sections
MORE

ഭാഗ്യലക്ഷ്മി 'അടി'ച്ചുറപ്പിച്ച മുന്നറിയിപ്പ്; 'ഇവിടെ മാലിന്യം തള്ളരുത് '

HIGHLIGHTS
  • നിസ്സഹായത: സമൂഹമാധ്യമങ്ങളെ ആരു നിയന്ത്രിക്കും
  • സമൂഹമാധ്യമങ്ങളിൽ നിന്ന് എങ്ങനെ നമ്മുടെ സ്ത്രീകളെ സംരക്ഷിക്കും?
youtube-image-2
SHARE

സമൂഹമാധ്യമങ്ങള്‍ കുപ്പത്തൊട്ടികളാണെന്നു പറഞ്ഞാൽ എതിർപ്പുള്ളവരുണ്ടാകാം. ലളിതമായ മറുചോദ്യം തന്നെ ഉത്തരം. എങ്ങനെയാണ് ഒരിടം കുപ്പത്തൊട്ടിയാകുന്നത്? അവിടെ മാലിന്യം തള്ളുമ്പോൾ. യൂട്യൂബിലും ഫെയ്സ്ബുക്കിലും മാത്രമല്ല സകലമാന സമൂഹമാധ്യമങ്ങളിലും ഇപ്പോൾ നല്ലതിനെക്കാൾ കെട്ടതാണ് അധികം. അതുകൊണ്ട് അവിടം ഫലത്തിൽ കുപ്പത്തൊട്ടികളല്ലാതെ പിന്നെയെന്താണ്?

അഭിപ്രായസ്വാതന്ത്ര്യമെന്ന പേരിൽ സാമൂഹിക വിദഗ്ദർ വിട്ടു കളയുന്ന സമൂഹമാധ്യമങ്ങളുടെ മുഖത്താണ് കലാകാരി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കരിയെണ്ണയൊഴിച്ചത്

മാലിന്യത്തിനൊപ്പം കുറച്ചു നന്മകൾക്കൂടി വിളമ്പുമ്പോള്‍ കൂടുതൽ മ്ലേച്ഛം. തീൻ മേശയിൽ ഇഷ്ടവിഭവങ്ങൾക്കൊപ്പം അമേധ്യം കൂടി നിരത്തുന്ന അവസ്ഥ. ഗതികേടുകൊണ്ട് അങ്ങോട്ടു നോക്കാതെ നല്ലതു മാത്രമെടുത്ത് കണ്ണടച്ചു വിശപ്പടക്കാനെത്തുന്നവന്റെ മുന്നിലേക്ക് ‘ദാ ഇതു കഴിക്കൂ, ഇതു കഴിക്കൂ’ എന്നു പറഞ്ഞ് അമേധ്യം തള്ളി വയ്ക്കുന്നതിനു സമമല്ലേ ഇവരുടെ വാനോളം വാഴ്ത്തുന്ന റക്കമൻഡേഷൻ സംവിധാനം?

സമൂഹം സമൂഹ മാധ്യമങ്ങളുടെ കരണത്തടിക്കുമ്പോൾ

സമൂഹ മാധ്യമങ്ങളുടെ രാഷ്ട്രീയ സ്വാധീനവും രാഷ്ട്രീയത്തിനും സമാധാനം തകർക്കലിനും വേണ്ടിയുള്ള സംഘടിത ശ്രമങ്ങളും മറക്കാം. രാജ്യങ്ങളിൽ അസമത്വം പരത്തി സമാധാനവും രാജ്യത്തെത്തന്നെയും തകർക്കാൻ ശ്രമിച്ചിട്ടുള്ളതും ചർച്ചയാക്കുന്നില്ല. അതു വേറൊരു വലിയ വിഷയമാണ്. ഇവിടുത്തെ പ്രശ്നം വിഷം വിതറി സമൂഹത്തെ ആകമാനവും, പ്രത്യേകിച്ച് വളരുന്ന തലമുറയെയും, തകർക്കാൻ ശ്രമിക്കുന്നു എന്നതാണ്.

