ADVERTISEMENT

ഫെയ്സ്ബുക്കിൽ എപ്പോഴും എന്തെങ്കിലും ചലഞ്ചുകളും ക്യാംപെയ്നുകളും ഉണ്ടാകും. കുറിപ്പുകളും ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാൽ, ഇത്തരം ചഞ്ചുകളുടെ ഭാഗമായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും എവിടെയൊക്കെ പോകുന്നുവെന്ന് ആരും ശ്രദ്ധിക്കാറില്ല. എന്നാൽ, ഈ ചിത്രങ്ങൾ നിരവധി വ്യക്തികളും ചെറുകിട സ്ഥാപനങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതിൽ ചില ചിത്രങ്ങൾ പോൺ വെബ്സൈറ്റുകളിൽ വരെ എത്തുന്നു.

കപ്പിൾസ് ചലഞ്ച് ചിത്രങ്ങൾ ദുരുപയോഗം ചെയ്യാമെന്ന് മുന്നറിയിപ്പ് നൽകി പൂനെ സിറ്റി പൊലീസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.  സോഷ്യൽ മീഡിയയിൽ വൈറലായ ‘കപ്പിൾസ് ചലഞ്ചിനായി’ പങ്കാളികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പൂനെ പൊലീസിന്റെ ഔദ്യോഗിക ട്വിറ്ററിൽ ഇത് സംബന്ധിച്ച് സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്, ‘നിങ്ങളുടെ പങ്കാളിക്കൊപ്പം ഒരു ചിത്രം പോസ്റ്റുചെയ്യുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കുക. ജാഗ്രതയില്ലെങ്കിൽ ഒരു ‘ക്യൂട്ട്’ ചലഞ്ച് തെറ്റാം! # ബിഅവയർ. ’

ദിവസങ്ങൾക്ക് മുൻപാണ് ‘കപ്പിൾസ് ചലഞ്ച്’ വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡുചെയ്യാൻ തുടങ്ങിയത്. എന്നാൽ, ഈ ചിത്രങ്ങൾ മോർഫിങ്, റിവെൻജ്, പോൺ, ഡീപ്ഫേക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്തേക്കാമെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തിൽ ഫോട്ടോകൾ ദുരുപയോഗം ചെയ്തിട്ടുള്ള നിരവധി കേസുകള്‍ വരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഈ ചിത്രങ്ങളിൽ ചിലത് മാറ്റങ്ങൾക്ക് വിധേയമാക്കി, പ്രതികാരത്തിനും അല്ലാതെയും അശ്ലീല വെബ്‌സൈറ്റുകളിൽ‌ അപ്‌ലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വ്യക്തിപരമായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് സൈബർ പൊലീസ് പറയുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ ദിവസവും അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടേത് ഉൾപ്പടെയുള്ളവരുടെ ചിത്രങ്ങൾ അശ്ലീല, ഡേറ്റിങ് വെബ്സൈറ്റുകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ടെന്ന് എത്ര പേർക്ക് അറിയാം. 

നേരത്ത നടന്ന നിരവധി അന്വേഷണത്തിൽ ഇക്കാര്യം തെളിഞ്ഞതാണ്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്നെടുത്ത ദശലക്ഷക്കണക്കിന് ഫോട്ടോകളാണ് ഡേറ്റിങ്, പോൺ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രാദേശിക സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ എടുത്ത ചിത്രങ്ങളുണ്ടെങ്കിലും പകുതിയിലേറെ ഫോട്ടോകളും ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്തതാണെന്ന് വ്യക്തമാണ്.

കുട്ടികളും സ്ത്രീകളും നീന്തുന്നതും കായികവിനോദങ്ങളിലേർപ്പെടുന്നതും ജിംനാസ്റ്റിക്സ് പരിശീലനം നടത്തുന്നതുമെല്ലാമായുള്ള ചിത്രങ്ങൾ പോൺവെബ്സൈറ്റുകളിലെ പ്രൊഫൈൽ ചിത്രങ്ങളാണ്. വ്യക്തികളുടെ അനുമതിയില്ലാതെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ പല രാജ്യങ്ങളും ശക്തമായ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പല ഇമേജ് ഷെയറിങ് വെബ്സൈറ്റുകളും ട്രാക്ക് ചെയ്യാൻ പോലും പറ്റാത്ത വിധം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ കുട്ടികളുടെ മാത്രം ചിത്രങ്ങളല്ല അശ്ലീല വെബ്സൈറ്റുകളിലുള്ളത്. യുവതികളുടെയും, സിനിമാ നടിമാരുടെയും ചിത്രങ്ങൾ ഇത്തരം വെബ്സൈറ്റുകളിൽ പ്രൊഫൈൽ ചിത്രമായി കാണാം. ഓൺലൈൻ ഫാമിലി ബ്ലോഗുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങളുടെ പ്രധാന ഉറവിടം ഫെയ്സ്ഫുക് തന്നെയാണ്.

വിവധി വഴികളിലൂടെ ഫെയ്സ്ബുക്കിൽ നിന്നുൾപ്പെടെ ആരുടെയും ഫോട്ടോ നിമിഷങ്ങൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാമെന്നതാണ് ഇത്തരക്കാർ മുതലെടുക്കുന്നത്. എന്നാൽ ഇത്തരക്കാരെ പിടിക്കാൻ ഫെയ്സ്ബുക് നിരവധി ഫീച്ചറുകൾ കൊണ്ടുവന്നെങ്കിലും കാര്യമായ പ്രതിരോധം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ കോടിക്കണക്കിന് ഫോട്ടോകളുള്ള ഇമേജ്–ഷെയറിങ് വെബ്ൈസറ്റിൽ പകുതിയും പ്രശസ്ത സമൂഹമാധ്യമങ്ങളിൽ നിന്നുള്ളതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മാത്രമല്ല ഇമേജസ് ഫ്രം ഫെയ്സ്ബുക്ക്, കിക്ക് ഗേൾസ് (kik ഒരു പ്രാദേശിക സമൂഹമാധ്യമമാണ്) എന്ന് ഫോൾഡറുകൾക്ക് പേരിട്ടവർ വരെയുണ്ട്. മൈ ഡോട്ടേഴ്സ് ഇൻസ്റ്റഗ്രാം ഫ്രണ്ട്സ്, കിഡ്സ് അറ്റ് ബീച്ച്, നൈസ് ബോയ്സ് പ്ലേ ഇൻ റിവർ, ജിംനാസ്റ്റ്സ് എന്നിങ്ങനെയാണ് ചില ഫോൾഡറുകൾക്ക് നൽകിയിരിക്കുന്ന പേരുകൾ. ശരിക്കും ഇത് കുട്ടികൾക്കു നേരെയുള്ള ലൈംഗിക ചൂഷണമാണെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

 

English Summary: Pune cops ask people to be cautious about ‘couple challenge’ on Facebook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com