ADVERTISEMENT

ലോകമെമ്പാടുമായി ഏകദേശം 200 കോടി ആളുകളാണ് വാട്‌സാപ് ഉപയോഗിക്കുന്നത്. ഇതിനാല്‍ തന്നെ ഈ പ്ലാറ്റ്‌ഫോമിലെ ചാറ്റുകള്‍ സുരക്ഷിതമായിരിക്കുക പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കാര്യമാണ്. വാട്‌സാപ്പില്‍ക്കൂടെ നടത്തുന്ന ചാറ്റുകള്‍ സുരക്ഷിതമാണെന്ന് കമ്പനി ഇടയ്ക്കിടയ്ക്കു പറയുന്നുമുണ്ട്. എന്നാല്‍, എല്ലാ വാട്‌സാപ് ചാറ്റും സുരക്ഷിതമാണോ? ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളില്‍ മിക്കവരും ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകളിലൊന്നുമാണ് വാട്‌സാപ്. ഇതിലൂടെ നടത്തുന്ന ചാറ്റുകള്‍ പിന്നെ എപ്പോഴെങ്കിലും നോക്കാനായി ബാക്-അപ് ചെയ്യുക എന്നതും പതിവുള്ള കാര്യമാണ്. 

 

എന്നാല്‍, ചാറ്റുകള്‍ ബാക്-അപ് ചെയ്യുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് ചിലര്‍ക്കെങ്കിലും അറിയില്ല. നിങ്ങള്‍ നടത്തിയ, ഇനി ആവശ്യമില്ലെന്നു തോന്നുന്ന, സ്വകാര്യ ചാറ്റുകള്‍ ഡിലീറ്റു ചെയ്യുന്നത് ഒരു നല്ല ശീലമാണ്. നിങ്ങളുടെ അക്കൗണ്ട് ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ഉപയോഗിച്ച സുരക്ഷിതമാക്കണമെന്നു തോന്നുന്നതും സ്വാഭാവികമാണ്. എന്നാല്‍, ഒരു ചെറിയ പിഴവു വരുത്തിയാല്‍ പണി മൊത്തം പാളും. ഇത്തരം കാര്യങ്ങളെക്കുറിച്ച് സംശയമുള്ളവര്‍ നിശ്ചയമായും ഇനിപ്പറയുന്ന കാര്യങ്ങള്‍ മനസില്‍ വയ്ക്കുക.

 

ഗൂഗിള്‍ ക്ലൗഡിലേക്കൊ, ഐ ക്ലൗഡിലേക്കോ ബാക് അപ് ചെയ്യുന്ന വാട്‌സാപ് ചാറ്റുകള്‍ക്ക് യാതൊരു സുരക്ഷയുമില്ല. വാട്‌സാപ് അകാശപ്പെടുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ (ഇ2ഇഇ) വാട്‌സാപ്പിനുള്ളില്‍ മാത്രമാണ് പ്രവാര്‍ത്തികുന്നുള്ളു. വാട്‌സാപ്പിനു വെളിയിലേക്ക് നിങ്ങള്‍ ചാറ്റുകള്‍ കൊണ്ടുപോകുന്ന നിമിഷം അവ സുരക്ഷിതമല്ലാതായി തീരുന്നു. പിന്നീടു നടക്കുന്ന കാര്യങ്ങള്‍ എന്‍ക്രിപ്റ്റഡ് ആയിരിക്കില്ല. ചുരുക്കി പറഞ്ഞാല്‍, ഗൂഗിള്‍ ഡ്രൈവിലേക്കും, ഐക്ലൗഡിലേക്കും ബാക്-അപ് ചെയ്യുന്ന ഫയലുകളും ചാറ്റുമെല്ലാം അണ്‍എന്‍ക്രിപ്റ്റഡ് ആയിരിക്കും. നിങ്ങളുടെ ചാറ്റ് ബാക്-അപ്പിലേക്ക് കയറാന്‍ സാധിക്കുന്ന ആര്‍ക്കും അവ പരിശോധിക്കാന്‍ സാധിക്കും. ശക്തമായ ഒരു പിന്‍ ഉപയോഗിക്കുക എന്നതു മാത്രമായിരിക്കും നിങ്ങളുടെ അക്കൗണ്ട് ആരും ഉപയോഗിക്കുന്നില്ല എന്നുറപ്പുവരുത്താന്‍ വേണ്ട കാര്യങ്ങളിലൊന്ന്. 

 

വാട്‌സാപ്പിന്റെ ടു-ഫാക്ടര്‍ ഒതന്റിക്കേഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ അവരുടെ ആറക്ക കോഡ് കിട്ടിയാല്‍ മാത്രമെ നിങ്ങളുടെ അക്കൗണ്ട് മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാന്‍ പറ്റൂ. ഒരു ഹാക്കര്‍ നിങ്ങളുടെ ഫോണോ സിമ്മോ ക്ലോണ്‍ ചെയ്താല്‍ പോലും അവര്‍ക്ക് അക്കൗണ്ട് ഉപയോഗിക്കണമെങ്കില്‍ ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ വേണ്ടിവരും.