അധികൃതർ കണ്ണടച്ച് ഇരുട്ടാക്കുന്ന, അഭിപ്രായസ്വാതന്ത്ര്യമെന്ന പേരിൽ സാമൂഹിക വിദഗ്ധർ വിട്ടു കളയുന്ന, സമൂഹമാധ്യമങ്ങളുടെ ഈ മുഖത്താണ് കഴിഞ്ഞ ദിവസം കലാകാരി ഭാഗ്യലക്ഷ്മിയും സുഹൃത്തുകളും കരിയെണ്ണയൊഴിച്ചത്, കരണക്കുറ്റി അടിച്ചു പൊട്ടിച്ചത്, അതേ തരം താണ ഭാഷയിൽത്തന്നെ പ്രതികരിച്ചത്. തല്ലു കൊണ്ട വ്യക്തിയുടെ യൂട്യൂബ് ചാനൽ കണ്ടാൽ മതി, തള്ളുന്നത് എന്തുതരം മാലിന്യമാണ് എന്നു വ്യക്തമാകും. ഏതു വലിയ ന്യായീകരണത്തൊഴിലാളിക്കും വിശദീകരിക്കാനാത്തത്ര വൃത്തികേട്. ഡോ. വിജയ് പി. നായർക്കായി യൂട്യൂബിൽ സെർച്ച് ചെയ്യുക. സ്വയം പരിശോധിക്കുക; പ്രായ പൂർത്തിയായവർ മാത്രം. അദ്ദേഹം പറയുന്നത് എഴുതി ഒരു മാഗസിനാക്കി പ്രസിദ്ധീകരിച്ച് ബുക്ക് സ്റ്റാളിൽ പ്രദർശിപ്പിച്ചാൽ സാധനം പൊലീസ് തൊണ്ടിയാക്കും. പ്രതിക്കെതിരെ കേസുമെടുക്കും. ഇവിടെ? ഒന്നും സംഭവിച്ചില്ല... നാളുകളോളം...

കാണാക്കളികൾ കണ്ടാൽ ഭയക്കും

പൊതുവേ നിരുപദ്രവമെന്നു തോന്നുന്ന ഫെയ്സ്ബുക്കിന്റെയും ട്വിറ്ററിന്റെയും, കൂടുതൽ ബുദ്ധിമാന്മാർ ഉപയോഗിക്കുന്ന ഡാർക്ക് നെറ്റിന്റെയും കാണാക്കളികൾ ലോകത്തിലെ ഏറ്റവും വലിയ ചാര സംഘടനകളെക്കാൾ അധമമാണ്. അക്സപ്റ്റ് കണ്ടീഷൻസ് എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്ത് ഉള്ളിൽക്കടന്നാൽപ്പിന്നെ സ്വയം നഗ്നനാകുന്നതിനു തുല്യം. ഫോണിലുള്ള എല്ലാക്കാര്യങ്ങളും– ചിത്രങ്ങളും ഫോൺ വിളികളും സന്ദേശങ്ങളും ഒക്കെ– നിങ്ങൾ തുറന്നു കൊടുത്തു. വീട്ടിലെ സ്വകാര്യ സംഭാഷണങ്ങൾ വരെ ആമസോൺ അലക്സയും ഫോണുകളുമൊക്കെ ചോർത്തുന്നു. ഇങ്ങനെയൊക്കെയുള്ള ആമസോൺ ഉടമ ജെഫ് ബിസോസിന്റെ രഹസ്യ ചിത്രങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്നു വിശ്വസിക്കപ്പെടുന്ന ആപ്പിൾ ഫോണിൽ നിന്നു ചോർത്തി ഇസ്രയേലികൾ സൗദിക്കു നൽകിയത് സോഷ്യൽ മീഡിയയുടെ പിൻവാതിൽ വഴിയത്രേ. വിരോധാഭാസമല്ല, വിധി.

