നു പറയുന്ന സന്ദേശവും ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ഈ സംഭാഷണം നടക്കുന്നത് ദീപികയും അവരുടെ മാനേജര്‍ കരിഷ്മയുമായി നടത്തിയതാണെന്നാണ് ആരോപണം. സുശാന്തിന്റെ ടാലന്റ് മാനേജരായിരുന്ന ജയ സാഹയുടെ വാട്‌സാപ് സന്ദേശങ്ങളും പുറത്തായെന്നു പറയുന്നു. ദീപികയും കരിഷ്മയും ഉണ്ടായിരുന്ന വാട്‌സാപ് ഗ്രൂപ്പില്‍ ജയയും ഉണ്ടായിരുന്നുവെന്നും സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടവര്‍ ആരോപിക്കുന്നു.

 

∙ ഈ വിവരങ്ങള്‍ എങ്ങനെയാണ് അന്വേഷണ ഏജന്‍സികളുടെ കൈയ്യിലെത്തി? 

 

വാട്‌സാപ്പിലൂടെ അയയ്ക്കുന്ന സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡാണ്. അവ മറ്റാര്‍ക്കും കാണാനാവില്ലെന്ന അവകാശവാദണ് ആപ്പിന് വ്യാപകമായി ജനസമ്മതി നേടിക്കൊടുത്ത കാര്യങ്ങളിലൊന്ന്. സന്ദേശം അയയ്ക്കുന്നവർക്കും ലഭിക്കുന്ന ആള്‍ക്കും മാത്രമാണ് അത് കാണാന്‍പറ്റുക എന്നതാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന പ്രോഗം കൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍, വാട്‌സാപ് സെറ്റ്-അപ് ചെയ്യുമ്പോള്‍ത്തന്നെ ചാറ്റുകള്‍ എവിടെ ബാക് അപ് ചെയ്യണമെന്ന് ചോദിക്കുന്നുണ്ട്. പലരും ഗൂഗിള്‍ ഡ്രൈവോ മറ്റു സേവനങ്ങളോ ഉപയോഗിക്കുന്നു. ഇങ്ങനെ സൂക്ഷിക്കുന്ന സന്ദേശങ്ങള്‍ക്ക് തങ്ങള്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്നും വാട്‌സാപ് പറയുന്നുണ്ട്. ഇത്രയും കാര്യങ്ങള്‍ മനസിലാക്കിയതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റാരോപിതന്റെ ഫോണിന്റെ ഒരു 'ക്ലോണ്‍' മറ്റൊരു ഫോണില്‍ തയാറാക്കുന്നു. ഇതിനെയാണ് ഫോണിന്റെ മിറര്‍ ഇമേജ് എന്നു വിളിക്കുന്നത്. തുടര്‍ന്ന് എല്ലാ ഡേറ്റയും മറ്റൊരു ഉപകരണത്തിലേക്കു മാറ്റും. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ അതിലുള്ള എല്ലാ ഡേറ്റയും പരിശോധിക്കും. ഇതില്‍ ഫോണ്‍ കോളുകളെക്കുറിച്ചുള്ള വിവരങ്ങള്‍, മെസേജുകള്‍, ഫോട്ടോകള്‍, വാട്‌സാപ് ചാറ്റുകള്‍, നിങ്ങളുടെ ഗൂഗിള്‍ ക്ലൗഡ്, ഐക്ലൗഡ് പോലെയുള്ള സേവനങ്ങളിലേക്ക് അയച്ചിരിക്കുന്ന വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നു. നിങ്ങള്‍ ഡിലീറ്റു ചെയ്തവ പോലും തിരിച്ചെടുക്കാമെന്നും ഓര്‍ക്കുക.

 

വാട്‌സാപ് സന്ദേശങ്ങള്‍, ഫോണിലേക്കു സേവു ചെയ്യുന്ന ചാറ്റ് ബാക്ക്-അപ്പില്‍ നിന്നും തിരിച്ചെടുക്കാം. എല്ലാ വാട്‌സാപ് ചാറ്റുകളും ഫോണിലെ ഒരു ഫോള്‍ഡറിലോ, ക്ലൗഡിലോ ബാക്-അപ് ചെയ്യപ്പെടുന്നുണ്ട്. ജയ സാഹയുടെ ഗ്രൂപ്പ് ചാറ്റുകള്‍ തിരിച്ചെടുത്തത് ഇത്തരത്തിലാണെന്നു പറയുന്നു. ദീപികയും കരിഷ്മയും തമ്മിലുള്ള 2017ലെ ചാറ്റ് ക്ലൗഡില്‍ നിന്നാണ് കണ്ടെടുത്തതെന്നും പറയുന്നു. ഇത്തരം സന്ദേശങ്ങള്‍ ചാറ്റ് ബാക് അപ് ലോഗ് നോക്കി തിരിച്ചെടുക്കാന്‍ വളരെ എളുപ്പമാണത്രെ. തിരിച്ചെടുത്ത ജയയുടെ ചില ചാറ്റുകളില്‍ 2015ലേതുമുള്‍പ്പെടുന്നു. ഇപ്പോള്‍ കാണുന്ന സ്‌ക്രീന്‍ ഷോട്ടുകളിലൊന്ന് 2015ലേതാണെന്നു പറയുന്നു.