 

എന്നാല്‍, ഫോണ്‍ ക്ലോണ്‍ ചെയ്യുന്ന സമയത്ത് അതിന്റെ ഐഎംഇഐ നമ്പറും പകര്‍ത്തിയെടുക്കാനായാല്‍ നിങ്ങളുടെ ബാക് അപ് ഡേറ്റ മുഴുവന്‍ പരിശോധിക്കാനാകും. ഇന്ത്യയില്‍ ഫോണ്‍ ക്ലോണിങ് നിയമപരമല്ല. എന്നാല്‍, ഗവണ്‍മെന്റ് അധികാരികള്‍ക്ക് ഇതിന് അനുമതിയുണ്ട്. അവര്‍ക്ക് ഫോറന്‍സിക് രീതികള്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ ക്ലോണ്‍ ചെയ്ത് വാട്‌സാപ് ഡേറ്റ മുഴുവന്‍ പരിശോധിക്കാന്‍ സാധിക്കും. ഐക്ലൗഡിലോ, ഗൂഗിള്‍ ഡ്രൈവിലോ സൂക്ഷിച്ചിരിക്കുന്ന ഡേറ്റയും അവര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും.

 

ടു ഫാക്ടര്‍ ഓതന്റിക്കേഷന്റെ ഭാഗമായി ഒരു ഇമെയില്‍ ഐഡി സമര്‍പ്പിക്കാന്‍ വാട്‌സാപ് ആവശ്യപ്പെടുന്നു. എന്നാല്‍, ഇതു നല്‍കാതിരിക്കാനും സാധിക്കും. കൂടാതെ, വാട്‌സാപ് ഇമെയില്‍ ഐഡി വേരിഫൈ ചെയ്യുന്നില്ല എന്ന കാര്യവും ഓര്‍ത്തിരിക്കണം. നിങ്ങള്‍ മെയില്‍ ഐഡി തെറ്റായാണ് ടൈപ്പു ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ വാടാസാപ് അക്കൗണ്ട് പിന്നെ റീസ്റ്റോറു ചെയ്യല്‍ എളുപ്പമായിരിക്കില്ല. പ്രത്യേകിച്ചും വാട്‌സാപ് പിന്‍ മറന്നാല്‍.

 

നിങ്ങളുടെ വാട്‌സാപ് ചാറ്റുകള്‍ മെയിലിലേക്കു മാറ്റാന്‍ തോന്നിയേക്കാം. അപ്പോഴും അവയ്ക്ക് ഒരു എന്‍ക്രിപ്ഷനും ഉണ്ടായിരിക്കില്ല. അതു കൂടാതെ മൈക്രോഎസ്ഡി കാര്‍ഡിലേക്കോ, പെന്‍ഡ്രൈവിലേക്കോ മാറ്റി സൂക്ഷിക്കാനും തോന്നാം. ഇതു രണ്ടും വാട്‌സാപ് അനുവദിക്കുന്നുമുണ്ട്. ഫയലുകളെല്ലാം എളുപ്പത്തില്‍ കോപ്പി ചെയ്ത് മാറ്റാം. അപ്പോഴും എന്‍ക്രിപ്ഷന്‍ ഉണ്ടാവില്ലെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

 

ഓര്‍ത്തിരിക്കേണ്ട മറ്റൊരു കാര്യം വാട്‌സാപ് ചാറ്റുകളെല്ലാം ഗൂഗിള്‍ ഡ്രൈവില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും ഡിലീറ്റു ചെയ്തു കളയാമെന്നതാണ്. അതുപോലെതന്നെ, ഏതെങ്കിലും ഫയല്‍ മാനേജര്‍ ഉപയോഗിച്ച് ഫോണിലെ ചാറ്റ് ബാക്ക്-അപ്പും പരിപൂര്‍ണമായി ഡിലീറ്റു ചെയ്യാം.

 

∙ ഐഫോണ്‍ മാറി ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയാല്‍ ചാറ്റുകള്‍ക്ക് എന്തു സംഭവിക്കും?

 

ഐഫോണ്‍ മാറി ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയാലോ, ആന്‍ഡ്രോയിഡ് ഫോണ്‍ മാറി ഐഫോണ്‍ വാങ്ങിയാലോ നിങ്ങളുടെ പഴയ ചാറ്റുകള്‍ പുതിയ ഫോണിലേക്കു മാറ്റാന്‍ വാട്‌സാപ് ഔദ്യോഗികമായി അനുവദിക്കുന്നില്ല. എന്നാല്‍, ഇതു ചെയ്യാനുള്ള തേഡ് പാര്‍ട്ടി ആപ്പുകളുണ്ട്. ഇവ ഉപയോഗിച്ചാല്‍ പഴയ ചാറ്റുകളും കളയാതെസൂക്ഷിക്കാം.

 

English Summary: Should you back up WhatsApp data?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com