കപട സ്വാതന്ത്യത്തിന്റെ മറവിൽ

സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞാണ് സമൂഹമാധ്യമങ്ങൾ കളിക്കുന്നത്. സ്വാതന്ത്ര്യമെന്നാൽ ആർക്കും ആരെയും എന്തു തോന്ന്യാസവും പറയാനുള്ള വേദി എന്നു നിർവചനം. ഈ മഹാരാജ്യത്ത് നാലു പേജുള്ള ഒരു വാരിക അച്ചടിക്കണമെങ്കിൽ ജില്ലാ മജിസ്ട്രേറ്റ് മുഖേന ന്യൂഡൽഹിയിലെ റജിസ്ട്രാർ ഒാഫ് ന്യൂസ് പേപ്പേഴ്സിെൻറ അനുമതി വാങ്ങണം. രാജ്യത്തു നിലവിലുള്ള എല്ലാ നിയമങ്ങൾക്കും പ്രസ് കൗൺസിൽ മാനദണ്ഡങ്ങൾക്കും വിധേയരാകണം.

ഒരു ടിവി ചാനൽ തുടങ്ങണമെങ്കിലും 50 കിലോമീറ്ററിനുള്ളിൽ വാർത്തകളല്ലാത്ത വിവരങ്ങൾ പ്രസാരണം ചെയ്യാൻ മാത്രം ശേഷിയുളള എഫ് എം സ്റ്റേഷൻ തുടങ്ങണമെങ്കിലും സമാന നിയന്ത്രണമുണ്ട്. റേഡിയോയിലൂടെ വാർത്ത സംപ്രേഷണം ചെയ്യാൻ സർക്കാരിനു മാത്രമേ അധികാരമുള്ളൂ. ആർക്കു വേണം ഇതൊക്കെ? ആയിരം രൂപയിൽത്താഴെ മുടക്കിയാൽ ഒരു വെബ്സൈറ്റോ പൂജ്യം രൂപയ്ക്ക് ഒരു യൂട്യൂബ് ചാനലോ ഫെയ്സ്ബുക് അക്കൗണ്ടോ തുടങ്ങിയാൽ ആർക്കെതിരെയും അമേധ്യം വാരിത്തെറിപ്പിക്കാം. വിശ്വാസ്യതയുള്ള വാർത്തയുടെ നൂറിരട്ടി പ്രചാരം ഇത്തരം വാർത്തകൾക്ക് സമൂഹ മാധ്യമങ്ങൾ ഒത്താശ ചെയ്യുകയും ചെയ്യും.

യന്ത്രങ്ങൾ മനുഷ്യനെ സൃഷ്ടിക്കുന്നു

യഥാർഥ ജീവിതത്തിൽ പരാജയമായവരാണ് യൂട്യൂബിന്റെയും ഫെയ്സ്ബുക്കിന്റെയും ഇഷ്ടക്കാർ. ഒരു രക്ഷയും ഇല്ലാത്തവരെ ധാരാളം പണം നൽകി വശത്താക്കുന്ന തന്ത്രം. സായിപ്പിന്റെ ഭാഷയിൽ ലോ ഹാങിങ് ഫ്രൂട്സ്.‌ ഇൻഫ്ളുവൻസേഴ്സ് എന്ന ഓമനപ്പേരിനുടമകളായ ഇവരിലൂടെ പതിയെ ഒരു ജനതയെ മുഴുവനാണ് ഈവിൾ ഇൻഫ്ലുവൻസിലാക്കുക.

അലോഹ്യം തോന്നേണ്ട. എന്തെങ്കിലും കാര്യത്തിൽ വിവരം ഉള്ളവരെത്തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ, വിവരം ബോംബ് ഉണ്ടാക്കുന്നതിലാണോ രാജ്യം തകർക്കുന്നതിലാണോ എന്നൊന്നും സമൂഹമാധ്യമങ്ങൾക്കറിയില്ല. കാരണം അവരെ നയിക്കുന്നതു മനുഷ്യരല്ല, മൃഗതുല്യരായ റോബോട്ടുകളാണ്. മാനവികതയ്ക്കു മേലുള്ള മനുഷ്യനിർമിത യന്ത്രങ്ങളുടെ ആദ്യ അധിനിവേശം.

