ADVERTISEMENT

വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാറ്റാടിയന്ത്രം ഉപയോഗിച്ച് ശുദ്ധജലവും ഓക്സിജനും വേര്‍തിരിച്ചു കൂടേയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പുറമെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണനും മോദിക്കെതിരെ ട്രോൾ ട്വീറ്റുമായി രംഗത്തെത്തി. കാറ്റാടിയന്ത്ര കമ്പനിയായ വെസ്റ്റാസ് സിഇഒയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭിമുഖത്തിന്റെ വിഡിയോ ഷെയർ ചെയ്താണ് മിക്ക ട്രോളുകളും പ്രചരിക്കുന്നത്.

കാറ്റാടി യന്ത്രത്തിൽ നിന്ന് വൈദ്യുതിയും ഓക്സിജനും വെള്ളവും ഉൽപാദിപ്പിക്കാമെന്ന പുതിയ കണ്ടുപിടുത്തം നടത്തിയ 'ചീഫ് സയൻറിസ്റ്റ്' മോദിക്ക് നൊബേൽ സമ്മാനം കൊടുക്കണമെന്നാണ് പ്രശാന്ത്ഭൂഷൻ ട്വീറ്റിലൂടെ ട്രോളിയത്. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു പുറമെ ഇതേ കാറ്റാടിയന്ത്രങ്ങൾ ഉപയോഗിച്ച് അന്തരീക്ഷത്തിൽ നിന്ന് ജലാംശം വലിച്ചെടുക്കാൻ കഴിഞ്ഞാൽ അത് ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ഉപകരിക്കില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

'കാറ്റിൽ നിന്ന് വെള്ളവും ഓക്സിജനും വലിച്ചെടുത്ത് നമ്മുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്നാണ് ചീഫ് സയന്റിസ്റ്റ് പറയുന്നത്. തീർച്ചയായും നൊബേൽ സമ്മാനം ഇതിനു കിേട്ടണ്ടതാണ്' എന്നായിരുന്നു പ്രശാന്ത്ഭൂഷന്റെ ഒരു ട്വീറ്റ്. നേരത്തെ മറ്റൊരു ട്വീറ്റും പ്രശാന്ത് ഭൂഷൻ പോസ്റ്റ് ചെയ്തിരുന്നു. ആ ട്വീറ്റ് ഇങ്ങനെ: 'ഇസ്‌റോയിൽ വച്ച് അദ്ദേഹം പ്ലൂട്ടോയിൽ ഇറങ്ങും, ബാർക്കിൽ അദ്ദേഹം വെള്ളത്തിൽ നിന്ന് ആണവോർജ്ജം ഉണ്ടാക്കും. ഡച്ച് ശാസ്ത്രജ്ഞനെന്ന നിലയിൽ കാറ്റിൽ നിന്ന് വെള്ളവും ഓക്സിജനും വേർതിരിച്ചെടുക്കും. പക്ഷേ, ഞങ്ങൾ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. ഇതിനാൽ നോട്ട് നിരോധനം നടത്തി നാനോ ചിപ് ഘടിപ്പിച്ച 15 ലക്ഷം രൂപ നമ്മുടെ പോക്കറ്റിലിട്ടു. കൊറോണയിൽ നിന്ന് രക്ഷനേടാൻ അദ്ദേഹം പാത്രം കൊട്ടുകയും ടോർച്ചു കത്തിക്കുകയും ചെയ്തു'. ഈ ട്വീറ്റുകൾ നിരവധി പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോൾ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്ന വിഡിയോയിൽ മോദി വെസ്റ്റാസ് സിഇഒ ഹെന്റിക് ആൻഡേഴ്സണോട് ഇങ്ങനെ ചോദിക്കുന്നുണ്ട്, ‘കാറ്റാടി ടര്‍ബൈൻ ഉപയോഗിച്ച് അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ വേര്‍തിരിച്ചു കൂടേ. ഇങ്ങനെ ചെയ്യാൻ സാധിച്ചാൽ ഒരു കാറ്റാടി യന്ത്രത്തിന് ശുദ്ധജലവും ഓക്സിജനും വൈദ്യുതിയും നല്‍കാൻ സാധിക്കുമല്ലോ. നിങ്ങളുടെ ശാസ്ത്രജ്ഞര്‍ക്ക് ഈ രീതിയിൽ എന്തെങ്കിലും വികസിപ്പിച്ചെടുക്കാൻ കഴിയില്ലേ?’

എന്നാൽ, ഇതിനു മറുപടിയായി ആൻഡേഴ്സൺ മോദിയെ ഡെൻമാര്‍ക്കിലേയ്ക്ക് ക്ഷണിക്കുകയാണ് ചെയ്തത്. മോദിക്ക് ഞങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായി ആശയങ്ങള്‍ വികസിപ്പിക്കാനുള്ള ചുമതല നല്‍കാമെന്നാണ് ആൻഡേഴ്സൺ അറിയിച്ചത്.

English Summary: PM Over Wind Turbine Ideas- Troll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com