 

പത്രക്കാര്‍ക്കു കിട്ടിയ ദീപികയുടെയും കരിഷ്മയുടേയും വാട്‌സാപ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളില്‍ അവരുടെ ഐഡികള്‍ വാട്‌സാപ്.നെറ്റില്‍ അവസാനിക്കുന്നതു കാണാം. അത് വാട്‌സാപ് പ്ലാറ്റ്ഫമിന്റെ സെര്‍വര്‍ അഡ്രസാണ്. സ്‌ക്രീന്‍ ഷോട്ടിന്റെ അടിയിലുള്ള സോഴ്‌സ് ഇന്‍ഫോ കാണിക്കുന്നത് അത് ജയയുടെ ഫോണില്‍ നിന്നോ, ക്ലൗഡില്‍ നിന്നോ ലഭിച്ചതാകാമെന്നാണ്.

 

നിങ്ങള്‍ ഡിലീറ്റു ചെയ്തു സുരക്ഷിതമാക്കി എന്നു കരുതുന്ന സന്ദേശങ്ങളും അന്വേഷണ സംഘത്തിന് കണ്ടെത്താനാകുമെന്നു പറയുന്നു. ഇതെല്ലാം, ഫോണിലെ ബാക്-അപ് ലോഗില്‍ കിടപ്പുണ്ടായിരിക്കും. കൂടാതെ, ഇതു വേണമെങ്കില്‍ വാട്‌സാപ്പിന്റെ സെര്‍വറുകളില്‍ നിന്നും തിരിച്ചെടുക്കാം. വാട്‌സാപ് സന്ദേശം ഡിലീറ്റു ചെയ്താല്‍ പോലും അത് 30 ദിവസത്തേക്ക് സൂക്ഷിക്കുമെന്നാണ് വാട്‌സാപ്പിന്റെ ഔദ്യോഗിക നിലപാട്. (എന്നാല്‍, നിങ്ങള്‍ പോസ്റ്റു ചെയ്യുമ്പോള്‍ അത് പിന്നെ കാണാനാവില്ല എന്നതു മാത്രമെയുള്ളു. ഒരു സന്ദേശവും ഒരിക്കലും ഇല്ലാതാവില്ല അതെല്ലാം ഫെയ്‌സ്ബുക്കും ഗൂഗിളും പോലെയുള്ള കമ്പനികള്‍ ഗവേഷണത്തിനായി എക്കാലത്തേക്കും സൂക്ഷിച്ചിരിക്കുമെന്ന വാദമുള്ളവരുമുണ്ട്.) ഓരോ രാത്രിയിലും അന്നത്തെ ചാറ്റ് ഫോണിന്റെ സ്‌റ്റോറേജിലോ, എസ്ഡി കാര്‍ഡിലോ ബാക്ക്-അപ് ചെയ്യുന്ന ശീലവും വാട്‌സാപ്പിനുണ്ട്. അതും ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചെടുക്കാനാകും.

 

∙ ഇങ്ങനെ ഡേറ്റാ തിരിച്ചെടുക്കാന്‍ ആര്‍ക്കൊക്കെയാണ് അധികാരമുള്ളത്?

 

ഏതു കംപ്യൂട്ടിങ് ഉപകരണത്തിലുമുള്ള ഡേറ്റ, ഇന്ത്യയില്‍ പത്തു കേന്ദ്ര ഏജന്‍സികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം പരിശോധിക്കാനുള്ള അധികാരമുണ്ട്. നിങ്ങള്‍ക്കു വരുന്ന സന്ദേശങ്ങള്‍ വഴിതിരിച്ചുവിട്ട് കാണാനും, നിരീക്ഷിക്കാനും, അത് എന്‍ക്രിപ്റ്റഡാണെങ്കില്‍ പോലും ഡീക്രിപ്റ്റു ചെയ്തു വായിക്കാനും അവര്‍ക്കു സാധിക്കും. നര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയവ ഉള്‍പ്പടെ 10 ഏജന്‍സികളാണ് ഇതിനായി കാത്തിരിക്കുന്നത്.

 

∙ ഇതൊക്കെ കോടതി തെളിവായി അംഗീകരിക്കുമോ?

 

ഉവ്വ്. വാട്‌സാപ് ചാറ്റുകള്‍ കോടതിയില്‍ തെളിവായി സ്വീകരിക്കും. അവ ഇന്ത്യന്‍ എവിഡന്‍സ് ആക്ട്, 1872ന് വിരുദ്ധമാകരുതെന്നു മാത്രം. ആക്ടിന്റെ സെക്ഷന്‍ 65 (എ) ഇത് അനുവദിക്കുന്നു. സെക്ഷന്‍ 65 ബിയിലാണ് എന്തെല്ലാമാണ് വേണ്ടതെന്ന് വിശദീകരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണം പതിവായി ഉപയോഗിച്ചിരുന്നുവെന്നു തെളിയിക്കണം. അതിനു കേടൊന്നുമില്ല എന്നും തെളിയിക്കണം. ഉപകരണത്തിലുള്ള വിവരങ്ങളുടെ കോപ്പിയെടുത്താണ് കോടതിക്കു നല്‍കേണ്ടത്.

 

English Summary: How NCB retrieved WhatsApp chats allegedly between Deepika Padukone and her manager

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com