മനുഷ്യൻ സഹായത്തിനായി ആദ്യം മൃഗങ്ങളെയും പിന്നെ യന്ത്രങ്ങളെയും ഉപയോഗിച്ചുവെന്നത് ചരിത്രം. പക്ഷേ ഈ രണ്ടു മാർഗങ്ങളെയും സാധൂകരിച്ചത് ഇവയ്ക്കുമേൽ മനുഷ്യനുള്ള നിയന്ത്രണമായിരുന്നു. ഇപ്പോൾ സോഷ്യൽ മാധ്യമങ്ങള്‍ മനുഷ്യനെ നിയന്ത്രിച്ചു തുടങ്ങി. എങ്ങനെ? നിർമിത ബുദ്ധി വഴി. അതെ, മനുഷ്യൻ ഉണ്ടാക്കിക്കൊടുത്ത ബുദ്ധി ഉപയോഗിച്ച് മനുഷ്യനെ വിധേയനാക്കുന്നു...

അടച്ചല്ല ആക്ഷേപം

യൂട്യൂബിൽ വിജയം കണ്ടവരെല്ലാം മോശക്കാരാണെന്നല്ല വാദം. ഗഹനമായി പഠിച്ച് നല്ല നിലവാരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നവരുണ്ട്. എന്നാൽ വിജയ ശതമാനം നോക്കിയാൽ ഇതിന്റെ പാതി പോലും മികവില്ലാത്തവർക്ക് യൂട്യൂബ് കൂടുതൽ വളർച്ച നൽകാറുണ്ട്. നിർമിത ബുദ്ധിയുടെ പൊട്ട ബുദ്ധിയിൽ കുരുത്തു വന്ന കൂണുകൾ. പൊതുവേ പാചക പരിപാടികള്‍ക്കും മറ്റും നല്ല നിലവാരമുള്ള അവതാരകരുള്ളപ്പോൾ ഉത്പന്ന റിവ്യൂകളിലും മറ്റും എല്ലാ തരത്തിലും പെട്ടവരുണ്ട്. യാത്രാ വ്ലോഗുകളിൽ ഒട്ടുമിക്കതിനും കാതലില്ല. കണ്ടതു പറഞ്ഞു പോകുന്നു. താജ് മഹൽ അവതരിപ്പിക്കുമ്പോഴും ‘കണ്ടോ, കണ്ടോ നല്ല വെളുത്ത കെട്ടിടം. എന്തൊരു ഭംഗി, എന്തൊരു വലുപ്പം...’ എന്നു വിശേഷിപ്പിക്കുന്നവരാണധികം. ഏതു ഷാജഹാൻ, എന്തു മുംതാസ് ? എവിടുത്തെ അനശ്വര പ്രേമം... വെറുതെയൊരു ചാനൽ പടച്ചുണ്ടാക്കി വാർത്താ ചാനൽ എന്ന പേരിൽ പുലഭ്യം പറയുന്നവരും അനവധി. മുഖ്യധാരാ മാധ്യമങ്ങൾ ആളും അർഥവും മുടക്കി വാർത്തയുണ്ടാക്കി പ്രസിദ്ധീകരിച്ചാലുടൻ റാഞ്ചിപ്പിടിച്ച് ചെറിയ മാറ്റങ്ങൾ വരുത്തി സ്വന്തം സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന മോഷ്ടാക്കളുമുണ്ട്.

bhagya-lekshmi-new

എകെ 47 നെക്കാൾ മാരകം

അദ്ദേഹം പറയുന്നത് എഴുതി ഒരു മാഗസിനാക്കി പ്രസിദ്ധീകരിച്ച് ബുക്ക് സ്റ്റാളിൽ പ്രദർശിപ്പിച്ചാൽ സാധനം പൊലീസ് തൊണ്ടിയാക്കും. പ്രതിക്കെതിരേ കേസുമെടുക്കും

മുഖ്യധാരാ മാധ്യമങ്ങൾക്ക് എന്തൊക്കെ തെറ്റുകുറ്റങ്ങളുണ്ടായാലും അവർക്കൊരു ചട്ടക്കൂടുണ്ട്, നിയന്ത്രണങ്ങളുണ്ട്, നിയമവ്യവസ്ഥയുണ്ട്. പതിറ്റാണ്ടുകളായി, ബിരുദാനന്തര ബിരുദ യോഗ്യതയും ഒന്നോ രണ്ടോ വർഷത്തെ കർശന പരിശീലനവും കഴിഞ്ഞാണ് പേനയുന്താനോ സമാന പണികൾക്കോ നിയമിക്കപ്പെടുക. പല കാരണങ്ങൾ കൊണ്ടും നിയമ നിയന്ത്രണങ്ങൾ കൊണ്ടും മുഖ്യധാരയ്ക്കു ചെയ്യാനാവാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിൽ യാതൊരു പരിശീലനവുമില്ലാത്തവരെക്കൊണ്ട് സമൂഹ മാധ്യമങ്ങൾ ചൂടു ചോറു വാരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾക്കു തുല്യമോ അതിലധികമോ പ്രചാരമുള്ള സമൂഹ മാധ്യമങ്ങൾ വഴി പരത്തുന്ന വിവരക്കേടുകൾ എത്ര വലിയ വിപത്താണെന്ന് നാമാരും തിരിച്ചറിയുന്നില്ല. വർഷങ്ങളുടെ പരിശീലനത്തിലൂടെ ആയുധപ്രയോഗത്തിൽ ൈവദഗ്ധ്യവും സംയമനവും പാലിക്കുന്ന ൈസനികരിലുള്ളതിലും പ്രഹരശേഷിയുള്ള ആയുധം ഏതു ഭ്രാന്തനും കൊടുത്താലുള്ള അവസ്ഥ.

മുഖ്യധാരയ്ക്ക് പിന്തുണയില്ല

സമൂഹമാധ്യമങ്ങളുടെ പൊതു സ്വഭാവമനുസരിച്ച് മുഖ്യധാരാ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമില്ല. മാത്രമല്ല നിർമിത ബുദ്ധി ട്യൂൺ ചെയ്തു വച്ചിട്ടുള്ളത് മുഖ്യധാരയ്ക്ക് എതിരാണു താനും. അതായത്, ഒരേ കാര്യത്തെപ്പറ്റി രണ്ടു വിഡിയോകൾ നിർമിക്കുന്നു എന്നു വയ്ക്കുക. മുഖ്യധാരാ മാധ്യമം മികച്ച ഗുണനിലവാരത്തിൽ നിർമിച്ച് യൂ ട്യൂബിൽ ഇടുന്നു. അതേ വിഡിയോ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഒരു വ്യക്തിയും ഇടുന്നു. യൂട്യൂബ് കണക്കു കൂട്ടലുകൾ പ്രകാരം സ്വകാര്യ വ്യക്തി ഇടുന്ന വിഡിയോയ്ക്കാണ് പ്രാധാന്യം. ആധികാരികതയോ സത്യസന്ധതാ പരീക്ഷണമോ ബ്രാൻഡോ പരിഗണിക്കപ്പെടുന്നതേയില്ല എന്നർഥം. ഗുണനിലവാരമുള്ള വിഡിയോ 100 പേർ കാണുമ്പോൾ മറ്റേ വിഡിയോ ഒരു ലക്ഷം പേർ കാണും. അല്ലെങ്കിൽ യൂട്യൂബ് കാണിക്കും. പരസ്യമായി അംഗീകരിക്കില്ലെങ്കിലും യൂട്യൂബ് നീതി ഇതാണെന്ന് അവിടുത്തെ പൂർവകാല തൊഴിലാളികൾ സ്ഥിരീകരിക്കുന്നു. ഫെയ്സ്ബുക്കിനും സമാന നയം തന്നെ.

സംഗീതം, സിനിമ തുടങ്ങിയ മേഖലകളിൽ മാത്രമാണ് നേരിയ നയം മാറ്റം. ഗുണമേന്മയുള്ള സംഗീതവും സിനിമയുമൊക്കെ വെറുമൊരു സാധാരണക്കാരന് നിർമിക്കാനാവില്ല എന്നതു തന്നെ കാരണം. ഈ നയവൈകല്യവും കുറഞ്ഞ വരുമാനവും മൂലം ഏതാണ്ടെല്ലാ വമ്പന്മാരും യൂട്യൂബ് വിട്ടു സ്വന്തം പ്ലാറ്റ്ഫോം തുടങ്ങി. ഡിസ്നി, ഹോട്ട്സ്റ്റാർ, സോണി എന്നിങ്ങനെ ഏതാണ്ട് കൊള്ളാവുന്ന സ്റ്റുഡിയോകളും ടെലിവിഷൻ ചാനലുകളും യൂട്യൂബിനോട് വിട ചൊല്ലി. ശേഷിക്കുന്നവർ ഉടൻ തന്നെ സ്ഥലം വിടും. യൂട്യൂബ് പ്ലാറ്റ്ഫോമിൽ മാത്രം ലഭിച്ചിരുന്ന വൈസ് പോലെയുള്ള ചാനലുകൾ പോലും സ്വന്തമായി ആപ്പുകൾ തുറന്നു. ഫലം, ഗുണമേന്മ കുത്തനെ ഇടിഞ്ഞു വീഴുന്നു. സെൻസേഷനലിസവും വ്യാജവാർത്തയുമാണ് ഇപ്പോൾ യൂട്യൂബ് ഭരിക്കുന്നത്.

അമേരിക്കയിൽ കിട്ടിയ പണി

എന്നാൽ, തുടര്‍ച്ചയായി പൊളി വാർത്തകളും വിവരങ്ങളും പരത്താൻ തുടങ്ങിയതോടെ ഭരണകൂടങ്ങൾക്ക് ചെറുതായെങ്കിലും ഇടപെടേണ്ടിവന്നു. ഫെയ്സ്ബുക്കും യൂട്യൂബും തിരുത്തലുകൾ തുടങ്ങി. അമേരിക്കയിൽ ന്യൂയോർക്ക് ൈടംസ് അടക്കമുള്ള പരമ്പരാഗത മാധ്യമങ്ങളെ ഉൾപ്പെടുത്തി ഗുണമേന്മയുള്ള വാർത്തകൾക്കായി ഫെയ്സ്ബുക്ക് ന്യൂസ് ടാബ് എന്ന ഉത്പന്നം ആരംഭിച്ചു. വാൾ സ്ട്രീറ്റ് ജേണലും വാഷിങ്ടൺ പോസ്റ്റുമൊക്കെയാണ് അമേരിക്കയിൽനിന്ന് ഈ പദ്ധതിയിൽ ഫെയ്സ്ബുക്കിനോടു സഹകരിക്കുന്നത്. നിലവാരമുള്ള വാർത്ത നൽകുന്നതിന് പത്രസ്ഥാപനങ്ങൾക്ക് ഫെയ്സ്ബുക്ക് പ്രതിഫലം നൽകുന്നുമുണ്ട്.

ആഗോളപ്രതിഭാസം

ഇതൊക്കെ ആഗോളപ്രശ്നങ്ങളാണ്. വ്യത്യസ്തരീതികളിൽ എല്ലാ രാജ്യങ്ങളിലും നിലനിൽക്കുന്നു. വ്യക്തിസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഇഴപിരിഞ്ഞു നിൽക്കുന്ന വിഷയമായതിനാൽ ഭരണകൂടങ്ങൾ നിയന്ത്രണങ്ങൾക്കു മടിക്കയാണ്. എന്നാലും എക്കാലത്തേക്കുമായി ഈ സ്ഥിതി തുടരാനാവില്ല. മാറ്റം വരും. നിയന്ത്രണങ്ങളോടു കൂടിയോ ഇല്ലാതെയോ ഉത്തരവാദിത്തത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കാൻ ജനം പഠിക്കേണ്ടിവരും. മാന്യമായി ഉപയോഗിച്ചാൽ അഭിപ്രായ പ്രകടനത്തിന് ഇതിലും മികച്ച വേറേതു മാർഗമുണ്ട്?

English Summary: Who is Responsible for Inappropriate Content on Social Media

ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഡാർക്ക് നെറ്റിന്റെയും കാണാക്കളികൾ ലോകത്തിലെ ഏറ്റവും വലിയ ചാര സംഘടനകളെക്കാൾ അധമമാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA